തലമുറകൾക്ക് പോരാട്ടവീര്യം പകർന്ന ‘ഫാരിസ് ഔദ’ ചിത്രത്തിന് 25 വർഷം...
text_fieldsപശ്ചിമേഷ്യൻ യുദ്ധഭൂമിയിലെ എക്കാലത്തെയും ഉജ്വലമായ ‘ദാവീദ്-ഗോലിയാത്ത്’ നിമിഷമായിരുന്നു അത്. ഇസ്രയേലിന്‍റെ സൈനിക ആധിപത്യത്തിന്‍റെ പ്രത്യക്ഷ പ്രതീകമായ മെർകാവ ടാങ്കിന് മുന്നിൽ നിന്ന്, അതിന്‍റെ ഭീഷണമായ സാന്നിധ്യത്തെ വകവെക്കാതെ കല്ലെറിയുന്ന ബാലൻ. അവന്‍റെ പേര് ഫാരിസ് ഔദ. എത്രയോ ഫലസ്തീനി തലമുറകളുടെ ചോര തിളപ്പിക്കുന്ന, കാലാതിവർത്തിയായ ചിത്രം. അത് പകർത്തപ്പെട്ടിട്ട് കാൽനൂറ്റാണ്ട് തികയുകയാണ്. വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസിലെ ലോകപ്രശസ്ത ഫോട്ടോഗ്രാഫർ ലോറന്‍റ് റീബോഴ്സ് ഗസ്സയിൽ നിന്ന് 2000 ഒക്ടോബർ 29 ന് പകർത്തിയ ചിത്രം 25 വർഷം തികയുന്ന വേളയിലും പ്രസക്തമായി തുടരുന്നു. ആ ഐതിഹാസിക ചിത്രത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക്...
* * * * * * * * * * *
രണ്ടാം ഇൻതിഫാദ തുടങ്ങി ഒരുമാസം തികയുന്ന ദിവസങ്ങൾ. വെസ്റ്റ്ബാങ്കിലാണ് പ്രക്ഷോഭം തുടങ്ങിയതെങ്കിലും വൈകാതെ ഗസ്സ തിളച്ചുമറിയാൻ തുടങ്ങി. ഗസ്സ സിറ്റിയിലെ സൈതൂൻ മേഖലയിലാണ് ഫാരിസ് ഔദയുടെ വീട്. വലിയ കുടുംബമാണ്. മൊത്തം ഒമ്പതുമക്കൾ. അതിലൊരുവനാണ് ചെറുപ്പത്തിലേ അതിസാഹസികനായ ഫാരിസ്. പ്രക്ഷോഭം തുടങ്ങിയതോടെ സ്കൂൾ ഉപേക്ഷിച്ച് അതിനൊപ്പം കൂടുകയായിരുന്നു ആ 14 കാരൻ.
ഇസ്രയേലിലേക്കുള്ള പ്രധാന കവാടമായ കർനി ക്രോസിങിലെ സമരരംഗത്തേക്കാണ് ഫാരിസ് സ്ഥിരമായി പോകുക. അല്ലെങ്കിൽ ഇസ്രയേലി സെറ്റിൽമെന്‍റായ നെത്സരിമിൽ. ഗസ്സയിലെ കുടിയേറ്റ കേന്ദ്രങ്ങൾ ഇസ്രയേൽ ഒഴിവാക്കുന്നതിന് മുമ്പുള്ള കാലമാണ്. ഇതിലൊരിടത്ത് എത്തി മുതിർന്നവർക്കൊപ്പം ഇസ്രയേലി പട്ടാളത്തെ നേരിടുകയായിരുന്നു ഫാരിസിന്‍റെ ദിനചര്യ. സമരത്തിനെത്തുന്ന ഫലസ്തീനികളെ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് ഇസ്രയേൽ നേരിടുക. കണ്ണീർവാതകവും റബ്ബർ ബുള്ളറ്റും മാത്രമല്ല, വെടിയുണ്ടകൾ വരെ ഉതിർക്കും. അതിലിപ്പോൾ മുതിർന്നവരെന്നോ കുട്ടികളെന്നോ ഉള്ള നോട്ടമൊന്നുമില്ല.
