ഇങ്ങിനെയുമുണ്ടോ ഒരു അതുമതി!
text_fieldsറസൂൽ പൂക്കൂട്ടി, ശ്രീനാരായണ ഗുരു, വി.കെ.എൻ
മൂല്യവിചാരങ്ങൾ ഇല്ലാതാവുമ്പോൾ ജീവിതം മറിഞ്ഞുവീഴും. പിന്നെ ഒന്നും പിടിച്ചാൽ കിട്ടില്ല. കെട്ടിയേടത്ത് കുറ്റി മാത്രമല്ല കയറും കാണില്ല. മുകളിലൊരാകാശം ഉണ്ടായാൽപോലും പറന്നുയരാൻ കഴിയില്ല. സ്വതന്ത്രമാവുക എന്നതിന്റെ അർഥം അതോടെ അടപടലം പൊളിയും. തോന്നുന്നത് തോന്നുംപോലെ ചെയ്യുമ്പോഴല്ല, ഉത്തരവാദിത്ത ബോധത്തോടെ ഉയർന്നുനിന്ന് ചെയ്യുമ്പോഴാണ് പരിമിതികൾക്ക് അകത്ത് മനുഷ്യർ സ്വതന്ത്രരാവുന്നത്. വസ്തുതകൾ പ്രധാനമാണ്. പക്ഷേ, അതിനെ വളർന്നുവരുന്ന ജീവിതപശ്ചാത്തലങ്ങളിൽ വെച്ച് വികസിത മൂല്യങ്ങളോട് വേണ്ടുംവിധം കൂട്ടിച്ചേർക്കാൻ കഴിയാതെപോയാൽ, മനുഷ്യർ ജന്തുതയിലേക്ക് വഴുക്കിവീഴും. വ്യാഖ്യാനങ്ങൾ വ്യത്യസ്തതകൾക്ക് വഴിയൊരുക്കുകയും, മൂല്യകേന്ദ്രിതമാവുകയും ചെയ്യുമ്പോൾ ജീവിതം വിസ്തൃതമാവും. വ്യാഖ്യാന സഹായത്തോടെ യോജിച്ചും വിയോജിച്ചും മൂല്യലോകങ്ങളിൽ കഴിയുന്നതും, വസ്തുതകളെ വളച്ചൊടിച്ച് വ്യാഖ്യാനങ്ങളെയാകെ തള്ളി മൂല്യരഹിതാവസ്ഥയിലേക്ക് മറിഞ്ഞ് വീഴുന്നതും ഒന്നല്ല. പ്രശസ്ത സാഹിത്യപ്രതിഭ മാടമ്പിന്റെ ‘സാരമേയം’ എന്ന നോവലിൽ ഒരിടത്ത് സത്യംപോലും വ്യാഖ്യാനരഹിതമാവുമ്പോൾ, എത്ര അപകടകരമാവുമെന്ന് വ്യക്തമാക്കുന്നുണ്ട്.
ഞങ്ങൾ സത്യംമാത്രം കാണുന്നു. ഉദാഹരണത്തിന് ഒരു പെൺപട്ടിയെ കാണുമ്പോൾ, പെൺപട്ടി എന്നു മാത്രമറിയുന്നു. കാമുകിയും സഹോദരിയും സുഹൃത്തും ഗുരുവും മാതാശ്രീയുമായി കാണുന്നില്ല. ലളിതം ശുഭം. പെണ്ണ് എന്ന് പറഞ്ഞാൽ പെണ്ണ്. ആണ് എന്ന് പറഞ്ഞാൽ ആണ്. മറ്റുള്ളതൊക്കെ വിശേഷണങ്ങൾ. സത്യത്തിനെ മാറ്റുന്ന അലങ്കാരങ്ങൾ. ഹിരണ്മയപാത്രങ്ങൾ. അത് തുറന്നുവെക്കുമ്പോഴാണ് സത്യം സത്യമായി അനുഭവമാകുന്നത് (മാടമ്പ്: സാരമേയം).
