പൊന്നാനി: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുള്ള അടിപിടിയിൽ മർദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊന്നാനി മുക്കാടി സ്വദേശി കളത്തില്‍പറമ്പില്‍ കബീറാണ് (32) മരിച്ചത്. സുഹൃത്തുക്കളായ മനാഫ്, ഫൈസൽ, അബ്ദു റഹ്മാൻ എന്നിവരെ പൊന്നാനി പൊലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി 16ന് രാത്രിയാണ് സംഭവം.
മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ കബീറിനെ പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.
വ്യായാമത്തിനിടെ പരിക്കേറ്റെന്നാണ് പൊന്നാനി താലൂക്ക് ആശുപത്രിയിൽ കബീറിനെ എത്തിച്ചവർ നൽകിയ വിവരം. പരിക്ക് ഗുരുതരമായതിനെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് മരണപ്പെടുകയായിരുന്നു.
കബീര്‍ തന്റെ സഹോദരനോട് സുഹൃത്തുക്കളാണ് മർദിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു.
സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് തുടരന്വേഷണം ആരംഭിച്ചു.
പരേതനായ മുഹമ്മദാണ് കബീറിന്റെ പിതാവ്. മാതാവ്: നബീസ. ഭാര്യ: മാജിത. മകൻ: മുഹമ്മദ് അഫ്വാം. സഹോദരങ്ങൾ: ഗഫൂർ, അഷ്റഫ്, ഹംസ, ഫാത്തിമ, നൂർജ, ബുഷ്റ.