തെരഞ്ഞെടുപ്പു കമീഷൻ: ഒരു അത്യസാധാരണ വിജ്ഞാപനത്തിന്റെ കഥ
text_fieldsമുഖ്യ തെരഞ്ഞെടുപ്പു കമീഷണർ ഗ്യാനേഷ് കുമാർ ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം
↓
ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിൽ തീർത്തും പവിത്രമായൊരു പദവിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടേത്. രാഷ്ട്രപതി നിയമിച്ചുകഴിഞ്ഞാൽ ഒരു സുപ്രീംകോടതി ജഡ്ജിയെ നീക്കാവുന്ന കാരണത്താലും രീതിയിലുമല്ലാതെ ഒരു മുഖ്യ തെരഞ്ഞെടുപ്പു കമീഷണറെ തൽസ്ഥാനത്തുനിന്ന് നീക്കംചെയ്യാൻ പാടില്ല. അത്രക്കും ശക്തമാണ് ആ പദവി. പേക്ഷ, ഏഴ് പതിറ്റാണ്ടിലധികമായി രാജ്യം തുടർന്നുപോരുന്ന മുഖ്യ തെരഞ്ഞെടുപ്പു കമീഷണറുടെയും മറ്റു തെരഞ്ഞെടുപ്പു കമീഷണർമാരുടെയും നിയമനരീതി ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു. 2023ലാണ് മോദി സർക്കാർ പുതിയ നിയമന സംവിധാനം കൊണ്ടുവന്നത്. പുതിയ സംവിധാനത്തിലൂടെ തങ്ങളുടെ സ്വന്തക്കാരനായ ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചുകൊണ്ടുള്ള മോദിയുടെ പാതിരാ വിജ്ഞാപനം പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്; വിഷയം കോടതിയിലുമെത്തിയിരിക്കുന്നു. 75 വർഷം പിന്നിട്ട ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന്റെ തന്നെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന മോദി സർക്കാറിന്റെ നടപടികളെ വിമർശനാത്മകമായി വിലയിരുത്തുകയാണിവിടെ.
രാജ്യത്തെ ഏതൊരു തെരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട മേൽനോട്ടവും നിയന്ത്രണവും നിർദേശവും ഒരുക്കവുമെല്ലാം തെരഞ്ഞെടുപ്പ് കമീഷനിൽ നിക്ഷിപ്തമാക്കിയത് ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദമാണ്. തെരഞ്ഞെടുപ്പ് കമീഷന് ഒരു മുഖ്യ തെരഞ്ഞെടുപ്പു കമീഷണറും മറ്റു കമീഷണർമാരെ വേണമെന്നും അവരെ സമയാസമയങ്ങളിൽ രാഷ്ട്രപതി നിയോഗിക്കുമെന്നും അതേ അനുച്ഛേദം വ്യവസ്ഥ ചെയ്തു. മറ്റു കമീഷണർമാരെ നിയമിക്കുമ്പോൾ മുഖ്യതെരഞ്ഞെടുപ്പു കമീഷണർ കമീഷന്റെ ചെയർമാനായി വർത്തിക്കും.
തുടർന്ന് ഓരോ സംസ്ഥാന നിയമസഭകളിലേക്കും കൗൺസിലുകളിലേക്കുമുള്ള തെരഞ്ഞെടുപ്പിന് തങ്ങളെ സഹായിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർമാരെയും നിയമിക്കും. രാഷ്ട്രപതി നിയമിച്ചുകഴിഞ്ഞാൽ ഒരു സുപ്രീംകോടതി ജഡ്ജിയെ നീക്കാവുന്ന കാരണത്താലും രീതിയിലുമല്ലാതെ മുഖ്യ തെരഞ്ഞെടുപ്പു കമീഷണറെ നീക്കം ചെയ്യാൻ പാടില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ശിപാർശയിലല്ലാതെ കമീഷനിലെ മറ്റു കമീഷണർമാരെയോ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർമാരെയോ നീക്കം ചെയ്യാനുമാവില്ല. ഈ ഭരണഘടനാ വ്യവസ്ഥയിൽനിന്ന്, രാജ്യത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് ഭരണഘടന കൽപിക്കുന്ന പവിത്രത വ്യക്തം.
