പൂങ്കാവനമായി നിലനിൽക്കണം നമ്മുടെ ഇന്ത്യ
text_fieldsആധുനിക ഇന്ത്യയുടെ ഏറ്റവും അഭിമാനകരമായ ദിവസങ്ങളിലൊന്നായിരുന്നു 1984 ഏപ്രിൽ മൂന്ന്. ആദ്യമായി ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തിലിറങ്ങിയ ദിവസം. ഇന്ത്യൻ വ്യോമസേനയിലെ സ്ക്വാഡ്രൺ ലീഡറായിരുന്ന രാകേഷ് ശർമക്കായിരുന്നു ആ ചരിത്ര നിയോഗം. ബഹിരാകാശ നിലയത്തിൽനിന്ന് ആശയവിനിമയം നടത്തിയ ശർമയോട് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ആദ്യ ചോദ്യം ഇങ്ങനെയായിരുന്നു: ‘‘അവിടെനിന്ന് നോക്കുമ്പോൾ എങ്ങനെയുണ്ട് നമ്മുടെ ഇന്ത്യ?’’ ഉടനടി മറുപടി വന്നു: ‘‘എനിക്ക് നിറഞ്ഞ അഭിമാനത്തോടെ പറയാൻ സാധിക്കും, സാരേ ജഹാം സെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ!’’
ഇന്ത്യ എന്ന അഭിമാനത്തെ അത്രമേൽ ഹൃദ്യമായി നിരൂപിക്കാൻ മഹാകവി ഡോ. അല്ലാമാ മുഹമ്മദ് ഇഖ്ബാൽ രചിച്ച ദേശസ്നേഹ ഗീതത്തിലെ വരികളെക്കാൾ മികച്ചതെന്തുണ്ട്? വിശ്വശ്രേഷ്ഠമാണ് നമ്മുടെ രാജ്യമെന്നും ഈ പൂവാടിയിലെ വാനമ്പാടികളാണ് ഇവിടത്തെ ജനങ്ങളെന്നും ഉറക്കെപ്പാടിയ ആ ദാർശനികന്റെ 87ാം വിയോഗ വാർഷിക ദിനമാണിന്ന്. ലോകത്താകമാനംതന്നെ നോക്കിയാലും സാരെ ജഹാം സെ അച്ഛാ എന്ന് തുടങ്ങുന്ന ‘തരാനെ ഹിന്ദി’നെക്കാൾ ജനകീയവും അർഥസമ്പുഷ്ടവുമായ ഒരു ദേശഭക്തിഗാനം കണ്ടെത്താനാവില്ല.
1877 നവംബർ ഒമ്പതിന് പഞ്ചാബിലെ സിയാൽകോട്ടിൽ ജനിച്ച ഇഖ്ബാലിന്റെ ബിരുദ-ബിരുദാനന്തര ബിരുദ പഠനം ലാഹോറിലെ ഗവൺമെന്റ് കോളജിലായിരുന്നു. ലാഹോർ ഓറിയന്റൽ കോളജിലും ഗവ. കോളജിലുമായി അറബി, ഇംഗ്ലീഷ് വിഷയങ്ങളിൽ അധ്യാപകനായി. ചെറുതായി കവിതകൾ എഴുതുന്ന മൃദുഭാഷിയായ ഇഖ്ബാൽ അന്നേ ബഹുഭാഷാ പണ്ഡിതൻ എന്ന നിലയിൽ ആദരിക്കപ്പെട്ടിരുന്നുവെങ്കിലും നേതാവ്, പ്രസംഗകൻ എന്ന നിലയിലൊന്നും പ്രശസ്തനായിരുന്നില്ല. ലാഹോർ കോളജിലെ എം.എ വിദ്യാർഥിയും പിൽക്കാലത്ത് ഗദ്ദർ പാർട്ടിയുടെ നേതാവുമായി മാറിയ ലാലാ ഹർദയാലിന്റെ ക്ഷണം സ്വീകരിച്ച് യങ് മെൻ ഇന്ത്യൻ അസോസിയേഷൻ (വൈ.എം.ഐ.എ)രൂപവത്കരണ യോഗത്തിൽ അധ്യക്ഷനായെത്തിയ അല്ലാമ പ്രസംഗത്തിന് പകരം സാരേ ജഹാം സെ അച്ഛാ എന്ന ഗീതം ചൊല്ലിയത് സദസ്സിനെയൊന്നാകെ ഇളക്കിമറിച്ചു. ഈ പശ്ചാത്തലം പരാമർശിച്ചുകൊണ്ട് 1904 ആഗസ്ത് 16ന് വൈ.എം.ഐ.എ ഉദ്ഘാടന വാർത്തക്കൊപ്പം അൽ ഇത്തിഹാദ് ഉർദു വാരികയിൽ ഗീതം അച്ചടിച്ചുവന്നതോടെ നാടൊട്ടുക്കും ഇതിന്റെ പുകൾ പരന്നു. ഇന്ത്യൻ സാർവദേശീയത ഉദ്ഘോഷിക്കുന്ന ഗാനം സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ പടപ്പാട്ടായി മാറി. തടവറയിൽ കഴിയവെ മഹാത്മജിയുടെ പ്രിയശീലുകളിൽ ഒന്നുമായിരുന്നു ഇത്. 1947 ആഗസ്റ്റ് 15ന് രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനവേളയിൽ ദേശീയ നേതാക്കൾ ഒത്തുചേർന്ന് ആലപിച്ചതും സാരേ ജഹാം സെ അച്ഛ തന്നെ.
