20 വയസ്സ് തികയുമ്പോഴും ഉറപ്പില്ലാതെ തൊഴിലുറപ്പ് പദ്ധതി
text_fieldsതൊഴിൽ ഒരു അവകാശമായി പ്രഖ്യാപിക്കപ്പെട്ടത് 1966ലാണ്. യു.എൻ പൊതുസഭയിൽ ആ വർഷം ഇതുസംബന്ധിച്ച് ഒരു പ്രമേയം (സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കുള്ള അന്താരാഷ്ട്ര ഉടമ്പടി)അവതരിപ്പിക്കുന്നതോടെയാണ് ലോകത്ത് ഔദ്യോഗികമായിത്തന്നെ ‘തൊഴിലവകാശം’ പ്രാബല്യത്തിൽ വരുന്നത്. ആ സങ്കൽപത്തെ ക്രിയാത്മകമായി രാഷ്ട്ര പുരോഗതിക്ക്, വിശേഷിച്ചും ഗ്രാമ വികസനത്തിന്, സഹായകരമാകുംവിധം ആവിഷ്കരിച്ചത് ഇന്ത്യയിലാണ്. ‘മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി’ എന്നാണ് ആ പരീക്ഷണത്തിന്റെ പേര്. 2005ൽ, ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു.പി.എ സർക്കാർ ആവിഷ്കരിച്ച തൊഴിലുറപ്പ് പദ്ധതിയെ ലോക ബാങ്ക് വിശേഷിപ്പിച്ചത് ‘ഗ്രാമവികസനത്തിന്റെ തിളക്കമാർന്ന മാതൃക’ എന്നാണ്.
1991ലെ നരസിംഹ റാവു സർക്കാറാണ് ഗ്രാമവികസനത്തിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതി എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. എന്നാൽ, ആ ആശയത്തെ മൂർത്തമായ രീതിയിൽ ആവിഷ്കരിക്കാൻ റാവു സർക്കാറിന് കഴിഞ്ഞില്ല. 93ൽ നടപ്പാക്കിയ എംപ്ലോയ്മെന്റ് അഷ്വറൻസ് സ്കീം (ഇ.എ.എസ്) പോലുള്ള പദ്ധതികളൊക്കെയും കാർഷിക മേഖലയിൽ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ഇതിന്റെ തുടർച്ചയിൽ 2001ൽ, വാജ്പേയ് സർക്കാർ സമ്പൂർണ ഗ്രാമീൺ റോജ്ഗർ യോജന നടപ്പാക്കി. ഇതിൽനിന്നെല്ലാം വ്യത്യസ്തമായിരുന്നു തൊഴിലുറപ്പ് പദ്ധതി. 2004ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടന പത്രികയിൽ ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് പരാമർശിച്ചപ്പോൾ, മിക്ക കക്ഷികളും ഇതിന്റെ പ്രായോഗികതയെക്കുറിച്ച് സംശയങ്ങൾ പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പാനന്തരം, ‘ഐക്യ പുരോഗമന സഖ്യം’ (യു.പി.എ) രൂപവത്കരിച്ചപ്പോൾ പൊതുമിനിമം പരിപാടിയിൽ തൊഴിലുറപ്പും ഇടംപിടിച്ചു. രാജ്യത്തെ ജനങ്ങളിൽ കായിക തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ളവർക്ക് ഒരു വർഷം 100 ദിവസം തൊഴിൽ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. തൊഴിലുണ്ടായാലും ഇല്ലെങ്കിലും ഈ പദ്ധതി മിനിമം നൂറു ദിവസത്തെ വേതനം ഉറപ്പുവരുത്തുന്നു. ദിവസ വേതനമായി നിശ്ചയിച്ചത് 291 രൂപയായിരുന്നു. 2005 സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ ഈ നിയമം സെപ്റ്റംബർ ഏഴിന് നിലവിൽവന്നു. തുടക്കത്തിൽ 200 ജില്ലകളിൽ മാത്രമായിരുന്നു പ്രാബല്യത്തിൽ വന്നതെങ്കിലും 2008 ഏപ്രിൽ ഒന്നു മുതൽ രാജ്യത്തെ മുഴുവൻ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.
