വരുന്നു, ഡീപ് ഫേക്കുകളുടെ കാലം
text_fieldsമുൻ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമയുടേതായി യൂട്യൂബില്‍ 80 ലക്ഷത്തോളം ആളുകള്‍ കണ്ട ഒരു വിഡിയോ ഉണ്ട്. അതിെൻറ അടിക്കുറിപ്പ് തന്നെ 'ഒബാമ ഈ വിഡിയോയില്‍ പറയുന്നത് നിങ്ങള്‍ വിശ്വസിക്കില്ല' എന്നാണ്. യാഥാർഥ്യവും അതുതന്നെ. ഒബാമയല്ല അതിലെ വാചകങ്ങള്‍ ഉരുവിടുന്നത്. എന്നാല്‍, വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസിെൻറ പശ്ചാത്തല ദൃശ്യവും ഒബാമയുടെ അതേ ഉച്ചാരണവും ഹാവഭാവങ്ങളും അതിസൂക്ഷ്മമായി ഒപ്പിയെടുത്താണ് ആ വിഡിയോ തയാർ ചെയ്തിരിക്കുന്നത്. രണ്ടു വർഷം മുമ്പ് അപ്ലോഡ് ചെയ്ത ഈ വിഡിയോ, പൊതുജനതാല്പര്യാർഥം പടച്ചതാണെന്ന് നിർമാതാക്കളായ ഹോളിവുഡ് സംവിധായകൻ ജോർഡൻ പീലും ഡിജിറ്റല്‍ മീഡിയ സ്ഥാപനമായ ബസ്ഫീഡും വ്യക്തമാക്കുന്നു. എന്നാല്‍, ആർട്ടിഫിഷ്യല്‍ ഇൻറലിജൻസ് അഥവാ നിർമിതബുദ്ധി ഇനിയെന്തൊക്കെ പെരും നുണകളാണ് ഒപ്പിക്കാൻ പോകുന്നതെന്നതിെൻറ വ്യക്തമായ സൂചനകള്‍ അതിലടങ്ങിയിട്ടുണ്ട്. പിന്നിട്ട രണ്ടുവർഷംകൊണ്ട് ഡീപ് േഫക്ക് (Deep Fake)എന്ന് വിളിക്കുന്ന ഇത്തരം വ്യാജനിർമിതികൾ ആരെയും ഞെട്ടിക്കുന്ന രീതിയിൽ വളർന്നുകഴിഞ്ഞിട്ടുണ്ട്.
എന്താണ് ഡീപ് ഫേക്ക്?
ഈയിടെ പ്രസിദ്ധീകരിച്ച 'ഡീപ് ഫേക്സ് ആൻഡ് ദ ഇൻഫോകാലിപ്സ്' എന്ന പുസ്തകത്തില്‍ അമേരിക്കൻ മാധ്യമപ്രവർത്തകയും ഗ്രന്ഥകാരിയുമായ നീന ഷിക് (Nina Schick), ചിത്രങ്ങളും ദൃശ്യ-ശ്രാവ്യ സന്ദേശങ്ങളും നിർമിത ബുദ്ധി ഉപയോഗിച്ച് ഒന്നുകില്‍ മാറ്റം വരുത്തുകയോ അല്ലെങ്കില്‍ പൂർണമായും പുതുതായൊന്ന് കൃത്രിമമായി സൃഷ്ടിച്ചെടുക്കുകയോ ചെയ്യുന്ന രീതിയാണ് ഡീപ് ഫേക് എന്നു പറയുന്നു. സിനിമ, കമ്പ്യൂട്ടർ ഗെയിം പോലുള്ളവയിൽ നിർദോഷമായ രൂപത്തില്‍ അവ ഉപയോഗിക്കപ്പെടുമ്പോള്‍ രാഷ്ട്രീയത്തിലും വ്യക്തിവിദ്വേഷം തീർക്കുന്നതിനും ഭീകരപ്രവർത്തനത്തിനുമൊക്കെ ഒരായുധമായി ഇത് ഉപയോഗിക്കപ്പെടാം. സമൂഹത്തില്‍ മനഃപൂർവം തെറ്റിദ്ധാരണ പരത്തുന്നതിനും വിവരങ്ങള്‍ ദുരുദ്ദേശ്യത്തോടെ വളച്ചൊടിക്കുന്നതിനും ഉപയോഗിക്കുമ്പോഴാണ് ഈ വ്യാജനി൪മിതികളെ 'ഡീപ് ഫേക്' എന്ന് വിളിക്കുന്നത്.
