സൗഹൃദത്തിന്റെ കസ്തൂരി
text_fieldsദൈവത്തെക്കഴിഞ്ഞ്, ഏറ്റവും വേണ്ടപ്പെട്ട ഒരാളെ തിരഞ്ഞെടുക്കാൻ അവസരം കിട്ടിയാൽ ആരെയാണ്, ഒട്ടും ആലോചിക്കാതെ നമുക്ക് നിർദേശിക്കാനുണ്ടാവുക? മുഹമ്മദ് നബി ഒരിടപോലും ചിന്തിക്കാതെ പറഞ്ഞത് 'അബൂബക്കർ സിദ്ദീഖ്' എന്നാണ്. തങ്ങളുടെ കണ്ണുവെട്ടിച്ച് നബി കടന്നുകളയാതിരിക്കാൻ സകല സൂത്രങ്ങളും ഏർപ്പാടാക്കി ശത്രുക്കൾ. ആ സാഹചര്യത്തിൽ അദ്ദേഹത്തിനൊപ്പം പോവുകതന്നെ അപകടകരമാണ്. എങ്കിലും ഓരോ അനുയായിയും ആ അവസരം തനിക്ക് കിട്ടിയെങ്കിൽ എന്നാശിച്ചു. പക്ഷേ, ഓരോരുത്തരോടും പതുക്കെപ്പതുക്കെ നാടുവിടാനായിരുന്നു നിർദേശം.
തന്നോടൊപ്പം കൂട്ടേണ്ട ആളെ നേരത്തേ ഉറപ്പിച്ചിരിക്കണം, അദ്ദേഹം. അത് അബൂബക്കർതന്നെ ആയിരുന്നു. ആ വിവരം അറിഞ്ഞപ്പോൾ സന്തോഷാതിരേകത്താൽ ഉപ്പ പൊട്ടിക്കരഞ്ഞെന്ന് മകൾ ആഇശ. മണൽപറമ്പും മലകളും ഗുഹകളും താണ്ടിയ ആ യാത്രയിലുടനീളം അബൂബക്കർ നബിയുടെ നിഴലായും നിലാവായും നിന്നു. ഏതൊരു ഇരുൾഗുഹയിലും നിതാന്ത സൗഹൃദത്തിന്റെ ആ ചരിത്രമാതൃക ജ്വലിച്ചുനിന്നു.
അബൂബക്കറിനു മാത്രമല്ല, പരിചയപ്പെടുന്ന ഓരോ മനുഷ്യനും 'ഇയാൾ തന്റെ ഉറ്റചങ്ങാതിയാണെ'ന്ന് തോന്നുന്ന ഒരടുപ്പം നബി നിമിഷങ്ങൾകൊണ്ട് ഉണ്ടാക്കി. തന്റെ കരംപിടിച്ച ഒരാളെയും അവർ വേർപെടുത്തുംവരെ അദ്ദേഹം വിട്ടുകളഞ്ഞില്ല. തന്റെ നേരെ നോക്കിയ ഒരാളോടും പുഞ്ചിരി സമ്മാനിച്ചല്ലാതെ പിരിച്ചയച്ചില്ല. തന്നെ സന്ദർശിച്ച ഒരാളെയും ആലിംഗനംചെയ്തല്ലാതെ സ്വീകരിച്ചില്ല. ആ സ്നേഹസവിധത്തിൽനിന്ന് വേർപെട്ടുപോയ ഒരാളും കണ്ണീരൊലിപ്പിച്ചല്ലാതെ പിന്തിരിഞ്ഞു നടന്നില്ല. പരിചാരകനും പരദേശിക്കും ഒരുപോലെ ആത്മസുഹൃത്താണെന്ന് റസൂലുല്ലാഹി തോന്നിപ്പിച്ചു.
മറ്റേതൊരു കാര്യവുമെന്നപോലെ ഇങ്ങനെയൊക്കെയാണ് ഒരു മനുഷ്യൻ ആകേണ്ടത് എന്ന് അദ്ദേഹം അനുചരസമൂഹത്തെ അഭ്യസിപ്പിക്കുകയും ചെയ്തു. ഒരിക്കൽ പറഞ്ഞു: ''നല്ല ചങ്ങാതി കസ്തൂരി വിൽപനക്കാരനെപ്പോലെയാണ്. സുഗന്ധംമാത്രം അയാൾ നിങ്ങൾക്ക് നല്കുന്നു''. ഇരുമ്പുപണിശാലയിലെ തീക്കുഴിയെപ്പോലുള്ള സൗഹൃദങ്ങളിൽനിന്ന് അകന്നുനിൽക്കാനും അദ്ദേഹം ഉപദേശിച്ചു.
പരസ്പരം സ്നേഹിച്ച രണ്ടുപേരെക്കുറിച്ച് നബി ഒരിക്കൽ പറഞ്ഞു: ദൂരെ ഗ്രാമത്തിലെ ചങ്ങാതിയെ അന്വേഷിച്ച് പുറപ്പെട്ടയാൾക്ക് അഭിവാദ്യമർപ്പിക്കാൻ അല്ലാഹു ആ വഴിദൂരമത്രയും മാലാഖയെ കാവൽനിർത്തും. മാലാഖ അയാളോട് ചോദിക്കും: ''എങ്ങോട്ടാ യാത്ര?'', ''ആത്മസുഹൃത്തിനെ തേടി'' -അയാൾ മറുപടി നൽകും. അപ്പോൾ മാലാഖ ''അയാളിൽനിന്ന് വസൂലാക്കേണ്ട വല്ലതും നേടിയെടുക്കാനാണോ ഈ പുറപ്പാട്?'' എന്ന് തർക്കം ചോദിക്കും. ''ഒരിക്കലുമല്ല, ദൈവത്തച്ചൊല്ലി അയാളെ സ്‌നേഹിക്കുന്നതുകൊണ്ടു മാത്രമാണ്'' എന്ന് സഞ്ചാരിയുടെ മറുപടി. അപ്പോൾ മാലാഖ ഇങ്ങനെ പ്രതിവചിക്കും: ''എങ്കിൽ കേൾക്കൂ, അല്ലാഹു അയച്ച മാലാഖയാണ് ഞാൻ. താങ്കൾ ആ ചങ്ങാതിയെ എത്ര സ്‌നേഹിക്കുന്നുവോ അത്രയും അല്ലാഹു താങ്കളെയും സ്‌നേഹിക്കുന്നുവെന്ന സന്തോഷ വർത്തമാനം നൽകാനാണ് ഞാൻ വന്നിരിക്കുന്നത്.'' ഇത് വെറുമൊരു കൽപനയല്ല, മുഹമ്മദ് നബി മാനവസമൂഹത്തിനു മുന്നിൽവെച്ച ഉദാത്തമായൊരു സങ്കൽപനമാണ്. ഉത്തമ സൗഹൃദത്തോളം, ഈ കലുഷമായ സാമൂഹികാവസ്ഥയിൽ മറ്റെന്ത് പോംവഴിയുണ്ട് മനുഷ്യന്?