മരിച്ചത് ആലപ്പുഴ സ്വദേശി
മാഹി: തലശ്ശേരി - മാഹി ബൈപാസ് റോഡിലെ ഈസ്റ്റ് പള്ളൂർ സിഗ്നൽ കവലയിൽ സിഗ്നൽ ലഭിക്കാനായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച് യുവാവ് മരിച്ചു. മുംബൈയിൽ വ്യാപാരിയായ ആലപ്പുഴ സ്വദേശി കാർ ഡ്രൈവർ ശിവ പ്രസാദാണ് (40) മരിച്ചത്.
കാറിലുണ്ടായിരുന്ന ഭാര്യ മുംബൈ ഗാഡ് കോപ്പർ കാമഗലി ബ്രഹ്മഭുവൽ സ്വദേശിനി ദേവശ്രീ, മക്കൾ രാജാൽ, ധ്രുവി എന്നിവർക്ക് പരിക്കേറ്റു. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലർച്ച 3.30നായിരുന്നു അപകടം. കാസർകോട് ഭാഗത്തുനിന്ന് മരം കയറ്റി മലപ്പുറത്തേക്ക് പോവുകയായിരുന്ന ലോറി സിഗ്നൽ ലഭിക്കാനായി കാത്തുനിൽക്കവെ ഇതേ ദിശയിൽനിന്ന് വന്ന പജേറോ കാർ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി അൽപം മുന്നോട്ട് നീങ്ങിയതായി ലോറി ഡ്രൈവർ പറഞ്ഞു. കാറിൽ മുൻ സീറ്റിലിരുന്ന ദേവശ്രീയുടെ കാലിനാണ് പരിക്കേറ്റത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലശ്ശേരി, മാഹി എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേനയും പൊലീസും അപകട സ്ഥലത്തെത്തി. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.