ഫോട്ടോഷോപ്പും ഒരു മുഖത്തിെൻറ സ്ഥാനത്ത് വേറെ മുഖം സ്ഥാപിക്കാൻ സാധിക്കുന്ന 'ഫേസ് സ്വാപ്പ്' ആപ്പുകളും ഉപയോഗിച്ച് ഇതുവരെ നടത്തിപ്പോന്ന വ്യാജനിർമിതികളേക്കാള് അത്യന്തം അപകടകാരിയാണ് ഈ രംഗത്തേക്ക് ആർട്ടിഫിഷ്യല്‍ ഇൻറലിജൻസ് കടന്നുവരുമ്പോഴുള്ള അവസ്ഥ. കൃത്രിമ വിഡിയോയില്‍ ഉപയോഗിക്കാനുദ്ദേശിക്കുന്ന വ്യക്തിയുടെ രൂപവും ഹാവഭാവങ്ങളും സോഷ്യല്‍ മീഡിയയില്‍നിന്നു ലഭിക്കുന്ന അയാളുടെ വിവിധ ദൃശ്യങ്ങളില്‍നിന്നു പകർത്തി, അവ കമ്പ്യൂട്ടറിനെ പഠിപ്പിച്ചെടുത്താണ് ഇത് നിർമിക്കുക. ഒരുനിലക്കും കൃത്രിമമെന്ന് വേർതിരിച്ചറിയാൻ കഴിയാത്ത രൂപത്തില്‍ ദൃശ്യത്തിലെ വ്യക്തി പൂ൪ണമായും സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യും. ഇനിയുള്ള കാലത്ത് യാഥാർഥ്യമേത് വ്യാജമേത് എന്ന് തിരിച്ചറിയാതെ നാം നട്ടംതിരിയുമെന്നർഥം. ഹോളിവുഡ് രീതിയിലുള്ള സ്പെഷൽ ഇഫക്ടുകള്‍ വെറുമൊരു സ്മാ൪ട്ട് ഫോണ്‍ ഉപയോഗിച്ച് സൃഷ്ടിക്കാൻ ആർക്കും കഴിയുന്ന രീതിയിലേക്ക് ഏതാനും വർഷങ്ങള്‍ക്കുള്ളില്‍ നിർമിതബുദ്ധി ആപ്പുകള്‍ ലോകത്തെ കൊണ്ടെത്തിക്കും.
വിഡിയോ ആണ് ആശയവിനിമയത്തിെൻറ ജനപ്രിയ മാധ്യമമെന്നിരിക്കെ വൻകിട രാഷ്ട്രങ്ങള്‍ മുതല്‍ ഏകനായ സൈബ൪ പോരാളി വരെ ദുഷ്ടലക്ഷ്യങ്ങള്‍ നേടാൻ പോരാടുന്നത് ഈ മേഖലയിലാണ്. ഇക്കഴിഞ്ഞ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ തെൻറ എതിരാളി ജോ ബൈഡൻ കണ്ണു മേല്പോട്ടാക്കി നാക്ക് ചുഴറ്റി നില്ക്കുന്ന ഒരു ഡീപ് ഫേക് വിഡിയോ, ട്രംപ് ഷെയർ ചെയ്തത് പരാജയഭീതിയില്‍ അന്തിച്ചുനിന്ന നേരത്തായിരുന്നു. അതുവരെ അറിയപ്പെടാത്ത ഒരാളുടെ ട്വിറ്റർ പോസ്റ്റ് അമേരിക്കൻ പ്രസിഡൻറു തന്നെ ഷെയർ ചെയ്തത് ധാരാളം വിമർശനങ്ങള്‍ ക്ഷണിച്ചുവരുത്തി. വിഡിയോക്ക് താഴെ ഇതൊരു ഡീപ് ഫേക്കാണെന്ന അടിക്കുറിപ്പ് പോലും ശ്രദ്ധിക്കാതെയായിരുന്നു ആ വിഡ്ഢിത്തം.