അറിവിനായുള്ള അലച്ചിലായിരുന്നു ഇഖ്ബാലിന്റെ ജീവിതം. അതുകൊണ്ടുതന്നെ അധ്യാപന ജോലി പാതിവഴിയിൽ നിർത്തി 1905ൽ ഉപരിപഠനത്തിനായി യൂറോപ്പിലെത്തി. കേംബ്രിജിലെ ട്രിനിറ്റി കോളജിൽനിന്ന് ബിരുദമെടുത്തു. ലിങ്കൻസ് ഇന്നിൽ നിന്ന് ബാർ അറ്റ് ലോ പാസായി ബാരിസ്റ്ററായി. ‘മെറ്റാഫിസിക്സിന്റെ വികാസം പേർഷ്യയിൽ’ എന്ന വിഷയത്തിലാണ് ജർമനിയിലെ മ്യൂണിക് സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി കരസ്ഥമാക്കിയത്.
ഡൽഹിയിലെ ജാമിഅ മില്ലിയ സർവകലാശാലയുടെ സ്ഥാപകരിൽ ഒരാളാണ് ഇഖ്ബാൽ. വി.സി പദവി ഏറ്റെടുക്കാൻ ഏവരും ആവശ്യപ്പെട്ടപ്പോൾ അദ്ദേഹമത് നിരസിക്കുകയായിരുന്നു. ഭരണകൂടത്തിനും പാരതന്ത്ര്യത്തിനുമെതിരെ എഴുതാനും ശബ്ദിക്കാനുമുണ്ട്, അതിന് ഈ പദവി വിലങ്ങാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ തടസ്സവാദം.
ഇന്ത്യൻ ദേശീയ ഗാനമായ ജനഗണ മനയുടെ രചയിതാവും നൊബേൽ സമ്മാന ജേതാവുമായ മഹാകവി രബീന്ദ്രനാഥ് ടാഗോറുമായി ദാർശനികതയിലും ശാസ്ത്രത്തോടുമുള്ള സ്നേഹത്തിലും ആഗോളവീക്ഷണത്തിലും വല്ലാത്ത സമാനത പുലർത്തി ഇഖ്ബാൽ. കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ചിന്തകനുമായ കെ. ദാമോദരൻ തന്റെ ഭാരതീയ ചിന്ത എന്ന ഗ്രന്ഥത്തിൽ പറയുന്നു: ‘‘ആധുനിക ഭാരതത്തിന്റെ തത്ത്വചിന്താമണ്ഡലത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ദാർശനിക കവിയാണ് ഇഖ്ബാൽ. അദ്ദേഹത്തിന്റെ തത്ത്വചിന്തക്ക് മഹാകവി ടാഗോറിന്റേതുമായി വളരെ സാമ്യമുണ്ട്. മുഖ്യമായ ചില വ്യത്യാസവുമുണ്ട്. ഉപനിഷത്തുകളിലെ ആത്മീയ വാദമാണ് ടാഗോറിനെ ആകർഷിച്ചതെങ്കിൽ ഖുർആനിന്റെ അഗാധതയിലെ ഉറവകളാണ് ഇഖ്ബാലിന്റെ ദാഹം തീർത്തത്... രണ്ടുപേരും സയൻസിന്റെ ആരാധകരായിരുന്നു. പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും സൗന്ദര്യം ഇരുവരെയും ആകർഷിച്ചു. ഭാവിയിലേക്ക് ഉറ്റുനോക്കി ഭൂതകാലത്തിന്റെ ആത്മീയ ആദർശങ്ങളെ ആധുനികയുഗത്തിന് അനുയോജ്യമാം വിധം വ്യാഖ്യാനിക്കുകയാണ് അവർ രണ്ടുപേരും ചെയ്തത്’’ (പേജ് 581).
ബാങ്കെ ദറ എന്ന തന്റെ കൃതിയിൽ ഇഖ്ബാൽ എഴുതി:
‘‘ജീവിതത്തിന്റെ ഓജസ്സ് കർമങ്ങളിലാണ്,
സൃഷ്ടിയിൽ ആനന്ദിക്കുക,
അതാണ് ജീവിതനിയമം.
എഴുന്നേൽക്കുക, ഒരു പുതുലോകം കെട്ടിപ്പടുക്കുക!