മകന്‍റെ ഈ സാഹസങ്ങളിൽ ഭയമായിരുന്നു മാതാപിതാക്കൾക്ക്. മുതിർന്നവർക്കൊപ്പം പ്രക്ഷോഭത്തിന് പോകുന്നതിൽ നിന്ന് ഫാരിസിനെ പിന്തിരിപ്പിക്കാൻ പിതാവ് ഫയാക് പലതവണ ശ്രമിച്ചതാണ്. പക്ഷേ, ഓരോ തവണയും പുറത്ത് ബഹളം കേൾക്കുമ്പോൾ ആരോടും പറയാതെ, ഉമ്മയുടെ കണ്ണുവെട്ടിച്ച് അവനിറങ്ങി അവിടേക്ക് ഓടും. സ്വന്തം മണ്ണ് കാക്കാനുള്ള ഫലസ്തീനിയുടെ ജന്മാന്തര ചോദന കൊണ്ടെന്ന പോലെ. അങ്ങനെ ഒളിച്ചും പാത്തും അവിടെ എത്തിയാലും എന്താണ് അവന് കഴിയുക? വിദൂരതയിലെങ്ങോ നിൽക്കുന്ന ഇസ്രയേലി സൈനികർക്ക് നേരെ കല്ലുകൾ വലിച്ചെറിയും. 15 വയസുകാരന്‍റെ കൈകൾക്ക് എത്ര കരുത്തുണ്ടാകും. പക്ഷേ, പട്ടാളം പ്രതികരിക്കുന്നത് കടുപ്പത്തിലായിരിക്കും. സൈനിക വാഹനങ്ങൾ ഇരച്ചെത്തും, വെടിപൊട്ടിക്കും. വെടികൊണ്ടാൽ മരണം, പിടിയിലായാൽ കൊടിയ മർദനം, ജയിൽ വാസം. ചിലപ്പോൾ പിന്നീടൊരിക്കലും പുറംലോകം കണ്ടില്ലെന്നും വരും. ഇതെല്ലാം പ്രതീക്ഷിച്ച് തന്നെയാണ് സ്വയം ത്യജിച്ച് ഓരോ ഫലസ്തീനിയും പോരാട്ടത്തിനിറങ്ങുന്നത്.
ഫാരിസിന്‍റെ കാര്യത്തിൽ ചെറിയൊരു വ്യത്യാസം കൂടിയുണ്ട്. പ്രക്ഷോഭത്തിന് പോയതറിഞ്ഞാൽ പിതാവിന്‍റെ കൈയിൽ നിന്ന് നല്ല തല്ല് കിട്ടും. അതുകൊണ്ട് തന്നെ ക്യാമറയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനും കൂടി അവൻ പാടുപെടണം. പലതവണ സംഘർഷഭൂമിയിൽ നിന്ന് ഉമ്മ അനാം ഓടിപ്പോയി പിടിച്ചുകൊണ്ടുവന്നിട്ടുണ്ട്. ഒരിക്കൽ ഇങ്ങനെ പിടികൂടി കൊണ്ടുവരരെ ഉമ്മ അവനോട് പറഞ്ഞു: ‘‘നിനക്ക് കല്ലെറിയണമെങ്കിൽ ആയിക്കോ, പക്ഷേ, എന്തിന്‍റെയും പിന്നിൽ നിൽക്ക്. എന്തിനാണ് എപ്പോഴും ഇങ്ങനെ ഏറ്റവും മുന്നിൽ പോകുന്നത്. നിന്നേക്കാൾ വലിയ കുട്ടികളേക്കാൾ മുന്നിൽ പോയി നിൽക്കുന്നത് എന്തിനാ?’. ‘ഉമ്മാ, എനിക്ക് പേടിയില്ല’ എന്നായിരുന്നു അവന്‍റെ മറുപടി.
അങ്ങനെയിരിക്കെയാണ് ഒക്ടോബർ 29 സംഭവിക്കുന്നത്. അന്ന് കർനിയിലായിരുന്നു പ്രധാന സംഘർഷം. പതിവുപോലെ വീട്ടിൽ നിന്ന് കണ്ണുവെട്ടിച്ച് ഫാരിസ് കർനിയിലെ സംഘർഷത്തിന് നടുവിലെത്തി. കല്ലേറും റബ്ബർ ബുള്ളറ്റും വെടിവെപ്പും കണ്ണീർവാതകവും തകർക്കുകയാണ്. മെർകാവ ടാങ്കുകൾ ഇരച്ചെത്തി. മുന്നിൽ നിന്ന പലരും ചിതറി. പക്ഷേ, പിന്തിരിയുക എന്നത് ഫാരിസിന്‍റെ കുഞ്ഞു നിഘണ്ടുവിൽ ഉള്ള വാക്കല്ല. അതിനി എത്ര കൊടികെട്ടിയ ടാങ്കുമായിക്കോട്ടെ.
