Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകോൺഗ്രസും ലീഗും...

കോൺഗ്രസും ലീഗും കമ്യൂണിസ്റ്റും സൂഫിയുമായ ദേശീയ നേതാവ്

text_fields
bookmark_border
കോൺഗ്രസും ലീഗും കമ്യൂണിസ്റ്റും സൂഫിയുമായ ദേശീയ നേതാവ്
cancel
camera_alt

മൗ​ലാ​ന ഹ​സ്ര​ത് മൊ​ഹാ​നി ഡോ. ബി.ആർ. അംബേദ്കറിനൊപ്പം

കോൺഗ്രസും ലീഗും കമ്യൂണിസ്റ്റും സൂഫിയുമായ ദേശീയ നേതാവ് ഗുലാം അലി പാടി അനശ്വരമാക്കിയ 'ചുപ്കെ ചുപ്കെ രാത് ദിൻ' എഴുതിയത് ഹസ്രത് മൊഹാനിയാണ്. ഏഷ്യയുടെയാകെ വിപ്ലവ മുദ്രാവാക്യമായ 'ഇൻഖിലാബ് സിന്ദാബാദ്' ആദ്യമായി പ്രയോഗിച്ചതും മൊഹാനി തന്നെ

രാജ്യത്തിനു വേണ്ടത് സ്വയംഭരണമല്ല, സമ്പൂർണ സ്വാതന്ത്ര്യമാണെന്ന് 1921ലെ അഹ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിൽ രണ്ടു ചെറുപ്പക്കാർ അവതരിപ്പിച്ച പ്രമേയമാണ് സ്വാതന്ത്ര്യസമരത്തിലെ വഴിത്തിരിവുകളിലൊന്ന്. കോൺഗ്രസ് നേതാവും പിന്നീട് മുസ്‍ലിം ലീഗ് നേതാവും കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും സർവോപരി ഉർദു കവിയുമായ മൗലാന ഹസ്രത് മൊഹാനി (1875 -1951)യാണ് സ്വാമി കുമാരാനന്ദിനൊപ്പം ചേർന്ന് പ്രമേയം അവതരിപ്പിച്ചത്. മൊഹാനിയുടെ ശരിയായ പേര് സയ്യിദ് ഫസലുൽ ഹസൻ. ഉത്തർപ്രദേശിലെ ഉന്നാവിനടുത്ത മോഹനിലാണ് ജനനം.

പൂർവപിതാക്കൾ ഇറാനിൽ നിന്നെത്തിയവരാണ്. ചെറുപ്പത്തിലേ ഹസ്രത് എന്നപേരിൽ ഗസലുകൾ എഴുതി പ്രശസ്തനായി, ഹസ്രത് മൊഹാനിയായി മാറി. ഗുലാം അലി പാടി അനശ്വരമാക്കിയ 'ചുപ്കെ ചുപ്കെ രാത് ദിൻ' എഴുതിയത് അദ്ദേഹമാണ്. ഏഷ്യയുടെയാകെ വിപ്ലവ മുദ്രാവാക്യമായ 'ഇൻഖിലാബ് സിന്ദാബാദ്' ആദ്യമായി പ്രയോഗിച്ചതും മൊഹാനി തന്നെ. കാൽപനികതയും രാഷ്ട്രീയവും നിറഞ്ഞ കവിതകളിൽ കൃഷ്ണനോടുള്ള ഇഷ്ടവും പ്രകടമായിരുന്നു. പലതവണ ഹജ്ജ് ചെയ്ത മൊഹാനി, മഥുരയിലെ കൃഷ്ണാഷ്ടമി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിലും സന്തോഷം കണ്ടെത്തി.

മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളജിലെ (അലീഗഢ് മുസ്‍ലിം യൂനിവേഴ്സിറ്റി) ബി.എ പഠനകാലത്ത്, ബ്രിട്ടീഷുകാരെ വിമർശിച്ചതിന്റെ പേരിൽ മൂന്നു തവണയാണ് പുറത്താക്കപ്പെട്ടത്. വിദ്യാഭ്യാസത്തിനുശേഷം പത്രപ്രവർത്തനം തിരഞ്ഞെടുത്തു. നിരവധി ബ്രിട്ടീഷ് വിരുദ്ധ ലേഖനങ്ങളെഴുതി അധികാരികളുടെ നോട്ടപ്പുള്ളിയായി. രാജ്യദ്രോഹം ആരോപിച്ച് ബ്രിട്ടീഷുകാർ 1909ൽ ജയിലിലാക്കി. ഖിലാഫത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു.

ഗാന്ധിജിയുടെ സമ്പൂർണ അഹിംസയോട് വിയോജിച്ചിരുന്നു. ഇത് എല്ലായിടത്തും എല്ലാ കാലത്തും പ്രായോഗികമല്ല എന്നായിരുന്നു നിലപാട് ('എന്തിനാണ് ഗാന്ധിയെപ്പോലിരുന്ന് ചർക്കയിൽ നൂൽനൂൽക്കുന്നത്? നമുക്ക് ലെനിനെപ്പോലെ ലോകത്തെ പിടിച്ചുകുലുക്കാം...' എന്ന് ഒരു കവിതയിൽ).

പതിയെ സോഷ്യലിസത്തോടും കമ്യൂണിസത്തോടും താൽപര്യമായി. 1928ൽ കോൺഗ്രസ് വിട്ടു. ഒരുവേള ലീഗ് നേതൃത്വത്തിലെത്തിയെങ്കിലും വിഭജനവാദത്തിന് എതിരായിരുന്നു. വിഭജന പദ്ധതി 1947ൽ പ്രഖ്യാപിച്ചതോടെ ലീഗ് അംഗത്വം രാജിവെച്ചു. വിഭജനശേഷം ഇന്ത്യയിൽ തുടർന്നു. ഇന്ത്യൻ ഭരണഘടന തയാറാക്കിയ 'കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി' അംഗമായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ ഒരിക്കലും സർക്കാർ ഔദാര്യങ്ങൾ പറ്റിയില്ല. ഔദ്യോഗിക വസതികൾ ഉപയോഗിച്ചില്ല. ട്രെയിനിൽ തേർഡ് ക്ലാസിൽ സാധാരണക്കാരനൊപ്പം യാത്രചെയ്തു.

റഷ്യൻ വിപ്ലവം മൊഹാനിയെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. അത് കമ്യൂണിസ്റ്റ് ബന്ധത്തിൽ കലാശിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സമ്മേളനം 1925 ഡിസംബറിൽ കാൺപുരിൽ നടക്കുമ്പോൾ ഹസ്രത് മൊഹാനിയായിരുന്നു റിസപ്ഷൻ കമ്മിറ്റി ചെയർമാൻ. കാൺപുരിൽ പാർട്ടിയുടെ ആദ്യ ഓഫിസ് തുറന്ന് ചെങ്കൊടി വീശുകയും പാർട്ടി നേതൃത്വത്തിൽ വരുകയും ചെയ്ത മൊഹാനിയെ പിന്നീട് സി.പി.ഐ പുറത്താക്കി.

1936ൽ ലഖ്നോവിൽ പ്രോഗ്രസിവ് റൈറ്റേഴ്സ് അസോസിയേഷൻ സ്ഥാപക സമ്മേളനത്തിലും പങ്കെടുത്തു. ലഖ്നോവിൽ വെച്ചാണ് മരണം. ഇന്ത്യയിലും പാകിസ്താനിലും ഒരുപോലെ സ്മാരകങ്ങളും ആരാധകരുമുള്ള സ്വാതന്ത്ര്യസമര നേതാവാണ് മൊഹാനി. ഒരു കവിതയിൽ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത് സൂഫിയും മുസ്‍ലിം കമ്യൂണിസ്റ്റുമായാണ്.

Show Full Article
TAGS:Hasrat Mohani Best of Bharat Indipendence Day 
News Summary - Congress, League, Communist and Sufi national leader
Next Story