പശുവും ദലിത്-മുസ്ലിം ഹിംസകളും
text_fieldsദക്ഷിണ ഡൽഹിയിൽ സംഗവിഹാറിലുള്ള ക്ഷേത്രപരിസരത്ത് പശുവിനെ കൊന്ന് തല കൊണ്ടുവന്നുവെച്ചു എന്നാരോപിച്ച് ഹിന്ദുത്വവാദികൾ മുസ്ലിംകൾക്കെതിരെ ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഭയം നിമിത്തം നിരവധി പേർ പ്രദേശം ഉപേക്ഷിച്ച് പോയെന്നാണ് റിപ്പോർട്ട്. ഇതൊരു പുതിയ സംഭവവികാസമല്ലെന്ന് രാജ്യത്തെ സാമൂഹിക രാഷ്ട്രീയം നിരീക്ഷിക്കുന്ന ആർക്കും അറിയാവുന്നതാണ്.
2014ൽ ഹിന്ദുത്വ ശക്തികൾ അധികാരമേറ്റതിനെ തുടർന്ന് പശുഹിംസ എന്ന വ്യാജ്യത്തെ മുൻനിർത്തിയുള്ള ആൾക്കൂട്ട ആക്രമണങ്ങളും അപരഹിംസകളും വളരെയധികം വർധിക്കുകയുണ്ടായി. 2017ൽ മാത്രം പശുവിന്റെ പേരിൽ ആക്രമിക്കപ്പെട്ട് കൊല്ലപ്പെട്ട 28 ഇന്ത്യക്കാരിൽ 24 പേരും മുസ്ലിംകളായിരുന്നു.
2010 മുതൽ 2024 വരെയുള്ള വ്യത്യസ്ത സംഭവങ്ങളിൽ നാൽപത്തിനാലോളം പേർ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകൾക്ക് കഠിന പരിക്കുകളും അഭിമാനക്ഷതവും ഏൽക്കേണ്ടിവരുകയും ചെയ്തു. ഇതിൽ ബഹുഭൂരിഭാഗവും ദലിതരും മുസ്ലിംകളുമാണ്.
ദലിത്-മുസ്ലിം ഉന്മൂലനത്തിന്റെ പശുരാഷ്ട്രീയം
പശുമാംസം വീട്ടിൽ സൂക്ഷിച്ചു എന്ന പേരിൽ മുസ്ലിംകളെയും ദലിതരെയും തല്ലിക്കൊല്ലുകയും ആക്രമിക്കുകയും ചെയ്യുന്നതിനുപിന്നിൽ ഹിന്ദുത്വ ശക്തികൾക്ക് കൃത്യമായ ലക്ഷ്യമുണ്ട്. രാജ്യത്തെ മുസ്ലിംകളുടെ ഭൗതികാസ്പദങ്ങൾ സമ്പൂർണമായി നശിപ്പിച്ച് അവരെ തീർത്തും അരക്ഷിതരാക്കുകയും ബഹുഭൂരിപക്ഷം വരുന്ന ദലിത് മഹാജനങ്ങളെ ക്രൂരമായി അടിച്ചമർത്തി ഉന്മൂലനം ചെയ്യുകയുമാണ് സവർണ ഹിന്ദുത്വ രാഷ്ട്രീയം ലക്ഷ്യമിടുന്നത്.
ചാതുർവർണ്യ ജാതി വ്യവസ്ഥയിലൂടെ അധികാരം കൈവശപ്പെടുത്തി ദലിത് ബഹുജനങ്ങളെ അടിച്ചമർത്തിയ ത്രൈവർണിക സാമൂഹിക വ്യവസ്ഥ, പശു മിത്തിലൂടെ പുതിയ കാലത്ത് മുസ്ലിംകളെയും ദലിതരെയും നിഷ്കാസിതരാക്കുകയാണ്. വിഭവങ്ങളിൽ നിന്നും അധികാരങ്ങളിൽ നിന്നും ദലിതരെയും മുസ്ലിംകളെയും ആട്ടിയകറ്റാനുള്ള ഉപകരണമായി പശു പ്രവർത്തിക്കുന്നു എന്ന് സാരം.
തെക്കൻ ഡൽഹിയിലെ സംഭവത്തിൽ ആക്രമണ ആഹ്വാനം ഭയന്ന് പ്രദേശം വിട്ടോടേണ്ടി വന്ന മുസ്ലിം ജനത ഹിന്ദുത്വ ഇന്ത്യയുടെ ആപത്കരമായ സാക്ഷ്യമാണ്. രാജ്യത്ത് വിവിധ മുസ്ലിം ആരാധനാലയങ്ങൾക്കുമേൽ അവകാശമുന്നയിക്കുന്നതിലൂടെയും, കേന്ദ്ര കാബിനറ്റിൽ ഒരൊറ്റ മുസ്ലിം പ്രതിനിധി പോലുമില്ലെന്ന് ഉറപ്പുവരുത്തുന്നതിലൂടെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് മുസ്ലിംകളെ പുറന്തള്ളുന്നതിലൂടെയും പശു രാഷ്ട്രീയത്തിന്റെ വിവിധ ഹിംസാ രൂപങ്ങൾ തന്നെയാണ് ഹിന്ദുത്വം കൈക്കൊള്ളുന്നതെന്ന് കാണാം.