നിലത്ത് കിടന്ന കല്ലുകൾ വാരി ടാങ്കിന് നേർക്ക് എറിയുകയാണ് ഫാരിസ്. വളരെ ദൂരെ നിന്ന് ഈ രംഗം കാണുകയാണ് അസോസിയേറ്റഡ് പ്രസിന്‍റെ ഫോട്ടോഗ്രാഫർ ലോറൻറ് റീബോഴ്സ്. പടുകൂറ്റൻ ഉരുക്കു ടാങ്കിന് മുന്നിൽ നിന്ന് ഏകനായി ഒരു ബാലൻ കല്ലെറിയുകയാണ്. ക്ലിക്ക് ചെയ്യുന്നതിന് മുമ്പേ റീബോഴ്സിന് അറിയാമായിരുന്നു; താൻ കാണുന്നത് അത്യസാധാരണമായ ഒരു കാഴ്ചയാണെന്ന്, ദശകങ്ങളും തലമുറകളും പിന്നിട്ട രക്ത പങ്കിലമായ പോരാട്ടത്തെ, അതിന്‍റെ സാരാംശത്തെ ഒരൊറ്റ ഫ്രെയിമിലേക്ക് താൻ ഒതുക്കുകയാണെന്ന്. അനന്തരം ആ ചിത്രം അസമമായ ഫലസ്തീൻ-ഇസ്രയേൽ പോരാട്ടത്തിന്‍റെ എന്നേക്കുമുള്ള പ്രതീകമായി പരിണമിച്ചു. മുന്നിലേക്ക് ഇരച്ചു വരുന്ന, ഉരുക്കു നിർമിത, 65 ടൺ ഭാരമുള്ള, മൂന്നു മീറ്ററോളം ഉയരമുള്ള, 120 എം.എം ഗൺ ബാരൽ മുന്നിൽ സ്ഥാപിച്ച ഭീമാകാരമായ വാഹനത്തിന് മുന്നിൽ നിരായുധനായി, ഒരു കല്ലുമാത്രം ഏന്തി നിൽക്കുന്ന ബാലൻ. ടിയാനൻമെൻ സ്ക്വയർ പ്രക്ഷോഭത്തിലെ ‘ടാങ്ക് മാനേ’ക്കാലും കരുത്തുറ്റ ചിത്രം.
രണ്ടുദിവസത്തിന് ശേഷം സമാനമായി നടന്ന ഒരു പ്രക്ഷോഭത്തിൽ ഫാരിസിന്‍റെ കസിനായ ഷാദി ഇസ്രയേലിന്‍റെ വെടിയേറ്റ് മരിച്ചു. അടുത്ത സുഹൃത്തുകൂടിയായ ഷാദിയുടെ മരണം ഫാരിസിനെ വല്ലാതെ ഉലച്ചു. ‘ഞാനിതിന് പ്രതികാരം ചെയ്യു’മെന്ന് അവൻ പ്രതിജ്ഞ ചെയ്തു. പക്ഷേ, ഒരു 14 കാരന് ഇസ്രയേലിനെതിരെ എന്തു ചെയ്യാൻ കഴിയും. ഒരാഴ്ച കഴിഞ്ഞില്ല, കർനിയിൽ വീണ്ടും സംഘർഷം. പതിവുപോലെ ഫാരിസ് തന്നെ മുൻനിരയിൽ. ടാങ്കുകൾക്ക് മുന്നിൽ നിന്ന് തന്നെ കല്ലെറിയുകയാണ്. ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിനെപ്പോലെ ഒറ്റക്ക് പോരാടുകയാണ്. ഒപ്പമുള്ളവരൊക്കെ വളരെ പിന്നിലാണ്. അല്ലെങ്കിലും ആരെങ്കിലും കൂടെ വരുമെന്ന് പ്രതീക്ഷിച്ചല്ല അവൻ ഇതിനിറങ്ങുന്നത്.