രാഷ്ട്രീയ ലക്ഷ്യങ്ങള്‍
ഡീപ് ഫേക്കിനെ രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടാൻ ഏറ്റവുമധികം ഉപയോഗിച്ച റഷ്യൻ ന്യൂസ്ചാനലാണ് ആർ.ടി എന്ന റഷ്യൻ ടെലിവിഷൻ. 2014 ലെ യുക്രെയിൻ അധിനിവേശ സമയത്തും 2016 ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിലും തുട൪ന്ന് സിറിയ അടക്കം വിവിധ രാജ്യങ്ങളില്‍ ഇടപെടുന്നതിനും ഇത്തരം ധാരാളം വിഡിയോകള്‍ ആർ.ടി പ്രക്ഷേപണം ചെയ്തിട്ടുണ്ട്. കൂടാതെ യൂട്യൂബ് ഉപയോഗപ്പെടുത്തി നിരന്തരം ഇവ പുനഃപ്രക്ഷേപണം ചെയ്തുകൊണ്ടുമിരിക്കുന്നു. ജർമനിയില്‍ അഭയാർഥികളുടെ കൂട്ടത്തിലൊരാള്‍ 13 കാരിയെ ബലാത്സംഗം ചെയ്ത വ്യാജകഥ ആദ്യം റിപ്പോർട്ട് ചെയ്തത് ആർ.ടിയായിരുന്നു. യൂറോപ്പിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലുമുള്ള തീവ്ര വലതുപക്ഷത്തിനൊപ്പംനിന്ന് ക്രെംലിൻ നടപ്പാക്കുന്ന തീക്കളി, അവിടങ്ങളില്‍ ആഭ്യന്തര അസ്വസ്ഥതകള്‍ വിതക്കുന്നുണ്ട്. കഴിഞ്ഞ ഫ്രഞ്ച് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മാക്രോണിനെതിരെ മേരി ലിപെന്നിന് വേണ്ടി റഷ്യ ഇടപെട്ടിരുന്നു. ഡീപ് ഫേക്കിെൻറ രാഷ്ട്രീയസാധ്യതകള്‍ ജനാധിപത്യസംവിധാനങ്ങളുടെ അടിവേരറുക്കുമെന്ന് നീന ഷിക് നിരീക്ഷിക്കുന്നു. ഒരുഭാഗത്ത് രാഷ്ട്രീയക്കാർക്കും അധികാരിവർഗത്തിനും എതിർക്കുന്നവരെ ഇത്തരം വ്യാജനിർമിതികളുടെ ബലത്തില്‍ വേഗത്തില്‍ ഇല്ലായ്മ ചെയ്യാനാകും. മറുഭാഗത്ത്, തങ്ങളുടെ യാഥാർഥ്യങ്ങള്‍ തന്നെ പിടിക്കപ്പെട്ടാല്‍ വ്യാജത്തില്പ്പെടുത്തി തടിയൂരാനുമാകും.
ഇന്ത്യയിൽ ഇൗ സാധ്യത ഏറ്റവുമധികം ഉപയോഗപ്പെടുത്തുക വർഗീയ ഫാഷിസ്റ്റുകളായിരിക്കും എന്നതില്‍ സംശയമില്ല. അതിെൻറ ഒന്നാന്തരം തെളിവാണ് ഗുജറാത്ത് വംശഹത്യയുടെ ക്രൂരത പുറത്തുകൊണ്ടുവന്ന പ്രമുഖ മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ നടന്ന ഡീപ് ഫേക് ആക്രമണം. ഏതോ പോണ് വിഡിയോയില്‍ അവരുടെ മുഖം ചേർത്തുവെച്ച്, സോഷ്യല്‍ മീഡിയയിലൂടെ അവരുടെ മൊബൈല്‍ നമ്പറടക്കം പ്രസിദ്ധപ്പെടുത്തി നടത്തിയ ആ ഓപറേഷൻ റാണയെ എല്ലാവിധത്തിലും തളർത്താനും തകർക്കാനും ഉദ്ദേശിച്ചായിരുന്നു. ജെ.എൻ.യുവില്‍ കനയ്യകുമാറിെൻറ പരിപാടിയുടെ വിഡിയോയില്‍ പാക്കനുകൂല മുദ്രാവാക്യം വിളികള്‍ തിരുകിക്കയറ്റിയത് പ്രീ-ഡീപ് ഫേക് കാലത്താണെങ്കില്‍ ഇനി കാണാനിരിക്കുന്നത് ഇത്തരം ഡോക്ടേഡ് വിഡിയോകളുടെ കൂടുതല്‍ മികച്ച പതിപ്പുകളായിരിക്കും. ഭരണകൂടത്തെ എതിർക്കുന്നവർക്കെതിരെയും പൗരാവകാശ-മനുഷ്യാവകാശ പ്രവർത്തകർക്കെതിരെയും തരാതരം എടുത്ത് പ്രയോഗിക്കാവുന്ന വ്യാജനിർമിതികള്‍ ആർക്കും എവിടെയിരുന്നും ഉണ്ടാക്കാവുന്നതേയുള്ളൂ. ഏതാനും സമയം മാത്രം ചെലവഴിച്ച് സ്മാർട്ട്ഫോണുള്ള ആർക്കും നി൪മിക്കാവുന്ന തരത്തില്‍ കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്തിയുള്ള ഇത്തരം ആപ്പുകള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്.
