Begin typing your search above and press return to search.
exit_to_app
exit_to_app
കൊളോണിയൽ കസിൻസ്
cancel
ലോകം പച്ചയായ കൊളോണിയൽ കാലത്തേക്കു തന്നെയോ എന്നു ചോദ്യമുയർത്തി, യുക്രെയ്നിൽ റഷ്യ തുടങ്ങിവെച്ച അധിനിവേശം അഞ്ചിലൊന്നോ അതിൽ കൂടുതലോ ഭൂമി സ്വന്തമാക്കി മുന്നേറുകയാണ്. സ്വതന്ത്ര പരമാധികാര രാജ്യമായ വെനിസ്വേലയിൽ കടന്നുകയറി യു.എസ്, ആ രാജ്യത്തിന്റെ തലവനെ തട്ടിയെടുത്തിരിക്കുന്നു. സ്വന്തം ഭരണവും ജനാധിപത്യ രീതികളുമുള്ള തായ്‍വാനുമേൽ അധിനിവേശത്തിന് അവസാനവട്ട ഒരുക്കങ്ങളിലാണ് ചൈന. ലോകം പഴയ സാമ്രാജ്യത്വത്തിലേക്ക് തിരികെ പോകുകയാണോ? സൂര്യനസ്തമിക്കാത്ത സാമ്രാജ്യമാകാൻ അമേരിക്കക്ക് ഇനിയേറെ ദൂരം സഞ്ചരിക്കാനുണ്ടാകുമോ? ലോകം ചോദ്യങ്ങൾക്ക് നടുവിൽ...

പുതുവർഷപ്പിറവിയിലേക്ക് ലോകം ആഘോഷപൂർവം ചുവടുവെച്ചതിന് തൊട്ടുപിറകെയായിരുന്നു ഞെട്ടലായി പുതിയൊരു അധിനിവേശ വാർത്തയെത്തിയത്. ലോകത്ത്, തെളിയിക്കപ്പെട്ട എണ്ണ ശേഖരത്തിന്റെ 18 ശതമാനം സ്വന്തമായുള്ള, യു.എസിൽനിന്ന് 5,000 കിലോമീറ്റർ അകലത്തിലുള്ള വെനിസ്വേലയിലേക്ക് സൈന്യത്തെ അയച്ച് പ്രസിഡന്റ് നികളസ് മദുറോയെയും പത്നി സിലിയ േഫ്ലാറസിനെയും ട്രംപിന്റെ അമേരിക്ക തട്ടിക്കൊണ്ടുവന്നിരിക്കുന്നു. അഫ്ഗാനിസ്താനിലും ഇറാഖിലും ലിബിയയിലുമൊക്കെ ഭീകരതയുടെ പേരു പറഞ്ഞ് ലോക രാജ്യങ്ങളെ കൂടെക്കൂട്ടി അധിനിവേശം നടത്തിയ യു.എസ് ഇത്തവണ പക്ഷേ, ആരെയും കൂട്ടിയില്ല. യു.എൻ അടക്കം ആഗോള സംഘടനകളും സംവിധാനങ്ങളും നിലവിലുണ്ടെന്നുപോലും അംഗീകരിക്കാതെയാണ്, യു.എസ് മറൈനുകളും നാവികസേനയും വെനിസ്വേല തലസ്ഥാനമായ കറാക്കസിൽ ഇറങ്ങിയതും ഭരണാധികാരിയെ തട്ടിക്കൊണ്ടുവന്ന് ജയിലിലടക്കുന്നതും. ലോക രാഷ്ട്രീയത്തിൽ നവ കൊളോണിയലിസം പച്ചയായ അധിനിവേശത്തിന്റെ കുപ്പായമിടുന്നതിന്റെ ഏറ്റവും പുതിയ തെളിവായിരുന്നു ഇത്. നാലു വർഷം മുമ്പ് യുക്രെയ്നിൽ റഷ്യ തുടങ്ങിവെച്ച അധിനിവേശം ഏകദേശം അഞ്ചിലൊന്നോ അതിൽ കൂടുതലോ ഭൂമി സ്വന്തമാക്കി മുന്നേറുകയാണ്. സ്വന്തം ഭരണവും ജനാധിപത്യ രീതികളുമുള്ള തായ്‍വാനുമേൽ ചൈന അധിനിവേശത്തിന് അവസാനവട്ട ഒരുക്കങ്ങളിലാണ്. ശരിക്കും ലോകം പഴയ സാമ്രാജ്യത്വത്തിലേക്ക് തിരികെ പോവുകയാണോ? സൂര്യനസ്തമിക്കാത്ത സാമ്രാജ്യമാകാൻ അമേരിക്കക്ക് ഇനിയേറെ ദൂരം സഞ്ചരിക്കാനുണ്ടാകുമോ? ലോകം ചോദ്യങ്ങൾക്ക് നടുവിലാണ്.

