മെയ്യഴകനിലെ കിളിവീട് ചെന്നൈയിലുണ്ട്; സുദർശന്റെ വീട്ടിൽ ദിവസവും എത്തുന്നത് ആയിരക്കണക്കിന് തത്തകൾ
text_fieldsസുദർശനും ഭാര്യയും
ചെന്നൈയിൽ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇപ്പോൾ സുദർശന്റെ ടെറസും ഇടം കണ്ടെത്തിയിരിക്കുന്നു. മെയ്യഴകൻ സിനിമയിലൂടെ 'ബേഡ് മാൻ' സുദർശനും കുടുംബത്തിനും സന്ദർശകരേറുകയാണ്. സിനിമയിൽ കാണുന്ന കിളിവീട് യഥാർഥത്തിൽ ഇദ്ദേഹത്തിന്റേതാണ്. വീടിന്റെ ടെറസിൽ അദ്ദേഹവും ഭാര്യയും കൂടി ദിവസേന തീറ്റ നൽകുന്നത് പതിനായിരത്തോളം തത്തകൾക്കാണ്. ഇരുപത് വർഷമായി ഇവർക്കിത് ദിനചര്യയാണ്.
ചെന്നൈയിൽ പലരും അദ്ദേഹത്തെ ' ബേഡ് മാൻ' അല്ലെങ്കിൽ 'പാരറ്റ് സുദർശൻ' എന്നൊക്കെയാണ് വിളിക്കുന്നത്. കുതിർത്ത അരിയും ധാന്യവുമാണ് അവർ കിളികൾക്ക് നൽകുന്നത്. റോസ് റിങ്ഗ് തത്തകളാണ് ദിവസേന ഇവിടെ എത്തുന്നത്. ജപ്പാൻ, യു.എസ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് പോലും പക്ഷിനിരീക്ഷകർ ഈ അപൂർവ കാഴ്ച കാണാൻ എത്തുന്നുണ്ട്. കിളികളുടെ സ്വൈര്യവിഹാരത്തിന് തടസമാവാതിരിക്കാൻ ദിവസം 25 സന്ദർശകരെ മാത്രമാണ് സുദർശൻ അനുവദിക്കാറുള്ളത്.
വർഷങ്ങൾക്കു മുമ്പ് ഒരു സ്ത്രീ അമാവാസി ദിനത്തിൽ ടെറസിൽ പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്നത് കണ്ടപ്പോഴാണ് എന്തുകൊണ്ട് ഇത് ദിവസേന ആയിക്കൂടാ എന്ന് തനിക്ക് തോന്നിയതെന്ന് സുദർശൻ പറയുന്നു. മെയ്യഴകൻ എന്ന സിനിമയിൽ അവതരിപ്പിച്ചതിന് ശേഷമാണ് ആളുകൾക്ക് ഞങ്ങൾ എങ്ങനെയാണ് ഇത്രയധികം പക്ഷികൾക്ക് ദിവസേന ഭക്ഷണം നൽകുന്നത് എന്നറിയാനുള്ള ആകാംക്ഷ വർധിച്ചത്. 4000 വരെ തത്തകളാണ് എന്നും വരുന്നത്, തണുപ്പു കാലമാവുമ്പോൾ ഇത് പതിനായിരം മുതൽ പതിനയ്യായിരം വരെ ആവും. സ്വർഗീയ കാഴ്ചയാണിതെന്നും മറ്റൊന്നിനും തരാൻ സാധിക്കാത്ത സന്തോഷവും സമാധാനവും ഇതിൽനിന്ന് കിട്ടുന്നുവെന്നും കുടുംബം പറയുന്നു.
‘കാൻസർ ബാധിതനായ മൂന്നു വയസുള്ള ഒരു കുട്ടി ഇവിടെ വന്നിരുന്നു. അവന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഈ സ്ഥലം കാണുന്നത്. അവന്റെയും മാതാപിതാക്കളുടെയും സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷമുണ്ടാക്കി’, സുദർശൻ പറഞ്ഞു. സമ്മർദങ്ങൾ മറന്ന് കുറച്ചു നേരം ചെലവഴിക്കാനാണ് ഇവിടേക്കെത്തുന്നതെന്ന് സന്ദർശകർ പറയുന്നു.