കത്തിത്തീർന്ന മൃതദേഹങ്ങൾക്കും കഴുവിലേറ്റപ്പെട്ട സ്വപ്നങ്ങൾക്കും ഇടയിലും സമരാഗ്നി പടരുമ്പോൾ
text_fieldsഫലസ്തീനുവേണ്ടി, സയണിസ്റ്റ് സാമ്രാജ്യത്വശക്തികൾ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ഗസ്സക്കുവേണ്ടി, മനസ്സിന്റെ ചുമരുകൾ സമരപോസ്റ്ററുകൾകൊണ്ട് നിറയണം. കഥയും കവിതയും നോവലും സിനിമയും പ്രതിഷേധ സമ്മേളനങ്ങളുമായി മുറിവേൽപിക്കപ്പെട്ട ഫലസ്തീൻ ലോകമാകെ പടരണം. അവരുയർത്തിക്കഴിഞ്ഞ സ്നേഹക്കൊടി പാതാളത്തിൽപോലും ഉയരണം. തീജ്വാലകൾക്കും വെടിയുണ്ടകൾക്കുമിടയിൽ ചിതറിപ്പോയ അവരുടെ വിമോചനവീര്യം ത്രസിക്കുന്ന വാക്കുകൾ ചേർത്തു തുന്നി നമ്മൾ പ്രതിരോധങ്ങളുടെ പടച്ചട്ടകൾ പണിയണം. ഞങ്ങളും നിങ്ങളും ജീവിച്ചിരിക്കുന്നിടത്തോളം കാലം നിങ്ങളുടെ രാജ്യവും ജീവിച്ചിരിക്കുമെന്ന പ്രതിജ്ഞയിൽ, നീതി അഗ്നിപുഷ്പങ്ങളായി വിടരണം. ലോകത്തെങ്ങുമുള്ള മനുഷ്യരുടെ ഗസ്സ ശബ്ദംകൊണ്ട് മാധ്യമങ്ങൾ നിറയണം. നമ്മുടെ ഗസ്സചിത്രങ്ങൾകൊണ്ട് ഭാഷകൾ സ്തംഭിക്കണം.
ഇംഗ്ലീഷിലും അറബിയിലും ഹിബ്രുവിലുമായത് ട്രംപിന്റെയും നെതന്യാഹുവിന്റെയും അവരുടെ ശിങ്കിടികളുടെയും കിടപ്പുമുറിയിലും തീൻമേശയിലും നയരൂപവത്കരണ വേദികളിലും കനലായി കിടന്ന് പൊള്ളണം. ഫലസ്തീനു പിന്തുണ പ്രഖ്യാപിക്കുന്ന രാഷ്ട്രങ്ങൾ അവരുടെ പ്രഖ്യാപനങ്ങൾക്കും പ്രമേയങ്ങൾക്കുമപ്പുറം കടന്ന് ഇസ്രായേലിലേക്ക് പട്ടാളത്തെ അയക്കണം. ഫാഷിസ്റ്റ് വിരുദ്ധ സമരകാലത്ത് രൂപംകൊണ്ട ഇന്റർനാഷനൽ ബ്രിഗേഡ് പോലൊരു സാർവദേശീയ സൈന്യം ഇസ്രായേലിനെതിരെ രൂപംകൊള്ളണം.
മുൻ കോളത്തിൽ അടയാളപ്പെടുത്തിയപോലെ, മലയാളത്തിന്റെ മഹാപ്രതിഭകളായ ടി. പത്മനാഭനും ഡോ. എം. ലീലാവതി ടീച്ചറും തുറന്ന ഗസ്സസമരവഴിയിലൂടെ, ഓരോ പ്രതിഭയും അവർക്കാവുംവിധം ഗസ്സ നടത്തുന്ന അന്തിമപോരാട്ടത്തിന് പിന്തുണ നൽകണം. ഇസ്രായേൽ ഒരിടത്തല്ല ഒരേസമയം പലയിടത്തുവെച്ചും തോൽപിക്കപ്പെടണം. മനുഷ്യരാശി തോൽപിക്കപ്പെടാതിരിക്കാൻ വേണ്ടി, ഒരു വാക്കെങ്കിൽ ഒരുവാക്ക്, ഒരു വരയെങ്കിൽ ഒരുവര, ഒരു മുഷ്ടി. ഒരു മഹാസമരത്തിൽ എത്ര ചെറുതും വലുതാവും!