ദൃഷ്ടി പതിഞ്ഞിരിക്കുന്നു...

എത്ര രാജ്യങ്ങളിലാണ് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് വ്യത്യാസമില്ലാതെ സമീപകാലത്ത് അമേരിക്ക ആക്രമണം നടത്തിയത്. ഗസ്സയെ ചാരമാക്കാൻ പണവും ആയുധങ്ങളും ചൊരിഞ്ഞവർ ഇറാൻ, യമൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെല്ലാം പലവുരു യുദ്ധവിമാനങ്ങളാൽ മഹാനാശം വിതച്ചു. ഇവിടങ്ങളിലൊന്നും ഉറക്കെയൊന്ന് കരയാൻ പോലും ഭരണകൂടമില്ലാത്തതിനാൽ നാശക്കണക്കുകളൊന്നും ലോകമറിഞ്ഞില്ല. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ വരെ അമേരിക്കൻ ബോംബറുകൾ തീതുപ്പി. അപ്പോഴും സുരക്ഷിതമെന്ന ആലസ്യത്തിലായിരുന്നു വെനിസ്വേല പോലെ അയൽരാജ്യങ്ങൾ. ഒടുവിൽ അവിടെയും നേരിട്ടിറങ്ങിയ ട്രംപിന്റെ സാമ്രാജ്യത്വ സേന ഇനിയുമേറെ മണ്ണുകൾ കണ്ണുവെച്ചിട്ടുണ്ടെന്ന് നയം വ്യക്തമാക്കിക്കഴിഞ്ഞു. ഡെന്മാർക്കിന്റെ അധികാര പരിധിയിൽ വരുന്ന ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് വൈകാതെ സ്വന്തമാക്കാനാണ് അടുത്ത നീക്കം. അവിടെ മഞ്ഞിൽ പുതഞ്ഞുകിടക്കുന്ന അപൂർവ ധാതുക്കളുടെ കലവറ മാത്രമല്ല ട്രംപിനെ മോഹിപ്പിക്കുന്നത്. ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കയോട് അടുത്തുനിൽക്കുന്ന പ്രദേശം സ്വന്തമായാൽ യൂറോപ്പിനുമേൽ ലഭിക്കുന്ന ഭൂമിശാസ്ത്രപരമായ മേൽക്കൈ കൂടിയാണ് ഇതിലെ പ്രധാന ആകർഷണം.

