പാലക്കാട്: മാർക്കറ്റ് റോഡ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റും ബാവ മെറ്റൽസ് ഉടമയുമായ പട്ടാണിത്തെരുവ് ബാവ മൻസിലിൽ കെ.ജെ. മുഹമ്മദ് ഷെമീർ (46) നിര്യാതനായി. രണ്ടര പതിറ്റാണ്ടിലധികമായി പാലക്കാട്ടെ സാമൂഹിക, സാംസ്കാരിക, കലാകായിക, വ്യവസായിക മേഖലയിൽ നിറസാന്നിധ്യമായിരുന്നു. സ്റ്റീൽ പാത്ര വിതരണ-വിപണന വ്യാപാരികളുടെ സംഘടന ‘സഡക്ക്’ പാലക്കാട് ജില്ലയിൽ രൂപവത്കരിക്കുന്നതിന് മുന്നിൽനിന്ന് പ്രവർത്തിച്ച അദ്ദേഹം സ്ഥാപക പ്രസിഡന്റാണ്. ജില്ല വടംവലി അസോസിയേഷൻ പ്രഥമ പ്രസിഡന്റ്, റോട്ടറി ക്ലബ് ഓഫ് പാലക്കാട് ഈസ്റ്റ്, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ജെ.സി.ഐ, ബി.എൻ.ഐ, പാലക്കാട് മാനേജ്മെന്റ് അസോസിയേഷൻ, പാലക്കാട് ചേംബർ ഓഫ് കോമേഴ്സ്, കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം, എം.എ പ്ലൈ ഫൗണ്ടേഷൻ, ടാലന്റ്സ് ഫുട്ബാൾ അക്കാദമി തുടങ്ങിയ സംഘടനകളുടെ ഭാരവാഹിയും സജീവ പ്രവർത്തകനുമായിരുന്നു. പുതുതായി രൂപംകൊണ്ട പ്രൗഡ് (പീപ്ൾ റെസ്പോൺസിബിൾ ഓർഗനൈസേഷൻ ഫോർ അർബൻ ഡെവലപ്മെന്റ്) എന്ന ജനകീയ പ്രസ്ഥാനത്തിന്റെ സ്ഥാപക ഡയറക്ടറാണ്. പിതാവ്: കെ.ബി. മുഹമ്മദ് ജാഫർ. മാതാവ്: നസീമ. ഭാര്യ: സുഹറ. മക്കൾ: ഫത്തീൻ കെ. ഷെമീർ, സാറ കെ. ഷെമീർ. സഹോദരി: ശബ്ന ഷെരീഫ്.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, മുൻ എം.എൽ.എ സലീഖ, നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ അഡ്വ. കൃഷ്ണകുമാർ, മുൻ ചെയർപേഴ്സൻ പ്രിയ അജയൻ, ബി.ജെ.പി ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ, സി.പി.എം ജില്ല സെക്രട്ടറി സുരേഷ് ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് ബാബു കോട്ടയിൽ, നിതിൻ കണിച്ചേരി തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.