മെഡിക്കൽ കോളജ് അത്യാസന്ന നിലയിൽ
text_fieldsപാരിപ്പള്ളിയിൽ 2013ൽ ഇ.എസ്.ഐ കോർപറേഷൻ ആരംഭിച്ച്, 2016ൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് ജീവനക്കാരുടെ തസ്തികകൾ പുതിയതായി അനുവദിച്ച കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചെല്ലുന്നവർ പറഞ്ഞുപോകും; താലൂക്ക് ആശുപത്രിയും ജില്ല ആശുപത്രിയുമൊക്കെ എത്ര ഭേദം! മെഡിക്കൽ കോളജ് എന്ന അവകാശത്തിന് ബലമായി 27ഓളം വകുപ്പുകളുണ്ട്. എന്നാൽ, അത്യാസന്ന നിലയിൽ എത്തുന്നവരെ പരിശോധിക്കാൻ പോലും ആവശ്യത്തിന് ഡോക്ടർമാരില്ല.
ഉള്ള ഡോക്ടർമാർ അഞ്ച് മരുന്നെഴുതിയാൽ മൂന്നും പുറത്തുനിന്ന് വാങ്ങണം; ശസ്ത്രക്രിയ ഉപകരണങ്ങളുടെ കാര്യവും അതുതന്നെ. പാതിരാത്രിയിൽ പോലും അത്യാവശ്യ മരുന്നിനായി രോഗികളുടെ കൂട്ടിരിപ്പുകാർ ഓടേണ്ട ദുരിതം, ശമ്പളത്തിനു വേണ്ടി സുരക്ഷ ജീവനക്കാരും ശുചീകരണ തൊഴിലാളികളും സമരമിരിക്കേണ്ട ഗതികേട്, ജീവൻ രക്ഷിക്കണമെങ്കിൽ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് റഫർ വാങ്ങി പായേണ്ട ദുര്യോഗം എന്നിങ്ങനെ പോകുന്നു ഇവിടത്തെ വിശേഷങ്ങൾ.
ഏറ്റവും തിരക്കുള്ള ജനറൽ മെഡിസിൻ, ജനറൽ സർജറി വിഭാഗങ്ങളിൽപോലും സ്ഥിര ഡോക്ടർമാർ 10 പേർ തികച്ച് ഇല്ല. ഇക്കാലത്ത് ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന വിഭാഗങ്ങളാണ് ഹൃദ്രോഗവും സ്ട്രോക് പോലുള്ള രോഗങ്ങൾ കൈകാര്യംചെയ്യുന്ന കാർഡിയോളജിയും ന്യൂറോ സർജറിയും. ഈ രണ്ട് വിഭാഗത്തിലും ഒരു ഡോക്ടർ വീതമാണുള്ളത്. ന്യൂറോളജിയിൽ രണ്ടുപേരും. ഇതുകാരണം കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിൽ ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് ഒ.പി പ്രവർത്തനം.
ആകെ നൂറോളം ഡോക്ടർമാരാണ് കൊല്ലം മെഡിക്കൽ കോളജിനെ നയിക്കുന്നത്. ഇവരെ സഹായിക്കാനായുള്ള ഹൗസ് സർജൻമാരുടെയും ജൂനിയർ റെസിഡന്റുമാരുടെയും സേവനം കൊണ്ട് ഓടിപ്പോകുന്നു എന്ന് പറയാം. നിലവിൽ ഹൗസ് സർജൻമാരുടെ സേവനവും ഇവിടെ ലഭ്യമല്ല. ഒരു ഡോക്ടർതന്നെ 200 -300 രോഗികളെ കൈകാര്യം ചെയ്യണം. രാത്രിയിലാകട്ടെ ഓരോ ജൂനിയർ ഡോക്ടർ വീതമാണ് ഓരോ വിഭാഗത്തിലും ഡ്യൂട്ടിക്ക് നേതൃത്വം നൽകാനുണ്ടാകുക.
ഈ ഡോക്ടർ വേണം വാർഡും ഐ.സി.യുവും അത്യാഹിതവും ഒക്കെ നോക്കാൻ. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭിക്കാതെ രോഗികൾ ഗുരുതര സ്ഥിതിയിലാകുമ്പോൾ, പഴിയും പ്രതിഷേധവും നേരിടേണ്ടിവരുന്നത് മണിക്കൂർ കണക്കില്ലാതെ പണിയെടുക്കുന്ന ഡോക്ടർമാരാണ്. അടിയന്തരമായതും വിദഗ്ധ ചികിത്സ ആവശ്യമുള്ളതുമായ ആളുകളെ ഇപ്പോൾത്തന്നെ രോഗീബാഹുല്യം നേരിടുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് അയക്കുക എന്ന മാർഗമേ ഡോക്ടർമാർക്ക് മുന്നിലുള്ളൂ.
നഴ്സുമാരുടെ എണ്ണത്തിലും വൻ കുറവാണ് ആശുപത്രിയിലുള്ളത്. 240 നഴ്സുമാരെങ്കിലും വേണമെന്നിരിക്കെ മാലാഖക്കൂട്ടം പോലുള്ള പദ്ധതികളിലൂടെ നിയമിതരായവരും താൽക്കാലികക്കാരും എല്ലാംചേർന്ന് 150ഓളം നഴ്സുമാരെ വെച്ചാണ് ആശുപത്രി പ്രവർത്തിക്കുന്നത്.
