ആലു ശൈഖ്: ഐസിസിനെതിരെ മുന്നറിയിപ്പ് നൽകിയ മഹാ പണ്ഡിതൻ
text_fieldsവിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പ്രതിനിധി സംഘം ശൈഖ് അബ്ദുൽ അസീസ് അബ്ദുല്ല ആലു ശൈഖിനെ സന്ദർശിച്ചപ്പോൾ
സൗദി ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിതസഭ മേധാവിയും ഫത്വ ബോർഡ് ചെയർമാനുമായിരുന്ന ശൈഖ് അബ്ദുൽ അസീസ് അബ്ദുല്ല ആലു ശൈഖിന്റെ വിയോഗം ഇസ്ലാമിക സമൂഹത്തിന് തീരാനഷ്ടമാണ്. ഒമ്പതു പതിറ്റാണ്ടിൽ കൂടുതൽ ജീവിച്ച അദ്ദേഹം ഇസ്ലാമിക വൈജ്ഞാനിക രംഗത്തും പ്രബോധന രംഗത്തും ചെയ്ത സേവനങ്ങൾ നിസ്തുലമാണ്. യൗവനകാലത്ത് കാഴ്ചശക്തി നഷ്ടപ്പെട്ട ശൈഖ് ഇച്ഛാശക്തിയുടെ ബലത്തിൽ ഉന്നത പദവികൾ കരസ്ഥമാക്കി.
റിയാദിലെ മുഹമ്മദ് ബിൻ സുഊദ് സർവകലാശാലയിൽനിന്ന് ബിരുദം നേടിയ ശേഷം ശരീഅ കോളജിൽ അധ്യാപനം നടത്തുകയും തുടർന്ന് ഉന്നത പണ്ഡിതന്മാർ അംഗങ്ങളായുള്ള സൗദി പണ്ഡിതസഭയുടെ അധ്യക്ഷ പദവി ദീർഘകാലം അലങ്കരിക്കുകയും ചെയ്തു. റിയാദിലെ തുർക്കി ബിൻ സുഊദ് അടക്കമുള്ള പ്രമുഖ പള്ളികളിൽ ഖതീബും ഇമാമുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹജ്ജ് വേളയിൽ അറഫ ദിനത്തിൽ മിനായിൽവെച്ച് നടക്കുന്ന പ്രഭാഷണം നിർവഹിക്കുന്ന ആറാമത്തെ പണ്ഡിതനായി ഹിജ്റ വര്ഷം 1402ല് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 35 വർഷത്തിലധികം ആ പദവിയിൽ തുടർന്നു.
ഐ.എസ്.ഐ.എസ് പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയ അദ്ദേഹത്തിന്റെ അറഫ പ്രസംഗം വളരെ പ്രസിദ്ധമാണ്. പിന്നീട് സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയായി നിശ്ചയിക്കപ്പെട്ടു. ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹീം, ശൈഖ് ഇബ്നു ബാസ് എന്നിവരുടെ ശിഷ്യനായിരുന്ന അദ്ദേഹം അറിവിലും ആരാധനകളിലും പ്രബോധന മേഖലകളിലും രചനയിലും അറിയപ്പെട്ട ജീവിതമായിരുന്നു കാഴ്ചവെച്ചത്. എല്ലാ മൂന്നു ദിവസം കൂടുമ്പോൾ ഖുർആൻ പൂർണമായും പാരായണം ചെയ്തുതീർക്കുമായിരുന്ന അദ്ദേഹം മുസ്ലിം ലോകത്തിന് ധിഷണബോധം നൽകുന്ന നിരവധി ഫത്വകളും ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹിജ്റ 1362ൽ (എ.ഡി 1943) ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ സന്താന പരമ്പരയിൽ മുഹമ്മദ് ബിൻ അബ്ദുല്ലയുടെ മകനായി ജനിച്ചു. നാല് മക്കളുണ്ട്.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ പണ്ഡിതസഭ ചെയർമാൻ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂരിന്റെ നേതൃത്വത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ പ്രതിനിധിസംഘം അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. അറിവും വിനയവും വിവേകവുമുള്ള പണ്ഡിതന്മാരുടെ മടക്കം ഏറെ വേദനിപ്പിക്കുന്നതാണ്. അല്ലാഹു അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.
(വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് പ്രസിഡന്റാണ് ലേഖകൻ)