Begin typing your search above and press return to search.
exit_to_app
exit_to_app
ഒരു മാധ്യമപ്രവർത്തകന്റെ ആയിരം തടവറ നാളുകൾ
cancel
camera_alt

സ്റ്റാൻ സ്വാമി സ്മരണിക വായിക്കുന്ന രൂപേഷ് കുമാർ സിങ്- അറസ്റ്റിന് ഒരാഴ്ച മുൻപ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രം

നീതിക്കുവേണ്ടി വാദിക്കുന്ന വിദ്യാർഥി യുവജന നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും വിചാരണ പോലുമില്ലാതെ വർഷങ്ങളോളം ജയിലുകളിൽ അടക്കപ്പെടുന്നത് ഇന്ത്യയിൽ ഒരു വാർത്തയല്ലാതായിരിക്കുന്നു. വാർത്തയെഴുതാൻ പോയ മാധ്യമ പ്രവർത്തകരെ കഠോരമായ നിയമങ്ങൾ ചുമത്തി കേസിൽ കുരുക്കുകയും തടവിലിടുകയും ചെയ്യുന്നതും പതിവായിരിക്കുന്നു. അക്കൂട്ടത്തിലൊരാൾ ജയിലിലടക്കപ്പെട്ട് ആയിരം ദിവസം പൂർത്തിയായിരിക്കുകയാണിന്നലെ.

ഝാർഖണ്ഡിൽ നിന്നുള്ള മാധ്യമ പ്രവർത്തകനായ രൂപേഷ് കുമാർ സിങ് 2022 ജൂലൈ 17നാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം- യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടത്.

പട്നയിലെ ബേഉർ ആദർശ് സെൻട്രൽ ജയിലിൽ അടക്കപ്പെട്ടിരുന്ന രൂപേഷ് കുമാറിനെ 2023 ജനുവരി 22ന് ഭാഗൽപൂരിലെ ശഹീദ് ജുബ്ബാ സഹ്നി സെൻട്രൽ ജയിലിലേക്ക് മാറ്റി. പഴയ ജയിലിലിരുന്ന് ഇദ്ദേഹം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാണ് അധികൃതർ ആരോപിക്കുന്നത്. ഝാർഖണ്ഡ് പൊലീസെടുത്ത മൂന്ന് കേസുകളും എൻ.ഐ.എ എടുത്ത ഒരു കേസുമാണ് ഈ മാധ്യമ പ്രവർത്തകനെതിരായുള്ളത്. രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും മൂന്നാമത്തെ കേസിൽ നിഷേധിക്കപ്പെട്ടു. ജാമ്യം നിഷേധിച്ച ഝാർഖണ്ഡ് കോടതി ഉത്തരവ് ഈ വർഷം ജനുവരി 27ന് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. മാധ്യമ പ്രവർത്തകൻ എന്ന നാട്യത്തിൽ ഝാർഖണ്ഡിൽ തങ്ങിയ ഇയാളുടെ പ്രധാന ലക്ഷ്യം കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തലായിരുന്നുവെന്ന് പാർട്ടി അംഗങ്ങൾക്ക് കൈമാറിയ കത്തിൽ നിന്ന് വ്യക്തമാണെന്നാണ് ജാമ്യം നിഷേധിച്ച ഹൈകോടതി ചൂണ്ടിക്കാട്ടിയത്. അതേ സമയം ദ വയർ ഉൾപ്പെടെ വിവിധ പ്രസിദ്ധീകരണങ്ങളിൽ രൂപേഷ് കുമാർ സിങ് എഴുതിയ നിരവധി ലേഖനങ്ങളിൽ ഒന്ന് വിശകലനം ചെയ്യാൻ ഹൈകോടതിയും സുപ്രീം കോടതിയും മുതിർന്നതുമില്ല. ഫാക്ടറികൾ സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണം മൂലം ജനം അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ഒരു ലേഖനം എഴുതി ഏതാനും ദിവസങ്ങൾക്കകമാണ് അറസ്റ്റ് നടന്നതെന്നും പരിഗണിക്കപ്പെട്ടില്ല. 1991നുശേഷമാണ് ഗിരിധി ജില്ലയിൽ ഫാക്ടറികൾ പ്രവർത്തനം തുടങ്ങിയത്. ലക്ഷക്കണക്കിന് ആദിവാസികൾ ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന കാർഷിക ഭൂമി ഫാക്ടറികളിൽ നിന്നുള്ള മാലിന്യങ്ങൾ മൂലം അപ്പാടെ നശിച്ചു. ഇതിനെതിരെ പ്രതിഷേധമുയർന്നതോടെ ഫാക്ടറി ഉടമകൾ മാലിന്യം അടുത്തുള്ള നദിയിലേക്ക് തിരിച്ചുവിടുകയും കണ്ണാടിപോലെ തെളിഞ്ഞൊഴുകിയിരുന്ന നദി വിഷമയമാവുകയും ചെയ്തു. നദീജലം മലിനമാക്കുകയും ചെയ്തു. ഫാക്ടറികളുടെ നിയമവിരുദ്ധ നടപടികൾ ഗ്രാമീണ ജീവിതം എപ്രകാരമാണ് അസഹനീയമാക്കിയതെന്ന് പറയുന്ന ലേഖനം 2022 ജൂലൈ 15നാണ് പ്രസിദ്ധീകരിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് ജൂലൈ 17ന് രൂപേഷ് അറസ്റ്റിലാവുകയും ചെയ്തു. ആ ലേഖനവും അറസ്റ്റും തമ്മിൽ ഒരു ബന്ധവും ജഡ്ജിമാർക്ക് കാണാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണാവോ?