ചരിത്രം സൃഷ്ടിച്ച പദ്ധതി
മിനിമം കൂലി ഉറപ്പാക്കുന്നതിനൊപ്പം, ഗ്രാമ വികസനത്തിൽ ഈ പദ്ധതി സുപ്രധാന പങ്കുവഹിച്ചു. ഉൽപാദന വർധന, സ്ഥിര ആസ്തി സൃഷ്ടിക്കൽ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്കുണ്ടായിരുന്നു. സ്ത്രീകളുടെ വലിയ പങ്കാളിത്തം ഉറപ്പുവരുത്തിയ പദ്ധതിയിൽ തുല്യ വേതനം എന്ന സങ്കൽപവും വിജയകരമായി നടപ്പാക്കി. ഇത്തരത്തിൽ, സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ അഭിവൃദ്ധി രാജ്യത്തിനും ജനങ്ങൾക്കും പ്രദാനം ചെയ്ത സുപ്രധാനമായൊരു പദ്ധതിയായിരുന്നു തൊഴിലുറപ്പ് പദ്ധതി.
തളരുന്ന ഉറപ്പ്
എന്നാൽ, വർഷങ്ങൾക്കിപ്പുറവും അതിന്റെ തുടക്കത്തിലുണ്ടായ സങ്കൽപത്തിൽതന്നെ മുന്നോട്ടുപോവുകയാണ് ഈ പദ്ധതി. സ്വാഭാവികമായും ഇഴഞ്ഞുള്ള നീക്കമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2025 ഏപ്രിൽ മൂന്നിന് ഗ്രാമവികസനത്തിനും പഞ്ചായത്തീ രാജിനുമായുള്ള സ്റ്റാൻഡിങ് കമ്മിറ്റി പാർലമെന്റിൽ വെച്ച റിപ്പോർട്ട് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. മാസങ്ങളുടെ വേതന കുടിശ്ശികയും മറ്റും കാരണം, തൊഴിലുറപ്പ് തൊഴിലാളികൾ വ്യാപകമായി കൊഴിഞ്ഞുപോകുന്നുവെന്ന് കണ്ടെത്തിയ കമ്മിറ്റി, പ്രശ്ന പരിഹാരത്തിനായി ചില നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇവയാണ്: വേതന കുടിശ്ശിക ഉടൻ തീർക്കുക,വേതനം മിനിമം 400 രൂപയിലേക്ക് വർധിപ്പിക്കുക, തൊഴിൽ ദിനങ്ങളുടെ എണ്ണം നൂറിൽനിന്ന് 150 ആക്കുക.
തൊഴിലുറപ്പിനെ ഞെരുക്കി കേന്ദ്ര സർക്കാർ
നിലവിൽ തൊഴിലുറപ്പ് വേതനം 240 മുതൽ 400 വരെ രൂപയാണ്. തൊഴിലുറപ്പ് പദ്ധതിയെ കാലോചിതമായി പരിഷ്കരിക്കാനുള്ള നിർദേശങ്ങളാണിവയെന്ന് പ്രാഥമിക നിരീക്ഷണത്തിൽനിന്നുതന്നെ മനസ്സിലാക്കാം. ഈ ആവശ്യങ്ങൾ പത്ത് വർഷമായി സർക്കാറിന്റെ മുന്നിലുള്ളതുമാണ്. എന്നാൽ, ഈ നിർദേശങ്ങളോട് പൊതുവിൽ നിഷേധാത്മക സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് കഴിഞ്ഞ വർഷത്തെ ബജറ്റുകൾ വ്യക്തമാക്കുന്നു.
