ചാറ്റ്ബോട്ടുകളും കുട്ടികളും: അതിജാഗ്രത അനിവാര്യം
text_fieldsഅമേരിക്കയിൽ ആഡം റെയിൻ എന്ന കൗമാരക്കാരൻ എ.ഐ ചാറ്റ്ബോട്ടുമായി നടത്തിയ നിരന്തര ഇടപഴകലിന്റെ ഫലമായി ആത്മഹത്യ ചെയ്ത സംഭവം ഞെട്ടലോടെയാണ് ലോകം കേട്ടത്. ഹോംവർക്ക് ചെയ്യുന്നതിനുള്ള സഹായത്തിനായി 2024 നവംബറിലാണ് ആഡം ചാറ്റ്ജിപിടിയുമായി ആശയവിനിമയം ആരംഭിച്ചത്. പിന്നീട് മാനസിക പിന്തുണക്കായി ചാറ്റ്ബോട്ടിനെ ആശ്രയിക്കാൻ തുടങ്ങി.
വിഷാദം (depression), ഉത്കണ്ഠ (anxiety), കുടുംബാംഗങ്ങളോട് സംഭാഷണത്തിൽ ഏർപ്പെടാനുള്ള ബുദ്ധിമുട്ടുകൾ എന്നിവയെക്കുറിച്ച് ചാറ്റ്ബോട്ടിനോട് അവൻ നിരന്തരം ആശയവിനിമയം നടത്തി. 2025 ജനുവരി മുതൽ ആഡം ആത്മഹത്യയുമായി ബന്ധപ്പെട്ട ആശയങ്ങൾ പങ്കുവെക്കാൻ തുടങ്ങിയപ്പോൾ വിവിധ സ്വയംഹത്യാ രീതികളെക്കുറിച്ചുള്ള നിർദേശങ്ങളുമായെത്തി ചാറ്റ്ബോട്ട്. ഒടുവിൽ കഴിഞ്ഞ ഏപ്രിലിൽ അവൻ ആത്മഹത്യ ചെയ്തു.
‘‘ചാറ്റ് ജി.പി.ടി ആഡമിന്റെ ആത്മഹത്യാ പരിശീലകൻ (Suicide Coach) ആയിരുന്നുവെന്നും അത് അവന്റെ മാനസികാവസ്ഥയെ വഷളാക്കി എന്നും ചാറ്റ്ജിപിടി ഇല്ലായിരുന്നുവെങ്കിൽ അവൻ ജീവിച്ചിരിക്കുമായിരുന്നു’’വെന്നും ചൂണ്ടിക്കാട്ടി മാതാപിതാക്കൾ ചാറ്റ്ജിപിടിക്കെതിരെ പൊതുതാൽപര്യ ഹരജിയുമായി മുന്നോട്ടുവന്നു. ഇന്ത്യയിൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽപോലും, എ.ഐ ചാറ്റ്ബോട്ടുകൾ കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെ ബാധിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ ആഗോള തലത്തിൽ വർധിച്ചുവരുന്നത് വളരെയേറെ ആശങ്കപ്പെടുത്തുന്നു.
സാധ്യതകളും വെല്ലുവിളികളും
ചാറ്റ്ബോട്ട് എന്നത് കൃത്രിമ ബുദ്ധി (AI) അല്ലെങ്കിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട നിയമങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരുമായി ടെക്സ്റ്റോ ശബ്ദമോ വഴി സംവദിക്കാൻ രൂപകൽപന ചെയ്ത കമ്പ്യൂട്ടർ പ്രോഗ്രാമാണ്. ഇത് ഉപയോക്താക്കളുടെ ചോദ്യങ്ങൾ മനസ്സിലാക്കി, അവർക്ക് ഉത്തരങ്ങൾ നൽകുകയോ നിർദിഷ്ട ജോലികൾ നിർവഹിക്കുകയോ ചെയ്യുന്നു. ചാറ്റ്ജിപിടിയെ കൂടാതെ ഗ്രോക് (Grok), ജമിനി (Gemini), ഡീപ് സീക് (Deep seek) തുടങ്ങിയവയും കേരളത്തിൽ സാധാരണയായി ഉപയോഗിച്ചു വരുന്ന ചാറ്റ്ബോട്ടുകളാണ്.
