അസാധാരണ മനുഷ്യൻ
text_fieldsഅവിശ്വസനീയമാംവിധം അസാധാരണക്കാരനായ ഒരു മനുഷ്യൻ, കറുകപ്പാടത്ത് അബ്ദുല്ല എന്ന കെ.എ. കൊടുങ്ങല്ലൂർ. വാക്കുകളിലും ചിന്തകളിലും തീപടർത്തി മരണം വരെ പ്രവർത്തനനിരതനായിരുന്ന കെ.എ. കൊടുങ്ങല്ലൂരിന് അക്ഷരങ്ങൾ മാത്രമായിരുന്നു സമ്പാദ്യം. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ശിഷ്യന്മാരിലൊരാളായി കോഴിക്കോട്ടെത്തിയ കൊടുങ്ങല്ലൂർ കപടമാന്യതകൾക്കിടയിലൂടെ അലസനായി ജ്വലിക്കുന്ന മുഖത്തോടെ കടന്നുപോയി. അനാഥത്വത്തിന്റെ നോവിൽനിന്ന് അക്ഷരങ്ങളുടെ ചങ്ങാത്തത്തിൽ ജീവിച്ചു. ചപ്രത്തലമുടിയും മുഷിഞ്ഞവസ്ത്രവുമായി കോഴിക്കോട്ടെയും മദ്രാസിലെയും തെരുവുകളിലലഞ്ഞകൊടുങ്ങല്ലൂർ മനസ്സു തുറന്ന് ചിരിച്ചും കരഞ്ഞും വികാരമെന്തെന്ന് പഠിപ്പിച്ചു. കോൺഗ്രസ് പാർട്ടിയിലും അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും സജീവമായിരുന്ന കൊടുങ്ങല്ലൂർ പിന്നീട് തനിക്കുചേരാത്ത രാഷ്ട്രീയകുപ്പായം അഴിച്ചുവെച്ചു. ആകാശവാണിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായി വിരമിച്ചശേഷം മാധ്യമം ദിനപത്രത്തിൽ ചേർന്നു. ഞായറാഴ്ചപ്പതിപ്പിന്റെ സാമ്പ്രദായിക പേരു മാറ്റി വാരാന്തപ്പതിപ്പിനു പകരം ‘വാരാദ്യ മാധ്യമം’ എന്ന് പുനർനാമകരണം ചെയ്തത് കൊടുങ്ങല്ലൂരായിരുന്നു. വാരാദ്യമാധ്യമം എഡിറ്ററായിരിക്കെ 1989 ഡിസംബർ നാലിന് മരണം അപ്രതീക്ഷിതമായി കൊടുങ്ങല്ലൂരിനെ തേടിയെത്തി. ഒടുവിലത്തെ ലക്കത്തിൽ എഴുതിയ എഴുത്തുകാർക്ക് കോപ്പി അയക്കാനുള്ള റാപ്പറുകളിൽ വിലാസം വരെ എഴുതിവെച്ചായിരുന്നു കൊടുങ്ങല്ലൂരിന്റെ മടക്കം.
ടെലിവിഷനോ മറ്റു ദൃശ്യമാധ്യമങ്ങളോ ഇല്ലാതിരുന്ന കാലത്ത് റേഡിയോ ആയിരുന്നല്ലോ വാർത്തകൾക്കും വിനോദ പരിപാടികൾക്കും അച്ചടിമാധ്യമങ്ങൾക്കപ്പുറത്തുള്ള ഏകാവലംബം. ആകാശവാണി കോഴിക്കോട് നിലയം തിക്കോടിയൻ, കെ.എ. കൊടുങ്ങല്ലൂർ, ഉറൂബ് തുടങ്ങിയ സർഗധനന്മാരാൽ ജനപ്രീതി നേടിയെടുക്കുകയും ചെയ്തിരുന്നു. റേഡിയോ നാടകങ്ങളും സമാനമായ മറ്റു പരിപാടികളും സമയം കൂടുമ്പോഴെല്ലാം ആസ്വദിക്കുന്നവരിൽ ഒരാളായിരുന്ന ഞാനും. ഒരിക്കൽ കൗതുകകരമായ ഒരു പരമ്പര ശ്രദ്ധയാകർഷിച്ചതോർക്കുന്നു. അന്ന് കെ.എ. കൊടുങ്ങല്ലൂർ ആയിരുന്നു അവതാരകൻ. സ്വാനുഭവസംഭവമായിരുന്നു ഇതിവൃത്തം. അദ്ദേഹവും നാടകസംഘവും എങ്ങോ ഒരിടത്ത് പരിപാടി നടത്തി പാതിര നേരം മടങ്ങുകയായിരുന്നു.