രോഗങ്ങൾ സംസ്ഥാന സമ്മേളനം കൂടാൻ തിരഞ്ഞെടുത്ത ഒരു ശരീരവുമായാണ്, കഴിഞ്ഞദിവസം ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിൽ പങ്കെടുക്കാൻ കാരത്തൂരിലെ ഖത്തർ ഓഡിറ്റോറിയത്തിൽ എത്തുന്നത്. ശ്വാസംമുട്ടിക്കുന്ന, വൃത്തികെട്ട തമ്പുരാൻ അന്തരീക്ഷത്തിൽനിന്നും പുറത്തുകടക്കാനായതാണ് എന്റെ ജീവിതത്തിന്റെ മഹാഭാഗ്യമെന്ന് ഇ.എം.എസ് ആത്മകഥയിലെഴുതിയ വാക്കുകൾ ദീപ്തസ്മരണയായി മനസ്സിൽ നിറയവെ; ഹാളിലേക്ക് കടക്കുന്നതിനു മുമ്പെ, അധിനിവേശ മുൾവേലികൾ ചവിട്ടിപ്പൊളിക്കുന്ന, ചുവപ്പൻ നിറമുള്ള കവറിൽ ‘ബ്രാഞ്ച് സെക്രട്ടറി’ എന്നപേരിലുള്ള, സിരകളിൽ വൈദ്യുതിപ്രസരിപ്പിക്കുന്ന ഒരു കവിതാസമാഹാരമാണ് ആദ്യം സ്വാഗതം ഓതിയത്.
നിരവധി പുരസ്കാരങ്ങൾ നേടിയ പ്രശസ്ത കവി സതീഷ് ഗോപിയുടെ ‘ബ്രാഞ്ച് സെക്രട്ടറി’ എന്ന കവിതാസമാഹാരം ഒന്ന് മറിച്ചപ്പോൾതന്നെ ആദ്യം കണ്ണിലും പിന്നെ മനസ്സിലും കല്ലിൽ കൊത്തിവെച്ചപോലെ പതിഞ്ഞത് ‘ചോര, വിയർപ്പ്, കണ്ണീര്/ മൂന്ന് ഒഴുക്കിന്റെയും ഉപ്പ്/ അകം തെളിയുന്ന ചിരിയ്ക്ക്/ കടലുതോൽക്കുന്ന ആഴം/ പങ്കിടാനൊരുങ്ങാത്ത വേദനകളോ/ വീട്ടിത്തീരാത്ത കടങ്ങളോ/ അയാളുടെ വള്ളിച്ചെരുപ്പിന്റെ/ വാറുലയ്ക്കുന്നില്ല’ എന്ന എല്ലുറപ്പുള്ള വരികൾ. പിന്നെ എടുത്തുനിവർത്തിയത്, സമ്മേളന ഹാളിൽനിന്നുതന്നെ ലഭിച്ച, ‘എന്റെ ചിറകിനാകാശവും നീ തന്നു’ എന്ന പ്രിയ നിതീഷ് നാരായണന്റെ ആത്മബോധത്തിന് ഊർജം പകരുന്ന ആത്മസ്മരണകളുടെ ശ്രദ്ധേയമായ പുസ്തകമാണ്. അതിൽ ഒരധ്യായത്തിന്റെ പേര്, ‘ലോകത്തിന്റെ സമരം’!
