മുഗൾ കാലത്തെ അദാനിയും അംബാനിയുമായിരുന്നയാൾ...; ഔറംഗസേബ് സഹായം ചോദിച്ച ധനാഢ്യൻ! ആരായിരുന്നു വിർജി വോറ..?
text_fieldsഇന്ത്യയുടെ വാണിജ്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായിരുന്നു വിർജി വോറ എന്ന സൂറത്തുകാരൻ. മുഗൾ കാലഘട്ടത്തിലെ ഏറ്റവും ധനികനായ ബിസിനസുകാരനായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. മുഗൾ ചക്രവർത്തി ഔറംഗസേബ് വരെ സഹായം ചോദിച്ച ധനാഢ്യനായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പോലും ഇദ്ദേഹത്തിൽനിന്നും വായ്പയെടുത്തിരുന്നു.
1590ലായിരുന്നു വോറയുടെ ജനനം. സ്വർണം, കറുപ്പ്, ഏലം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്‍റെ വ്യാപാരത്തിൽ ഉൾപ്പെടുന്നു. കോഴിക്കോട്, ആഗ്ര, ബുദ്ധൻപൂർ, ഗൊൽക്കണ്ട, ഗോവ, ബിർ, അഹമ്മദാബാദ്, വഡോദര, ബറൂക്ക് തുടങ്ങിയ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ഏജന്റുമാരുടെ ശൃംഖല വോറക്കുണ്ടായിരുന്നു.
വ്യാപാര മേഖലയിൽ തന്ത്രപരമായ സമീപനമായിരുന്നു അദ്ദേഹത്തിന്‍റേത്. 1617 - 1670 കാലയളവിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി വിർജിക്ക് സജീവ വ്യാപാര ബന്ധമുണ്ടായിരുന്നു. 2,00,000 രൂപയുടെ വായ്പയടക്കം കമ്പനിക്ക് നൽകിയതായാണ് പറയുന്നത്. വോറയുടെ വ്യാപാര സ്വാധീനം ഇന്ത്യയ്ക്ക് പുറത്തും എത്തിയിരുന്നു. ഇംഗ്ലീഷ് വ്യാപാരികൾക്കടക്കം അദ്ദേഹം വായ്പ നൽകി.
തെക്കുകിഴക്കൻ ഏഷ്യയിലുടനീളം വോറ തന്‍റെ വിപുലമായ വ്യാപാരം വ്യാപിപ്പിച്ചിരുന്നു. പേർഷ്യൻ ഗൾഫിനും ചെങ്കടലിനും സമീപത്തെ പ്രധാന തുറമുഖ നഗരങ്ങളിലേക്കടക്കം ഇത് നീണ്ടു. അദ്ദേഹത്തിന്‍റെ സമ്പത്തിന്‍റെ മൂല്യം ഇന്നത്തെ ശതകോടീശ്വരന്മാരായ മുകേഷ് അംബാനിയെയും അദാനിയെയുമെല്ലാം മറികടക്കുന്നതാണ്.
1675ലായിരുന്നു അദ്ദേഹത്തിന്‍റെ മരണം. അക്കാലത്തെ സാമ്പത്തിക ഭൂപ്രകൃതി രൂപപ്പെടുത്തുന്നതിൽ വിർജി വോറയുടെ പങ്ക് ഇപ്പോൾ ഓർമ്മിക്കപ്പെടുന്നു.