പ്രിയ ടി.ഡി. രാമകൃഷ്ണന്റെ ‘ആൽഫ’ എന്ന ശ്രദ്ധേയമായ നോവലിലും മൂല്യരഹിതമായ പൂജ്യത്തിൽനിന്ന് രണ്ടാംവട്ടം തുടങ്ങുന്ന ജീവിതാവസ്ഥ അനുഭവിക്കേണ്ടി വരുന്ന സംഘർഷങ്ങൾ സൂക്ഷ്മമായി ആവിഷ്കരിക്കുന്നുണ്ട്. ഒന്നാംവട്ട മനുഷ്യജന്മത്തിൽ വന്നുപെട്ട ജന്തുത പരിമിതികളുടെ സൃഷ്ടിയായിരിക്കുമ്പോൾ, രണ്ടാംവട്ട പരിഷ്കൃത മനുഷ്യജീവിതത്തിൽ വന്നുപെടാനിടയുള്ള ജന്തുത സമൃദ്ധിയുടെ സൃഷ്ടിയാണ്! ഒന്നാമത്തേത് നിർവാഹമില്ലായ്മയുടെ ഭാഗമാണ്. പ്രാചീനകാല മനുഷ്യർക്ക് വസ്ത്രം ആവശ്യമോ ആഡംബരമോ ആയിരുന്നില്ല. എന്നാൽ, ആധുനികർക്ക് അത് അത്യാവശ്യവും ആഡംബരവും പിന്നെ മറ്റു പലതുമാണ്. അതേക്കുറിച്ച് തർക്കമാവാം. അത് പക്ഷേ ഉടുതുണി ഊരിക്കൊണ്ടാവേണ്ടതില്ല. ആൽഫ എന്ന നോവലിൽ ഉടുതുണി മാത്രമല്ല മുമ്പാർജിച്ച സർവതും, ഭാഷയടക്കം ഉപേക്ഷിച്ച് ആദിമജീവിതം രണ്ടാംവട്ടം നയിക്കാൻ തീരുമാനിച്ചതിന്റെ അനന്തരഫലം ഭയാനകമായി തീർന്നത് ടി.ഡി സൂക്ഷ്മമായി ആവിഷ്കരിച്ചത് ഇങ്ങനെ: അതെ ഞങ്ങൾ വികാരസാന്ദ്രമായ ജീവിതമാണ് നയിച്ചിരുന്നത്. ഭൗതികലോകത്തിലെ തർക്കങ്ങളിൽനിന്നും സമസ്യകളിൽനിന്നും അകന്ന് ശാന്തമായ ജീവിതം. ആൽഫയിൽ പ്രത്യയശാസ്ത്രപരമായ തർക്കങ്ങൾക്ക് ഒരു സ്ഥാനവുമില്ലായിരുന്നു. മൃഗീയമായ ചാപല്യങ്ങളും അവകാശ തർക്കങ്ങളും അവിടെ മനുഷ്യനിൽനിന്ന് മനുഷ്യത്വം പിടിച്ചുമാറ്റിയ ഒരവസ്ഥയായിരുന്നു. ആ അവസ്ഥയിലാണ് മെർലിൻ ഫെർണാണ്ടസ് ആത്മഹത്യ ചെയ്തത്. ആൽഫയിലെ പുരുഷന്മാർ ഞങ്ങളെ ഇണചേരാൻ പറ്റാത്ത സമയങ്ങളിൽ തീർത്തും അവഗണിക്കുകയായിരുന്നു (ടി.ഡി. രാമകൃഷ്ണൻ). എന്നാൽ, മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ മാടമ്പിൽനിന്നും ടി.ഡിയിൽനിന്നും വ്യത്യസ്തമായി ഓഷോ വ്യാഖ്യാനവിരുദ്ധതയുടെ മാരക മനോഹാരികതയാണ് ആവിഷ്കരിക്കുന്നത്. ഓഷോ എഴുതി:
കുറച്ചുകാലത്തേക്ക് സ്വാഭാവിക ജീവിയാവുക. മൃഗങ്ങളെപ്പോലെ, പറവകളെപ്പോലെ, വൃക്ഷങ്ങളെപ്പോലെ. നിങ്ങളുടെ സ്വത്വം അതേപോലെ സ്വീകരിക്കുക. അപ്പോൾ ഒരു ഗംഭീര നിശ്ശബ്ദതയുണരും. വ്യാഖ്യാനമൊന്നുമില്ല. അപ്പോൾ ദുഃഖം ഹൃദ്യമായിരിക്കും. അതിന് ആഴമുണ്ടായിരിക്കും. േക്രാധവും മനോഹരമായിരിക്കും. അതിന് ജീവനും ഓജസ്സുമുണ്ടായിരിക്കും. വ്യാഖ്യാനമില്ലാതിരിക്കുമ്പോൾ എല്ലാം മനോഹരമായിരിക്കും (ഓഷോ). മനുഷ്യരിൽനിന്ന് ജന്തു-സസ്യലോകത്തിലേക്കുള്ള പിൻനടത്തം സാധ്യമാക്കുന്ന വ്യാഖ്യാന വിരുദ്ധതയുടെ ലോകം വികസിച്ചുവന്നാൽ ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് വിശദമാക്കാനാണ് നോവൽ സാഹിത്യത്തിൽനിന്നുള്ള രണ്ട് ഉദാഹരണങ്ങൾ ആദ്യം എടുത്തുകാട്ടിയത്. പറഞ്ഞുവരുന്നത് തീവ്രമായി പരസ്പരം ഏറ്റുമുട്ടുന്ന വ്യാഖ്യാനങ്ങളേക്കാൾ മനുഷ്യരാശിക്ക് പരിക്കേൽപ്പിക്കുക വ്യാഖ്യാനവിരുദ്ധ പിൻനടത്ത വ്യാഖ്യാനങ്ങളായിരിക്കുമെന്ന് ഓർമിപ്പിക്കാനാണ്. എന്നാൽ, വസ്തുതയേയില്ലാതെ വ്യാഖ്യാന കസർത്തുകൊണ്ട് കാഞ്ഞിരക്കുരുവിനെ കൽക്കണ്ടമാക്കാൻ കഴിയില്ലെന്നുള്ളതും അത്രതന്നെ വിസ്മരിക്കരുത്.
കേരളത്തിൽ വിവിധകാലത്തായി നടന്ന മൂന്ന് വ്യത്യസ്ത വ്യാഖ്യാനങ്ങൾ മാത്രം അപഗ്രഥിച്ചാൽ, അതെത്ര വ്യത്യസ്തമായിരിക്കുമ്പോഴും, അവ തമ്മിൽ മിനിമം അനുകൂല-എതിർബന്ധങ്ങൾ കണ്ടെത്താൻ കഴിയും. നാലാമത്തെ ഗോപാൽസ്വാമി സ് പെഷൽ സമാധി ഓമിൽ ആവിധം ഒന്നുമേയില്ല! വട്ടപ്പൂജ്യം.