സ്ത്രീ പ്രാതിനിധ്യം
⊿ കേരളത്തിൽ 89 ശതമാനവും വനിതകൾ
തൊഴിലുറപ്പ് തൊഴിലാളികളിൽ 58 ശതമാനവും സ്ത്രീകളാണ്. അഞ്ചു വർഷം മുമ്പ് ഇത് 54 ശതമാനമായിരുന്നു. കേരളത്തിന്റെ വനിത പ്രാതിനിധ്യം 89.2 ശതമാനമാണ്. ഏറ്റവും കുറവ് യു.പിയിലാണ്- 42 ശതമാനം. കുടുംബശ്രീയുടെ സാന്നിധ്യമാണ് കേരളത്തിൽ ഇത്രയും വലിയ പ്രാതിനിധ്യത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
അതേസമയം, മൊത്തം തൊഴിലാളികളുടെ അനുപാതത്തിൽ വനിത പ്രാതിനിധ്യംകൂടുതലാണെങ്കിലും സജീവ തൊഴിൽ എടുക്കുന്ന വനിതകളുടെ എണ്ണം കുറഞ്ഞുവരുന്നതായി കാണാം. 2021-22 വർഷത്തിൽ 5.5 കോടി വനിതകൾ തൊഴിലുറപ്പിന്റെ ഭാഗമായി പ്രവർത്തിച്ചു. മൂന്നു വർഷത്തിനിപ്പുറം അതു കുറഞ്ഞുകുറഞ്ഞ് നാല് കോടിയിലെത്തി. തൊഴിൽദിനങ്ങളുടെ എണ്ണത്തിലും ഈ കുറവ് കാണാം.
ഇല്ലാതാക്കാനോ ഈ അവഗണന?
2025-26 കേന്ദ്ര ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത് 86,000 കോടി രൂപയാണ്. തൊട്ടു മുൻ വർഷവും നീക്കിയിരിപ്പ് ഇതേ തുകയായിരുന്നു. ഇത് അപര്യാപ്തമാണെന്നു മാത്രമല്ല, ഒരുവേള പദ്ധതി ഇല്ലാതാക്കാൻ പോലും ഈ അവഗണന മതിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലുള്ള തൊഴിൽ കാർഡുകളുടെ എണ്ണം, കുടിശ്ശിക തുടങ്ങിയ കാര്യങ്ങൾ മാത്രം പരിഗണിക്കുമ്പോൾതന്നെ, ചുരുങ്ങിയത് 90,000 കോടിയെങ്കിലും വകയിരുത്തേണ്ടതായിരുന്നു.
അതോടൊപ്പം, തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിപ്പിക്കുക, മിനിമം വേതനം കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾകൂടി മുൻനിർത്തി 10,000 കോടിയെങ്കിലും അധികമായി വകയിരുത്തേണ്ടിടത്താണ് മുൻവർഷത്തെ തുകതന്നെ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഫലത്തിൽ, ഈ സാമ്പത്തിക വർഷം തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതന വർധനയുണ്ടാകില്ലെന്ന് ഉറപ്പായി. നിലവിൽ 9860 കോടിയുടെ കമ്മിയിലാണ് പദ്ധതി മുന്നോട്ടുപോകുന്നത്; തൊഴിലാളികൾക്കുള്ള വേതന കുടിശ്ശിക 6949 കോടിയാണ്.
കേരളത്തിൽ വൻ കൊഴിഞ്ഞുപോക്ക്
കേന്ദ്രത്തിൽനിന്ന് ലഭിക്കാനുള്ളത് 534.84 കോടി രൂപ
2025ൽ കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളിലാർക്കും വേതനം ലഭിച്ചിട്ടില്ല. 2024 ഡിസംബർ 19 മുതൽ വേതനം മുടങ്ങിയതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജഷ് നിയമസഭയെ അറിയിച്ചിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷം അവിദഗ്ധ വേതന ഇനത്തിൽ 534.84 കോടി രൂപ കേന്ദ്രത്തിൽനിന്ന് ലഭിക്കാനുണ്ടെന്നും അദ്ദേഹം പറയുന്നു. തൊഴിലുറപ്പിൽ കൂലി ലഭിക്കുന്നില്ല എന്നർഥം. ഇക്കാരണത്താൽ തൊഴിലുറപ്പ് തൊഴിലാളികൾ പദ്ധതിയിൽനിന്ന് പിൻവാങ്ങുകയാണ്. കേരളത്തിന് പുറമെ മറ്റു ചില സംസ്ഥാനങ്ങളിലും ഈ പ്രവണത ദൃശ്യമായിട്ടുണ്ട്. കേരളത്തിന്റെ കാര്യമെടുക്കാം. ലോക്സഭ എം.പി ഡീൻ കുര്യാക്കോസ് ഇതുസംബന്ധിച്ച് പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് വകുപ്പ് മന്ത്രി നൽകിയ മറുപടി ആരെയും ഞെട്ടിക്കുന്നതാണ്.