കാൽനട മാത്രമായിരുന്നു ശരണം. നടന്നു നടന്ന് ക്ഷീണിച്ചപ്പോൾ, ഒരിടത്ത് കയറി വിശ്രമിക്കണമെന്ന് തോന്നി. അപ്പോൾ അൽപം അകലെ മുസ്ലിം പള്ളി ശ്രദ്ധയിൽപെട്ടു. ‘നമുക്കതിൽ കയറി കിടന്നുറങ്ങാം. സുബ്ഹി നമസ്കാരത്തിന് ബാങ്ക് കൊടുക്കാൻ വരുന്ന മൊല്ലാക്ക തട്ടിയുണർത്തിയാൽ വുദു എടുത്ത് നമസ്കാരത്തിൽ പങ്കെടുക്കണം.’ സംഘത്തിൽ ഒരാൾ ഐഡിയ മുന്നോട്ടുവെച്ചു. സംഘാംഗങ്ങൾ മുസ്ലിംകളായിരുന്നതുകൊണ്ട് പ്ലാനിന് തടസ്സമൊന്നും തോന്നിയില്ല. പക്ഷേ, അപ്പോൾ കൊടുങ്ങല്ലൂരോ എന്നായി ചോദ്യം. അയാൾ മുസ്ലിമല്ലല്ലോ പേരും നാടിന്റെ പേരാണ്. യഥാർഥ പേരു ചോദിച്ചാൽ എന്ത് പറയും? ‘പേർ അബ്ദുല്ല ആണെന്ന് പറഞ്ഞോളൂ’ കൊടുങ്ങല്ലൂരിന്റെ പരിഹാര നിർദേശം.
സംഘം സന്തോഷത്തോടെ പള്ളി ലക്ഷ്യമാക്കി നടന്നു. തന്റെ സാക്ഷാൽ പേർ കറുകപ്പാടത്ത് അബ്ദുല്ല എന്നാണെന്ന് ഒട്ടുമിക്കയാളുകൾക്കും അറിയില്ല അന്നും ഇന്നും. തന്റെ ബന്ധുവായ അബ്ദുല്ലയെ പോറ്റിവളർത്തിയ കേരളത്തിന്റെ വീരപുത്രൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് കോഴിക്കോട്ടേക്ക് കുടിയേറി ‘അൽ അമീൻ’ പത്രമാരംഭിച്ചപ്പോൾ കൊടുങ്ങല്ലൂരിനെയും കൂടെ കൂട്ടി. അൽ അമീൻ ലോഡ്ജിൽ സാഹിബിന്റെ ‘വളർത്തു പുത്രന്മാരായി’ പരേതരായ ഇ.കെ. ഇമ്പിച്ചിബാവ, എൻ.പി. മുഹമ്മദ്, എം. റഷീദ് തുടങ്ങിയ വിപ്ലവകാരികളും കൂട്ടായിരുന്നു. ജീവിതപങ്കാളിയുടെ വിയോഗം മുതൽ എല്ലാ വ്യാഴാഴ്ചകളിലും വ്രതമനുഷ്ഠിക്കാറുണ്ടായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് നോമ്പ് തുറക്കുമ്പോൾ തനിക്കും കൂട്ടുകാർക്കും ചായയും പഴമ്പൊരിയും തരുമായിരുന്നുവെന്ന് അനുസ്മരിച്ച കൊടുങ്ങല്ലൂരിനോട് എന്റെ ജ്യേഷ്ഠൻ ഒ. അബ്ദുല്ല ചോദിച്ച ഒരു ചോദ്യമുണ്ട്.
ഇത്രയും ഭക്തനായിരുന്ന സാഹിബിന്റെ പ്രിയങ്കരരായിട്ടുകൂടി നിങ്ങളിലൊരാളും ഒരിക്കൽപോലും പടിഞ്ഞാറോട്ട് തിരിയാതിരുന്നതെന്തേ എന്നായിരുന്നു ചോദ്യം. പൊട്ടിച്ചിരിയായിരുന്നു കൊടുങ്ങല്ലൂരിന്റെ മറുപടി. സാഹിബുമായുള്ള അഗാധ ബന്ധം അവസാനംവരെ കാത്തുസൂക്ഷിച്ച കൊടുങ്ങല്ലൂർ തന്റെ വസതിക്ക് നൽകിയ പേരും MARS COTTAGE എന്നുതന്നെ.
1987 ആദ്യ പകുതിയിൽ ‘മാധ്യമം’ പ്രസിദ്ധീകരിച്ചു തുടങ്ങാൻ തീരുമാനിച്ചതോടെ പ്രഫ. സിദ്ദീഖ് ഹസനും ഞാനും വി.എ. കബീറും ബേപ്പൂരിലെ വൈലാലിൽ വൈക്കം മുഹമ്മദ് ബഷീറിനെ ചെന്നുകണ്ട് ഉപദേശ നിർദേശങ്ങൾ തേടിയപ്പോൾ ആരെയൊക്കെയാണ് നിങ്ങൾ തലപ്പത്തിരുത്താൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ആരാഞ്ഞു. ‘ചീഫ് എഡിറ്ററെ താങ്കൾ നിർദേശിക്കണം. അദ്ദേഹത്തെ ലഭ്യമാക്കാൻ സഹായിക്കുകയും വേണം’ ഞങ്ങൾ ഉണർത്തി. വാരാന്തപ്പതിപ്പിന്റെ എഡിറ്ററായി ഞങ്ങൾ കൊടുങ്ങല്ലൂരിനെ കണ്ടുവെച്ച കാര്യവും അദ്ദേഹത്തെ അറിയിച്ചു. ‘അത് വളരെ നന്നായി. അവനെ ആ പണിക്ക് പറ്റും’ എന്നായിരുന്നു മലയാള സാഹിത്യലോകത്തെ ആ അതുല്യ പ്രതിഭാധനന്റെ പ്രതികരണം.
ജൂൺ ഒന്നിന് ദിവസങ്ങൾക്ക് മുമ്പുതന്നെ കൊടുങ്ങല്ലൂർ വെള്ളിമാട്കുന്നിലെ പത്രമാപ്പീസിൽ കൃത്യമായി ചെന്ന് തന്റെ ജോലി തുടങ്ങി. ഒന്നാമതായി അദ്ദേഹം ചെയ്തത് ഞായറാഴ്ചപ്പതിപ്പിന്റെ സാമ്പ്രദായിക പേർ മാറ്റുകയായിരുന്നു. വാരാന്തപ്പതിപ്പിനു പകരം അദ്ദേഹം ‘വാരാദ്യ മാധ്യമം’ എന്ന് പുനർനാമകരണം ചെയ്തു. മാറ്റർ ക്ഷാമമല്ല ആധിക്യമാണ് അദ്ദേഹത്തെ വിഷമിപ്പിച്ചത്. പക്ഷേ, അയച്ചുകിട്ടുന്ന ഓരോ മാറ്ററും അദ്ദേഹം സസൂക്ഷ്മം പരിശോധിച്ച് ഒരുവക പ്രസിദ്ധീകരണാർഹമായതൊക്കെ വകഞ്ഞെടുത്ത് എഡിറ്റുചെയ്ത് യഥാസമയം പ്രസിദ്ധീകരിച്ചുവന്നു. വൈവിധ്യത്തിനായി ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ ഹിന്ദി മാഗസിനായ ‘ധർമയുഗി’ൽനിന്ന് മാറ്ററുകളെടുത്ത് മൊഴിമാറ്റം ചെയ്ത് വാരാദ്യത്തെ സമ്പുഷ്ടമാക്കി. ചിലപ്പോൾ ചില കുറിപ്പുകൾ ദിനപത്രത്തിലേക്കും അദ്ദേഹം കൈമാറി.
കലാ സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാരിൽ പലരും കൊടുങ്ങല്ലൂരിനെ തേടി ‘മാധ്യമ’ത്തിലെത്തും. തൊഴിൽരഹിതരായ അവരിൽ പലരുടെയും രക്ഷിതാവ് കൂടിയായിരുന്നു അദ്ദേഹം. അതിനാൽ, ഒരിക്കലും മാസാദ്യത്തിൽ വേതനം പൂർണമായി കൈപ്പറ്റാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. തന്റെ അനാഥബാല്യകാലം മറക്കാൻ കൊടുങ്ങല്ലൂരിന് കഴിയാതിരുന്നതാവാം ഒരു കാരണം.
ചുണ്ടിൽ സദാ പുകഞ്ഞുകൊണ്ടിരുന്ന സിഗരറ്റാവും അദ്ദേഹത്തെ അപ്രതീക്ഷിതമായി ‘മാധ്യമ’ത്തിൽനിന്നും ദുനിയാവിൽനിന്നും തട്ടിയെടുത്തത്. 1989 ഡിസംബർ നാലിന് രാവിലെ MARSൽ എത്തി ചേതനയറ്റ ശരീരം നിമിഷനേരം നോക്കിനിന്ന് പിന്നെ പള്ളിയിലെത്തി അന്ത്യനമസ്കാരത്തിൽ പങ്കാളിയായി തിരിച്ചുപോവുമ്പോൾ മനസ്സ് മന്ത്രിച്ചു. ‘നാട്യങ്ങളോ ജാടകളോ ഇല്ലാതെ, ആരെയും കുറ്റപ്പെടുത്തുകയോ മാറ്റിനിർത്തുകയോ ചെയ്യാതെ, നന്മകളെ സ്നേഹിച്ചും തിന്മകളോട് കലഹിച്ചും ജീവിച്ച വേറിട്ടൊരാത്മാവിന്റെ ശാന്തസുന്ദരമായ വിടവാങ്ങൽ.’