തീക്ഷ്ണത ശമിക്കാത്ത വാക്കുകൾ
text_fieldsഇസ്ലാമിക ദര്‍ശനങ്ങള്‍ പ്രചരിപ്പിച്ചും പ്രവര്‍ത്തനപഥത്തില്‍ കാണിച്ചുകൊടുത്തും ഒരു പുരുഷായുസ്സ് ചെലവഴിച്ച വൈലിത്തറ മുഹമ്മദ്കുഞ്ഞ് മൗലവി പ്രബോധനമവസാനിപ്പിച്ച് നാഥനിലേക്ക് മടങ്ങിയിരിക്കുന്നു. നികത്താനാകാത്ത ശൂന്യതയാണ് ആ മഹാപണ്ഡിതന്‍റെ വിയോഗം മതപ്രബോധന രംഗത്ത് സൃഷ്ടിച്ചിരിക്കുന്നത്.
സുദീര്‍ഘമായ ആറരപ്പതിറ്റാണ്ട് കാലം തന്‍റെ വശ്യമനോഹരമായ ശബ്ദംകൊണ്ട് മൗലവി പ്രസംഗവേദികള്‍ അലങ്കരിച്ചു. വേദികളില്‍നിന്ന് വേദികളിലേക്ക് ഇടതടവില്ലാതെ സഞ്ചരിച്ചപ്പോഴും കാലഗണനകള്‍ കടന്നുപോയിട്ടും അദ്ദേഹത്തിന്‍റെ ശബ്ദത്തിന് പതര്‍ച്ചയോ വാക്കുകളുടെ തീക്ഷ്ണതക്ക് ശമനമോ ഉണ്ടായില്ല.
രോഗാതുരനായി കിടപ്പിലാകുന്നതുവരെ മുഹമ്മദ്കുഞ്ഞ് മൗലവി തന്‍റെ നിയോഗ പൂര്‍ത്തീകരണത്തിനായി ഓടിനടന്നു. ആദ്യപ്രസംഗത്തിലെ അതേ ഊര്‍ജവും ശബ്ദമാധുരിയും ഉള്‍ക്കാമ്പും അവസാന പ്രസംഗംവരെ അദ്ദേഹം നിലനിര്‍ത്തി.
മതഗ്രന്ഥങ്ങളില്‍ മാത്രമൊതുങ്ങിനില്‍ക്കാതെ വിശ്വസാഹിത്യ കൃതികളും മലയാള കവിതകളും പ്രസംഗത്തില്‍ അലിഞ്ഞുചേര്‍ന്നു. വാക്കുകളോരോന്നും ഹൃദയത്തിലേക്കാണ് ചെന്നുതറച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് ആ ശബ്ദമനോഹാരിതയാസ്വദിച്ചവരും അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഉള്‍ക്കൊണ്ടവരും അദ്ദേഹത്തെ ‘അമീറുല്‍ ഖുത്വുബ’ (പ്രഭാഷണത്തിന്‍റെ നേതാവ്) എന്ന് വിളിച്ചത്.


