ഗസ്സയിൽ അമേരിക്കൻ സ്പോൺസേഡ് വംശഹത്യ; ഇസ്രായേലിന് നൽകിയത് 2170 കോടി ഡോളർ സൈനിക സഹായം
text_fieldsഫയൽ ചിത്രം
പൊലിഞ്ഞുപോയത് എത്രയെത്ര നിരപരാധികളുടെ ജീവനാണ്. മാഞ്ഞുപോയത് എത്രയെത്ര കുരുന്നുമുഖങ്ങളിലെ പുഞ്ചിരികളാണ്.. ഒരു പിടി ചാരമാക്കപ്പെട്ടത് എണ്ണമറ്റ മനുഷ്യർ നെയ്തുകൂട്ടിയ സ്വപ്നങ്ങളാണ്... ഗസ്സയിൽ ഇനിയെന്ത് അവശേഷിക്കുന്നുവെന്ന് ചോദിക്കരുത്. എത്രപേർ ജീവനോടെയിരിക്കുന്നുവെന്നും എത്ര ഭവനങ്ങളുണ്ടെന്നും രണ്ടുവർഷമായി ഫലസ്തീനി മക്കൾ വിദ്യാലയങ്ങളിലെത്തിയോ എന്നും തിരഞ്ഞുചെല്ലരുത്. വ്യവസ്ഥാപിതമായി എല്ലാം തീർത്തുകളയാനിറങ്ങിയവർ കാട്ടിക്കൂട്ടിയതത്രയും മാധ്യമങ്ങൾക്ക് മുന്നിലായിരുന്നു. ഹൃദയം നുറുങ്ങുന്ന കാഴ്ചകളായി ലോകമൊട്ടും അത് ഓരോ നാളിലും പുതുതെന്ന തോതിൽ മനുഷ്യർ കണ്ടുവിറങ്ങലിച്ചുനിന്നു.
ഒളിച്ചുവെച്ചാകണമെന്ന് നിർബന്ധമില്ലാതെ, ഒരു ജനതക്കുമേൽ ഉന്മൂലനം നടപ്പാക്കുകയായിരുന്നു യു.എസിന്റെ നിരുപാധിക സഹായത്തോടെ നെതന്യാഹും ഇസ്രായേലും. അതിപ്പോഴും നിർബാധം തുടരുന്നു. കൊല്ലപ്പെട്ടവരുടെ കണക്കുകൾ കൃത്യമല്ല- എന്നാലും രേഖപ്പെടുത്തിയത് മാത്രം 67,000ലേറെ. അവരിൽ കുഞ്ഞുങ്ങൾ മാത്രമുണ്ട് 20,000ൽ കൂടുതൽ. സ്ത്രീകൾ അതിലേറെ. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി സഹായത്തിന് നീട്ടിനിലവിളിച്ച് ഇഞ്ചിഞ്ചായി മരണം വരിച്ച് ആയിരങ്ങൾ വേറെ. രണ്ടു ലക്ഷത്തോളം ഫലസ്തീനികൾ പരിക്കേറ്റവരായുണ്ട്. കണക്കുകളേക്കാൾ ഭീകരമാണ് ഓരോ നാളിലും നാം കണികണ്ടുണരുന്ന ദൃശ്യങ്ങൾ.