ജെ.എൻ.യുവിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും കണ്ണുവെട്ടിച്ച്, കുമാരസ്വാമി എന്ന സയണിസ്റ്റ് പക്ഷപാതിയായ പ്രഫസർ, ഇസ്രായേൽ അംബാസഡർക്ക് സ്വീകരണമൊരുക്കിയത്, രഹസ്യത്തിലറിഞ്ഞ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ സമരത്തെക്കുറിച്ചുള്ള കരുത്തുപകരുന്ന കുറിപ്പായിരുന്നു അത്. ജെ.എൻ.യുവിലും സയണിസമെത്തി എന്ന ആശങ്കക്കൊപ്പം, അതിനെതിരെ അധികാരികൾ എത്ര രഹസ്യമായി ആ സയണിസ്റ്റ് പ്രതിനിധിക്ക് സ്വീകരണം ഒരുക്കിയിട്ടും അവിടെ സമരവും നടന്നു എന്നത് നൽകിയ ഊർജം ചെറുതല്ല.
ഞാനെന്റെ ഇ.എം.എസ് അനുസ്മരണം തുടങ്ങിയത്, പ്രശസ്ത കവി ഒ.പി. സുരേഷിന്റെ ഗസ്സക്ക് പിന്തുണ നൽകുന്ന കരുത്താർന്ന ഒരു കവിത വായിച്ചുകൊണ്ടാണ്. ‘ഉറങ്ങിയാലുമില്ലെങ്കിലുമിപ്പോൾ/ നെതന്യാഹു വിടാതെ കൂടെത്തന്നെയുണ്ട്/ സ്വപ്നമല്ലേ/ പോട്ടെന്നു വെക്കാമായിരുന്നു/ പക്ഷേ കാര്യമതല്ല/ ഓരോ സ്വപ്നത്തിനും ശേഷം/ ഞാനെന്നിൽനിന്ന് ചോർന്നുപോവുന്നു/ തുടർച്ചയായി കണ്ട് കണ്ട്/ ഞാനേതാണ്ട് ഇല്ലാതായെന്ന് തന്നെ പറയാം/ അവശേഷിച്ച ഒരു തുള്ളി ഞാനാണ്/ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത്.’ (ഒ.പി. സുരേഷ്, ട്രൂകോപ്പി)
ഇ.എം.എസ് ഉണ്ടായിരുന്നെങ്കിൽ... ഉറപ്പ്, ഗസ്സയെ കേന്ദ്രമാക്കി ഇന്നത്തെ സാർവ ദേശീയ അവസ്ഥയെക്കുറിച്ച്, തുടർപ്രബന്ധങ്ങൾ ഉണ്ടാവുമായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണത്തിൽ പറയാതിരിക്കാൻ കഴിഞ്ഞില്ല. അതൊരു അലസകാൽപനിക പ്രസ്താവനയെന്ന സ്വയം ബോധ്യത്തോടെ തന്നെ! സമ്മേളനം നടന്ന ഖത്തർ ഓഡിറ്റോറിയംതന്നെ ഇന്നൊരു പ്രതിരോധ പ്രതീകമാണെന്ന് പിന്നീട് വിശദമാക്കുകയും ചെയ്തു! അതിന്റെ പേര് വല്ല ഓറഞ്ച് ഓഡിറ്റോറിയം എന്നോ മറ്റോ ആയിരുന്നെങ്കിൽ മധുരമുണ്ടാവുമെങ്കിലും അതിനൊരു സമരപ്രതീകമായി മാറാൻ കഴിയില്ലല്ലോ എന്ന് ഒരു തമാശയായി അപ്പോൾ വെറുതെ മനസ്സിലോർത്തു.
രണ്ട്
‘നൗറയുടെ സ്വന്തം ഗസ്സ’ എന്ന ലൈലാബീവി മങ്കൊമ്പിന്റെ നോവൽ, മലയാളഭാഷ പ്രതീക്ഷാപൂർവം കാത്തിരുന്നൊരു സർഗസമരത്തിന്റെ ഹൃദയസ്പർശിയായൊരു ആവിഷ്കാരമാണ്. ഒന്നും വിശദീകരിക്കപ്പെടാനില്ലാത്തവിധം സർവം വ്യക്തമായിക്കഴിഞ്ഞിട്ടും, മനുഷ്യത്വത്തെ നിസ്സഹായമാക്കുന്ന നൃശംസതകളുടെ കാണുംപുറങ്ങൾ തന്നെ എഴുതിയും വരച്ചും പറഞ്ഞും തീർക്കാനാവാത്തത്ര ഫലസ്തീൻ പരമാർഥങ്ങളുടെ പൊള്ളുന്ന പൊരുളിന്റെ ഒരടരെങ്കിൽ, ആ ഒരടരിൽ നിന്നൊരൽപം അടയാളപ്പെടുത്തുന്ന ഏതർഥത്തിലും ശ്രദ്ധേയമായൊരു നോവലാണ് ‘നൗറയുടെ സ്വന്തം ഗസ്സ’.