പശുവിറച്ചി ഭക്ഷിച്ചവർ
വേദങ്ങളിലും ഇതിഹാസ പുരാണങ്ങളിലും വിശുദ്ധവത്കരിക്കപ്പെട്ട മൃഗമായതിനാൽ പശുവിനെ കൊല്ലാൻ പാടില്ലെന്നും ഭക്ഷിക്കാൻ അനുവദനീയമല്ലെന്നുമുള്ള പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദുത്വ വാദികൾ പശുവിനെ മുൻനിർത്തി കലാപങ്ങളും ആക്രമണങ്ങളും ഹിംസകളും നിരന്തരം പ്രയോഗവത്കരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, വേദേതിഹാസ പുരാണങ്ങൾ ഹിന്ദുത്വവാദങ്ങളെ സാധൂകരിക്കുന്നില്ല.
വൈദികപാഠങ്ങളുടെ ഭാഗമായ ബ്രാഹ്മണങ്ങളിൽ ഗോമേധം എന്ന പശു യാഗത്തെ സംബന്ധിച്ച് വിവരിക്കുന്നുണ്ട്. പശുവിറച്ചി ഹോമിച്ചിരുന്നു എന്ന് ഇതിൽ നിന്ന് സ്പഷ്ടമാണ്. ധർമസൂത്രങ്ങളിലും മറ്റും വിവരിക്കുന്ന മധുപർക്കത്തിൽ ഗോമാംസം ഒരു പ്രധാന ചേരുവയായിരുന്നു. അതിഥിയുടെ, ഗോഘ്നൻ എന്ന പര്യായം അതിഥികൾക്കായി നൽകപ്പെട്ടിരുന്ന പശുവിറച്ചിയുടെ ചരിത്രം വെളിവാക്കുന്നു.
യജ്ഞത്തിൽ ഹവനം ചെയ്ത പശ്വാദികളുടെ മാംസം മന്ത്രം ജപിച്ച് ബ്രാഹ്മണൻ കഴിക്കുന്നതിനെക്കുറിച്ച് മനുസ്മൃതിയിൽ സ്പഷ്ടമായി പരാമർശിക്കുന്നുണ്ട് (പ്രോക്ഷിതം ഭക്ഷയേന്മാംസം ബ്രാഹ്മണാനാം ച കാമ്യയാ). ഗോമാംസം താന്ത്രിക ക്രിയകളുടെ ഭാഗമായിരുന്നു എന്ന് പ്രാചീനതന്ത്ര ഗ്രന്ഥമായ ബ്രഹ്മയാമളം വ്യക്തമാക്കുന്നു.
ഗോമാംസം ചേർത്ത മിശ്രിതം താന്ത്രികനായ സാധകൻ ഭക്ഷിക്കുന്നതിനെക്കുറിച്ച് ബ്രഹ്മയാമളം വിവരിക്കുന്നു (ഗോമാംസ സംയുതം കുര്യാത്/സുരയാ മിശ്രിതസ്യ ച). പശുവിനെ മാത്രമല്ല ആടിനെയും പോത്തിനെയും ബലികഴിക്കുന്നതിനെ കുറിച്ചും തന്ത്രഗ്രന്ഥങ്ങൾ വിശദീകരിക്കുന്നുണ്ട്.
ദക്ഷിണേന്ത്യൻ ബ്രഹ്മയാമളത്തിൽ ദേവിക്ക് ആടിനെയും മഹിഷത്തെയും ബലിനൽകുന്നതിനെ പറ്റിയും നിവേദ്യമായി സമർപ്പിക്കുന്നതിനെക്കുറിച്ചും കൃത്യമായി പരാമർശിക്കുന്നു (അഷ്ടമേ ദിവസേ രാത്രൌ രക്ഷാം കൃത്വാ തു ബന്ധ യേത്/ ആചാര്യ പൂജയേത്തത്ര അജം വാ മഹിഷന്തു വാ//, രക്തം വൈ മാംസ ഖണ്ഡശ്ച തദ്ദേവ്യാസ്തു നിവേദയേത്//).
ഇത് ഗ്രന്ഥത്തിൽ മാത്രം പരാമർശമുള്ള ഒന്നല്ലെന്നും ചരിത്രത്തിൽ പ്രയോഗത്തിലിരുന്നതാണെന്നും കർണാടകത്തിലെ നൊളംബാ വാടിയിലുള്ള കോലാരമ്മാ ക്ഷേത്രത്തിലെ രാജേന്ദ്രചോളന്റെ രണ്ടാം ഭരണവർഷത്തിലുള്ള (CE 1071/ 72) ശിലാലിഖിതം തെളിയിക്കുന്നു.
