യുദ്ധം നിർത്താൻ യു.എസിന്‍റെ 20 ഇന പദ്ധതി ഇവയാണ്...ഹമാസിനെ നിരായുധീകരിക്കും, ബന്ദികളെ വിട്ടയക്കും, രാഷ്ട്രം യാഥാർഥ്യമാകുന്നതിന് മാർഗരേഖ
text_fieldsഗസ്സ യുദ്ധം അവസാനിപ്പിക്കാനും പ്രദേശത്തിന്‍റെ പുനർനിർമാണത്തിനുമായി 20 ഇന പദ്ധതി യു.എസിന്‍റെ കാർമികത്വത്തിൽ തയാറാകുന്നതായി റിപ്പോർട്ട്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രത്യേക താൽപര്യത്തിൽ യു.എസിന്‍റെ പശ്ചിമേഷ്യയിലെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണ് പദ്ധതി തയാറാക്കിയത്. യു.എൻ ജനറൽ അസംബ്ലിക്കായി യു.എസിലെത്തിയ വിവിധ അറബ്, മുസ്ലിം രാജ്യങ്ങൾക്ക് ഈ പദ്ധതിയുടെ കരട് കൈമാറിയതായാണ് സൂചന. പ്രധാന അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വിറ്റ്കോഫിനെ തന്നെ അവരുമായി സംസാരിക്കാനും നിയോഗിച്ചിരിക്കുകയാണ്.
ഗസ്സയിൽ നിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ച് പ്രദേശം ഏറ്റെടുക്കാൻ താൽപര്യപ്പെടുന്നുവെന്ന ട്രംപിന്‍റെ ഫെബ്രുവരിയിലെ വിവാദ പ്രസ്താവനയിൽ നിന്നുള്ള പിന്നോക്കം പോകലിന്‍റെ സൂചനകളും പദ്ധതിയുടെ കരടിലുണ്ട്. ഹമാസിനെ നിരായുധീകരിച്ച്, ഫലസ്തീനികളെ ഗസ്സയിൽ തന്നെ തുടരാൻ പ്രാപ്തരാക്കുന്ന വിശാലമായ പദ്ധതിയിൽ ഇരുരാഷ്ട്ര പരിഹാരത്തിലേക്കുള്ള പാതയും തുറക്കുന്നു. ‘നിരായുധീകരണം’ എന്നത് ഹമാസിനും ‘ഇരുരാഷ്ട്രം’ എന്നത് ഇസ്രയേലിനും അചിന്ത്യമായതിനാൽ എത്രത്തോളം ഈ പദ്ധതി ഫലപ്രാപ്തിയിലെത്തുമെന്ന് അറിയാനിരിക്കുന്നതേയുള്ളു.
പദ്ധതി ഇങ്ങനെ
1. ഗസ്സ ആകമാനം നിരായുധീകരണം. അയൽപക്കത്തിന് (ഇസ്രയേൽ) ഭീഷണിയാകാത്ത ടെറർ ഫ്രീ സോൺ.
2. ഗസ്സ നിവാസികൾക്ക് ഉപകരിക്കും വിധത്തിൽ പ്രദേശത്തിന്‍റെ പുനർനിർമാണം.
3. ഇരുപക്ഷവും ഈ പദ്ധതി അംഗീകരിക്കാൻ ധാരണയിലെത്തിയാൽ യുദ്ധം ഉടനടി അവസാനിപ്പിക്കും. ഇസ്രയേലി സൈന്യം നടപടികൾ നിർത്തിവെക്കും ക്രമേണ ഗസ്സയിൽ നിന്ന് പിൻവാങ്ങും.
4. 48 മണിക്കൂറിനുള്ളിൽ ഡീൽ അംഗീകരിക്കുന്ന കാര്യം ഇസ്രയേൽ പ്രഖ്യാപിക്കും. ജീവിച്ചിരിക്കുന്ന മുഴുവൻ ബന്ദികളെ ഹമാസ് വിട്ടയക്കും. മരിച്ചവരുടെ മൃതദേഹവും കൈമാറും.
5. ബന്ദികൾ തിരിച്ചെത്തിയാലുടൻ ഇസ്രയേൽ നൂറുകണക്കിന് ഫലസ്തീൻ തടവുകാരെ മോചിപ്പിക്കും. മരിച്ച ഫലസ്തീനികളുടെ മൃതദേഹവും വിട്ടുകൊടുക്കും.
6. ബന്ദികൾ മോചിപ്പിക്കപ്പെട്ടുകഴിഞ്ഞാൽ, സമാധാനത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങൾക്ക് പൊതുമാപ്പ്. ഗസ്സ വിടാൻ ആഗ്രഹിക്കുന്നവർക്ക് അവരെ സ്വീകരിക്കാൻ തയാറുള്ള രാജ്യത്തേക്ക് സുരക്ഷിത പാത.
7. ഈ കരാറിൽ തീരുമാനമായാൽ ഭക്ഷ്യ, ആരോഗ്യ സഹായ വിതരണം ഗസ്സയിലേക്ക് ആരംഭിക്കും. പ്രതിദിനം 600 ട്രക്കുകൾ അനുവദിക്കും.
8. ഇരുവിഭാഗത്തിന്‍റെയും ഇടപെടലില്ലാതെ സഹായങ്ങൾ കൃത്യമായി വിതരണം ചെയ്യും. യു.എന്നും റെഡ് ക്രസന്‍റും അതിന് നേതൃത്വം വഹിക്കും.
