അതിജീവിക്കുമോ തീരജനത
text_fields2004ലെ സൂനാമിയെ അതിജീവിച്ച, 2018ലെ വെള്ളപ്പൊക്കം അതിജയിച്ച കേരളത്തിലെ തീരദേശ വാസികൾ ഉണർന്നാൽ ഏതു തിരമാലക്കും തടഞ്ഞു നിർത്താനാവില്ല. ബി.എം.എസ് ഒഴികെ എല്ലാ മത്സ്യമേഖലയിലെ സംഘടനകളും ഈ കടൽ കൊള്ളയെ പ്രതിരോധിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ മാസം 27ന് ടെൻഡർ നടപടി പൂർത്തിയാക്കി ഖനന നടപടികളിലേക്ക് കടക്കുമെന്നായിരുന്നു പ്രഖ്യാപനം. അതുകൊണ്ടാണ് അന്നേദിവസം തീരദേശ ഹർത്താൽ പ്രഖ്യാപിച്ചത്.
അത് ചരിത്ര സംഭവമാകുമെന്ന് കണ്ടതിനാലാവാം ടെൻഡർ സമർപ്പിക്കാനുള്ള തീയതിപോലും ഒരു മാസത്തിലധികം നീട്ടിവെച്ചു. കൊല്ലത്ത് സംഘർഷം രൂപപ്പെടാനുള്ള സാധ്യതകണ്ട് ആദ്യ ഖനനമേഖല മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള ആലോചനയും മുറുകുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർതന്നെ വ്യക്തമാക്കുന്നു. തൊഴിൽ സാധ്യത ചൂണ്ടിക്കാട്ടി തീരദേശ ജനതയെ പാട്ടിലാക്കാനും ശ്രമം നടക്കുന്നുണ്ട്. അതൊക്കെയും അതിജയിക്കാനായാൽ കേരള ജനത ഒരിക്കൽക്കൂടി മത്സ്യത്തൊഴിലാളികളെ ആദരിക്കും, നാടിന്‍റെ രക്ഷകരായതിന്.
കാത്തിരിക്കുന്നത് മറ്റൊരു സൂനാമി
മറ്റൊരു സൂനാമിയിലേക്കാണ് കേരളവും രാജ്യവും കടക്കാൻ പോകുന്നത്. കടലിന്‍റെ അടിത്തട്ട് ഇളക്കുന്ന ഏത് സ്വഭാവത്തിലുള്ള ഖനനവും തീരത്തെ മണൽ തിട്ടകളെയും മത്സ്യസമ്പത്തിനെയും ബാധിക്കും. അടിത്തട്ടിലെ ഖനനം സൂക്ഷ്മ സസ്യ-ജന്തു ജാലങ്ങളെ ഇല്ലാതാക്കും. മത്സ്യങ്ങളുടെ ഭക്ഷ്യശ്രേണിയിൽപെട്ട സൂക്ഷ്മ ജീവികൾ ഇല്ലാതായാൽ മത്സ്യസമ്പത്തിനെ അത് വളരെ ഭീകരമായ രീതിയിലായിരിക്കും ബാധിക്കുക. കടൽ കലങ്ങുന്നത് മത്സ്യങ്ങളുടെ പ്രാണവായുവിനെയാണ് ഇല്ലാതാക്കുന്നത്. കടലിന്‍റെ അടിത്തട്ടിലെ ആഘാതങ്ങൾ രാസമാറ്റങ്ങൾക്കൊപ്പം ആവാസ വ്യവസ്ഥയുടെ ഭൗതികമാറ്റങ്ങൾക്കും വഴിയൊരുക്കും.
കൊല്ലം പരപ്പിനെക്കുറിച്ച് കുഫോസ് വിപുലമായ പഠനങ്ങളാണ് നടത്തിയിട്ടുള്ളത്. 16 ഇന ചെമ്മീനുകളുടെ ആവാസകേന്ദ്രമായ ഇവിടം കണ്ടെത്തിയതിനെ തുടർന്നാണ് നമ്മൾ വാണിജ്യാടിസ്ഥാനത്തിൽ ചെമ്മീൻ കയറ്റുമതി ആരംഭിച്ചതുതന്നെ. എണ്ണിയാലൊടുങ്ങാത്ത മറ്റ് വിവിധതരം മത്സ്യങ്ങളുടെ കേന്ദ്രവുമാണിവിടം. ഖനനം മൂലം കടൽ മാത്രമല്ല തീരവും കെടുതികളാൽ മുഖരിതമാകും. തിരമാലകളെ തടഞ്ഞുനിർത്തുന്ന മണൽതിട്ടകൾ ഇല്ലാതായാൽ കിലോമീറ്ററുകളാകും കര കവർന്നെടുക്കപ്പെടുക. ഇപ്പോൾ തന്നെ 50 ശതമാനം തീരശോഷണം സംഭവിച്ചുകഴിഞ്ഞിട്ടുണ്ട്- കൊല്ലം നഗരമടക്കം പല പട്ടണങ്ങളും അതിന് വിലകൊടുക്കേണ്ടിവരും.
- പ്രഫ. ബി. മധുസൂദന കുറുപ്പ്
kമുൻ വൈസ് ചാൻസലർ, കേരള ഫിഷറീസ്-സമുദ്ര പഠന സർവകലാശാല (കുഫോസ്)