ഇറാന്റെ എണ്ണ ആസ്ഥാനമായ ഖാരിജ് അമേരിക്ക ആക്രമിക്കാത്തത് എന്തുകൊണ്ടാകും?
text_fieldsതെഹ്റാൻ: ഇറാൻ എണ്ണയുടെ 90 ശതമാനവും പുറത്തേക്കൊഴുകുന്നത് ഹുർമുസിന്റെ വടക്കുപടിഞ്ഞാറ് കിലോമീറ്ററുകൾ അകലെ സ്ഥിതി ചെയ്യുന്ന ഖാരിജ് ദ്വീപ് വഴിയാണ്. സ്വാഭാവികമായും ഇറാൻ സമ്പദ്വ്യവസ്ഥ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഏതു സൈനിക നീക്കത്തിലും ആദ്യം ബോംബു വീഴേണ്ടത് ഇവിടെ. എന്നാൽ, 5,000ലേറെ കേന്ദ്രങ്ങളിൽ ബോംബ് വർഷിച്ചതിനിടെ എണ്ണ സംഭരണികളും സംസ്കരണശാലകളും തകർത്ത യു.എസും ഇസ്രായേലും ഇതുവരെ ഖാരിജിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. അത് ഉടനൊന്നും ഉണ്ടാകാൻ സാധ്യതയുമില്ല.
തെളിയിക്കപ്പെട്ട ആഗോള എണ്ണ ശേഖരത്തിന്റെ 11.8 ശതമാനവും സ്വന്തമായുള്ള ഇറാന്റെ എണ്ണ കയറ്റുമതിയുടെ ആസ്ഥാനമായ ഖാരിജ് ദ്വീപ് ലക്ഷ്യമിട്ടാൽ ആ രാജ്യത്തുനിന്നുള്ള എണ്ണ കയറ്റുമതി നിലക്കും. അതോടെ റോക്കറ്റ് കണക്കെ എണ്ണവില കുതിക്കുമെന്നുറപ്പ്. ബാരലിന് 100 ഡോളർ കടന്ന എണ്ണവില ഒറ്റയടിക്ക് 150 ഡോളറും പിന്നിട്ട് കുതിക്കും. നിലവിൽ, ഹുർമുസ് അടച്ചതിൽ പിന്നെ ബാരലിന് 20 ഡോളറിലേറെ വർധിച്ചിരുന്നു. മൂന്നക്കം കടന്ന് മുന്നോട്ടുപോകാതെ നിലനിർത്താൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ടിറങ്ങി കഠിനമായി പണിയെടുക്കുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇറാനിലെ രണ്ട് എണ്ണ സംസ്കരണശാലകളിലും രണ്ട് എണ്ണ ഡിപ്പോകളിലും ഇസ്രായേൽ ആക്രമണം നടത്തിയത്. ഇറാൻ തലസ്ഥാന നഗരം കറുത്ത പുകയിൽ മുങ്ങിയ സംഭവത്തിനു ശേഷം എണ്ണ നിലയങ്ങൾ ആക്രമിക്കപ്പെട്ടിട്ടില്ല. അതുണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങൾ കൂടി കണക്കിലെടുത്താണ് നീക്കമെന്ന് വിദഗ്ധർ പറയുന്നു.
ഇറാൻ തീരത്തുനിന്ന് 25 കിലോമീറ്ററിലേറെ അകലെയുള്ള ഖാരിജ് ദ്വീപിലാണ് രാജ്യത്തെ എണ്ണപ്പാടങ്ങളിൽനിന്നുള്ള പൈപ്പുകളിൽ മഹാഭൂരിപക്ഷവും അവസാനിക്കുന്നത്. ഇവിടെവെച്ചാണ് കപ്പലുകളിൽ കയറ്റിപ്പോകുന്നതും. അമേരിക്കൻ കമ്പനിയായ ‘അമോകോ’ സ്ഥാപിച്ച പൈപ് ലൈനുകൾ 1979ലെ വിപ്ലവകാലത്ത് ഇറാൻ പിടിച്ചെടുക്കുകയായിരുന്നു. ഇറാൻ തീരങ്ങളിലേറെയും കപ്പലുകളടുപ്പിക്കാനാവാത്തവിധം ആഴം കുറഞ്ഞതോ എക്കൽ നിറഞ്ഞതോ ആണെങ്കിൽ ഖാരിജിലേത് ആഴം കൂടിയവയാണ്. ശരാശരി 13 ലക്ഷം മുതൽ 16 ലക്ഷം വരെ എണ്ണ പ്രതിദിനം ഇവിടെനിന്ന് കയറ്റിപ്പോകുന്നുണ്ട്. ഖാരിജിൽ 1.80 കോടി ബാരൽ കരുതൽ ശേഖരമായും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
ഖാരിജ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യവും യു.എസിന് ഇല്ലാതില്ല. ഇറാനിൽ കരസേന നീക്കം ലക്ഷ്യമിടുന്നതായി നേരത്തെ യു.എസ് പ്രതിരോധ സെക്രട്ടറി ഹെഗ്സേത്ത് സൂചന നൽകിയിരുന്നു. നിലവിൽ ഇറാനിൽനിന്ന് മാത്രമല്ല, പരിസരത്ത് ഇറാഖിൽനിന്ന് പ്രതിദിനം 35 ലക്ഷം ബാരൽ എണ്ണ കയറ്റുമതിയും നിലച്ചുകിടക്കുകയാണ്. ഖാരിജിനെ തകർക്കുന്നതോ പിടിച്ചടക്കുന്നതോ ഉണ്ടാക്കാവുന്ന പ്രതിസന്ധി ആഗോള സമ്പദ്വ്യവസ്ഥയിൽ അതിവേഗം മറികടക്കാനാകില്ലെന്നാണ് ആശങ്ക.