ഇത്രമേൽ വ്യക്തതയോടെ പതിറ്റാണ്ടുകളായി തുടർന്നുപോന്നിരുന്ന മുഖ്യ തെരഞ്ഞെടുപ്പു കമീഷണറുടെയും മറ്റു തെരഞ്ഞെടുപ്പു കമീഷണർമാരുടെയും നിയമനരീതി കീഴ്മേൽ മറിയുന്നത് 2023ൽ നരേന്ദ്ര മോദി സർക്കാർ നടത്തിയ ഒരു നിയമ നിർമാണത്തോടെയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും മറ്റു കമീഷണർമാരും (നിയമന- സേവന- കാലയളവ്) ബിൽ 2023 എന്ന ഭരണഘടനാ ഭേദഗതി ബിൽ കൊണ്ടുവന്നാണിത് ചെയ്തത്. തെരഞ്ഞെടുപ്പ് കമീഷൻ നിയമനവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 324(5) അനുച്ഛേദത്തിലെ സർക്കാറിന്റെയും പാർലമെന്റിന്റെയും ആദ്യ ഇടപെടലായി അത്. 2023 മാർച്ചിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധിയെ തുടർന്നായിരുന്നു ഇത്. നിഷ്പക്ഷവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പിന് മുഖ്യ തെരഞ്ഞെടുപ്പു കമീഷണറെയും തെരഞ്ഞെടുപ്പു കമീഷണർമാരെയും തെരഞ്ഞെടുക്കുന്ന പ്രക്രിയയും നിഷ്പക്ഷവും നീതിപൂർവകവുമാണെന്നതായിരുന്നു ആ സുപ്രീംകോടതി വിധിയുടെ ചൈതന്യം.
2014ൽ നരേന്ദ്ര മോദി അധികാരമേറ്റെടുത്തതിൽ പിന്നെ ഉയർന്നുവന്ന തെരഞ്ഞെടുപ്പ് ക്രമക്കേടുകളും പെരുമാറ്റ ചട്ടലംഘനങ്ങളുമായി വ്യാപകമായ പരാതികളെ തുടർന്നായിരുന്നു നിർണായകമായ ഈ ഇടപെടൽ. ഓരോ തെരഞ്ഞെടുപ്പ് വേളയിലും ഇതുമായി ബന്ധപ്പെട്ട ഹരജികളുടെ കുത്തൊഴുക്ക് സുപ്രീംകോടതി നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. അങ്ങനെയാണ് പ്രധാനമന്ത്രിയുടെ മാത്രം ശിപാർശയിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കുകയെന്ന രീതിക്ക് സുപ്രീം കോടതി വിരാമമിട്ടത്.
അതിനായി പാർലമെന്റ് ഒരു നിയമ നിർമാണം നടത്തുന്നതുവരെ ഒരു മാതൃകാ സംവിധാനവും ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് വിധിയിലൊരുക്കി. പ്രസ്തുത പദവികളിലേക്ക് നിയമനത്തിനുള്ള ശിപാർശ സർക്കാറിന് നൽകാൻ പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഒരു ഉന്നതാധികാര സമിതിക്ക് സുപ്രീംകോടതി രൂപം നൽകി. എന്നാൽ, സുപ്രീംകോടതി വിധിയിലെ അക്ഷരങ്ങളെ ഭാഗികമായി സ്വീകരിച്ച് ബാക്കി അക്ഷരങ്ങളെയും ആ വിധിയുടെ ചൈതന്യത്തെയും അപ്പാടെ നിരാകരിച്ച് അതിന് നേർവിപരീതമായ ഒരു നിയമ നിർമാണം സർക്കാർ പാർലമെന്റിൽ നടത്തുന്നതാണ് പിന്നീട് രാജ്യം കണ്ടത്.
