Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനീതി കിട്ടുമോ...

നീതി കിട്ടുമോ ജലീലിന്റെ കുടുംബത്തിന്?

text_fields
bookmark_border
Abdul Jalil murder case
cancel

വിദേശത്തുനിന്ന് വരുന്ന ഭർത്താവിനായി ഭക്ഷണമൊരുക്കി കാത്തിരുന്നിട്ട് അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം കാണേണ്ടിവന്ന ആഘാതത്തിൽനിന്ന് രണ്ടുവർഷം കഴിഞ്ഞിട്ടും അഗളി സ്വദേശി മുബഷിറ മുക്തയായിട്ടില്ല. അഗളി വാക്യത്തൊടി അബ്ദുൽ ജലീൽ 2022 മേയ് 15നാണ് ജിദ്ദയിൽനിന്ന് പുറപ്പെട്ടത്. പെരിന്തൽമണ്ണയിലേക്ക് സുഹൃത്തുക്കൾക്കൊപ്പം എത്താമെന്നും അവിടെയെത്തി കൂട്ടിക്കൊണ്ടുപോയാൽ മതിയെന്നും കുടുംബത്തെ അറിയിച്ചിരുന്നു.

സ്വീകരിക്കാൻ പുറപ്പെട്ടെങ്കിലും സുഹൃത്തുക്കൾക്കൊപ്പമാണെന്നും വീട്ടിൽ എത്തിക്കൊള്ളാമെന്നും പിന്നീട് അറിയിച്ചു. പിറ്റേന്ന് രാവിലെയായിട്ടും ആൾ എത്താതായതോടെ ദുരൂഹത തോന്നിയ കുടുംബം പൊലീസിലറിയിച്ചു. പിന്നാലെ കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ട ജലീൽ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടു. കസ്റ്റംസിന്റെ പിടിയിലാണെന്നും ഉടൻ എത്തുമെന്നും വീട്ടുകാരെ അടുത്ത ദിവസവും ഫോണിൽ വിളിച്ച് അറിയിച്ചു.

എന്നാൽ, ജലീൽ ക്രൂരമർദനമേറ്റ് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുകയാണെന്ന വിവരമാണ് 19ന് രാവിലെ കുടുംബത്തിന് ലഭിച്ചത്. തുടർന്ന് മരിക്കുകയും ചെയ്തു. സ്വർണക്കടത്തുസംഘം ഇദ്ദേഹത്തെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുൾപ്പെടെ വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. ജലീലിനെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട സംഘം മൂന്നു ദിവസം തടഞ്ഞുവെച്ച് അതിക്രൂരമായി മർദിച്ച് കൊന്നു എന്നാണ് കേസ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടുകളാണ് സംഭവത്തിന് കാരണമെന്നായിരുന്നു പൊലീസ് വിലയിരുത്തൽ. എന്നാൽ, ആളുമാറി സ്വർണക്കടത്തുസംഘം ഭർത്താവിനെ പിടിച്ചുകൊണ്ടുപോയതാകാമെന്നും ആരൊക്കെയോ ചേർന്ന് കുടുക്കിയതാണെന്നും മുബഷിറ വിശ്വസിക്കുന്നു.

രണ്ട് വർഷമായിട്ടും മുഴുവൻ പ്രതികളെയും പിടികൂടിയിട്ടില്ല. പെരിന്തൽമണ്ണ ഡിവൈ.എസ്.പിയും മേലാറ്റൂർ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ 19 പ്രതികൾ ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും 13 പേരെ മാത്രമേ പിടികൂടിയുള്ളൂ ആറുപേർ വിദേശത്തേക്ക് കടന്നുവെന്നാണ് വിവരം. മൂന്നുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാഞ്ഞതിനാൽ അറസ്റ്റിലായ പ്രതികളെല്ലാം ജാമ്യത്തിലുമിറങ്ങി. രണ്ടുവർഷം കഴിഞ്ഞിട്ടും കേസിന്റെ തുടർനടപടികളെക്കുറിച്ച് യാതൊരു അറിയിപ്പും ലഭിച്ചില്ല.

മലപ്പുറം ജില്ല പൊലീസ് മേധാവിയായിരുന്ന എസ്. സുജിത്ത് ദാസ് ആയിരുന്നു ജലീലിന്റെ മരണം അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവൻ. സുജിത് ദാസ് മലപ്പുറം എസ്.പിയായിരുന്ന കാലയളവിൽ പിടികൂടിയ സ്വർണക്കടത്ത് കേസുകളിൽ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് നടപടികളുൾപ്പെടെ സംശയമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നൽകാനൊരുങ്ങുകയാണ് മുബഷിറ. ജലീലിന്റെ മക്കളും ഭാര്യ മുബഷിറയും ഉമ്മ ആസിയയും ഒരുമിച്ചാണ് അഗളിയിലെ വീട്ടിൽ താമസിക്കുന്നത്.

Show Full Article
TAGS:Abdul Jalil murder case Gold smuggling 
News Summary - Agali vakyathodi Abdul Jalil Beaten to death
Next Story