ഗസ്സയിലെ അഭയാർഥി ജീവിതത്തെക്കുറിച്ചോർക്കുമ്പോൾ നിങ്ങൾ കരയാറുണ്ടോ എന്ന ചോദ്യത്തോട് മനുഷ്യാവകാശ പ്രവർത്തകയായ ഡോ. ആങ്സ്വീചായ് പ്രതികരിച്ചത്, കരയാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഞാനൊരു മൃഗമായിപ്പോവും എന്നാണ്. ഗസ്സ എന്ന രണ്ടക്ഷരങ്ങൾക്കിടയിൽ ഇപ്പോൾ ഒഴുകുന്നത്, മൃഗങ്ങളാവാത്ത മുഴുവൻ മനുഷ്യരുടെയും ഒരു കടലിനും ഉൾക്കൊള്ളാനാവാത്ത കണ്ണീരാണ്. സങ്കടപ്പെടുമ്പോളും സമരോത്സുകമായ ആ സംഘർഷസമുദ്രത്തിൽനിന്നുമുള്ള ഒരു നാനോതുള്ളിയാണ് നൗറയുടെ സ്വന്തം ഗസ്സ എന്ന നോവലിലുള്ളതെങ്കിലും, അതിന്റെ ഭാവതീവ്രത വായനയിൽ ആരെയും അസ്വസ്ഥമാക്കും.
സ്വന്തം കൃതിയുടെ ആമുഖത്തിൽ, ഞാൻ രക്തനദിയിലൂടെ നീന്തുകയാണ്. വെന്തമാംസത്തിന്റെ രൂക്ഷഗന്ധം മൂക്കിലൂടെ തുളച്ചുകേറുന്നു. ഗസ്സയിലെ അനാഥത്വം പേറി ജീവിക്കുന്ന നൗറയിലേക്ക് ഞാൻ പരകായപ്രവേശം നടത്തുന്നു. അങ്ങനെ, ‘നൗറയുടെ സ്വന്തം ഗസ്സ’ എന്ന ചെറുനോവൽ രൂപംപ്രാപിക്കുന്നു എന്ന് ലൈലാബീവി മങ്കൊമ്പ് എഴുതിയതിൽ ഒരതിശയോക്തിയുമില്ലെന്ന് ‘നൗറയുടെ സ്വന്തം ഗസ്സ’ വായിക്കുമ്പോൾ വ്യക്തമാവും. ദുരൂഹതകളില്ല ദുർഗ്രഹതകളില്ല ഒരു വളവുതിരിവുമില്ല, ഹൃദയത്തിലേക്ക് നേരെ, ‘നൗറയുടെ സ്വന്തം ഗസ്സ’ എന്ന നോവൽ ഒരൊറ്റ വായനയിൽ കയറിക്കഴിഞ്ഞിരിക്കും. എത്ര കഠിനഹൃദയരായവരുടെയും മനസ്സിനെ കീഴടക്കും വിധമാണ് നോവലിൽ സംഭവങ്ങളോരോന്നും ക്രമത്തിലടുക്കിയിരിക്കുന്നത്. തീരവും ആകാശവുമില്ലാത്തൊരു തീക്കടൽ എനിക്ക് സങ്കൽപിക്കാനാവും എന്ന് പറഞ്ഞത് മലയാളത്തിന്റെ അഭിമാനമായ സി.വി. രാമൻപിള്ളയാണ്. ഭാവനയുടെ അത്യുന്നത ശേഷിയെയാണ് ആ വാക്യം ആഘോഷിച്ചത്. എന്നാൽ, ഗസ്സക്ക് മുന്നിൽ എന്തും കാണാൻ കഴിയുന്ന ആ ഭാവനപോലും നിസ്സഹായമാവും.