ഈ ലിഖിതത്തിൽ വിവരിക്കുന്ന കുജവാരബലി എന്ന ചടങ്ങ് ആടിനെയും പോത്തിനെയും ബലികഴിച്ച് നിവേദിക്കുന്ന ബ്രഹ്മയാമളത്തിലെ ബലി തന്നെയാണ്. ഒരു യാമളാചാര്യനെ ക്ഷേത്രത്തിൽ നിയമിക്കുന്നത് സംബന്ധിച്ച പരാമർശവും രാജേന്ദ്ര ചോളന്റെ ശിലാലിഖിതത്തിൽ ഉള്ളടങ്ങിയിട്ടുണ്ട്.
ആർഷഭാരത അഹിംസ
ആർഷഭാരതവും സനാതന ധർമവും അഹിംസയിലധിഷ്ഠിതമായിരുന്നു എന്ന മിഥ്യാചരിത്ര നിർമിതിയിലൂന്നിയാണ് പശുവിന്റെ നാമത്തിൽ ആൾക്കൂട്ട ഹിംസ വ്യാപിപ്പിക്കുന്നത്. എന്നാൽ, ഇത്തരമൊരു അഹിംസ വൈദിക പുരാണ പാഠങ്ങളിൽ നിലനിന്നിരുന്നില്ല.
ഋഗ്വേദത്തിൽ വിവരിക്കുന്ന അശ്വമേധത്തിൽ കഠിനമായി കുതിരയെ ഹിംസിച്ചിരുന്നതായി കാണാം. കുതിരയുടെ ഹൃദയം തുടങ്ങിയവ അടയാളപ്പെടുത്താനുള്ള ഉപകരണങ്ങളും മുറിക്കാനുള്ള കത്തികളുമൊക്കെ കുതിരയുടെ ജഡത്തിന് അലങ്കാരങ്ങളാകുന്നു എന്ന് ഋഗ്വേദം (1.162) പ്രസ്താവിക്കുന്നു.
‘സ്വർണാലംകൃതമായ കുതിരയുടെ മുന്നിലൂടെ ആടിനെ നയിക്കുമ്പോൾ അത് ഇന്ദ്രനും പൂഷാവിനും ഇഷ്ടാന്നമായി ത്തീരട്ടെ’ എന്നും ഋഗ്വേദം സ്തുതിക്കുന്നു. ഇങ്ങനെ മാംസം, ഭക്ഷിക്കാനും ഹോമിക്കാനും മടികൂടാതെ ഉപയോഗിച്ച വൈദിക പാരമ്പര്യമിരിക്കുമ്പോഴാണ് ആർഷഭാരതം അഹിംസയിലധിഷ്ഠിതമായിരുന്നു എന്ന് വ്യഥാ പ്രചരിപ്പിക്കുന്നത്.
വൈദിക പാരമ്പര്യവും ഇതിഹാസ പുരാണ പാഠ പാരമ്പര്യങ്ങളും പശു ഉൾപ്പെടെയുള്ള മൃഗങ്ങളെ വർജിച്ചിരുന്നില്ല. മാത്രമല്ല, അവ അനുഷ്ഠാനങ്ങളിൽ അർപ്പിക്കുകയും ബ്രാഹ്മണർ ഉൾപ്പെടെയുള്ള പുരോഹിതവർഗം മടികൂടാതെ ഭക്ഷിക്കുകയും ചെയ്തിരുന്നു. ഈ ചരിത്ര വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ് പശുവിന്റെ പേരിൽ ദലിതരെയും മുസ്ലിംകളെയും നിരന്തരം ആക്രമിക്കുന്നത്.
മിഥ്യാപ്രചാരണങ്ങളിലും കപടവാദങ്ങളിലുമാണ് ഹിന്ദുത്വം നിലയുറപ്പിച്ചിട്ടുള്ളത്. ജനാധിപത്യ നിഷ്ഠമായ ചരിത്ര വായനകളിലൂടെ വ്യാജ ആഖ്യാനങ്ങളെ നേരിട്ടുകൊണ്ട് മാത്രമേ ബ്രാഹ്മണ്യത്തിന്റെ സാംസ്കാരിക വ്യാപനത്തിന് തടയിടാൻ കഴിയൂ. എന്തെന്നാൽ ഭരണഘടന മുന്നോട്ടുവെക്കുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ മഹത്തായ മൂല്യങ്ങളെയാണ് അത് വെല്ലുവിളിക്കുന്നത്.
(വേദശാസ്ത്ര- ക്ഷേത്രതന്ത്ര പണ്ഡിതനും സംസ്കൃത അധ്യാപകനുമാണ് ലേഖകൻ)