മൂന്ന് ഭരണ ഘടനാ പദവികളെ ചേർത്തുവെച്ച് സുപ്രീംകോടതി കാണിച്ചുകൊടുത്ത സന്തുലിതത്വത്തിന്റെ കടക്കൽ തന്നെ സർക്കാർ കത്തിവെച്ചു. നീതിപൂർവകവും നിഷ്പക്ഷവുമായ കമീഷൻ രാജ്യത്ത് നിലവിൽ വരുന്നതിനുവേണ്ടി ഏതൊരു രീതിക്കാണോ സുപ്രീംകോടതി തടയിട്ടത് അതേ രീതി കൂടുതൽ ശക്തമായി സർക്കാർ പുനഃസ്ഥാപിച്ചു. പ്രധാനമന്ത്രിയുടെ മാത്രം ശിപാർശയിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കുകയെന്ന രീതി മാറ്റി, ഉന്നതാധികാര സമിതിയിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ വെട്ടിമാറ്റുകയും തൽസ്ഥാനത്ത് പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു കേന്ദ്ര മന്ത്രിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. സുപ്രീംകോടതി നിഷ്കർഷിച്ച 1:1:1 എന്ന ഭരണഘടനാപരമായ സന്തുലനത്തെ 2:1 എന്ന അനുപാതത്തിൽ പ്രധാനമന്ത്രിക്ക് മൂന്നിൽ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം ലഭിക്കുന്ന തരത്തിൽ അട്ടിമറിച്ചു. തന്റെ ഏറ്റവുമടുത്ത വിശ്വസ്തനായ അമിത് ഷായെ ഉന്നതാധികാര സമിതിയിൽ ഇരുത്തി പ്രതിപക്ഷ നേതാവിനെ നോക്കുകുത്തിയാക്കി രാജ്യത്തെ തെരഞ്ഞെടുപ്പുകളുടെ മേൽനോട്ടവും നിയന്ത്രണവും നിർദേശവും ഒരുക്കവുമെല്ലാം ഫലത്തിൽ പ്രധാനമന്ത്രി കവർന്നെടുക്കുന്നതാണ് നാം കണ്ടത്.
ഇതാണ് പ്രതിപക്ഷ നേതാവ് തുറന്നുകാട്ടിയത്. സുപ്രീംകോടതിയിലെ ഹരജികളുടെ തീർപ്പിനെ ഇത് സ്വാധീനിച്ചേക്കുമോ എന്ന ശങ്കയിലാണ് മുഖ്യ തെരഞ്ഞെടുപ്പു കമീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ച് പാതിരാ വിജ്ഞാപനം തിരക്കിട്ടിറങ്ങിയത്. രാജ്യം ഉറങ്ങിക്കിടക്കുമ്പോൾ ജനക്ഷേമം ഉറപ്പുവരുത്താൻ ഉണർന്നിരിക്കുന്ന ഭരണാധികാരികളെ കുറിച്ചുള്ള കഥകൾ കേട്ട് വളർന്നവർക്ക് പൗരന്മാർ ഉറങ്ങാൻ പോകുന്ന പാതിരാവുകളിൽ ഉണർന്നിരുന്ന് സ്വന്തം ക്ഷേമം ഉറപ്പാക്കാനുള്ള അജണ്ടകൾ നടപ്പാക്കുന്ന ഭരണാധികാരിയെയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
വോട്ടുയന്ത്രത്തിനൊപ്പം വിവിപാറ്റുകളെന്തിന്?
യു.പി.എ കാലത്ത് വോട്ടുയന്ത്രത്തിനെതിരെ ബി.ജെ.പി തുടങ്ങിവെച്ച പ്രചാരണവും സുപ്രീം കോടതിയിലെ നിയമയുദ്ധവും 2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ അധികാരമേറ്റതോടെ അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനേക്കാൾ കടുത്ത ഇ.വി.എം ഭക്തരായി മാറി. ഏത് ചിഹ്നത്തിൽ അമർത്തിയാലും താമര വിരിയുന്ന പ്രതിഭാസം രാജ്യത്തിന്റെ പല കോണുകളിൽ ആവർത്തിക്കുകയും പ്രചാരണവേളയിലെ പ്രവണതകൾക്ക് നേർവിപരീതമായി തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരാനും തുടങ്ങിയതോടെ സർക്കാറിന്റെയും കമീഷന്റെയും ഇ.വി.എം ഭക്തിയെ പ്രതിപക്ഷം സംശയിച്ചുതുടങ്ങി.