ഭീകരതകൾ ഭാവനകളെ ഓവർടേക് ചെയ്യുന്ന ഒരവസ്ഥയുടെ സംഘർഷ സംഗ്രഹം എന്ന അർഥത്തിലാണ് ഇന്ന് ലോക മനഃസാക്ഷിക്കു മുന്നിൽ ഗസ്സ നിൽക്കുന്നത്. അപ്പോഴും അതിന്റെ സമരവീര്യം ജ്വലിക്കുന്നു എന്നുള്ളത്, രാഷ്ട്രീയ ചരിത്രത്തിലെ ആവേശംകൊള്ളിക്കുന്ന ഒരധ്യായമാണ്. അതാവശ്യപ്പെടുന്നത് കണ്ണീരും സഹതാപവും അല്ല, സമരോത്സുകമായ പിന്തുണയാണ്. അങ്ങനെ ചിന്തിക്കുമ്പോഴാണ്, ‘നൗറയുടെ സ്വന്തം ഗസ്സ’പോലുള്ള നോവലുകളുടെ പ്രസക്തി തെളിയുന്നത്. ഗസ്സക്കുള്ള സർഗപിന്തുണ കൂടുതൽ കൂടുതൽ കൃതികളും ചിത്രങ്ങളും ശിൽപങ്ങളും സിനിമകളുമായി മാറേണ്ടൊരു കാലത്താണ് ലൈലാബീവി മങ്കൊമ്പിന്റെ ‘നൗറയുടെ സ്വന്തം ഗസ്സ’ പുറത്തിറങ്ങുന്നതെന്നുള്ളത് ആവേശകരമാണ്.
മൂന്ന്
മലയാള ഭാഷയിൽ, ആദ്യമായി ചങ്കിടിപ്പോടെയല്ലാതെ ഓർക്കാൻ കഴിയാത്ത ഗസ്സയെക്കുറിച്ച് മാത്രമായി ഒരു കവിതാസമാഹാരം, പങ്കുവെക്കാനാവാത്ത സംഘർഷങ്ങളുടെ ഇളകിമറിച്ചിലോടെ, സാന്ത്വനങ്ങൾ അസാധ്യമായ സംഭ്രാന്തിയോടെ, മരവിപ്പ് മൂർധാവോളം കയറിയെത്തിയിട്ടില്ലാത്ത സർവമനുഷ്യരെയും അസ്വസ്ഥപ്പെടുത്തുംവിധം, മർദകാധികാരങ്ങളെ മുഴുവൻ മറിച്ചിട്ടുകൊണ്ട്, പുറത്തിറങ്ങുകയാണ്. ഹരി ആനന്ദകുമാർ, കവി, സാംസ്കാരിക പ്രവർത്തകൻ, പ്രഭാഷകൻ, അധ്യാപകൻ, സുഹൃത്ത് എന്നീ നിലകളിൽ സൂക്ഷ്മതപുലർത്തുന്ന, ബഹളനടുവിൽ നിൽക്കുമ്പോഴും ധ്യാനാത്മകത സൂക്ഷിക്കുന്നൊരു സർഗപ്രതിഭയാണെന്ന്, ഒരുതവണ ആ ജീവിതത്തിലൂടെ കടന്നുപോയവർ പ്രത്യേകിച്ചാരുടെയും ശിപാർശയില്ലാതെ തിരിച്ചറിയും.
വിശ്വാസ-അവിശ്വാസങ്ങൾക്കപ്പുറം അനന്തതയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടായിത്തീരുമ്പോൾ അതുമായി അഗാധമായ സൗഹൃദപ്പെടലിൽ ഉൾപ്പെടുമ്പോൾ, മനുഷ്യർ തിരയും തീരവുമില്ലാത്തൊരു സ്നേഹക്കടലിൽ വീഴും! നോവിൽനിന്നുതിരും ഗാനം ആ നോവിന്ന് ഔഷധമായിത്തീരുന്നതുപോലെ, വേദന ലഹരിപിടിക്കുന്നൊരു വേദനയായി മാറുന്നതുപോലെ, ആ വിഴ്ചയും ഒരു വിസ്മയമാവും!
