സി.പി.ഐയും പൈഡ് പൈപ്പറും
text_fieldsസി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, ഇടത് പാർട്ടി നേതാക്കളായ ദീപാങ്കർ ഭട്ടാചാര്യ, ജി. ദേവരാജൻ തുടങ്ങിയവർ സി.പി.ഐ അഖിലേന്ത്യ പാർട്ടി കോൺഗ്രസ് വേദിയിൽ
മാര്‍ക്സിസ്റ്റ് ആചാര്യനും പ്രമുഖ സി.പി.ഐ നേതാവുമായിരുന്ന മൊഹിത് സെന്‍ തന്റെ ആത്മകഥയില്‍ നടത്തുന്നൊരു ആത്മവിമര്‍ശനമുണ്ട്: ‘ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് ഗാന്ധിജിയോടുള്ള ദേഷ്യം, തങ്ങളുടെ വിപ്ലവം റാഞ്ചിയ നേതാവ് എന്നതാണ്!’- ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ ഗാന്ധിജിയെ കണ്ടെത്താന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് നൂറാം വാര്‍ഷികത്തിലും കഴിയുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. ചണ്ഡിഗഢില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ തര്‍ക്കം പ്രായപരിധിയെ കുറിച്ച് മാത്രമായിരുന്നു. അതും അധികാര കൈമാറ്റത്തിലെ തര്‍ക്കവിതര്‍ക്കങ്ങളുമായി ബന്ധപ്പെട്ട്! അല്ലാതെ കാലഘട്ടം ആവശ്യപ്പെടുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് ആവശ്യമായ പ്രത്യയശാസ്ത്ര നവീകരണം സംബന്ധിച്ചോ, ഫാഷിസ്റ്റ് വെല്ലുവിളികള്‍ നേരിടാന്‍ ജോര്‍ജ് ദിമിത്രോവ്, പാമിറോ തോഗ്ലിയാട്ടി മാതൃകയിലുള്ള ഫാഷിസ്റ്റ് വിരുദ്ധ മുന്നണിക്ക് ഇന്ത്യന്‍ സാഹചര്യത്തിലുള്ള സാധ്യതകളെക്കുറിച്ചോ ഗൗരവത്തിലുള്ള ചര്‍ച്ച കോണ്‍ഗ്രസില്‍ നടന്നു കണ്ടില്ല. ആലപ്പുഴയിലെ സംസ്ഥാന സമ്മേളന തീരുമാനങ്ങളുടെ തനിയാവര്‍ത്തനമായിരുന്നു ചണ്ഡിഗഢിലും. ഇന്‍ഡ്യ മുന്നണി വേണം, കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെല്ലാം അവസരത്തിനൊത്ത് കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടുവേണം ഇത്യാദി പ്രഖ്യാപനങ്ങൾ നടത്തിയെന്നല്ലാതെ ചണ്ഡിഗഢിലെ സൗഹൃദ സമ്മേളനത്തില്‍പോലും ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയുടെ കുന്തമുനയാകേണ്ടുന്ന കോണ്‍ഗ്രസിന് ക്ഷണമില്ല! കേരളത്തിലെ വലിയേട്ടന് ഇഷ്ടമാവാത്തതൊന്നും പ്രതീക്ഷിക്കരുതെന്ന് ചുരുക്കം. ’78ലെ ഭട്ടിൻഡ സി.പി.ഐ കോണ്‍ഗ്രസിനുശേഷം സി.പി.ഐക്ക് പൈഡ് പൈപ്പറിനെ വിട്ടൊരു കളിയില്ല. ഇത് പറയാതെ പറയാന്‍ മാത്രമായി ആലപ്പുഴയില്‍നിന്ന് ചണ്ഡിഗഢ് വരെ പോകേണ്ട വല്ല കാര്യവുമുണ്ടോ?
എവിടെയാണ് കാതല്‍?
