Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightരാഷ്ട്രീയ താരകുമാരരേ...

രാഷ്ട്രീയ താരകുമാരരേ ശാന്തരാകുവിൻ, ജനം തിമിർക്കട്ടെ...

text_fields
bookmark_border
രാഷ്ട്രീയ താരകുമാരരേ ശാന്തരാകുവിൻ, ജനം തിമിർക്കട്ടെ...
cancel

പിരിമുറുക്കം, ആകാംക്ഷ, ഒടുവിൽ നടക്കുന്ന രാഷ്ട്രീയ ചരടുവലികൾ. ത്രില്ലർ സിനിമകളെ വെല്ലുന്ന ട്വിസ്റ്റുകളും ക്ലൈമാക്സുകളും ആന്‍റി-ക്ലൈമാക്സുകളും കൊണ്ട് സമ്പന്നമായിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്. തട്ടുപൊളിപ്പൻ ടീസറുകളാണ് കഴിഞ്ഞ പത്തു ദിവസമായി നേതാക്കൾ ഇറക്കിക്കൊണ്ടിരിക്കുന്നത്. അവയെല്ലാം നിറഞ്ഞോടുന്നുണ്ടെങ്കിലും കോൺഗ്രസിനുണ്ടാക്കുന്ന ഡാമേജ് ചില്ലറയല്ല.


ആ പരിക്കിന്‍റെ ആഴമറിയാൻ ഏറ്റവും ജനപ്രിയ നായകനും യുവാക്കളുടെ ഹരവുമായ ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ വരുന്ന കമന്‍റുകൾ കണ്ടാൽ മതി. ഒരു സെൽഫിക്കുവേണ്ടി പാതിരാത്രി വരെ കാത്തുനിന്ന ന്യൂജെനും ഓൾഡ് ജെനും എത്ര പെട്ടെന്നാണ് ഷാഫി ഈ രാഷ്ട്രീയ സിനിമയിൽ പ്രതിനായകനാണെന്ന് തിരിച്ചറിഞ്ഞത്. തൃക്കരിപ്പൂരിൽ മിന്നും വിജയം നേടി മികച്ച സ്വഭാവനടനായി നടിച്ചുകൊണ്ടിരിക്കുന്ന സന്ദീപ് വാര്യരും വിജയാഘോഷ യാത്ര റദ്ദാക്കി വീട്ടിലിരിക്കേണ്ടി വന്നതും മുഖ്യമന്ത്രി പിന്തുണയുടെ രഹസ്യം രഹസ്യകാമറിയിലൂടെ ജനങ്ങളറിഞ്ഞതുകൊണ്ടു മാത്രമാണ്.

കോൺഗ്രസ് നേതാക്കൾക്ക് പറ്റിയത് ഒറ്റ അബദ്ധമാണ്. ഇടതുപക്ഷ ഭരണത്തെ തൂത്തെറിയാനുള്ള ജനങ്ങളുടെ ഇച്ഛാശക്തി ഞങ്ങളുടെ താരപരിവേഷത്തിനു ലഭിച്ച പിന്തുണയായി അവർ മനസ്സിലാക്കി എന്നതാണത്. സത്യത്തിൽ പിണറായി സൂപ്പർ സ്റ്റാറും ഗോവിന്ദൻ മാഷ് കോമഡി താരവുമായി ഓടുന്ന, മറ്റു സഹതാരങ്ങൾക്ക് പ്രത്യേകമായ റോളുകളൊന്നുമില്ലാത്ത രാഷ്ട്രീയ സിനിമ കണ്ട് മടുത്തിട്ടാണ് ജനങ്ങൾ 'എന്നാൽ പിന്നെ ഒന്ന് മാറ്റിപ്പിടിക്കാം' എന്ന് കരുതിയത്. അത് തിരിയാനുള്ള ബുദ്ധി പണയം വെച്ചതുകൊണ്ടാണ് സൂപ്പർ ഹിറ്റ് വിജയത്തിനുശേഷം ഒന്നാഘോഷിക്കാൻ ആർക്കും അവസരം കിട്ടാതെ പോയത്.