എണ്ണ തന്നെ മുഖ്യം

ഹ്യൂഗോ ഷാവെസ് എന്ന അതികായൻ വെനിസ്വേല ഭരിക്കുന്ന 1998ൽ രാജ്യത്തെ എണ്ണ ദേശസാത്കരിച്ചതോടെ തുടങ്ങിയതാണ് അമേരിക്കൻ എണ്ണ കമ്പനികൾക്ക് ആധി. മയക്കുമരുന്ന് കടത്ത് ആരോപിച്ച് സമീപ നാളുകളിൽ ട്രംപ് പിന്നാലെ കൂടുമ്പോൾ അറിഞ്ഞോ അറിയാതെയോ തന്റെ യഥാർഥ ലക്ഷ്യം ഈ എണ്ണ മാത്രമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചുകൊണ്ടിരുന്നു. അരുതെന്ന് ലോകം മുഴുവൻ വിലക്കുകയും ആഗോള സംഘടനകൾ സമ്മർദം ചെലുത്തുകയും ചെയ്തിട്ടും വിഷയം മറ്റൊന്നായതിനാൽ പിൻവാങ്ങാൻ ട്രംപിനായില്ല. 30,300 കോടി ബാരൽ എണ്ണ നിക്ഷേപം വെനിസ്വേലയിലുണ്ടെന്നാണ് കണക്ക്. തൊട്ടുപിറകിലുള്ള സൗദി (26,700 കോടി ബാരൽ), ഇറാൻ (20,860 കോടി ബാരൽ), കാനഡ (16,363 കോടി ബാരൽ), ഇറാഖ് (14,500 കോടി ബാരൽ) എന്നിവിടങ്ങളിൽനിന്നെല്ലാം വേണ്ടുവോളം എണ്ണ യു.എസിലെത്തുമ്പോൾ സമീപത്തുള്ള വെനിസ്വേലക്കു മാത്രം ‘കെറുവ്’ എന്തുകൊണ്ടെന്നതായിരുന്നു പ്രശ്നം. എണ്ണയുൽപാദനം സർക്കാർ വഴിയായതോടെ ലാറ്റിൻ അമേരിക്കയിലെ സമ്പന്ന രാജ്യമാണിന്ന് വെനിസ്വേല. ‘അമേരിക്കയുടെ കോടീശ്വരൻ’ എന്ന പേരുതന്നെ അവരുടെ സാമ്പത്തികശേഷി വ്യക്തമാക്കുന്നു. സാധാരണ ഭീകരതക്കുപകരം വെനിസ്വേലക്കുമേൽ ചാർത്തപ്പെട്ടത് മയക്കുമരുന്ന് ഭീകരത എന്നാണ്. നിരവധി വെനിസ്വേല കപ്പലുകൾ പിടിച്ചെടുത്തും യുദ്ധവിമാനങ്ങളയച്ച് ആയുധങ്ങൾ വർഷിച്ചും വരാനിരിക്കുന്നതിന്റെ സൂചന നൽകുകയും ചെയ്തു.

പിന്തുണച്ചും മിണ്ടാതിരുന്നും അയൽക്കാർ

മറയില്ലാത്ത അധിനിവേശമാണിതെന്ന് ഉറപ്പായിട്ടും വെനിസ്വേലയുടെ അയൽരാജ്യങ്ങളിൽ കുറെ പേർ ട്രംപിനെ പിന്തുണച്ച് രംഗത്തെത്തിയതാണ് ഏറ്റവും കൗതുകകരമായത്. അർജന്റീന, എക്വഡോർ, പാനമ, കരീബിയൻ രാജ്യങ്ങളായ ട്രിനിഡാഡ് ടുബേഗോ, ഗയാന എന്നിവയെല്ലാം യു.എസ് സാമ്രാജ്യത്വ നടപടി ശരിയായെന്ന് പറഞ്ഞപ്പോൾ, ഭയം കൊണ്ടാകാം, പെറു, ബർബഡോസ്, കൊസ്റ്ററീക, ജമൈക്ക എന്നിവയൊന്നും പ്രതികരിക്കാൻ തയാറായതേയില്ല. മെക്സികോ, ബ്രസീൽ, കൊളംബിയ, ക്യൂബ, ഹോണ്ടുറാസ് രാജ്യങ്ങൾ മാത്രമാണ് പരസ്യമായി എതിർത്തത്.

എങ്കിലും ട്രംപിന്റെ അമേരിക്കക്ക് വെല്ലുവിളികൾ

തീരുവ യുദ്ധം നയിച്ചും പൂർവേഷ്യയിലടക്കം പുതിയ ആയുധ സമവാക്യങ്ങൾ സൃഷ്ടിച്ചും അമേരിക്ക സമീപകാലത്ത് പയറ്റുന്നത് കൂടുതൽ ആക്രമണോത്സുകമായ രാഷ്ട്രീയമാണ്. ഏഴും എട്ടും രാജ്യങ്ങളുടെ പ്രശ്നങ്ങൾ താൻ ഒറ്റക്ക് പരിഹരിച്ചുവെന്നും അതിനാൽ നൊബേൽ വേണമെന്നും അവകാശപ്പെട്ട ട്രംപ് അതിന് കഴിയാതെ വന്നപ്പോൾ വെനിസ്വേലയിൽ മദൂറോയുടെ എതിരാളിക്ക് അത് വാങ്ങിക്കൊടുക്കുക തന്നെ ചെയ്തുവെന്ന് കരുതുന്നവരേറെ. യു.എൻ അനുബന്ധ സംഘടനകളടക്കം ലോകത്തെ ഒട്ടുമിക്ക ആഗോള വേദികളിൽനിന്നും അമേരിക്ക ഇന്ന് പിൻവാങ്ങിക്കഴിഞ്ഞു. വിശാലമായ ചില ലക്ഷ്യങ്ങൾ തങ്ങൾക്കുണ്ടെന്ന പ്രഖ്യാപനമായിരുന്നു ഈ പിന്മാറ്റം.