മനുഷ്യർ ശരാശരിക്കുമപ്പുറമുള്ള മഹാശരികളിലേക്ക് മിഴികൾ തുറക്കുന്നത്, വിസ്മയ സ്പർശത്താലവർ പുളകിതരാകുമ്പോഴാണ്. എഴുത്തിൽ വിസ്മയം കലരുമ്പോൾ, എന്തും കവിയും. എന്തിനേയും ഏതിനേയുമത്, അതിനന്യമായൊരു ഭാവതീവ്രതയിൽ തിളപ്പിക്കും. കവിയെന്ന നിലയിൽ ഹരി ആനന്ദകുമാർ പതിവുകാഴ്ചകളിൽനിന്നും വലിച്ചുതുറക്കുന്നത്, അതേപതിവുകൾ പൊളിക്കുന്ന, പൊള്ളുന്ന കാഴ്ചപ്പാടുകളുടെ വേറൊരു ലോകമാണ്.
ഗസ്സയെക്കുറിച്ച് എത്രയെത്രയോ പറയപ്പെടുകയും എഴുതപ്പെടുകയും ചെയ്തിട്ടുണ്ട്. ഗസ്സ ഇന്ന് എന്റെയും നിങ്ങളുടെയും രാഷ്ട്രമാണ്. എൻ.വിയടക്കം നിരവധി കവികളും സാംസ്കാരിക പ്രവർത്തകരും കണ്ണീരുകൊണ്ട് അതിരിട്ട, കുടിയിറക്കപ്പെട്ടവരുടെ ഏതൊരു നാട്ടിലും നിയമങ്ങളല്ല, സ്വപ്നങ്ങളാണ് ജീവിതവ്യാകരണം നിർമിക്കുന്നത്. ‘ഗാസ’ എന്ന ഹരി ആനന്ദകുമാറിന്റെ വേറിട്ട, അനിവാര്യമായും മലയാളി സമൂഹം കടന്നുപോവേണ്ട, ആശയ അനുഭവ അന്വേഷണ അനുഭൂതിലോകത്തിൽ നിറയുന്നത്, നാനാതരത്തിലുള്ള സ്മരണകളും സ്വപ്നങ്ങളുമാണ്. ഭൂതവും വർത്തമാനവും ഭാവിയും ഉൾച്ചേർന്ന ഒരു സമഗ്ര കാലാനുഭവമാണ്, വർത്തമാനകാല സയണിസ്റ്റ്-സാമ്രാജ്യത്വ അധിനിവേശ ഭീകരപശ്ചാത്തലത്തിൽ ‘ഗാസ’ അടയാളപ്പെടുത്തുന്നത്.
കല്ലും മുള്ളും പൂവും പറവയും മരവും വള്ളിയും പഴങ്ങളും പച്ചപ്പും ഫലസ്തീനിയൻ ജീവിതത്തിൽ എപ്രകാരമാണ് പ്രതിരോധത്തിന്റെ പാഠപുസ്തകമായി മാറുന്നതെന്നുള്ളത് ദൃശ്യപ്പെടുത്തുന്നതിൽ ഈയൊരു സമാഹാരത്തിലെ ഓരോ കവിതയും മുന്നിലാണ്. ഒരേ കാര്യത്തെ കേന്ദ്രമാക്കി തുടർച്ചയായി എഴുതുമ്പോൾ വന്നുചേരാവുന്ന മടുപ്പിക്കുന്ന ഏകതാനതയെ മറികടക്കാൻ കഴിയുക പൊതുവിൽ പ്രയാസമാണ്.