അല്ലെങ്കിലും പിണറായിമാത്രം ക്യാപ്റ്റനായ പടം മതിയായിട്ടാണ് ഒന്ന് മാറ്റിപ്പിടിക്കാൻ ജനങ്ങൾ തീരുമാനിച്ചത്. കഴിഞ്ഞ പത്തുവർഷമായി ഒരേ രീതിയിൽ കെട്ടിയാടുന്ന ഒറ്റ സൂപ്പർ സ്റ്റാർ, എന്‍റെ ഫിഗർ, എന്‍റെ മുഖം എന്ന രീതിയിൽ പോസ്റ്ററിൽ പോലും സഹനടന്മാർക്ക് സ്പേസില്ലാത്തതു കണ്ട് വെറുത്തിട്ടാണ്, 'ഇനിയിത് എത്രയും പെട്ടെന്ന് തീർക്കുന്നതാണ് നല്ലത്' എന്ന് ജനങ്ങളും പാർട്ടി ഫാൻസ് അസോസിയേഷനുകളും ഒന്നിച്ചൊരുമിച്ച് തീരുമാനമെടുത്തത്. ഇലക്ഷൻ കഴിഞ്ഞതിന്‍റെ പിറ്റേ ദിവസം ഫലം റിലീസാകുന്നതിനു മുൻപേ സോഷ്യൽ മീഡിയകളിൽ കാരണഭൂതന് വാഴ്ത്തുപാട്ടു പാടിയിരുന്ന ഫാൻസ് സിങ്കങ്ങൾ പത്തുവർഷത്തെ അഭിനയത്തിലും പ്രചാരണ പോസ്റ്ററുകളിലും പൊളിറ്റിക്കൽ കറക്റ്റനസിന്‍റെ നൈതിക പ്രശ്നം ഉന്നയിക്കുന്നതുകണ്ടപ്പോഴേ ഉറപ്പായിരുന്നു മെയ് നാലിന് സംഭവിക്കാനിരുന്ന 102-ന്‍റെ ഗംഭീരമായ ക്ലോസ് കളക്ഷൻ സൂചനകൾ.

മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ചുതിമർക്കുന്ന സിനിമകളിൽനിന്ന് കുറച്ചു വ്യത്യാസമുണ്ട്, രാഷ്ട്രീയ നായകർ നടിച്ചുരമിക്കുന്ന അഭിനയങ്ങൾക്ക്. സിനിമാക്കാർക്ക് സംവിധായകന്‍റെയും കാശുതരുന്ന നിർമാതാവിന്‍റെയും ഇഷ്ടം മാത്രം നോക്കിയാൽ മതിയെങ്കിൽ രാഷ്ട്രീയ താരകുമാരന്മാർക്ക് സീറ്റ് നൽകിയ നേതാവിനെയും കാശുമുടക്കിയ മുതലാളിമാരെയും ഓർത്താൽ മാത്രം മതിയാകുകയില്ല, ഇടയ്ക്കിടെ ജനങ്ങൾ നേരിട്ട് ഇടപെടുന്ന സിനിമയാണത്. കഥയും തിരക്കഥയും റോളുമൊക്കെ കിട്ടിയ സന്ദർഭത്തിൽ അവർ മാറ്റിയെഴുതും. നായകനെ പ്രതിനായകനായും സഹനടനുമാക്കി മാറ്റിക്കളയും. വീട്ടിലിരുത്തിയ താരത്തെ ചിലപ്പോൾ പാട്ടുപാടി നായകനായി ഉയർത്തും.