വോട്ടുയന്ത്രത്തിനെതിരെ സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ വീണ്ടും രംഗത്തുവരാനും തുടങ്ങി. അമർത്തിയ ബട്ടണുകളിൽ തന്നെയാണ് വോട്ടു വീണതെന്നുറപ്പിക്കാൻ വോട്ടുയന്ത്രങ്ങൾക്കൊപ്പം വിവിപാറ്റ് ഘടിപ്പിക്കാനുള്ള 2013ലെ തീരുമാനം നടപ്പാക്കാമെന്ന് കമീഷനും കേന്ദ്രവും സുപ്രീം കോടതിയെ അറിയിച്ചത് അങ്ങനെയാണ്. വോട്ടിൽ സംശയമുണ്ടായാൽ എണ്ണിനോക്കാനായി കോടികൾ ചെലവിട്ട് ഓരോ വോട്ടുയന്ത്രത്തിനൊപ്പവും വിവിപാറ്റ് ഘടിപ്പിച്ചു. വോട്ടുയന്ത്രത്തിന് ചെലവാക്കിയതുപോലെ ഭീമമായ തുക വിവിപാറ്റിനും കമീഷൻ ചെലവിട്ടു. വോട്ടുയന്ത്രത്തിൽ ഓരോ തവണ അമർത്തുമ്പോഴും ബാലറ്റ് പേപ്പറിന്റെ മിനിയേച്ചറുകൾ വിവിപാറ്റിൽ വന്നുവീഴാൻ തുടങ്ങി. എന്നാൽ, വോട്ടെണ്ണുമ്പോൾ സംശയമുണ്ടായാൽ പോലും വിവിപാറ്റുകളിൽ വന്നുവീണ പേപ്പറുകൾ മുഴുവനായും എണ്ണിനോക്കാവില്ലെന്ന വിചിത്ര നിലപാടാണ് കേന്ദ്ര സർക്കാറും തെരഞ്ഞെടുപ്പ് കമീഷനും സ്വീകരിച്ചത്. ചെറിയ ഒരു ശതമാനം എടുത്ത് എണ്ണിനോക്കാമെന്ന് സർക്കാറും കമീഷനും പറഞ്ഞപ്പോൾ സുപ്രീംകോടതിയും അതംഗീകരിച്ചു. എണ്ണാനല്ലെങ്കിൽ പിന്നെന്തിനാണ് കോടികൾ മുടക്കി വിവിപാറ്റുകൾ ഘടിപ്പിച്ചതെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയും ചെയ്തു.
വോട്ടുയന്ത്രം ആദ്യം വന്നതും വിവാദമായതും കേരളത്തിൽ
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ബാലറ്റ് പേപ്പറുകൾക്കുപകരം വോട്ടുയന്ത്രം കൊണ്ടുവരാൻ 1977ലാണ് ഹൈദരാബാദിലെ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനെ(ഇ.സി.ഐ.എൽ) ചുമതലപ്പെടുത്തുന്നത്. ആദ്യമായി വികസിപ്പിച്ച വോട്ടുയന്ത്രം 1980 ആഗസ്റ്റ് ആറിന് രാഷ്ട്രീയ പാർട്ടികൾക്ക് മുന്നിൽ കമീഷൻ പ്രദർശിപ്പിച്ചു. പിന്നീട് ഇ.സി.ഐ.എല്ലിനൊപ്പം ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനെയും (ബെൽ) പദ്ധതിയുടെ ഭാഗമാക്കി. കേരളത്തിൽ 1982 മേയ് മാസം നടന്ന പൊതുതെരഞ്ഞെടുപ്പിലാണ് ആദ്യമായി വോട്ടുയന്ത്രം പരീക്ഷിച്ചത്.