ഇത്രയൊക്കെയാകുമ്പോഴും അമേരിക്കയെ തുറിച്ചുനോക്കുന്ന പ്രശ്നങ്ങൾ വലുതാണെന്ന് നിരീക്ഷകർ പറയുന്നു. ആഗോള രാഷ്ട്രീയത്തിൽ ചൈന പതിയെ കയറിപ്പിടിച്ച ഇടം തന്നെ ഒന്നാമത്തേത്. ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെല്ലാം ചൈനയുടെ സ്വാധീനം ഏറെ ശക്തമാണ്. ഏഷ്യയിലും ചൈന കൂടുതൽ പിടിമുറുക്കുകയാണ്. അമേരിക്കയുടെ സ്വന്തം ട്രഷറി ബോണ്ടുകൾ പോലും ചൈന വാങ്ങിക്കൂട്ടിയിട്ടുണ്ട്. പുറമെ ഡോളർ ആഗോള സമ്പദ്‍വ്യവസ്ഥയിൽ പതിയെ പിറകോട്ടുപോകുന്നതും ഉയർന്നുവരുന്ന അമേരിക്കൻ കടവുമെല്ലാം രാജ്യത്തെ തുറിച്ചുനോക്കുന്ന പ്രശ്നങ്ങൾ.

ലോകത്തിനെന്തുപറ്റി?

കോൺഗ്രസിന്റെ അനുമതിയില്ലാതെ മറ്റൊരു രാജ്യത്തിനു മേൽ ആക്രമണത്തിന് പ്രസിഡന്റ് ഉത്തരവിടരുതെന്നാണ് അമേരിക്കൻ നിയമം. അത് പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, ലോക സംവിധാനങ്ങളും ട്രംപിന് മുന്നിൽ മുട്ടുകുത്തിനിന്നു. യു.എൻ രക്ഷാസമിതി ചേർന്ന് അനുമതി ലഭിച്ച ശേഷമേ മറ്റൊരു രാജ്യത്തെ ആക്രമിക്കാവൂ എന്നാണ് നിയമം. അങ്ങനെ ഒരു കൂടലും കേട്ടില്ല. അന്ന് സദ്ദാമിനെയും ഗദ്ദാഫിയെയും വേട്ടയാടാൻ ഇങ്ങനെ രക്ഷാസമിതി കൂടിയിരുന്നു. അനുമതി എളുപ്പം ചുട്ടെടുക്കുകയും ചെയ്തിരുന്നു. ഇറാഖിലും അഫ്ഗാനിലും ആക്രമണത്തിന് തരപ്പെടുത്തിയ യു.എൻ അനുമതി അടുത്തിടെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പലവുരു പറഞ്ഞുകേട്ടു. എന്നാൽ, ഇത്തവണ വെനിസ്വേലയിൽ ആക്രമിച്ചെന്ന് മാത്രമല്ല, റഷ്യയുടേതടക്കം അഞ്ചു എണ്ണ ടാങ്കറുകൾ അമേരിക്ക പിടിച്ചടക്കുകയും ചെയ്തു. എന്നിട്ടും കാര്യമായ പ്രതികരണമുണ്ടായില്ല. അധിനിവേശം കൂടുതൽ രൗദ്രത നേടുന്ന പുതുകാലത്ത് ചെറുത്തുനിൽക്കാൻ ലോകം കൂടെയുണ്ടാകില്ലെന്നാണ് ഇതിനർഥം. എങ്കിൽ വരാനിരിക്കുന്നത് ഭീഷണമായ അധിനിവേശങ്ങളുടെ നാളുകളാണ്. ആഗോള കൂട്ടായ്മകൾ കൂടുതൽ ദുർബലമാകുന്നതിന്റെയും. അതിലൊന്നാണ് പുതുവർഷ ദിനത്തിൽ ചൈന നടത്തിയ തായ്‍വാൻ അധിനിവേശ പ്രഖ്യാപനം.

Show Full Article
TAGS:venezuela Donald Trump China Russia 
News Summary - donald trump and Venezuelan conquest
Next Story