ബന്ധരാഹിത്യം സൃഷ്ടിക്കുന്ന ശൂന്യതയേക്കാൾ എതിർബന്ധം സൃഷ്ടിക്കുന്ന സംഘർഷങ്ങൾ ഊർജം ഉണ്ടാക്കിയേക്കും. എല്ലാം തുലയട്ടെ എന്നതിനു പകരം, ഇങ്ങനെ മാത്രമേ തളിർക്കൂ, അങ്ങനെമാത്രമേ തളിർക്കാവൂ എന്ന തർക്കംപോലും ശൂന്യതകളെ ചെറുക്കും. ബ്രാഹ്മണിക് ഹിന്ദുമതത്തിന്റെ ആത്മീയതയുടെ മൗലികതത്ത്വങ്ങളിലൊന്നായ ഓം എന്ന നാദബ്രഹ്മത്തെക്കുറിച്ച്, മൂന്ന് തരത്തിലുണ്ടായ വ്യാഖ്യാനങ്ങളും അവയുൽപാദിച്ച മൂല്യബോധവുമാണ് തുടർന്ന് വിശകലനം ചെയ്യുന്നത്. നാലാമത്തേതിന് ശിപാർശ ചവറ്റുകൊട്ട മാത്രം. പലതരം വ്യാഖ്യാനങ്ങളിലൂടെ പ്രശസ്തനായ ഓഷോ പരാമർശിച്ച വ്യാഖ്യാനമൊന്നുമില്ല എന്ന വ്യാഖ്യാനവിരുദ്ധ വ്യാഖ്യാനത്തെക്കാൾ, എത്രയോ മനോഹരവും സൂക്ഷ്മവുമാണ് വസ്തുതകൾക്കൊപ്പം എന്തിലും വ്യാഖ്യാനംകൂടി അടങ്ങിയിട്ടുണ്ടെന്ന തത്ത്വം.
സാധാരണ സന്ദർഭങ്ങളെ അസാധാരണമാക്കിയും, അസാധാരണ സന്ദർങ്ങളെ സാധാരണമാക്കിയും ആക്ഷേപഹാസ്യത്തിന്റെ മുൻബലത്തിലും പിൻബലത്തിലും വ്യാഖ്യാനകലയുടെ മർമം, മനുഷ്യരെ അനുഭവിപ്പിച്ച വി.കെ.എന്നിൽനിന്ന്, തുടങ്ങാം.
വേഷംകെട്ടലിന്റെയും മുതലെടുപ്പിന്റെയും നടപ്പുറത്താണ് ‘ഓം’ എന്ന കഥയിൽ മലയാളത്തിന്റെ അത്ഭുതപ്രതിഭ വി.കെ.എൻ ഒരു ദയാദാക്ഷിണ്യവുമില്ലാതെ വീക്കുന്നത്. പണമില്ലായ്മതന്നെയാണ് ‘ഓം’ കഥയിലെ പ്രധാനപ്രശ്നം. എന്നാൽ അത് പരിഹരിക്കുന്ന വ്യാഖ്യാന വിധമാണ് കഥയിലെ അതിപ്രധാന കേന്ദ്രം! ഗർവം ത്യജിച്ചവർ, കാമ േക്രാധമത്സരമോഹമദലോഭാദികളെ അതിജീവിച്ച് ഇന്ദ്രിയങ്ങളെ ജയിച്ചവർ എന്നർഥത്തിൽ ജിതേന്ദ്രിയർ ആവേണ്ട മഹാമനുഷ്യരിൽ ചിലർ ആത്മീയമൂല്യങ്ങളെ മുതലെടുപ്പിനുവേണ്ടി ഉപയോഗിക്കുന്നതിന്റെ ഹാസ്യാവിഷ്കാരമാണ് വി.കെ.എന്നിന്റെ ‘ഓം’. ‘ഓം’ എന്നാണ് കഥയുടെ പേരെങ്കിലും, അത് വർത്തമാനകാല ആത്മീയവ്യാപാരത്തിനെതിരെയുള്ള മുള്ളുള്ള പരിഹാസമാണ്. ഒന്ന് ചുമ്മാ കുടഞ്ഞാൽ ഒരു കുടം മുള്ളാണികളല്ല, വ്യാജസന്യാസത്തിന്റെ നെഞ്ചകം തുളക്കുംവിധം ബുള്ളറ്റുകൾ അതിൽനിന്നും ചീറും. ആക്ഷേപഹാസ്യം, അടുക്കടുക്കായി അമർത്തിവെച്ച പരിഹാസത്തിന്റെയും അമർഷത്തിന്റെയും തീനാളം കിനാവ് കാണുന്ന ഒരു കതിനയാണെങ്കിൽ; വി.