മത്സ്യമേഖലയുടെ വികസനത്തിന് വേണമൊരു കോസ്റ്റൽ സബ്പ്ലാൻ
text_fieldsഇന്ന് (നവംബർ 21) ലോക ഫിഷറീസ് ദിനമാണ്. 1997ൽ ന്യൂഡൽഹിയിൽ ചേർന്ന ലോക മത്സ്യത്തൊഴിലാളി ഫോറം (World Forum of Fish Harvesters & Fish Workers - WFF) ആണ് ഈ ദിനാചരണത്തിന് തുടക്കമിട്ടത്. ലോകമെമ്പാടുമുള്ള മത്സ്യത്തൊഴിലാളികളോടും കർഷകരോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുക, സുസ്ഥിര മത്സ്യബന്ധനത്തിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, മത്സ്യബന്ധന സമൂഹങ്ങളുടെ ഉപജീവനമാർഗങ്ങൾക്ക് ഊന്നൽ നൽകുക എന്നിവയാണ് ഈ ദിനത്തിന്റെ ലക്ഷ്യങ്ങൾ.
‘‘ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കുപ്രകാരം ഞാൻ വല ഇറക്കാം’’ എന്ന ബൈബിൾ വാചകമാണ് ഈ വർഷത്തെ ഫിഷറീസ് ദിന പ്രമേയം. കേരളത്തിൽ ഇതുവരെ നടന്നിട്ടുള്ള ആസൂത്രണ വികസനപ്രവർത്തനങ്ങളുടെ ഗുണഫലങ്ങളൊന്നും ലഭിക്കാത്ത മത്സ്യത്തൊഴിലാളി സമൂഹത്തെ സംബന്ധിച്ച് അത്യന്തം അന്വർഥമായ വാചകം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ഫിഷറീസ് ദിനമെത്തുന്നത്. അധികാരവും സമ്പത്തും താഴേത്തട്ടിലേക്ക് നൽകി, വികസന പ്രക്രിയയിൽ ജനപങ്കാളിത്തം ഉറപ്പുവരുത്താനെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ജനകീയാസൂത്രണത്തിന് മൂന്ന് ദശകങ്ങൾ പൂർത്തിയാവുകയാണ്. എന്നാൽ, ഇക്കാലയളവിൽ ജനകീയാസൂത്രണം മത്സ്യത്തൊഴിലാളി മേഖലയിൽ എന്തു മാറ്റമാണ് കൊണ്ടുവന്നത്?
തദ്ദേശ വികസന പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകുന്ന ‘കില’യോ മത്സ്യത്തൊഴിലാളി ക്ഷേമത്തിന് ചുമതലപ്പെട്ട സംസ്ഥാന ഫിഷറീസ് വകുപ്പോ, തീരദേശ വികസന കോർപറേഷനോ നാളിതുവരെ ഇതിനെക്കുറിച്ച് ഒരു പഠനം നടത്തുകയോ, വിവരങ്ങൾ പൊതുസമൂഹത്തിനു മുമ്പാകെ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഏറ്റവും പാർശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗത്തിന് ഇത്രയും വലിയൊരു പദ്ധതി എങ്ങനെ ഗുണം ചെയ്തുവെന്ന് വിലയിരുത്താൻ തയാറാകാത്തതുതന്നെ ഈ സമൂഹത്തോടുള്ള ഔദ്യോഗിക സംവിധാനങ്ങളുടെ അവഗണനയെയാണ് സൂചിപ്പിക്കുന്നത്.
അവഗണനയുടെ
കണക്കുപുസ്തകം
കേരളത്തിലെ പാർശ്വവത്കൃത വിഭാഗങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ പട്ടികജാതി-വർഗ-മത്സ്യത്തൊഴിലാളി വിഭാഗങ്ങൾ എന്നു പറയാറുണ്ട്. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ, ‘കോളനി’കളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് എന്നും അവഗണന മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഭൂമി, വാസയോഗ്യമായ വീട്, കുടിവെള്ളം, ശുചിത്വ സൗകര്യം, ആശുപത്രി സൗകര്യം, വിദ്യാഭ്യാസ സൗകര്യം എന്നിവ ഏറ്റവും കുറച്ചുമാത്രം ലഭിക്കുന്ന ജനവിഭാഗമായി ഇക്കൂട്ടർ ഇപ്പോഴും കഴിയുന്നു.
ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതിൽ ഇരുമുന്നണികളും മത്സരിക്കുന്നുവെന്ന് പറയുന്ന സന്ദർഭത്തിൽതന്നെ മത്സ്യമേഖലയിൽ ക്ഷേമപ്രവർത്തനങ്ങൾ എങ്ങനെയാണ് നടപ്പാക്കിയിട്ടുള്ളതെന്നും ഇപ്പോൾ നടപ്പാക്കുന്നതെന്നും കൂടി ഈ സന്ദർഭത്തിൽ പരിശോധിക്കുന്നത് നന്നായിരിക്കും. ഏറെ കൊട്ടിഗ്ഘോഷിക്കുന്ന “കേരളാ മോഡൽ വികസന”ത്തിനും പുറത്തായിരുന്നു കേരളത്തിലെ മത്സ്യത്തൊഴിലാളികളെന്ന് ഡോ. ജോൺ കുര്യൻ (ദ കേരളാ മോഡൽ: ഇട്സ് സെൻട്രൽ ടെൻഡൻസി ആൻഡ് ദ ഔട്ട്ലെയർ - സോഷ്യൽ സയന്റിസ്റ്റ് 1995, വോള്യം 23, നമ്പർ 1-3) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2024ലെ കേരള സർക്കാറിന്റെ ഇക്കണോമിക് റിവ്യൂ റിപ്പോർട്ട് പ്രകാരം (അവലംബം: സംസ്ഥാന പ്ലാനിങ് ബോർഡ്), 2022-23 കാലയളവിൽ ക്ഷേമപദ്ധതികൾ വഴി ഒരു മത്സ്യത്തൊഴിലാളിക്ക് ലഭിച്ച ശരാശരി ആനുകൂല്യം 10,180.2 രൂപയാണ്. അതേസമയം, സമാന മാനദണ്ഡങ്ങളുള്ള ഒരു മുന്നാക്ക സമുദായ അംഗത്തിന് മുന്നാക്ക വികസന കോർപറേഷൻ വഴി ലഭിച്ച ശരാശരി തുക 23,420.1 രൂപയുമാണ്.