സ്വന്തം നയം ഉപേക്ഷിച്ച് സി.പി.എമ്മിനുമുന്നില്‍ അടിയറവ് പറഞ്ഞതാണ് സി.പി.ഐ നേരിടുന്ന ഏറ്റവും മുഖ്യമായ പ്രതിസന്ധി. അസ്തിത്വം വീണ്ടെടുക്കാതെ പോയകാല പ്രതാപം വീണ്ടെടുക്കാന്‍ പാർട്ടിക്കാകില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ സി.പി.ഐ നിലപാടുകളുടെ കാതല്‍ പി.സി. ജോഷി-എസ്.എ. ഡാങ്കെ ചിന്തകളിലാണ്. അതിലൂടെയാണ് ‘ദേശീയ ജനാധിപത്യ വിപ്ലവം’ എന്ന പാര്‍ട്ടി പരിപാടി കാലക്രമത്തില്‍ സ്വാംശീകരിക്കപ്പെട്ടത്. അതിന്റെ സത്ത കുടികൊള്ളുന്നത് സാമ്രാജ്യത്വത്തിനും തീവ്ര വലതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയ ഫാഷിസത്തിനും എതിരായ വിശാല ജനാധിപത്യചേരി രൂപവത്കരിക്കുന്നതിലാണ്. കോളനി രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് അടവുനയം സംബന്ധിച്ച് ലെനിന് രണ്ടാം കമ്യൂണിസ്റ്റ് ഇന്റര്നാഷനലില് (1920) അവതരിപ്പിച്ച കൊളോണിയല്‍ തീസിസില്‍ ഉന്നയിച്ച വാദഗതികളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് ജോഷിയുടെ നിലപാട്. ആ നിലപാടുകള്‍ സ്വതന്ത്ര ഇന്ത്യയില്‍ മുന്നോട്ടുകൊണ്ടുപോയത് ഡാങ്കെയാണ്. ആ നയം വര്‍ത്തമാനകാല ഇന്ത്യന്‍ അവസ്ഥയില്‍ തെറ്റാണെന്നുപറയാന്‍ ഇന്ന് സി.പി.ഐക്കും സി.പി.എമ്മിനും ആകില്ലെന്നത് ഏറെ കൗതുകകരം.
’47ലെ സ്വാതന്ത്ര്യലബ്ധി സി.പി.ഐ അംഗീകരിക്കണമെന്ന് പി.സി. ജോഷി ആവശ്യപ്പെട്ടത് സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭം തന്നെ വര്‍ഗസമരത്തിന്റെ ഭാഗമാണെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇന്ത്യ നവസ്വതന്ത്ര രാഷ്ട്രമായി മാറിയതോടെ സോഷ്യലിസത്തിനായുള്ള പ്രക്ഷോഭത്തിന്റെ അടുത്തഘട്ടമെന്ന നിലയില്‍ ദേശ പുനര്‍നിർമാണത്തില്‍ പങ്കെടുത്തുകൊണ്ടുതന്നെ നെഹ്റു സര്‍ക്കാറുമായി ‘ഐക്യവും സമരവുമെന്ന’ നയത്തിന്റെ അടിസ്ഥാനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കണമെന്നായിരുന്നു അദ്ദേഹം വാദിച്ചത്. ജോഷി ലൈന്‍ നിരാകരിച്ച് ’48ല്‍ കല്‍ക്കത്ത തീസിസ് അംഗീകരിക്കപ്പെട്ടതോടെ ‘പാപം’ മാത്രമല്ല ‘പാപി’യും വെറുക്കപ്പെട്ടു!. 1978ല്‍ ഭട്ടിൻഡ കോണ്‍ഗ്രസില്‍ വെച്ച് ‘ദേശീയ ജനാധിപത്യ വിപ്ലവം’ ഉപേക്ഷിച്ച് പാർട്ടി സി.പി.എമ്മിന്റെ പിന്നാലെ പോയതോടെ ’48 മുതല്‍ മരണംവരെ ജോഷിക്ക് ഉണ്ടായ ദുരനുഭവം എസ്.എ. ഡാങ്കേക്കുമുണ്ടായി. പക്ഷേ, യഥാർഥത്തില്‍ പരാജയപ്പെട്ടത് ജോഷിയോ ഡാങ്കെയോ ആയിരുന്നില്ല, മറിച്ച് സി.പി.ഐയും ഇന്ത്യന്‍ ഇടതുപക്ഷവും തന്നെയായിരുന്നു.
