വെളിയങ്കോട്: കാർ ലോറിയുമായി കൂട്ടിയിടിച്ച് ബന്ധുക്കളായ രണ്ടുപേർ മരിച്ചു. പുതുപൊന്നാനി കടവനാട് സ്വദേശികളായ തണ്ടിലത്ത് മോഹനെൻറ ഭാര്യ സുഷ (42), സുഷയുടെ ഭർത്താവിെൻറ സഹോദരി രാധാഭായ് (60) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മോഹനൻ, ശശി, ഒന്നര വയസ്സുകാരനായ കുഞ്ഞ്, ലോറി ഡ്രൈവർ ശിവാജി, സഹായി സിദ്ധേഷർ എന്നിവരെ ചാവക്കാട് ഹയാത്ത് ആശുപത്രിൽ പ്രവേശിപ്പിച്ചു.
ഗുരുവായൂരിൽ ബന്ധുവീട്ടിലെ വിവാഹത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുംവഴി കുടുംബം സഞ്ചരിച്ച കാർ ആന്ധ്രയിൽനിന്ന് പൈപ്പുമായി പോകുകയായിരുന്ന ചരക്കു ലോറിയുമായാണ് കൂട്ടിയിടിച്ചത്. ചാവക്കാട്- പൊന്നാനി ദേശീയപാതയിൽ പുതിയിരുത്തി സ്കൂൾപടിയിൽ തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം. കാർ പൂർണമായി തകർന്നു.
അവിവാഹിതയായ രാധാഭായ് പൊന്നാനി താലൂക്ക് ആശുപത്രിയിലെയും സുഷ മാതൃ ശിശു ആശുപത്രിയിലെയും നഴ്സാണ്. അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്ത്. പരിക്കേറ്റവരുമായി പോയ ആംബുലൻസുകളും അപകടത്തിൽപെട്ടു. ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ പുതുപൊന്നാനി സെൻററിലാണ് അകലാട് വി കെയർ ആംബുലൻസും പുന്നയൂർകുളം കൂട്ടായ്മ ആംബുലൻസുമാണ് കൂട്ടിയിടിച്ചത്.
കഴിഞ്ഞ ദിവസം പൊന്നാനിയിൽ രണ്ടു വാഹനാപകടങ്ങളിലായി മൂന്ന് പേരാണ് മരിച്ചത്. മറ്റൊരു വാഹനാപകടത്തിൽ പൊന്നാനിയിൽ ഒരു മാധ്യമപ്രവർത്തകനും മരണപ്പെട്ടിരുന്നു.