നിയമ ഭേദഗതി നടത്താതെ കൊണ്ടുവന്ന പരിഷ്കാരം നിയമസാധുതയില്ലാത്തതാണെന്നുകണ്ട് സുപ്രീം കോടതി റദ്ദാക്കി. ഇതേത്തുടർന്ന് വോട്ടുയന്ത്രം നടപ്പാക്കാനായി 1951ലെ ജനപ്രാതിനിധ്യ നിയമത്തിൽ 1989ൽ ഭേദഗതി കൊണ്ടുവന്നു. എന്നിട്ടും വോട്ടുയന്ത്രത്തിന്റെ കാര്യത്തിൽ കമീഷനും പാർട്ടികളും സമവായത്തിലെത്തിയില്ല. 1998ൽ ഒരു സമവായമുണ്ടായപ്പോൾ മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ വോട്ടുയന്ത്രം പരീക്ഷിച്ചു. 1999ൽ 45 ലോക്സഭാ മണ്ഡലങ്ങളിലേക്കും 2000 ഫെബ്രുവരിയിൽ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ 45 നിയമസഭ മണ്ഡലങ്ങളിലേക്കും തുടർന്ന് എല്ലാ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കും വോട്ടുയന്ത്രം കൊണ്ടുവന്നു. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യമായി രാജ്യത്തൊട്ടാകെ വോട്ടുയന്ത്രമിറക്കി. അതോടൊപ്പം പരാതികളും വരാൻ തുടങ്ങി.
ഇങ്ങനെയുമുണ്ടായിരുന്നു ഒരു കാലം
തെരഞ്ഞെടുപ്പ് കമീഷന്റെ ചരിത്രം പരിശോധിക്കുമ്പോൾ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എന്ന പദവിയില്‍ വിജയിച്ചവരുടെ എണ്ണം ചുരുക്കം. സംശയമില്ല, ടി.എന്‍. ശേഷനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എന്ന പദവി ഏറ്റവും കരുത്തുറ്റതും ജനകീയവുമാക്കിയത്. ഇന്നുവരെയുള്ള 25 മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍മാരില്‍ തിളങ്ങിയത് എസ്.വൈ. ഖുറൈശി, ഡോ.എം.എസ്. ഗില്‍ എന്നിങ്ങനെ ചുരുക്കം ചിലര്‍ മാത്രമാണ്. ആന്ധ്ര സ്വദേശിയായ വി.എസ്. രമാദേവിയാണ് ആ പദവിയില്‍ എത്തിയ ഏക വനിത.എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷന് എന്ന സ്ഥാപനം കെട്ടിപ്പടുക്കുന്നതിലും ഒന്നുമില്ലായ്മയില്‍ നിന്ന് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രണ്ട് പൊതു തെരഞ്ഞെടുപ്പുകള്‍ വിജയകരമായി നടത്തിയതിനുമുള്ള ബഹുമതി ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സുകുമാര്‍ സെന്നിനാണ്. 1950 മാര്‍ച്ച് 21 മുതല്‍ 1958 ഡിസംബര്‍ 19 വരെയാണ് അദ്ദേഹം പദവി വഹിച്ചത്.
പ്രഥമ തെരഞ്ഞെടുപ്പ് കമീഷണർ സുകുമാർ സെൻ
ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ചരിത്രത്തില്‍ തന്നെ തിളങ്ങുന്ന ഏടാണ് സുകുമാര്‍ സെന്‍. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിെൻറ ചുമതല വിജയകരമായി സംഘടിപ്പിക്കേണ്ട ദൗത്യം ജവഹർലാൽ നെഹ്റുവാണ് സുകുമാർ സെന്നിനെ ഏൽപിക്കുന്നത്. 1951 ഒക്ടോബര്‍ 25 മുതല്‍ 1952 ഫെബ്രുവരി 21 വരെ നടന്ന തെരഞ്ഞടുപ്പിൽ 25 സംസ്ഥാനങ്ങളിലെ 401 മണ്ഡലങ്ങളില്നിനായി 489 പ്രതിനിധികളെയാണ് തെരഞ്ഞെടുക്കേണ്ടിയിരുന്നത്. സുകുമാർ സെന്നിന് ഏറ്റെടുക്കേണ്ടിവന്ന ആദ്യ കർത്തവ്യം തെരഞ്ഞെടുപ്പ് നടത്തിപ്പിനായി ഒരു സംവിധാനം ഒരുക്കുകയായിരുന്നു.