‘ഗാസ’ എന്ന കവിതാസമാഹാരത്തിൽ ആ കടമ്പ കടന്നതിന്റെ തെളിച്ചവും തിളക്കവും കൃത്യമാണ്. ചോരയും കണ്ണീരും മാറ്റിവെച്ച് ആത്മബോധമുള്ളൊരു കവിക്കും ഇന്ന് ഗസ്സയെക്കുറിച്ച് എഴുതാനാവാത്തതിനാൽ ഈയൊരു സമാഹാരത്തിലും അതിന്റെ ആവർത്തനം കാണാനാവും. അതുപക്ഷേ വിരസതയല്ല, പ്രതിരോധവീര്യമാണ് ഉൽപാദിപ്പിക്കുന്നത്.
സ്വാതന്ത്ര്യത്തോളം വലിയൊരു സ്വാദും സ്വാതന്ത്ര്യനഷ്ടത്തോളം മറ്റൊരു മഹാനഷ്ടവും ജീവിതത്തിലുണ്ടാവില്ലെന്നാണ്, ‘ഗാസ’ എന്ന കവിതാസമാഹാരം പങ്കുവെക്കുന്നത്. രാഷ്ട്രത്തെ സ്വന്തം ഉള്ളിൽ സൂക്ഷിക്കേണ്ടിവരുന്നൊരു ജനതയുടെ പീഡാനുഭവങ്ങളാണ് ആ കവിതകളുടെ കേന്ദ്രം. അവിരാമമായ മനനത്തിന്റെ സാധ്യതയാണ് ഹരികുമാറിന്റെ കവിതയുടെ കരുത്തും കാന്തിയും കുതറൽ ശേഷിയുമായി വാക്കിൽ നീറുന്നത്.
സമരത്തിന്റെ തീയും സഹനത്തിന്റെ മനസ്സടക്കവും പ്രത്യാശയുടെ പൂക്കളും, സ്മരണകളുടെ വീര്യവും, അസാധാരണമാംവിധം മുഴക്കം സൃഷ്ടിക്കുന്ന, എന്തുകൊണ്ട് എന്ന മുന തേയാത്ത ചോദ്യശരങ്ങളും ‘ഗാസ’ എന്ന കവിതാസമാഹാരത്തിലെ കവിതകളിൽ സന്നിഹിതവും അസന്നിഹിതവുമാണ്. സങ്കുചിത ദേശീയതയെ നിർവീര്യമാക്കുന്ന, സാർവദേശീയതയാണ്, അധിനിവേശ ശക്തികളെ അങ്കലാപ്പിലാക്കുന്ന സമത്വബോധമാണ്, വിപണിബാധയെ അഴുക്കുചാലിലേക്ക് വലിച്ചെറിയുന്ന ആദർശബോധ്യമാണ്, വെറുപ്പിനും വിദ്വേഷത്തിനുമെതിരെയുള്ള സ്നേഹപ്പെയ്ത്താണ്, ചിറകുകൾ കരിഞ്ഞിട്ടും പറക്കുന്ന വീര്യമാണ്, തോൽപിക്കപ്പെടുമ്പോഴും തോൽക്കാത്ത ഒരു ജനതയുടെ ഇതിഹാസ സമാനമായ ജീവിതമാണ്, ഗസ്സക്കു സമം ഗസ്സമാത്രം എന്ന സൂക്ഷ്മതയാണ് ഹരി ആനന്ദകുമാറിന്റെ ‘ഗാസ’യെ വേറിട്ടതാക്കുന്നത്.
നമ്മുടെ കേരളത്തിന്റെ അകത്തുപോലും, ഒരദൃശ്യ ഇസ്രായേൽ വളർന്നുകൊണ്ടിരിക്കെ, അതോടൊപ്പം എന്ത് ഗസ്സ എന്ന അലസത സാമാന്യബോധത്തിന്റെ കൊടിയടയാളമായി മാറിക്കൊണ്ടിരിക്കേ, ഇതാണ് ഗസ്സ, ഇതാവണം കേരളം എന്ന, കാലം ആവശ്യപ്പെടുന്ന സന്ദേശംകൂടിയായി കവിതകൾ മാറുന്നു എന്നുള്ളത് ജനായത്തത്തെ സംബന്ധിച്ചിടത്തോളം അത്യന്തം ആവേശകരമാണ്.