സി.പി.ഐ ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ വലിയ സ്വാധീനം അറിയിച്ചതും വളര്‍ന്നതും 1967-77 കാലഘട്ടത്തില്‍ കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ ‘ഐക്യവും സമര’വും എന്ന ജോഷി-ഡാങ്കെ ലൈന്‍ നടപ്പിലാക്കിയ കാലഘട്ടത്തിലായിരുന്നു എന്ന് ഡേവിഡ് ലോക്വുഡിന്റെ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈ നയം ഉപേക്ഷിച്ച ’78ലെ ഭട്ടിൻഡ കോണ്‍ഗ്രസിനു ശേഷം ഇന്നേവരെ സി.പി.ഐയുടെ വളര്ച്ചക്കെന്തുപറ്റിയെന്ന വിമര്‍ശനാത്മകമായ എന്തെങ്കിലുമൊരു ചര്‍ച്ച ചണ്ഡിഗഢിൽ നടന്നോ? ദേശീയ പാര്‍ട്ടി സ്ഥാനം പോലും ഈ കാലയളവില്‍ നഷ്ടപ്പെടുത്തിയില്ലേ? എന്നിട്ടും ഇടതുപക്ഷ ഐക്യം ഇനിയും ഊട്ടിയുറപ്പിച്ച്, സി.പി.എമ്മിന്റെ കേരളത്തിലെ രാഷ്ട്രീയ നിലനില്പ് ഭദ്രമാക്കിക്കൊടുക്കാനായി മാത്രമെന്തിനാണ് ഒരു സി.പി.ഐ കോണ്‍ഗ്രസ്?
അന്ന് നെഹ്റു, ഇന്ന് രാഹുല്‍
ഗാന്ധിജിയും നെഹ്റുവും നയിച്ച ദേശീയ പ്രസ്ഥാനം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെപോലെ തന്നെ സാമൂഹിക നവോത്ഥാനത്തിന് വേണ്ടിയും ദേശവിമോചനത്തിനു വേണ്ടിയും ഒരുപോലെ നിലകൊണ്ടതാണെന്ന നിലപാടെടുത്ത ഒരുപറ്റം മാര്‍ക്സിസ്റ്റ് ചരിത്രകാരര്‍ എഴുപതുകളില്‍ പ്രഫ. ബിപന്‍ചന്ദ്രയുടെ നേതൃത്വത്തില്‍ രംഗത്തുവന്നു. ഇവരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും മറ്റ് ലോക വിപ്ലവങ്ങള്പോലെ മഹത്തരമാണെന്ന് വ്യാഖ്യാനിച്ചത്. ഗാന്ധിജിയെയും നെഹ്റുവിനെയും വെറും ബൂര്‍ഷ്വാ നേതാക്കളായി കാണുന്ന പരമ്പരാഗത മാര്‍ക്സിസ്റ്റ് സമീപനം ഇവര്‍ പൊളിച്ചെഴുതി. ഗാന്ധിസവും മാര്‍ക്സിസവും തമ്മില്‍ അടിസ്ഥാനപരമായ വിയോജിപ്പുകള്‍ പലതും നിലനില്ക്കുമ്പോള്തന്നെ രാഷ്ട്രത്തിന്റെ പൊതുസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, ഉദാഹരണത്തിന്, സാമ്രാജ്യത്വത്തിന്റെയും വര്‍ഗീയ ഫാഷിസത്തിന്റെയും ഭീഷണികള്‍ നേരിടാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനും ഒന്നിച്ചു നില്ക്കാം. അതുപോലെ രാഷ്ട്ര പുനര്‍നിർമാണത്തിന്റെ കാര്യത്തിലും. ബിപന്‍ ചന്ദ്രയുടെ നിലപാടനുസരിച്ച് ഇന്നത്തെ ഇന്ത്യയില്‍ വര്‍ഗീയ ഫാഷിസത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത് പ്രതിവിപ്ലവമാണ്. പൈഡ് പൈപ്പറിന് പിന്നാലെ പോകുന്ന സി.പി.ഐ നേതൃത്വത്തിന് ഇത്തരം വല്ല ചിന്തകളും ഉണ്ടോ?