പഠനസംബന്ധമായ ചോദ്യങ്ങൾക്ക് തൽക്ഷണം ഉത്തരം നൽകുകയും സങ്കീർണമായ വിഷയങ്ങൾ വിശദീകരിച്ചു കൊടുക്കുകയും ചെയ്യുന്ന, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ വഴി ഏതുസമയത്തും എവിടെനിന്നും ആശയ വിനിമയം സാധ്യമാവുന്ന ചാറ്റ്ബോട്ടുകൾ വിദ്യാർഥികൾക്ക് നിരവധി രീതികളിൽ സഹായകമാകും എന്നതിൽ തർക്കമില്ല. പഠന പ്രോജക്ടുകൾക്കും ഗവേഷണ പ്രവർത്തനങ്ങൾക്കും ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു നൽകാനും അവയുടെ വിശ്വസനീയമായ ഉറവിടങ്ങൾ നിർദേശിക്കാനും കഴിയും. വിവിധ തരം കോഴ്സുകൾ, തൊഴിലുകൾ എന്നിവ തിരഞ്ഞെടുക്കാൻ ചാറ്റ്ബോട്ടുകൾ വിദ്യാർഥികളെ സഹായിക്കുന്നുണ്ട്.
എന്നാൽ, ചാറ്റ്ബോട്ടുകളുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗം കുട്ടികളെയും മുതിർന്നവരെയും വിവിധ രീതികളിൽ ബാധിക്കാമെന്നാണ് ആനുകാലിക സംഭവവികാസങ്ങൾ കാണിക്കുന്നത്. രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന പൊതുസമൂഹത്തിനോട് മുഖാമുഖ ഇടപെടലുകൾ നടത്തുന്നതിൽനിന്ന് കുട്ടികൾ ക്രമേണ പിന്തിരിയുന്നതിന് ഇത് ഇടവരുത്തും. കുട്ടികളുടെ സാമൂഹിക നൈപുണികളുടെ വികാസത്തെ തന്നെ ഇത് വളരെയധികം ബാധിക്കാം. വൈകാരിക ഒറ്റപ്പെടലിലേക്കും കടുത്ത ഏകാന്തതയിലേക്കും ഇത് നയിക്കാം. കൃത്രിമ ബുദ്ധിക്ക് (എ.ഐ) യഥാർഥ അനുകമ്പ (Sympathy) ഇല്ല എന്ന് പലരും തിരിച്ചറിയുന്നില്ല. കുട്ടികൾക്ക് തെറ്റായതോ ഹാനികരമായതോ ആയ ഉപദേശങ്ങൾ അവ നൽകിയേക്കാം. പ്രത്യേകിച്ച് ലൈംഗികവും അക്രമാസക്തവുമായ ഉള്ളടക്കങ്ങൾ നൽകുമ്പോൾ. കുട്ടികൾ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചാറ്റ്ബോട്ടുകളെ മാത്രം ആശ്രയിക്കാൻ തുടങ്ങുമ്പോൾ അവരുടെ വിമർശനാത്മക ചിന്താശേഷിയെയും സ്വതന്ത്ര പഠനശേഷിയെയും ദുർബലപ്പെടുത്തുകയും ആശ്രയത്വ (Dependency) പ്രവണത വർധിപ്പിക്കുകയും ചെയ്യും.
ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ആർക്കൊക്കെയാണ് ഉണ്ടാവേണ്ടത്? പ്രധാനമായും, ചാറ്റ്ബോട്ടുകൾ വികസിപ്പിക്കുന്ന സാങ്കേതിക കമ്പനികൾക്കു തന്നെയാണ്. കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും സംരക്ഷിക്കുന്ന തരത്തിൽ ഇതിനായുള്ള ചട്ടക്കൂട് (Framework) രൂപപ്പെടുത്തണമെന്ന് യുനിസെഫ് (UNICEF) തന്നെ നിർദേശിച്ചിട്ടുണ്ട്. ഇതിനായി ചില മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സാങ്കേതിക കമ്പനികൾ ഇത് പാലിക്കുകതന്നെ വേണം. രക്ഷിതാക്കളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പങ്കും അതിപ്രധാനമാണ്.
കുട്ടികളുടെയും കൗമാരക്കാരുടെയും എ.ഐ ഉപയോഗം നിരീക്ഷിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുക, അവരുടെ എ.ഐ ഇടപെടലുകൾ മോണിറ്റർ ചെയ്യുക, എ.ഐയുടെ പരിമിതികളും അപകടങ്ങളും സംബന്ധിച്ച് അവരോട് സംസാരിക്കുക തുടങ്ങിയവ പ്രധാനമാണ്. കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ ഇവ സാധ്യമാകൂ. കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കുക, അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കേൾക്കുക, തനത് കഴിവുകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ സമീപനങ്ങളിലൂടെ മാത്രമേ രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്താൻ സാധിക്കൂ. കുട്ടികൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നിയാൽ പ്രഫഷനൽ തെറപ്പിസ്റ്റുകളെ ആശ്രയിക്കാനും രക്ഷിതാക്കൾക്ക് കഴിയണം. കുട്ടികൾക്കെന്നപോലെ രക്ഷിതാക്കൾക്കും എ.ഐ സാക്ഷരത അത്യന്താപേക്ഷിതമാണ്.
(ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗവും ഡയറ്റ് മുൻ പ്രിൻസിപ്പലുമാണ് ലേഖകൻ)