ഒരെണ്ണം എറിഞ്ഞശേഷം അടുത്ത കല്ലിനായി കുനിഞ്ഞതായിരുന്നു ഫാരിസ്. അവന്‍റെ കഴുത്ത് നോക്കി തന്നെ ഇസ്രയേലി പട്ടാളക്കാരൻ കാഞ്ചിവലിച്ചു. എടുത്ത കല്ല് നിലത്തുവീണു, ഫാരിസ് വലത്തേക്ക് ചരിഞ്ഞുവീണു. കഴുത്തിൽ നിന്ന് ചുടുചോര പ്രവഹിക്കാൻ തുടങ്ങി. ആരും അടുത്തുവരാൻ ധൈര്യപ്പെട്ടില്ല. അടുത്തുവന്നാൽ സൈന്യം വെടിവെക്കുമോ എന്ന് അവർ ഭയന്നു. ഏതാണ്ട് ഒരുമണിക്കൂർ കിടന്നു, അവന്‍റെ ശരീരം അവിടെ. ഒരുമണിക്കൂർ കഴിഞ്ഞ് പരിശോധിക്കുമ്പോൾ ആ കുഞ്ഞ് ശരീരത്തിൽ നിന്ന് എപ്പോഴേ ജീവൻ പറന്നുപോയിരിക്കുന്നുവെന്ന് കൂട്ടുകാർ തിരിച്ചറിഞ്ഞു. 15 വയസു തികയാൻ 25 ദിവസം കൂടിയേ ഉണ്ടായിരുന്നുള്ളു.
മരണാനന്തരം ഫാരിസ് ഔദ ഒരു പ്രതീകമായി പരിണമിച്ചു. രണ്ടാം ഇൻതിഫാദയുടെ പോസ്റ്റർ ബോയി ആയി ഫാരിസ് മാറി. ടാങ്കിന് മുന്നിൽ കല്ലുമായി നിൽക്കുന്ന അവന്‍റെ ചിത്രം അറബിത്തെരുവുകളിലെങ്ങും നിറഞ്ഞു. കലണ്ടറുകളും പോസ്റ്ററുകളും സ്റ്റിക്കറുകളും പുറത്തിറങ്ങി. ‘‘എങ്ങും അവന്‍റെ ചിത്രങ്ങളാണ്. അത് കാണുമ്പോൾ എന്‍റെ ഹൃദയം നുറുങ്ങുകയാണെ’’ന്ന് ഉമ്മ അനാം പിന്നീട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘‘എല്ലാവരും അവനെ ധീരനെന്നും രക്തസാക്ഷിയെന്നും വിശേഷിപ്പിക്കുമ്പോൾ എനിക്ക് അഭിമാനമുണ്ട്. പക്ഷേ, അവന്‍റെ കൂട്ടുകാർ സ്കൂളിൽ പോകുന്നതും വരുന്നതും കാണുമ്പോൾ... എനിക്ക് കരച്ചിലടക്കാനാവുന്നില്ല’’.
* * * * * * * * * * *
25 വർഷത്തിന് ശേഷം ഇന്നും ഫാരിസ് ഓർക്കപ്പെടുന്നു. ഇത്തവണത്തെ ഇസ്രയേലിന്‍റെ ഗസ്സ അധിനിവേശത്തെ നേരിട്ട പോരാളികൾ ടാങ്കുകൾക്ക് അടുത്ത് നടന്നെത്തി സ്ഫോടക വസ്തുക്കൾ സ്ഥാപിക്കുന്നതിനെ ‘എ.ഐ ഇമേജുകൾ’ എന്ന് പരിഹസിച്ച് ആദ്യം തള്ളിക്കളഞ്ഞവരുണ്ട്. പക്ഷേ, വൻകിട പാശ്ചാത്യ മാധ്യമങ്ങൾ ഉൾപ്പെടെ ആ ചിത്രങ്ങളെയും വീഡിയോകളെയും പിന്നീട് സ്ഥിരീകരിച്ചു. ഫാരിസിന്‍റെ കഥ അറിയാവുന്നവർക്ക് ഈ ചിത്രങ്ങളിൽ സംശയമുണ്ടാകേണ്ട കാര്യമില്ല. അവൻ ജീവിച്ചിരുന്നെങ്കിൽ ഇന്ന് 40 വയസുണ്ടാകുമായിരുന്നു. ഗസ്സയിലെ ഏതെങ്കിലും ഒരു തുരങ്കത്തിൽ നിന്ന് ഗ്രനേഡുമായി ഉയർന്നുവന്ന് ടാങ്കിന് നേരെ പ്രയോഗിക്കുന്ന പോരാളിയുടെ വേഷത്തിൽ നാമവനെ കാണുമായിരുന്നു.