9. ഗസ്സ ഭരണത്തിന് ഫലസ്തീനി ടെക്നോക്രാറ്റുകൾ അടങ്ങുന്ന താൽകാലിക ഇടക്കാല ഭരണ സംവിധാനം. അറബ്, യൂറോപ്യൻ സഖ്യകക്ഷികളുടെ അഭിപ്രായം തേടി യു.എസ് സ്ഥാപിക്കുന്ന പുതിയ അന്താരാഷ്ട്ര ഭരണസംവിധാനം ഇത് നിരീക്ഷിക്കും.
10. ആധുനിക മിഡിലീസ്റ്റ് നഗരങ്ങൾ നിർമിച്ചു പരിചയമുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ ഗസ്സ പുനർനിർമിക്കാൻ ഒരു സാമ്പത്തിക പ്ലാൻ തയാറാക്കും. നിക്ഷേപവും തൊഴിലും ഉറപ്പാക്കുന്ന തരത്തിലാകുമിത്.
11. കുറഞ്ഞ താരിഫും നിരക്കുമുള്ള പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും.
12. ആരെയും ഗസ്സയിൽ നിന്ന് നിർബന്ധിച്ചു പുറത്താക്കില്ല. ആർക്കെങ്കിലും പുറത്തുപോകാൻ താൽപര്യമുണ്ടെങ്കിൽ മടങ്ങിവരാനും അനുവദിക്കും. ഗസ്സയിൽ തന്നെ തുടരാൻ ഗസ്സക്കാരെ പ്രോത്സാഹിപ്പിക്കും.
13. ഗസ്സ ഭരണത്തിൽ ഹമാസിന് ഒരു റോളുമുണ്ടാകില്ല. ടണലുകൾ ഉൾപ്പെടെ പുതിയ സായുധ സംവിധാനങ്ങൾ സൃഷ്ടിക്കാനും അനുവദിക്കില്ല.
14. ഹമാസും മറ്റ് ഗസ്സ ഗ്രൂപ്പുകളും ഉറപ്പുകൾ പാലിക്കുന്നുവെന്നും ഇസ്രയേലിന് ഭീഷണിയാകില്ലെന്നും ഉറപ്പാക്കാൻ മേഖലയിലെ സഖ്യരാഷ്ട്രങ്ങളുടെ സുരക്ഷ ഗ്യാരന്‍റി.
15. അറബ്, മറ്റ് രാജ്യാന്തര സംവിധാനങ്ങളുമായി സഹകരിച്ച് യു.എസ ഒരു ഇന്‍റർനാഷനൽ സ്റ്റബിലൈസേഷൻ ഫോഴ്സ് വികസിപ്പിക്കും. ഉടനടി തന്നെ ആ സേനയെ ഗസ്സയിൽ വിന്യസിക്കും. ആ സേന ദീർഘകാല ആഭ്യന്തര സുരക്ഷക്കായി ഫലസ്തീൻ പൊലീസ് സേനയെ പരിശീലിപ്പിക്കും.
16. ഇസ്രയേൽ ഗസ്സ കൈയേറുകയോ അനക്സ് ചെയ്യുകയോ ചെയ്യില്ല. ക്രമേണ മറ്റ് സുരക്ഷ സേനകൾക്ക് പ്രദേശം കൈമാറി ഐ.ഡി.എഫ് പിൻവാങ്ങും.
17. ഈ നിർദേശങ്ങൾ ഹമാസ് നിരസിക്കുകയോ താമസിപ്പിക്കുകയോ ചെയ്താൽ മേൽപറഞ്ഞ പോയിന്‍റുകൾ ടെറർ ഫ്രീ മേഖലകളിൽ നടപ്പാക്കും. അവിടം ഇൻറർനാഷനൽ സ്റ്റബിലൈസേഷൻ ഫോഴ്സ് ക്രമേണ ഐ.ഡി.എഫ് കൈമാറും. (ഹമാസ് അംഗീകരിച്ചില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സൂചനയാണിത്)
18. ഗസ്സ ജനതയെ ‘തീവ്രവാദ മനോഭാവ മുക്തമാക്കാനുള്ള’ പദ്ധതി തുടങ്ങും. ഇതിനായി വിവിധ മത സംവാദവും മറ്റും സംഘടിപ്പിക്കും.
19. ഗസ്സ പുനർനിർമാണം പുരോഗമിക്കുമ്പോൾ ഫലസ്തീൻ അതോറിറ്റിയുടെ നവീകരണ പ്രവർത്തനങ്ങളും നടക്കും. ഇതിനൊപ്പം ഫലസ്തീൻ രാഷ്ട്ര സ്ഥാപനത്തിനുള്ള വിശ്വാസ യോഗ്യമായ മാർഗരേഖ നിലവിൽ വരും. (പദ്ധതിയിലെ നിർണായക പോയിന്‍റ് ഇതാണ്. ഇസ്രയേൽ ഈ പോയിന്‍റ് എങ്ങനെ സ്വീകരിക്കുമെന്നതാകും ഈ പദ്ധതിയുടെ ഭാവി നിർണയിക്കുക.)
20. സമാധാനപരമായ സഹവർത്തിത്വത്തിന് ഇസ്രയേലിനെയും ഫലസ്തീനികളെയും പ്രാപ്തരാക്കുന്നതിന് യു.എസിന്‍റെ നേതൃത്വത്തിൽ സംഭാഷണം.