ഇതത്രയും ചെയ്തുകൂട്ടാൻ ഇസ്രായേലിന് അമേരിക്ക നൽകിയത് രണ്ടുവർഷത്തിനിടെ രണ്ടു ലക്ഷം കോടിയാണെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുതിയ വിശേഷം. ജോ ബൈഡനെന്നോ ഡോണൾഡ് ട്രംപെന്നോ വ്യത്യാസമില്ലാതെ, ഭരണം ഡെമോക്രാറ്റുകൾക്കോ റിപ്പബ്ലിക്കന്മാർക്കോ എന്ന മാറ്റങ്ങളില്ലാതെ ഗസ്സയെന്ന കുഞ്ഞു തുരുത്തും അവിടുത്തെ ജനങ്ങളെയും നാമാവശേഷമാക്കാൻ അമേരിക്ക പണവും ആയുധവുമൊഴുക്കി കൊണ്ടേയിരിക്കുകയായിരുന്നുവെന്ന് അമേരിക്കയിൽനിന്നു തന്നെ പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നു. ഇസ്രായേൽ അധിനിവേശം രണ്ടുവർഷം പൂർത്തിയാകുമ്പോൾ അമേരിക്ക 2170 കോടി ഡോളർ (1,92,616 കോടി രൂപ) സൈനിക സഹായം ഇസ്രായേലിലെത്തിച്ചെന്ന് ബ്രൗൺ യൂനിവേഴ്സിറ്റിയിലെ വാട്സൺ സ്കൂൾ ഓഫ് ഇന്റർനാഷനൽ ആൻഡ് പബ്ലിക് അഫയേഴ്സ് റിപ്പോർട്ട് പറയുന്നു. ആദ്യ വർഷത്തിൽ തന്നെ 1790 കോടി ഡോളർ (1,58,877 കോടി രൂപ) നൽകിയ അമേരിക്ക രണ്ടാം വർഷം അവശേഷിച്ച തുകയായ 380 കോടി ഡോളറും നൽകി. അനുബന്ധമായി പുറത്തുവിട്ട മറ്റൊരു റിപ്പോർട്ടിൽ പശ്ചിമേഷ്യയിൽ അമേരിക്ക രണ്ടുവർഷത്തിനിടെ ഹൂതി ആക്രമണത്തിന് 9.65 കോടി ഡോളറും (85,649 കോടി രുപ), ഇറാൻ ആണവനിലയ ആക്രമണത്തിന് 1200 കോടി ഡോളറും (1,06,506 കോടി രൂപ) ചെലവഴിച്ചു. ഇതിൽ ജൂണിൽ ഇറാനിൽ നടത്തിയ ആക്രമണത്തിന് മാത്രം 200- 250 കോടി ഡോളറായെന്നും റിപ്പോർട്ട് പറയുന്നു.
ഹാർവഡ് കെന്നഡി സ്കൂളിലെ ലിൻഡ ജെ ബിൽമെസ് തയാറാക്കിയ മറ്റൊരു റിപ്പോർട്ടിൽ പക്ഷേ, ഇവിടെയും നിൽക്കില്ല അമേരിക്ക ഒഴുക്കിയ ശതകോടികൾ. ഏകദേശം 3135 കോടി ഡോളറിനും 3377 കോടി ഡോളറിനുമിടയിലാണ് ഇസ്രായേലിന് അമേരിക്ക നൽകിയതെന്നാണ് അവരുടെ കണ്ടെത്തൽ. മൂന്ന് ലക്ഷം കോടിയോളം രൂപവരും ഇത്.
അമേരിക്ക സഹായിച്ചില്ലായിരുന്നെങ്കിൽ ഗസ്സ ഇത്രയും അനുഭവിക്കേണ്ടിവരുമോ എന്ന സ്വാഭാവിക ചോദ്യം ഇത് ഉയർത്തുന്നു. രണ്ടാം ലോകയുദ്ധം അവസാനിപ്പിച്ച് ഹിരോഷിമയിലും നാഗസാക്കിയിലും കൊന്നൊടുക്കിയ പതിനായിരങ്ങളോ ലക്ഷങ്ങളോ മുതൽ പലവട്ടം അമേരിക്ക ചെയ്തുപോന്നതാണ് ഈ കൂട്ടക്കൊല. വിയറ്റ്നാമിൽ മാത്രം 10 ലക്ഷത്തിനും 30 ലക്ഷത്തിനുമിടയിൽ പേരെ കുരുതി നടത്തിയവർ അഫ്ഗാനിലും ഇറാഖിലുമടക്കം അത് തുടർന്നു. കൂട്ട നശീകരണായുധങ്ങൾ ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച് ഇറാഖിലുടനീളം കൂട്ട നശീകരണായുധങ്ങൾ വർഷിച്ചു. രണ്ടു ലക്ഷത്തിലേറെ പേർക്ക് ജീവഹാനി സംഭവിച്ച ശേഷം അമേരിക്ക തന്നെ തുറന്നു സമ്മതിച്ചു- സദ്ദാമിന്റെ വശം അങ്ങനെയൊരു ആയുധം ഇല്ലായിരുന്നുവെന്ന്.