ജനകീയാസൂത്രണത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ പദ്ധതികൾ തയാറാക്കുമ്പോൾ പാലിക്കേണ്ട വ്യക്തമായ മാർഗരേഖകൾ ഓരോ പഞ്ചവത്സര പദ്ധതി കാലത്തും സർക്കാർ പുറപ്പെടുവിക്കാറുണ്ട്. എന്നാൽ, മത്സ്യത്തൊഴിലാളികളെ ഒരു പ്രത്യേക ഗുണഭോക്തൃ വിഭാഗമായി പരിഗണിച്ചുകൊണ്ടുള്ള നിർബന്ധിത നിർദേശങ്ങൾ ഇതിൽ ഉണ്ടാകാറില്ല. മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക വികസനം ഉറപ്പുവരുത്തുന്ന പ്രോജക്ടുകൾ നിർബന്ധമായും ഏറ്റെടുക്കണമെന്ന നിഷ്കർഷയില്ലാത്തതിനാൽ, ഭൂരിപക്ഷം തീരദേശ തദ്ദേശഭരണ സ്ഥാപനങ്ങളും ഇത്തരം പദ്ധതികൾക്ക് രൂപം നൽകാറുമില്ല.
ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനെ കൺവീനറാക്കി പ്രത്യേക വർക്കിങ് ഗ്രൂപ് രൂപവത്കരിക്കണമെന്ന് നിർദേശമുണ്ടെങ്കിലും, പലയിടത്തും കൃഷി ഓഫിസർ കൺവീനറായുള്ള വർക്കിങ് ഗ്രൂപ്പാണ് പദ്ധതികൾ തയാറാക്കുന്നത്. ഇതു മത്സ്യമേഖലയുടെ തനതായ ആവശ്യങ്ങൾ വിസ്മരിക്കപ്പെടാൻ കാരണമാകുന്നു. തീരദേശ ജനതയുടെ ജീവിതരീതിയോടോ ജീവനോപാധികളോടോ ബന്ധമില്ലാത്ത, മലനാട്ടിലോ ഇടനാട്ടിലോ നടപ്പാക്കുന്ന തരം മാതൃകകൾ അതേപടി പകർത്താൻ തീരദേശ പഞ്ചായത്തുകളും നിർബന്ധിതരാകുന്നു. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ അവഗണിക്കുമ്പോഴും, അവരുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന, കടലിന്റെ ജൈവ-പാരിസ്ഥിതിക സന്തുലിതാവസ്ഥ തകർക്കുന്ന വിഴിഞ്ഞം തുറമുഖം, തീരദേശ ഹൈവേ, സീ പ്ലെയിൻ പദ്ധതി, ബ്ലൂ ഇക്കോണമി, കടൽമണൽ ഖനനം തുടങ്ങിയ പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാൻ മൂന്നു മുന്നണികളും തമ്മിൽ മത്സരമാണ്.
മത്സ്യത്തൊഴിലാളി ക്ഷേമം ഉറപ്പാക്കാൻ ഏതെങ്കിലും മുന്നണികളോ അധികാരികളോ ലക്ഷ്യമിടുന്നെങ്കിൽ തീരദേശ തദ്ദേശ സ്ഥാപനങ്ങളിലെങ്കിലും മത്സ്യത്തൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ഉറപ്പാക്കുന്നതിനുള്ള ഉപപദ്ധതികളും പ്രോജക്ടുകളും ഉണ്ടാവണമെന്നും ഇവ അനിവാര്യ പദ്ധതികളും പ്രോജക്ടുകളും ആയിരിക്കുമെന്നും സമയബന്ധിതമായും സുതാര്യമായും ഇവ നടപ്പാക്കണമെന്നും, ഇതിനായി വകകൊള്ളിക്കുന്ന തുക യാതൊരു കാരണവശാലും ലാപ്സ് ആക്കരുതെന്നും, വകമാറ്റി ചെലവഴിക്കരുതെന്നും സർക്കാർ ഉത്തരവ് ഉറപ്പാക്കാനാണ് ശ്രമിക്കേണ്ടത്. പട്ടികജാതി-വർഗ ഉപപദ്ധതിപോലെയും വനിതാ ഘടകപദ്ധതിപോലെയും തീരദേശ വികസനത്തിനും മത്സ്യമേഖലയുടെ വികസനത്തിനും ഒരു കോസ്റ്റൽ സബ്പ്ലാൻ അനിവാര്യമായിരിക്കുകയാണ്.
devadasclappana@gmail.com