കെ.എന്നിന്റെ ‘ഓം’ ഡബിൾ കതിനയാണ്. തീകൊളുത്തിയാലും കൊളുത്തിയില്ലെങ്കിലും പൊട്ടുംവിധം സ്ഫോടനാത്മകം. ആൾദൈവ വ്യവസായത്തിന്റെ മുഖംമൂടി അഴിച്ചുമാറ്റുംവിധം സൗന്ദര്യശാസ്ത്രം നിർവഹിക്കുന്ന ഒരു കിടിലൻ ആഭിചാരകർമം! പോയിപ്പോയി നാടെവിടെയെത്തിയെന്നുള്ള ശമനമില്ലാത്ത ഉത്കണ്ഠ. തരുപക്ഷി മൃഗങ്ങളോടുമി–ന്നരരോടും സുരരോടുമെന്നുമേ/ ഒരു മട്ടിവരുള്ളിലേന്തുമ–/സ്സരളസ്നേഹ രസം നിനപ്പൂ ഞാൻ എന്ന മഹർഷിതത്ത്വത്തിന്റെ മറിച്ചിടൽ! സന്യാസം ബിസിനസായാൽ ബിസിനസ് നന്നായാലും സന്യാസം നാറുമെന്ന തത്ത്വമാണ്, അതിലൊന്നും ആവിധം തൊടാതെ ‘ഓം’ കഥ വി.കെ.എൻ ശൈലിയിൽ ആവിഷ്കരിക്കുന്നത്. വി.കെ.എന്നിന്റെ ‘ഓമി’നെ സംബന്ധിച്ചിടത്തോളം പറയേണ്ടത് ആവിഷ്കാരം എന്നല്ല ആത്മീയവ്യാപാരത്തിനെതിരായ കൊക്കൊടിയ ആക്രമണം എന്നാണ്!
എടാ വേണമെന്നുണ്ടെങ്കിൽ ഒരാഴ്ചകൊണ്ട് ഇരുനൂറല്ല ഇരുപതിനായിരം രൂപയുണ്ടാക്കാൻ നിനക്ക് സാധിക്കും. ആ സിദ്ധിയെല്ലാം മറന്ന് നീ എന്നോട് ഇരുനൂറു രൂപ കടം ചോദിക്കുന്നല്ലോ? നിനക്കെന്തായിപ്പോയിപോലും?
എന്താണാ സിദ്ധി?
എടാ, നിനക്ക് ഏഴടി പൊക്കമുണ്ട്. അതിനൊത്ത തടിയുമുണ്ട്. അപാര സുന്ദരമാകുന്നു നീ.
അതിനു ഞാൻ പെണ്ണായി പിറന്നില്ലല്ലോ!
എടാ, അതല്ല. കുറച്ചു ദിവസത്തേക്കു നീ ഒരു സന്യാസിയാവ്. സ്വാമിയാവ്. അനന്തകാലത്തേക്കു വേണ്ട. അൽപകാലത്തേക്കു മതി. തല മുണ്ഡനംചെയ്തു തലയോട്ടിയിലും നെറ്റിയിലും കളഭം പൂശ്. ചിരട്ട വലുപ്പത്തിലുള്ള ഒരു രുദ്രാക്ഷം ചരടിൽകോർത്ത് കഴുത്തിൽ തൂക്കിയിട്. മഞ്ഞപ്പട്ടിന്റെ ഒരു കോണാൻ മാത്രമുടുക്ക്. മെതിയടിയിൽ കയറ്. ഒരു കൈയിൽ കമണ്ഡലുവും മറുകൈയിൽ യോഗദണ്ഡുമേന്ത്. എന്നിട്ട് ഉരുൾപൊട്ടുന്ന ശബ്ദത്തിൽ ഓം എന്നു കൂവി ഗുജറാത്തിതെരുവിലൂടെ നടക്ക്. ശേഷം രണ്ടുദിവസം കഴിഞ്ഞ് എന്നെ വന്നുകാണ്. ഇതാണ് ‘ഓം’ എന്ന കഥയിലെ ഓമിന്റെ കൂവിയുള്ള ആദ്യ രംഗപ്രവേശം. പിന്നെ ഒരേഴ് തവണകൂടി കൂവിയും ഗർജിച്ചും പുച്ഛിച്ചും കഥയിൽ ഓം കടന്നുവരുന്നുണ്ട്.