ഉദ്യോഗസ്ഥരെ നിയമിക്കണം, പ്രാദേശിക കമീഷനുകളെ നിശ്ചയിക്കണം, അതിബൃഹത്തായ രാജ്യത്തെ വോട്ടർ പട്ടിക തയാറാക്കണം. രാഷ്ട്രീയ പാർട്ടികൾക്ക്ചിഹ്നം അനുവദിക്കണം, മണ്ഡലങ്ങൾ നിശ്ചയിക്കണം, പോളിംഗ് സ്റ്റേഷനുകൾ ഏർപ്പെടുത്തണം എന്നുവേണ്ട എല്ലാ കാര്യങ്ങളും ഒന്നിൽ നിന്ന് തുടങ്ങണം. കർക്കശക്കാരനും മിതഭാഷിയുമായ സുകുമാർ സെൻ അതിവേഗം പിഴക്കാത്ത ചുവടുകൾ വച്ചു. വെല്ലുവിളികളെ ഒന്നൊന്നായി കീഴടക്കി.രാഷ്ട്രീയക്കാരെ അകറ്റി നിർത്തി. അസാധ്യമെന്നു കരുതിയ കാര്യം ചുരുങ്ങിയ നാളുകളിൽ വിജയകരമായി പൂർത്തിയാക്കി. അതുവഴി സുതാര്യതയും നിഷ്പക്ഷതയും കമീഷന്റെ മുഖമുദ്രയുമായി.
കളഞ്ഞുകുളിച്ച വിശ്വാസ്യത
2014നു ശേഷം തെരഞ്ഞെടുപ്പ് ക്രമക്കേടുകളിലും പെരുമാറ്റച്ചട്ട ലംഘനങ്ങളിലും തെരഞ്ഞെടുപ്പ് കമീഷൻ കൈക്കൊണ്ട വിവേചനപരമായ നടപടികളും നിസ്സംഗതയും ആ ഭരണഘടന സ്ഥാപനത്തിന്റെ വിശ്വാസ്യതക്ക് പരിക്കേൽപിച്ച ഗുരുതര സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടപെട്ടത്. സ്വതന്ത്രവും നീതിപൂർവകവുമായ ഒരു തെരഞ്ഞെടുപ്പ് രാജ്യത്ത് കമീഷൻ സാധ്യമല്ലാതാക്കിയെന്ന പ്രതിപക്ഷ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കോടതിക്കും തോന്നിയപ്പോഴായിരുന്നു അത്. പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങളിൽ ചിലത്:
● തെരഞ്ഞെടുപ്പ് തീയതികളും ഘട്ടങ്ങളും പ്രഖ്യാപിക്കുന്നത് പ്രധാനമന്ത്രിക്ക് പ്രചാരണത്തിനുള്ള ഒഴിവും സൗകര്യവും നോക്കി.
● തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രിയും ഭരണപക്ഷ നേതാക്കളും നടത്തുന്ന വിദ്വേഷ പ്രസംഗങ്ങൾ തടയുന്നില്ല.
● തെരഞ്ഞെടുപ്പിൽ വോട്ടർമാരെ തടയാനും സ്വാധീനിക്കാനും ഭരണപക്ഷം പണം വിതരണം ചെയ്യുമ്പോൾ നടപടിയില്ല.
● വോട്ടർപട്ടികയിൽനിന്ന് പ്രതിപക്ഷ വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റി ഭരണപക്ഷം വ്യാജരെ കൂട്ടിച്ചേർക്കുന്നത് തടയുന്നില്ല.
● വോട്ടെടുപ്പ് നാളിൽ ഭീഷണിപ്പെടുത്തിയും പൊലീസിനെ ഉപയോഗിച്ചും പ്രതിപക്ഷ വോട്ടുകൾ തടയുന്നതിൽ നടപടിയില്ല.
● തെരഞ്ഞെടുപ്പ് ദിവസം പൊലീസ് ഭരണപക്ഷ ഏജന്റിനെയല്ലാതെ പോളിങ് ബൂത്തിലിരിക്കാൻ അനുവദിക്കുന്നില്ല.
● ബട്ടണുകൾ ഏതമർത്തിയാലും ഒരേ ചിഹ്നം വോട്ടുയന്ത്രം കാണിക്കുന്നുവെന്ന പരാതികളിലെല്ലാം വരുന്നത് ബി.ജെ.പി ചിഹ്നം.