69 കവിതകളാണ്, ഒന്ന് മറ്റൊന്നിന്റെ തുടർച്ചയായും അതേസമയം തനിച്ച് വേറിട്ടും ‘ഗാസ’യിലുള്ളത്. ‘ഫലസ്തീൻ തീയിൽ നടക്കുന്നു’ എന്ന ആദ്യ കവിത മുതൽ ‘ഐറിസ്ഹെയ്നി സൂര്യപ്പക്ഷിയോട് സംസാരിക്കുന്നു’ എന്നതുവരെയുള്ള കവിതകൾ ചേർത്തുവെച്ചാൽ, ഉറപ്പ്, ‘ഗാസ’യുടെ ഭാവാത്മകഭൂപടം ഏറക്കുറെ പൂർത്തിയാവും! ആയുധമില്ലാത്തവരുടെ ആത്മബലത്തിന് പ്രബുദ്ധകേരളം നൽകുന്ന പിന്തുണയാണ്, ഇസ്രായേൽ ഫലസ്തീനിൽ തുറന്നിട്ട അറവുശാല അടച്ചുപൂട്ടാനുള്ള ആഹ്വാനമാണ്, മുറ്റത്തെ ഒലിവിൽ തൂങ്ങിക്കിടക്കുന്ന കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ കണ്ണ്, കാണിച്ചുതരുന്ന കണ്ണാടിയാണ്, തോക്കിൽനിന്നും ഒരിക്കൽ പൂക്കൾ വിരിയുമെന്ന ഭ്രാന്തൻ സ്വപ്നത്തിന് താഴെ വരച്ച ചുവപ്പ് വരയാണ്, കത്തിയെരിഞ്ഞാലും പച്ച തെഴുക്കുമെന്ന പ്രതിജ്ഞയാണ്, എത്ര ബലിയുടെ ചോരവേണം നിനക്ക് സംതൃപ്തിയടയാൻ എന്ന തീപറക്കും ചോദ്യമാണ്, ഗസ്സ രാഷ്ട്രങ്ങൾക്കിടയിലെ കരിഞ്ഞ മാംസത്തുണ്ടാകുമോ എന്ന ആശങ്കയാണ്, അതോടൊപ്പം, കൊല്ലപ്പെട്ടവർ, ഭൂമിയിലേക്ക് തിരിച്ചിട്ടുണ്ട്, അവർ പ്രതിരോധത്തിന്റെ കടലായി പരക്കും എന്ന പോർപ്രതീക്ഷയാണ് ‘ഗാസ’ എന്ന മലയാളത്തിലെ ശ്രദ്ധേയമായ കാവ്യസമാഹാരം പങ്കുവെക്കുന്നത്.
‘അടുക്കളയുടെ ചുമരിൽ/ അരിമാവ്കൊണ്ടെഴുതിയ/ അലിഫ്/ അതിനപ്പുറം അവനെക്കൊണ്ടെഴുതാൻ/ ചെകുത്താൻ സമ്മതിച്ചില്ല;/ വായിക്കാൻ ഉമ്മയേയും’ എന്ന് ‘വേരിൽനിന്ന് ഞങ്ങൾ തുടങ്ങും’ എന്ന കവിതയിലും; ‘അമ്മമാരിൽനിന്ന്/ കൊല്ലപ്പെട്ട കുട്ടികളുടെ/ കുഴിമാടങ്ങളിലേക്ക്/ മുലപ്പാലിന്റെ/ പേരറിയാത്ത നദികൾ/ താരാട്ടിൽ നിന്നുത്ഭവിച്ച/ വിശുദ്ധജലം’ എന്ന് ‘ചുവന്ന തോണി’ എന്ന കവിതയിലും ഹരി ആനന്ദകുമാർ അടയാളപ്പെടുത്തുമ്പോൾ; ഗസ്സയുടെ അസ്സൽ അവസ്ഥ ആഴത്തിൽ നമ്മളനുഭവിക്കും. മനുഷ്യരാണെങ്കിൽ മാത്രം! മനുഷ്യരാവാൻ ഒരു നിമിഷമെങ്കിലും കഴിയുമെങ്കിൽ മാത്രം!