കോൺഗ്രസ് എം.എൽ.എമാർക്ക് വലിയ പിഴവാണ് പറ്റിയത്. ജനങ്ങൾ കഥയും തിരക്കഥയുമെഴുതി പൂർത്തിയായിക്കൊണ്ടിരിക്കുന്ന സിനിമയിലെ അഭിനയത്തിനാണ് അവർ മാൻഡേറ്റ് നൽകി വിജയിപ്പിച്ചത്. പ്രോസസ് പൂർത്തിയായിട്ടുണ്ടായിരുന്നില്ല. അവരാഗ്രഹിച്ച രാഷ്ട്രീയ നടനം വാഴയും ആടും പോലെ എല്ലാവർക്കും സവിശേഷ റോളുകളുള്ള ടീം പെർഫോമൻസായിരുന്നു. അതിന്‍റെ നടുവിൽ വി.ഡി നിൽക്കട്ടെയെന്നും അവർ നിശ്ചയിച്ചു. ക്യാപ്റ്റന്‍റെ മുഖം മാത്രം കണ്ടു കണ്ടു മടുത്തിട്ടാണ്, പുള്ളിയുടെ വാഴ്ത്തുപാട്ടുകളും പുള്ളിക്കായുള്ള തിരുവാതിരക്കളികളും കണ്ട് ബോറടിച്ചിട്ടാണ് ഇനി കുറച്ചുനാൾ 'എൻസെംബിൾ സിനിമ'യാകട്ടെ എന്ന് നിശ്ചയിച്ചത്.


അത് മനസ്സിലാക്കാതെ ദേശീയ ജനറൽ സെക്രട്ടറി കഥയും തിരക്കഥയും സംവിധാനവും നിർമ്മാണവും നായകവേഷവും കെട്ടിയാടുന്ന വീണ്ടും ഒറ്റ നായകനും കുറേ അടിമകളുമാകുന്ന സിനിമയിലേക്ക് കൂടുമാറിയത് അവർക്കത്ര പിടിച്ചില്ല. ഞങ്ങൾ രാഷ്ട്രീയ താരങ്ങൾ ഇനി അഞ്ചുകൊല്ലം ഞങ്ങളുടെ ഇഷ്ടത്തിന് അഭിനയിക്കുമെന്ന് പറഞ്ഞാൽ പുതിയകാലത്ത് പിള്ളേർക്കത്രെ പിടിക്കില്ല. അവർ കുറച്ചു മൊടകളാണ്. അത് ഷാഫിയായാലും വാര്യരായാലും ലിജുവായാലും അവരങ്ങ് പ്രതികരിക്കും. കയ്യടിക്കാൻ മാത്രമല്ല കൈ മടക്കി മുദ്രാവാക്യം വിളിച്ച് തിരുത്താനുള്ള കഴിവും അവർക്കുണ്ട്. ഡൽഹിയിലിരിക്കുന്നവരെ വരെ തിരുത്താനുള്ള ശേഷിയുണ്ടവർക്ക്.

പത്തുകൊല്ലം വാണ സൂപ്പർ ക്യാപ്റ്റനെ ആറ് റൗണ്ട് പിന്നിലോടിപ്പിച്ച ടീമിന്‍റെ പേരാണ് സാധാരണക്കാർ എന്നത്. അതേ ആൾബലമാണ് തമ്മിൽ തല്ലി നടന്ന, എവിടെയും ക്ലച്ച് പിടിക്കാതെ ഫീൽഡ് ഔട്ടാകുമോ എന്ന് ഭയപ്പെട്ട ‘വാഴ’കളെ വിജയികളാക്കിയത്, ജനനായകരാക്കിയത്. അതുകൊണ്ട് ആരാധകർ അത്ര പെട്ടെന്നൊന്നും ശാന്തരാകുകയില്ല. ഇനിയും രാഷ്ട്രീയ ഫീൽഡിൽ അഭിനയിച്ചു രമിക്കാനാണ് ആഗ്രഹമെങ്കിൽ താരകുമാരരേ ശാന്തരാകൂ. നാളെ മുഖ്യമന്ത്രിയുടെ പേര് റിലീസാകുകയാണ്. അത് കേട്ട് ജനം ചിലപ്പോൾ ആർമാദിക്കും. ചിലപ്പോൾ രോഷം പൊട്ടിയൊഴുകും. ശാന്തരായി കാണുക.

Show Full Article
TAGS:KC Venugopal Ramesh Chennithala VD Satheesan kerala chief minister 
News Summary - kc venugopal ramesh chennithala vd satheesan
Next Story