മൂന്ന് വീട് കയറിയിറങ്ങിയപ്പോഴേക്കും നിരത്തിൽ ജനം നിറഞ്ഞു. ഞാൻ ഗർജിച്ചു.
ഓം!
ആയിരം കണ്ഠങ്ങളിൽനിന്ന് ആദിമന്ത്രം ആകാശം ഭേദിച്ചുയർന്നു:
ഓം!
ഇന്ത്യയിൽ പണപ്പിരിവിനുള്ള നല്ല മാർഗം ആത്മീയവ്യാപാരമാണെന്ന തത്ത്വമാണ്, ഓം എന്നതിന് നൽകുന്ന നവരൂക്ഷ വ്യാഖ്യാനത്തിലൂടെ വി.കെ.എൻ അനുഭവിപ്പിക്കുന്നത്. ജനം പതുക്കെ പിരിഞ്ഞു. ഞാൻ വലിയ സേട്ടുവിനോട് പറഞ്ഞു:
മഞ്ഞപ്പട്ടിന്റെ കഷണം ഒരെണ്ണം വേണമല്ലോ വത്സ!
നിമിഷത്തിനകം ഒരു മീറ്റർ മഞ്ഞപ്പട്ട് എന്റെ കാൽക്കൽ വന്നു.
കറൻസി ഭദ്രമായി പൊതിഞ്ഞു വെക്കാനായിരുന്നു പട്ട്. പിരിവ് എണ്ണിനോക്കി. ആയിരത്തിൽപരം രൂപയുണ്ടായിരുന്നു. തുടക്കം മോശമല്ല. ഓം!
ഓം എന്ന ആത്മീയമൂലമന്ത്രത്തെ തന്നെ വ്യത്യസ്ത വിധത്തിൽ ഉപയോഗിച്ചുകൊണ്ടാണ്, വി.കെ.എൻ കഥ മുന്നേറുന്നത്. ഒരൊറ്റയിടത്ത് അബദ്ധത്തിൽപോലും ഓമിന്റെ നിലവിലുള്ള പരമ്പരാഗത ആത്മീയ വ്യാഖ്യാനം, ഓം എന്ന വ്യാജആത്മീയ പൊളിപ്പൻ കഥയിൽ വി.കെ.എൻ സ്പർശിക്കുന്നില്ല. ഒരർഥത്തിലും അതാവശ്യവുമില്ല.
ഓമിനെ ഈവിധം ഇടിച്ച് പൊടിക്കുകയാണ് വി.കെ.എൻ ചെയ്തതെങ്കിൽ, പരമ്പരാഗതമായ അതിന്റെ ആത്മീയ മൂല്യത്തിന്റെ ഔന്നത്യത്തിൽ നിർവൃതിപ്പെടുകയാണ് വിശേഷണങ്ങൾ ആവശ്യമില്ലാത്ത റസൂൽപൂക്കുട്ടി. 2009 ഫെബ്രുവരിയിൽ ‘സ്ലം ഡോഗ് മില്യെനയർ’ എന്ന സിനിമക്ക് ശബ്ദമിശ്രണത്തിനുള്ള ഓസ്കർ അവാർഡ് ലഭിച്ച വേളയിൽ, റസൂൽ പൂക്കുട്ടി അഭിമാനത്തോടെ ആദ്യം ഓർത്തെടുത്തത് പരംപൊരുളായ് പ്രകാശം പരത്തുന്ന ഓം എന്ന മഹാശബ്ദത്തെയാണ്. ‘I came from a Country that gave world the word ‘om’. നിശ്ശബ്ദതക്കും അപ്പുറമുള്ള മഹാനിശ്ശബ്ദതയുടെ നിർവൃതിയിലാണ് റസൂൽ പൂക്കുട്ടി അനുഭൂതിപ്പെട്ടത്. ഋക്-യജുർ-സാമ വേദങ്ങളും, ബ്രഹ്മ-വിഷ്ണു-ശിവ മഹാസാന്നിധ്യങ്ങളും സത്വ-രജോ-തമോ ഗുണങ്ങളും തുടങ്ങി, മഹാമൂല്യങ്ങളൊക്കെയും പാവനമായൊരു അവ്യാഖ്യായതയിൽ പാരവശ്യമില്ലാതെ അപ്പോൾ അയാളറിഞ്ഞു. വ്യാഖ്യാനവിരുദ്ധതപോലെ അവ്യാഖ്യായതയും, വ്യാഖ്യാനത്തിന്റെ രൂപാന്തരങ്ങളാണെന്നതിൽ വിനയപ്പെട്ടു. വി.കെ.എന്നിൽനിന്ന് മൗലികമായും വ്യത്യസ്തമായ
ഒരു ഓം അനുഭവം!