ഹമാസിനു മേൽ എല്ലാ പാപഭാരവും ഏൽപിച്ച് ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന മഹാക്രൂരതകൾക്ക് സാക്ഷിയായും കൂട്ടായും നിൽക്കുന്ന അമേരിക്ക സമ്മാനിച്ച ആയുധങ്ങളാണ് പ്രധാനമായി ഇവിടെ ഇപ്പോഴും മനുഷ്യരുടെ ജീവനെടുക്കുന്നത്. മേഖലയിലെ ഏറ്റവും വലിയ സൈനിക ശക്തിയായിട്ടും അസ്തിത്വത്തിന് അവകാശം പറഞ്ഞ് മറ്റു പടിഞ്ഞാറൻ രാജ്യങ്ങളും ഇതേ സഹായം ചൊരിയുന്നുണ്ടെന്നത് വേറെ കാര്യം.
പ്രതിവർഷം ഇസ്രായേലിന് അമേരിക്കയുടെ സൈനിക സഹായം 330 കോടി ഡോളറിന്റെയാണ്. 2022 വരെയുള്ള കണക്കുകൾ വെച്ചുനോക്കിയാൽ ഇത് 15000 കോടി ഡോളറിലേറെ വരും. ഒരിക്കൽ പോലും ഇസ്രായേലിന് നോവുന്നതൊന്നും പറയുന്നും ചെയ്യുന്നുമില്ലെന്ന് വൈറ്റ് ഹൗസിന്റെ അമരത്തെത്തുന്ന ഓരോ ഭരണാധികാരിയും ശ്രദ്ധിക്കാറുണ്ട്. അന്താരാഷ്ട്ര കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചപ്പോൾ ആ കോടതിയെ തന്നെ ചിത്രത്തിൽനിന്ന് പുറത്താക്കാനായിരുന്നു ശ്രമം. മുമ്പ് പലർക്കും കുരുക്കൊരുക്കിയത് ഇതേ കോടതിയുടെ വിധികൾ വെച്ചുതന്നെയായിരുന്നുവെന്നത് ലോകത്തിനറിയാം. ഇസ്രായേൽ നടത്തിയത് വംശഹത്യയെന്ന് യു.എൻ പ്രഖ്യാപിച്ചപ്പോഴും കണ്ടു ഈ ഇസ്രായേൽ ദാസ്യം.
രണ്ടു വർഷത്തെ അധിനിവേശത്തിനിടെ ഗസ്സക്ക് പുറമെ ഇറാൻ, ഇറാഖ്, ലബനാൻ, സിറിയ, ഖത്തർ, യെമൻ എന്നിങ്ങനെ ആറു രാജ്യങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയപ്പോഴും എതിരായി ഒന്നും പറഞ്ഞില്ലെന്നു മാത്രമല്ല, ഇതിൽ പകുതി രാജ്യങ്ങളിലെങ്കിലും അമേരിക്കയും ബോംബിട്ട് കൂറുകാണിച്ചു. അമേരിക്കയിൽനിന്ന് നേരിട്ടെത്തി ഏറ്റവും ശക്തമായ ബോംബറുകൾ തന്നെ ഇറാനെ ആക്രമിക്കുമ്പോൾ കൈയടിക്കാനുണ്ടായിരുന്നത് ഇസ്രായേലായിരുന്നു. യെമനിൽ പലവട്ടം ബോംബിട്ട അമേരിക്ക ശരിക്കും കൂറുകാണിച്ചുകൊണ്ടിരുന്നു. കണക്കുകൾ പുറത്തുവരുമ്പോൾ പതിയെ അമേരിക്കക്കാർ മാറുന്നുണ്ടെന്നത് മാത്രമാണ് ഏക ആശ്വാസം.
രണ്ടുവർഷത്തിനിടെ, ഗസ്സയിൽ ഇസ്രായേൽ ഭീകരതയിൽ കൊല്ലപ്പെട്ടത് 67,160 പേരാണ്. വെസ്റ്റ് ബാങ്കിൽ 4000 പേരും ജൂണിൽ ഇറാനിൽ നടത്തിയ ആക്രമണങ്ങളിൽ ആയിരത്തിലേറെ പേരും കൊല്ലപ്പെട്ടു. യമനിലും നൂറുകണക്കിന് പേരാണ് സമാനമായി കുരുതിക്കിരയായത്. ഇനിയെത്ര കാത്തിരിക്കുന്നുവെന്ന് ലോകം ആധിയോടെ ഉറ്റുനോക്കുന്നു