നാല് വർഷത്തിനിടെ, ആകെ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ എണ്ണത്തിൽ 6.32 ലക്ഷത്തിന്റെ കുറവ് വന്നിരിക്കുന്നു. പുതുതായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണവും കുറയുകയാണ്. ഈ പ്രവണത തുടർന്നാൽ, പദ്ധതി നിശ്ചലമാകും. 2021-22 സാമ്പത്തിക വർഷം സംസ്ഥാനത്ത് 63.57 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികളാണുണ്ടായിരുന്നത്. 2025 മാർച്ച് 26 വരെയുള്ള കണക്കുപ്രകാരം, ഇത് 57.24 ലക്ഷമായി കുറഞ്ഞു. രജിസ്ട്രേഷൻ പുതുക്കാത്തതുമൂലമാണ് ഈ കുറവ്. സമാന്തരമായി, പുതുതായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. വേതന കുടിശ്ശികക്കു പുറമെ, പദ്ധതി ആസൂത്രണത്തിലെ പാളിച്ചയും കൊഴിഞ്ഞുപോക്കിന് കാരണമായി പറയപ്പെടുന്നു.
നൂറു തൊഴിൽദിനങ്ങൾ എന്ന മിഥ്യ
തൊഴിലുറപ്പ് തൊഴിലാളികൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടതുപോലെ, നൂറുതൊഴിൽ ദിനങ്ങൾ ലഭിക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉത്തരം. കേന്ദ്രസർക്കാർ പാർലമെന്റിൽ സമർപ്പിച്ച രേഖകൾ പ്രകാരം, 2018നുശേഷം നൂറുതൊഴിൽദിനങ്ങൾ നേടിയത് ശരാശരി 7.4 ശതമാനം കുടുംബങ്ങൾ മാത്രമാണ്. മാത്രമല്ല, നൂറുതികയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുകയും ചെയ്യുന്നു. 2018ൽ 10 ശതമാനം കുടുംബങ്ങൾക്ക് നൂറുദിവസം തൊഴിൽ കിട്ടിയപ്പോൾ, പോയ സാമ്പത്തിക വർഷം അത് 3.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഈ ഡേറ്റ വ്യക്തമാക്കുന്നത്, തൊഴിലുറപ്പ് തൊഴിലാളികൾ പദ്ധതിയെ ആശ്രയിക്കുന്നത് നന്നേ കുറഞ്ഞുവെന്നാണ്.
കഴിഞ്ഞ 10 വർഷത്തെ കണക്കെടുക്കുമ്പോൾ, ശരാശരി 40നും 50നും ഇടയിലാണ് ഒരു തൊഴിലാളിക്ക് ലഭിക്കുന്ന തൊഴിൽ ദിനങ്ങൾ. 2023-24ലെ 52 ദിവസമാണ് ഇതിൽ ഏറ്റവും വലുത്. പോയ വർഷം അത് 42ൽ എത്തി. ചുരുക്കത്തിൽ, ലക്ഷ്യമിട്ട് നൂറു ദിവസം പോലും ആളുകൾക്ക് തൊഴിൽ ലഭിക്കുന്നില്ല; അതല്ലെങ്കിൽ അവർ പദ്ധതിയുടെ ഭാഗമാകുന്നില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ: മിനിമം കൂലി വർധിപ്പിക്കാത്തതുതന്നെ. അതിനാൽ, തൊഴിൽദിനങ്ങളും മിനിമം കൂലിയും വർധിപ്പിച്ചുകൊണ്ടുമാത്രമേ, തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പിക്കാനാവൂ.