മൂന്നാമതായി അന്വേഷിക്കുന്നത്, പ്രശസ്തമായ ഓമും ശ്രീനാരായണഗുരുവുമായുള്ള കേരള ചരിത്രത്തെ കീഴ്മേൽമറിച്ച കണ്ണാടിപ്രതിഷ്ഠ ബന്ധത്തിലെ കാണുംപുറങ്ങളും കാണാപ്പുറങ്ങളുമാണ്. 1927ലാണ് ആലപ്പുഴയിലെ കളവങ്കോട്ടെ ശക്തീശ്വരം ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠക്കായി വലിയ നിർബന്ധങ്ങൾക്കൊടുവിൽ, ഒട്ടും തൃപ്തനല്ലാതെ ഗുരു എത്തുന്നത്. ശിഷ്യപ്രമുഖരായ കുട്ടൻവൈദ്യരും പത്മനാഭപണിക്കരും വിഗ്രഹപ്രതിഷ്ഠക്ക് ഗുരു വന്നില്ലെങ്കിൽ തങ്ങൾ ആത്മഹത്യ ചെയ്യുമെന്നു വരെ സങ്കടപ്പെട്ട് പറഞ്ഞതായി വായിച്ചത് ഓർമയിലുണ്ട്. ഒടുവിൽ ഗുരു അവിടെയെത്തിയപ്പോഴാകട്ടെ, വിഗ്രഹപ്രതിഷ്ഠ വേണമെന്ന് ഒരു വിഭാഗവും വേെണ്ടന്ന് വേറൊരു വിഭാഗവും തമ്മിൽ തർക്കിക്കുന്നതാണ് കണ്ടത്. അപ്പോഴാണ് ഗുരു കണ്ണാടി കൊണ്ടുവരാൻ ആവശ്യപ്പെട്ടത്. രണ്ടുകൂട്ടരും അന്തംവിട്ടിരിക്കണം. പിന്നീടാണ് കണ്ണാടിയുടെ പുറംഭാഗത്തെ രസം ചുരണ്ടി ഓം ശാന്തി എന്നെഴുതാൻ പറഞ്ഞത്. എഴുതി കഴിഞ്ഞപ്പോൾ അശ്രദ്ധകൊണ്ട് ഓം എന്നതിലെ ദീർഘം വിട്ടുപോയതുകൊണ്ട് ഒംശാന്തി എന്നായി. സർവരും ഇനിയെന്തു ചെയ്യും എന്ന അങ്കലാപ്പിലായി. ഗുരുവിന് പ്രത്യേകിച്ചൊരു പരിഭ്രമവും കണ്ടില്ല. അദ്ദേഹം പറഞ്ഞു. അതുമതി, അതിനും അർഥമുണ്ട്. ഓം എന്ന മൂലമന്ത്രം എന്ത് യുക്തിവെച്ചും ‘ഒം’ ആവുന്നത് ശുഭസൂചകമല്ല. അതിന്റെ അർഥം എന്താണെന്ന് ഇതുവരെ അക്ഷരാർഥത്തിൽ ആരും കണ്ടെത്തിയതായി അറിയില്ല! എന്നിട്ടും എന്തുകൊണ്ടാവും ഗുരു അത് തിരുത്തിയെഴുതാനോ മറ്റൊരു കണ്ണാടികൊണ്ട് വരാൻ പറയാനോ ഒരു പ്രയാസവുമില്ലാതിരുന്നിട്ടും അതൊക്കെ വേണ്ടെന്നുവെച്ച് ‘അതുമതി’ എന്ന് മാത്രം അമർത്തി പറഞ്ഞത്. ഞാൻ കരുതുന്നത് അശ്രദ്ധകൊണ്ട് ദീർഘം വിട്ടുപോയത് ഓം എന്നതിന്നു പകരം ആ ശാന്തി എന്നുള്ളതിനായിരുന്നതെങ്കിൽ ഗുരു ആരെന്ത് പറഞ്ഞാലും ഒരു ഒത്തുതീർപ്പിനും വഴങ്ങുമായിരുന്നില്ല എന്നാണ്. കാരണം ശാന്തിക്കു പകരം നിൽക്കാൻ ശാന്തിമാത്രം! ഭൗതികവും ആത്മീയവുമായ സർവ സംരംഭങ്ങളുടെയും ആത്യന്തികലക്ഷ്യം ശാന്തിയാണെന്ന് ‘ആത്മോപദേശശതക’ ത്തിൽ ഗുരു മുമ്പേ വ്യക്തമാക്കി കഴിഞ്ഞതാണ്. അഖിലരും ആത്മസുഖത്തിനായ് പ്രയത്നം/സകലവുമിങ്ങു സദാപി ചെയ്തിടുന്നു/ ജഗതിയിലിമ്മതം ഏകമെന്ന് ചിന്തിച്ച്/ അഘമണയാതെ അകതാരിലമർത്തിടേണം. ശാന്തിയില്ലെങ്കിൽ ആത്മസുഖമില്ലെന്ന ആഗാധമായ തിരിച്ചറിവിന്റെ തിളക്കമാണ്, കളവങ്കോട്ടെ കണ്ണാടി പ്രതിഷ്ഠയിലുണ്ടായ തിളക്കത്തിനുമപ്പുറമുള്ള തിളക്കം! വി.കെ.എന്റെ, ‘ഓമി’ന്റെ ആക്ഷേപ ഹാസ്യ കേന്ദ്രിതമായ അപനിർമാണത്തേക്കാളും, റസൂൽ പൂക്കുട്ടിയുടെ ഓമിനുള്ള ഹൃദയംഗമായ അഭിവാദ്യ സമർപ്പണത്തേക്കാളും സമരോത്സുകമാണ് ഗുരുവിന്റെ ആ അതുമതി! പിന്നീടെന്തൊക്കെ സംഭവിച്ചാലും!
NB: ‘ഓം കാവുവിളാകം ശ്രീകൈലാസനാഥ മഹാദേവ ക്ഷേത്രം ആചാര്യഗുരു ബ്രഹ്മശ്രീ ഗോപൻസ്വാമി സമാധിയായി 9-01-2025’ എന്നതിലെ ഓം എന്നതുമായും, അതിലെ ഒന്നുമായും ഈ കുറിപ്പിനൊരു ബന്ധവുമില്ല. കല്ലറ തുറന്നാലുമില്ലെങ്കിലും ഗോപൻ സ്വാമിയുടെ പേരിനുമുമ്പിലെ ഓം അവമാനഭാരംകൊണ്ട് കല്ലറയിൽനിന്ന് പുറത്തുകടക്കില്ല. എല്ലാറ്റിനും ഇല്ലേ ഒരതിര്?