മേല്‍ നിഗമനങ്ങളിലാണ് സി.പി.ഐ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിന്റെ അന്തസ്സത്ത കുടികൊള്ളുന്നതെന്ന് പറഞ്ഞുവല്ലോ. എന്നാല്‍, ’64ല്‍ സി.പി.ഐ പിളര്‍ത്തി സി.പി.എം രൂപവത്കരിച്ചവര്‍ക്ക് ഇതൊന്നും അന്നും ഇന്നും സ്വീകാര്യമല്ല. മാറിയ ഇന്ത്യന്‍-ലോക സാഹചര്യത്തില്‍ മാര്‍ക്സിസത്തിനും ഗാന്ധിസത്തിനുമുള്ള സമന്വയ സാധ്യതകളെക്കുറിച്ച് പറഞ്ഞാല്‍തന്നെ ഇക്കൂട്ടര്‍ക്ക് ഹാലിളകും. വാസ്തവത്തില്‍ ഇവര്‍ ഇന്നും കൊണ്ടുനടക്കുന്ന സ്റ്റാലിനിസ്റ്റ് സംഘടനാ ചട്ടക്കൂടുകള്‍ക്കും സെക്ടേറിയന്‍ നിലപാടുകള്‍ക്കും ഇക്കാലത്ത് എന്ത് പ്രസക്തി?
എന്നാല്‍ മേല്‍സൂചിപ്പിച്ച, പ്രഫ. ബിപന്‍ചന്ദ്ര എഴുപതുകളില്‍ എടുത്ത നിലപാടുകള്‍ നാൽപതുകള് മുതല്‍ ഇന്ത്യന്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ എടുത്തവരാണ് ജോഷി-ഡാങ്കെ ദ്വയം. അതുകൊണ്ടാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷം നെഹ്റുവിന്റെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ ജോഷി കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടത്. പ്രതിവിപ്ലവ ശക്തികള്‍ അധികാരമുറപ്പിച്ച ഭീതിദമായ വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ അതിനെ ചെറുക്കാന്‍ രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരുന്നതാകണം ഒരു യഥാർഥ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയം. കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തില്‍ പിറന്നുവീണ സി.പി.എമ്മിന് ഈ രാഷ്ട്രീയം എളുപ്പം ദഹിക്കില്ല. പക്ഷേ, ഇന്ന് കേരളം വിട്ടാല്‍ എം.എ. ബേബി കൈ ഉയര്‍ത്തുന്നതുതന്നെ രാഹുല്‍ ഗാന്ധിയുടെയോ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയോ കരങ്ങള്‍ ഗ്രഹിക്കാനാണെന്നത് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?
കേരളത്തില്‍ കമ്യൂണിസ്റ്റുകാരുടെ മുഖ്യശത്രു കോണ്‍ഗ്രസാണെന്ന് സി.പി.എമ്മിന് പറയാം. പക്ഷേ, ’69ല്‍ അച്യുതമേനോന് സര്‍ക്കാര്‍ അവതരിപ്പിച്ച ഭൂപരിഷ്കരണ ബില്ലിന് അനുകൂലമായി നിയമസഭയില്‍ വോട്ട് ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. തുടര്‍ന്നാണ്, അച്യുതമേനോന്തന്നെ നയിച്ച, ’70 മുതല്‍ ’77 വരെ കേരളം ഭരിച്ച, സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് മന്ത്രിസഭ നിലവില്‍വന്നത്. കേരളവും ഇന്ത്യയും കണ്ട മാതൃകാ സര്‍ക്കാര്‍. വര്‍ത്തമാനകാല ഇന്ത്യയില്‍ സി.പി.ഐ മുന്നോട്ടുവെക്കേണ്ട രാഷ്ട്രീയവും മറ്റൊന്നല്ല. അല്ലെങ്കില്‍ സി.കെ. ചന്ദ്രപ്പന് ഈ ലേഖകനോട് ഒരിക്കല്‍ പറഞ്ഞതുപോലെ സി.പി.എമ്മിനോടൊപ്പം സി.പി.ഐക്കും മുങ്ങാം. ബംഗാളിലും ത്രിപുരയിലും അത് സംഭവിച്ചു. അടുത്തത് കേരളമല്ലെന്ന് ആര് കണ്ടു? ഹാമെലിനില്‍ നിന്ന് ഇവിടെ ഒരു വ്യത്യാസം മാത്രം. എലികള്‍ മാത്രമല്ല, പൈഡ് പൈപ്പറും മുങ്ങും!
madhavajayakumarkodoth@gmail.com