ഉത്തരേന്ത്യയിലെ കുറ്റകൃത്യങ്ങളും കലാപങ്ങളും റിപ്പോർട്ട് ചെയ്ത ഒരു റിപ്പോർട്ടർ എന്ന നിലയിൽ, വ്യാജ കേസുകളിൽ കുരുക്കി ആരെ വേണമെങ്കിലും ഒതുക്കാൻ പൊലീസിനും നമ്മുടെ അന്വേഷണ ഏജൻസികൾക്കും സാധിക്കുമെന്ന് എനിക്കറിയാം. ഒറ്റരാത്രികൊണ്ട് അവർ വ്യാജ സാക്ഷികളെയും കെട്ടിച്ചമച്ച തെളിവുകളും സജ്ജമാക്കും. വിരോധാഭാസമെന്നു പറയട്ടെ, രൂപേഷിനെതിരായ കേസിലെ സാക്ഷികളെല്ലാം പൊലീസുകാരാണ്. ജാമ്യത്തെ എതിർത്ത പ്രോസിക്യൂഷൻ ഒരു സിവിലിയൻ പോലും എതിരായി മൊഴി നൽകാൻ ധൈര്യപ്പെടാത്തത്ര ഭീകരനാണിയാളെന്ന് വാദിച്ചു, ഝാർഖണ്ഡ് ഹൈകോടതി ഈ വാദം ഇഷ്ടത്തോടെ ഏറ്റുവാങ്ങുകയും ചെയ്തു.

ജയിലിൽ നിന്ന് രൂപേഷ് ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി (ഇഗ്നോ) യുടെ രണ്ട് കോഴ്സുകൾക്ക് ചേർന്നു. ചരിത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ജേണലിസം കോഴ്സിന്റെ എഴുത്തുപരീക്ഷ കഴിഞ്ഞെങ്കിലും, പ്രാക്ടിക്കലിന് ആവശ്യമായ ഉപകരണങ്ങൾക്കുള്ള അപേക്ഷ കോടതി നിരസിച്ചു.

കോഴ്സ് പൂർത്തിയാവുന്നതിന് പ്രാക്ടിക്കലുകൾ നിർബന്ധമാകയാൽ അനുമതി തേടി ഇനി പട്ന ഹൈകോടതിയെ സമീപിക്കണം. ഝാർഖണ്ഡിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ ജാമ്യാപേക്ഷ നിരസിക്കപ്പെടുകയും ബിഹാർ കേസിൽ വിചാരണ തുടരുകയും ചെയ്യുന്നതിനാൽ തടവും അനിശ്ചിതമായി നീളുകയാണ്.

ഈ സാഹചര്യത്തിലാണ് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 125ലധികം പേർ നീതി തേടി ഇന്നലെ ചീഫ് ജസ്റ്റിസിന് ഒരു തുറന്ന കത്തെഴുതിയത്. ശക്തരായ സ്വകാര്യ വ്യവസായികളുടെയും ബ്യൂറോക്രസിയുടെയും പൊലീസിന്റെയും തെറ്റായ പ്രവൃത്തികൾ തുറന്നുകാട്ടിയതിന് പകപോക്കാനാണ് രൂപേഷിനെ വിവിധ കേസുകളിൽ കുരുക്കിയതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഝാർഖണ്ഡിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങൾ, നിയമവിരുദ്ധ അറസ്റ്റുകൾ, കൊലപാതകങ്ങൾ എന്നിവക്ക് പിന്നിലെ അന്യായങ്ങൾ തുറന്നുകാട്ടാൻ ജനങ്ങൾക്കിടയിലും ഗ്രാമീണ മേഖലകളിലും കടന്നുചെന്ന് റിപ്പോർട്ടിങ് നടത്തിയിരുന്ന ഈ മാധ്യമ പ്രവർത്തകൻ വ്യവസായ ശാലകൾ സൃഷ്ടിക്കുന്ന വൻതോതിലുള്ള മലിനീകരണം മൂലമുണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാണിച്ചതോടെയാണ് ഭരണകൂടം അദ്ദേഹത്തെ ഉന്നമിട്ടതെന്ന് കത്തിൽ പറയുന്നു.

പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജിക്കാരനുമാണ് രൂപേഷ് കുമാർ സിങ്. ഇത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ‘ജാമ്യമാണ് നിയമം, തടവറ അപവാദമാണ്’ എന്ന് സുപ്രീം കോടതി നിരന്തരം ആവർത്തിക്കുന്നുണ്ടെങ്കിലും ആക്ടിവിസ്റ്റുകളുടെയും ജനപക്ഷ മാധ്യമപ്രവർത്തകരുടെയും കേസുകൾ കോടതികൾക്കുമുന്നിൽ വരുമ്പോൾ അവർ ഈ അടിസ്ഥാന തത്ത്വം സൗകര്യപൂർവം മറക്കുകയാണ്.

മാധ്യമ പ്രവർത്തകനെ ജയിലിലടച്ചതിൽ തീർന്നില്ല ഭരണകൂടത്തിന്റെ കലി. ഝാർഖണ്ഡിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്ന രൂപേഷ് കുമാറിന്റെ ഭാര്യ ഇപ്സ ശതക്ഷിയെ നിയമങ്ങൾ പാലിക്കാതെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്താൻ തീരുമാനിച്ചുകഴിഞ്ഞാൽ മാധ്യമപ്രവർത്തകരെയും കുടുംബങ്ങളെയും ഏതറ്റംവരെ ദ്രോഹിക്കാനും ഭരണകൂടം മടിക്കില്ലെന്നതിന്റെ കൃത്യമായ ഉദാഹരണമാണ് രൂപേഷ് കുമാറിനെതിരായ കേസ്.

Show Full Article
TAGS:Rupesh Kumar Singh UAPA 
News Summary - A journalist's thousand days of imprisonment
Next Story