ജില്ല ആശുപത്രി ഇല്ലാതെയായി; മെഡിക്കൽ കോളജിന്റെ ഗുണം കിട്ടിയതുമില്ല
text_fieldsമഞ്ചേരി ഗവ. മെഡിക്കൽ കോളജ് (ഫയൽ ചിത്രം)
മെഡിക്കൽ കോളജ് വരുന്നതോടെ ജില്ലയുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് വിശ്വസിച്ചിരുന്നതെങ്കിൽ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു ജില്ല ആശുപത്രി നഷ്ടമായി എന്നത് മാത്രമാണ് മലപ്പുറത്തിനുണ്ടായ ഗുണം.ദിനംപ്രതി 3000ത്തോളം രോഗികളാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയെ ആശ്രയിക്കുന്നത്. എന്നാൽ, മതിയായ ചികിത്സയോ ലഭിക്കുന്ന ചികിത്സക്ക് പലപ്പോഴും നിലവാരമോ ഇല്ലെന്നതിനാൽ മികച്ച ചികിത്സക്ക് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയാണ് ഇന്നും ആശ്രയം. ശസ്ത്രക്രിയക്ക് ഉപകരണങ്ങൾ എത്തിക്കുന്ന കമ്പനിക്ക് നൽകേണ്ട തുക കുടിശ്ശികയായതോടെ ആശുപത്രിയിൽ എത്തിച്ച സാധനങ്ങൾ അവർ തിരികെ കൊണ്ടുപോകുന്ന സ്ഥിതി ഇവിടെയുമുണ്ടായി. അടിയന്തരമായി ഫണ്ട് നൽകിയാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരം കണ്ടത്. 23 ഏക്കർ മാത്രമാണ് ആശുപത്രിക്കുള്ളത്. ഇതിൽ അക്കാദമിക് ബ്ലോക്കും കുട്ടികളുടെ ഹോസ്റ്റലും ആശുപത്രി കെട്ടിടങ്ങളും ഉൾപ്പെടും. നെഫ്രോളജി, കാർഡിയോളജി, ന്യൂറോളജി എന്നീ സ്പെഷാലിറ്റി വിഭാഗങ്ങളിൽ ചികിത്സ തേടി എത്തുന്ന ആയിരത്തോളം രോഗികളിൽ ചുരുക്കം പേർക്കു മാത്രമാണ് ഒ.പിയിൽ ഡോക്ടറെ കാണാനാകുന്നത്. നെഫ്രോളജി വിഭാഗത്തിലും ന്യൂറോളജി വിഭാഗത്തിലും ഓരോ ഡോക്ടർമാരാണുള്ളത്. ഹൃദ്രോഗവിഭാഗത്തിൽ ഒ.പിയിൽ രണ്ടു ഡോക്ടർമാരും.
രോഗികൾ നിറയുന്നു, ഒ.പി എവിടെ?
ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോഴും ഒ.പി പ്രവൃത്തിദിനം വർധിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകുന്നില്ല. ഗൂഡല്ലൂരിൽനിന്നും നിരവധി രോഗികൾ എത്തുന്നുണ്ടെങ്കിലും നെഫ്രോളജി ഒ.പി പ്രവർത്തിക്കുന്നത് ബുധനാഴ്ച മാത്രമാണ്. ആഴ്ചയിൽ ഒരു ദിവസം മാത്രം പ്രവർത്തിക്കുന്ന ഒ.പിയിൽ പ്രവേശനമുള്ളത് 60 രോഗികൾക്ക്. എത്തുന്നത് ഇതിന്റെ പത്തിരട്ടിയോളം രോഗികൾ. അടിയന്തര ചികിത്സ വേണ്ടവർ ഗത്യന്തരമില്ലാതെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരും. ന്യൂറോളജി വിഭാഗത്തിലുംദൈന്യാവസ്ഥയാണ്. ചൊവ്വാഴ്ച മാത്രം പ്രവർത്തിക്കുന്ന ഒ.പിയിൽ 50 രോഗികൾക്കുമാത്രം ഡോക്ടറെ കാണാനാകും. കാർഡിയോളജിയിൽ ഹെൽത്ത് സർവിസ് വിഭാഗത്തിലെ ഒരു ഡോക്ടറെ മാത്രം ഉപയോഗിച്ച് ഒ.പി പ്രവർത്തിപ്പിച്ചപ്പോൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലായി 300 രോഗികളെ പരിശോധിച്ചിരുന്നു. ഈ ഡോക്ടറെ പിന്നീട് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റി. പകരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള രണ്ട് ഡോക്ടർമാരെ നിയമിച്ചു. നേരത്തേ ഒരു ഡോക്ടർ പരിശോധിച്ചിരുന്ന അത്രതന്നെ രോഗികൾക്കു മാത്രമാണ് ഇപ്പോളും ചികിത്സ ലഭിക്കുന്നത്. ജനറൽ ആശുപത്രിയുടെ ഭാഗമായിരുന്ന ഹെൽത്ത് സർവിസ് വിഭാഗത്തിലെ ഡോക്ടർമാരെ കൂട്ടത്തോടെ പറിച്ചുനട്ടതോടെ രോഗികൾക്ക് ചികിത്സ മുടങ്ങുകയാണ്.