തീജ്വാലകൾകൊണ്ട് നീ നിന്നെത്തന്നെ മൂടുക, ഒരു ഇബ്റാഹീമാവുക.’’
പേർഷ്യൻ ഭാഷയിലെഴുതിയ അസ്റാറെ ഖുദി, റുമൂസെ ബേഖുദി, പയാമെ മശ് രിഖ്, സബൂറെ അജം എന്നിവയും ഉർദുവിലെഴുതിയ ബാങ്കെ ദറ, ബാലെ ജിബ്രീൽ, ദറ്ബെ കലീം, അറ്മുഗാനെ ഹിജാസ് എന്നിവയുമാണ് പ്രധാന കൃതികൾ. ഇഖ്ബാൽ ജീവിച്ചിരിക്കുമ്പോൾതന്നെ അദ്ദേഹത്തിന്റെ തത്ത്വചിന്തകളെപ്പറ്റി പഠനങ്ങൾ നടന്നിരുന്നു. ഇംഗ്ലീഷ്, അറബി, ഉർദു, പേർഷ്യൻ ഭാഷകളിലായി രണ്ടായിരത്തോളം പഠനങ്ങളാണുണ്ടായത്.
അഹ്മദ് മൂന്നാംകൈ രചിച്ച ‘ഇഖ്ബാൽ: ഹൃദയത്തിലേക്കൊരു തീർഥാടനം’ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ പ്രഫ. എം.എൻ. വിജയൻ എഴുതി: ‘‘കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിലെ പ്രഫസർ ആർ.എ. നിക്സൻ ഇഖ്ബാലിന്റെ ‘അസ്റാറെ ഖുദി’ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. മലയാളത്തിലേക്ക് അത് മൊഴിമാറ്റിത്തന്നത് വക്കം അബ്ദുൽ ഖാദറാണ്. ഇഖ്ബാലിന്റെ ചിന്തകളെയും ഗ്രന്ഥങ്ങളെയും മലയാളത്തിലേക്ക് വേണ്ടപോലെ ആരും പകർത്തിയില്ല.’’
ഇഖ്ബാലിന്റെ ദേഹവിയോഗത്തിൽ ടാഗോർ കുറിച്ചതിങ്ങനെ: ‘‘ഈ മഹാകവിയുടെ നിര്യാണം നമ്മുടെ ദേശീയ സാഹിത്യത്തിന് കനത്ത മുറിവാണ് സൃഷ്ടിച്ചത്. വിദേശങ്ങളിൽ ഇന്ത്യയുടെ നാമം വളരെക്കാലം ഉയർത്തിപ്പിടിച്ച ഒരു സാർവലൗകിക ചിന്തകനെയാണ് നമുക്ക് നഷ്ടമായത്.’’
മതങ്ങൾ ഒന്നുംതന്നെ കലഹിക്കാൻ പഠിപ്പിക്കുന്നില്ല എന്ന് ഓർമപ്പെടുത്തിയ മഹാകവിയെ ഓർക്കുന്ന വേളയിൽ മതനിരപേക്ഷ ഇന്ത്യയുടെ വർത്തമാനകാല അവസ്ഥ ആരെയും നൊമ്പരപ്പെടുത്തുന്നതുതന്നെയാണ്. പക്ഷേ, പ്രത്യാശ കൈവിടേണ്ടതില്ല. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പൊരുതി സ്വാതന്ത്ര്യം സ്വന്തമാക്കിയ മഹിത പാരമ്പര്യമാണ് നമ്മുടേത്. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലാത്ത, വിദ്വേഷം മാത്രം കൈമുതലാക്കിയ ഒരു രാഷ്ട്രീയ സംഹിത രാജ്യം വാഴുന്ന കാലത്ത് അവരുടെ വിനാശ നയങ്ങൾക്കെതിരെ പ്രതിരോധം തീർക്കാനും ഇഖ്ബാലിന്റെ ഗീതങ്ങളും ദർശനവും നമുക്ക് കരുത്തു പകരണം. വർഗീയതയെയും വംശീയതയെയും ചെറുത്ത് സ്വാതന്ത്ര്യ സമര സേനാനികൾ വിഭാവനം ചെയ്തതുപോലൊരു പൂങ്കാവനമാക്കി ഇന്ത്യയെ വീണ്ടെടുക്കുകതന്നെ വേണം.
(ഹ്യൂമനിസം ഇൻ മോഡേൺ ഇന്ത്യൻ തോട്ട് വിത്ത് സ്പെഷൽ റഫറൻസ് ടു ശ്രീനാരായണ ഗുരു, രാമലിംഗ സ്വാമി വള്ളലാർ ആൻഡ് ഡോ. അല്ലാമാ മുഹമ്മദ് ഇഖ്ബാൽ എന്നതാണ് മുതിർന്ന മാധ്യമ പ്രവർത്തകനായ ലേഖകന്റെ ഗവേഷണ വിഷയം)