വ്യക്തിഹത്യക്ക്
രാഷ്ട്രീയ എതിരാളികളേക്കാൾ വ്യക്തിവിരോധം തീർക്കാനും എളുപ്പത്തില്‍ പണം സമ്പാദിക്കാനും ഇത്തരം സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്ന അവസ്ഥ സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ ചില്ലറയായിരിക്കില്ല. പോണ്‍സിനിമകളിലെ ഡീപ് ഫേക് പ്രയോഗം ഹോളിവുഡില്‍ മാത്രമല്ല, ലോകമെങ്ങുമുള്ള സിനിമാതാരങ്ങള്‍ക്കെതിരെയും ഉപയോഗിക്കുന്നുണ്ടെന്ന് ഇതുസംബന്ധമായി ആദ്യമായി പഠനം നടത്തിയ മാധ്യമപ്രവർത്തക സാമന്ത കോള്‍ പറയുന്നു. ഇൻറർനെറ്റില്‍ ലഭ്യമായ അശ്ലീല സിനിമകളിലെ നായികമാർക്ക് പകരം പ്രമുഖ നടികളുടെ മുഖം വെച്ച് നിർമിക്കുന്ന ഇത്തരം വിഡിയോകള്‍ വ്യാപകമായിരിക്കുന്നുവെന്നും ആർക്കും നിർമിക്കാൻ സഹായകമാകുന്ന സൗജന്യ ആപ്പുകള്‍ ലഭ്യമാണെന്നും അവർ വെളിപ്പെടുത്തുന്നു. പെണ്ണുടലിനെ വില്പനച്ചരക്കാക്കിയ ലിബറല്‍ ലോകക്രമത്തിലേക്ക്, അനിയന്ത്രിതമായ സാങ്കേതികവിദ്യകൂടി ചേരുമ്പോള്‍ ഉണ്ടാകാവുന്ന പൊല്ലാപ്പുകള്‍ ഏറെ. ഏതു സ്ത്രീയും ടാ൪ഗറ്റ് ചെയ്യപ്പെടുകയും അവർ പോലുമറിയാതെ അവരുടെ അഭിമാനവും അന്തസ്സും വിറ്റ് കാശാക്കുകയും ചെയ്യുന്ന ഇരുട്ടിെൻറ ശക്തികള്‍ ഇരകള്‍ക്കായി കാത്തിരിക്കുകയാണ്. ഇത്തരത്തില്‍ ടാർഗറ്റ് ചെയ്യപ്പെട്ട ഒരു പ്രമുഖ ഹോളിവുഡ് നടിയോട് നിയമനടപടികളെടുക്കുന്നതിനെക്കുറിച്ച് ചോദിക്കുന്നുണ്ട് സാമന്ത. അജ്ഞാത ഐ.ഡികള്‍ക്കു പിന്നില്‍ ഒളിച്ചിരിക്കാൻ സൗകര്യം നല്കുന്ന രാജ്യങ്ങളും സ്ഥാപനങ്ങളുമുള്ളിടത്തോളം കാലം നിയമപോരാട്ടമെന്നത് വൃഥാവ്യായാമമാെണന്ന് അവർ നിരാശപ്പെടുന്നു.
അങ്ങനെ പോസ്റ്റ്ട്രൂത്ത് കാലത്തുനിന്ന് ലോകം ഡീപ് ഫേക് കാലത്തേക്ക് കടക്കുകയാണ്. എല്ലാം വ്യാജമാകുന്ന കാലത്ത് പക്ഷേ, യാഥാർഥ്യങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കാനും ആളുകള്‍ വേണം. ഏതു വലിയ നിർമിത ബുദ്ധിയെയും സല്ബുദ്ധികൊണ്ട് നേരിടുന്ന, എത്ര സങ്കീ൪ണമായ ആല്ഗരിതത്തെയും മനുഷ്യത്വത്തിെൻറ ഗരിമകൊണ്ട് നേരിടുന്ന വ്യക്തികളും സമൂഹങ്ങളും ഉണ്ടായേ പറ്റൂ. വ്യാജനിർമിതികളെ തിരിച്ചറിയാനും യാഥാർഥ്യം ലോകത്തിനുമുന്നില്‍ കൊണ്ടുവരാനും സഹായിക്കുന്ന സൈബർ കൂട്ടായ്മകളും സംവിധാനങ്ങളുമൊക്കെ സാങ്കേതിക വിദ്യയുടെ ലോകത്തുണ്ട്. അവയെ ആശ്രയിക്കുകയും ശക്തിപ്പെടുത്തുകയുമാണ് ഇത്തരം കുരുക്കുകളില്‍നിന്ന് രക്ഷപ്പെടാനുള്ള പ്രായോഗിക വഴി.