പൊന്നാനി: നഗരസഭ മുൻ ചെയർമാനും മുസ്ലിം ലീഗ് നേതാവുമായ വെട്ടം പോക്കരാനകം ഹുസൈൻകോയ തങ്ങൾ (71) നിര്യാതനായി. എം.എസ്.എഫ് താലൂക്ക് സെക്രട്ടറി, പ്രസിഡന്റ്, എം.എസ്.എഫ് പ്രഥമ ജില്ല സെക്രട്ടറി, എസ്.ടി.യു പൊന്നാനി താലൂക്ക് സെക്രട്ടറി, ജില്ല ട്രഷറർ, എസ്.ടി.യു മത്സ്യത്തൊഴിലാളി യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി, മുസ്ലിം ലീഗ് പൊന്നാനി മണ്ഡലം സെക്രട്ടറി, ദേശീയ നിർവാഹക സമിതിയംഗം, മഊനത്തുൽ ഇസ്ലാം സഭ മാനേജ്മെന്റ് കമ്മിറ്റിയംഗം, ചെറിയ ജാറം മസ്ജിദ് മുത്തവല്ലി, കോടമ്പിയകം ജാറം പ്രസിഡന്റ്, താലൂക്ക് സഭയിൽ കഴിഞ്ഞ 15 വർഷമായി സ്ഥലം എം.പിയുടെ പ്രതിനിധി, മോഡേൺ ആർട്സ്, കുരിക്കൾ മെമ്മോറിയൽ അസോസിയേഷൻ, പാൾസ് ഓഫ് പൊന്നാനി എന്നിവയുടെ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 1988ൽ നഗരസഭ കൗൺസിലറായ ഹുസൈൻകോയ തങ്ങൾ 1991ൽ നഗരസഭ ചെയർമാനായി. മുൻ കൗൺസിലർമാരുടെ കൂട്ടായ്മയുടെ ജില്ല പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. പൊന്നാനിയിലെ വെട്ടം പോക്കരാനകം തറവാട്ടിൽ വലിയ ജാറത്തിങ്ങൽ കുഞ്ഞിക്കോയ തങ്ങളുടെയും വെട്ടം പോക്കരാനകത്ത് മുല്ല ബീവി ശരീഫയുടെയും മകനാണ്.
കാപ്പാട് സ്വദേശിനി സുഹറാ ബീവി ശരീഫയാണ് ഭാര്യ. മക്കൾ: സുഫീന, നാസിയത്ത് സഫീന, ഉനൈസ് (ബഹ്റൈൻ), അനീസ് (ദുബൈ). മരുമക്കൾ: ഷഹീസ് മുഹമ്മദ് (ഷാർജ), ഫാത്തിമ ഫൈറൂസ (കാളികാവ്), നാദിറാ പർവീൻ.