500 കിടക്കയുള്ള ആശുപത്രി എന്നാണ് അവകാശവാദമെങ്കിലും കടുത്ത സ്റ്റാഫ് ക്ഷാമം കാരണം പല വാർഡുകളും അടച്ചിട്ടിരിക്കുകയാണ്. 20 വെന്റിലേറ്ററുകളുള്ളതിൽ പകുതി എണ്ണം മാത്രമാണ് പ്രവർത്തനം. രോഗികളെ സ്ട്രച്ചറിൽ കൊണ്ടുപോകാൻ പോലും ജീവനക്കാരില്ലാത്ത സ്ഥിതിയാണ്.
പേവാർഡ് പ്രവർത്തനം ഈ മാസം ആരംഭിക്കാൻ ലക്ഷ്യമിട്ട് നിർമാണം നടക്കുന്നുണ്ടെങ്കിലും ആളില്ലാതെ എങ്ങനെ പ്രവർത്തിക്കുമെന്ന ചോദ്യം ബാക്കിയാണ്. അപകടം നിരന്തരം നടക്കുന്ന ദേശീയപാതയിൽനിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള ആശുപത്രിയിൽ ട്രോമാ കെയർ അഞ്ചു വർഷമായി ഉദ്ഘാടന നാടയിൽ കുടുങ്ങി എങ്ങുമെത്താതെ കിടക്കുകയാണ്.
സൗകര്യങ്ങൾ മെഡിക്കൽ കമീഷൻ മാനദണ്ഡത്തിലൊതുക്കുന്നു
ആളും അർഥവുമില്ലാതെ വീർപ്പുമുട്ടുന്ന മെഡിക്കൽ കോളജിനെ കൂടുതൽ വരിഞ്ഞുമുറുക്കാനുള്ള നിർദേശം മുകളിൽനിന്ന് എത്തിയതിന്റെ ഞെട്ടലിലാണ് ഇവിടത്തെ ജീവനക്കാർ. എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണത്തിനനുസരിച്ച് നാഷനൽ മെഡിക്കൽ കമീഷൻ നിഷ്കർഷിക്കുന്ന സ്റ്റാഫ് പാറ്റേൺ, അടിസ്ഥാന സൗകര്യങ്ങൾ, ചികിത്സ സൗകര്യങ്ങൾ എന്നിവ നിർബന്ധമാണ്.
കൊല്ലത്ത് രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരും സൗകര്യങ്ങളും ഇപ്പോൾത്തന്നെ ഇല്ലെന്നിരിക്കെ, ഇനിമുതൽ നാഷനൽ മെഡിക്കൽ കമീഷൻ നിഷ്കർഷിക്കുന്ന മിനിമം സൗകര്യങ്ങൾ മാത്രം മതി എന്ന നിലപാടിലാണ് അധികൃതർ. ഓരോ വകുപ്പിലും ഉള്ള ഉപകരണങ്ങളുടെയും മറ്റും എണ്ണം എടുക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്.
കമീഷൻ മാനദണ്ഡത്തിനു മുകളിലുണ്ടെങ്കിൽ ആ വകുപ്പിന് തുടർന്ന് കൂടുതലായി ഉപകരണങ്ങൾ നൽകില്ല. അതായത് മാനദണ്ഡപ്രകാരം രണ്ട് എക്സ്റെ മെഷീൻ മതിയെങ്കിൽ അഞ്ച് എക്സ്റെ മെഷീൻ ലഭിച്ചാലും മതിയാകാത്തത്ര രോഗികൾ വരുന്നതൊന്നും പരിഗണിക്കപ്പെടില്ല.
ഓർത്തോയിൽ മാത്രം കുടിശ്ശിക 2.5 കോടി
പണമില്ലായ്മയിൽ കുരുങ്ങി ശസ്ത്രക്രിയ മുടങ്ങിയ സംഭവങ്ങൾ ആഴ്ചകൾക്കു മുമ്പ് കൊല്ലം മെഡിക്കൽ കോളജിലും ഉണ്ടായിരുന്നു. ഓർത്തോവിഭാഗത്തിൽ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന സ്റ്റെൻഡ് ഉൾപ്പെടെ സാധനങ്ങൾ നിർധനർക്ക് കുറഞ്ഞനിരക്കിൽ നൽകിയ വകയിൽ കുടിശ്ശിക വന്ന 2.5 കോടി എച്ച്.എൽ.എൽ കമ്പനിക്ക് നൽകാതെവന്നതാണ് ശസ്ത്രക്രിയ മുടക്കം വരെ എത്തിച്ചത്. ശസ്ത്രക്രിയകൾ ഇതുകാരണം നീട്ടിവെക്കേണ്ടിവന്നതോടെ ആളുകളുടെ ഭാഗത്തുനിന്ന് പ്രതിഷേധമുയർന്നു. പിന്നാലെ 45 ലക്ഷം രൂപ അടച്ചതോടെ ആണ് കമ്പനി വീണ്ടും ഇവ കൊടുത്തുതുടങ്ങിയതും ശസ്ത്രക്രിയ ആരംഭിച്ചതും.
ഇത്തരത്തിൽ വൻ കുടിശ്ശികകൾ പലതാണ് മെഡിക്കൽ കോളജിന്റെ കണക്കിലുള്ളത്. ഫാർമസിയിൽ മരുന്നുക്ഷാമം പറഞ്ഞു മടുത്ത കഥയായി മാറിക്കഴിഞ്ഞു. ഡിമാൻഡ് ചെയ്ത് കത്ത് നൽകിയാലും കാലങ്ങൾ കഴിഞ്ഞാണ് അനുവദിച്ച് മരുന്നുകൾ ഫാർമസിയിൽ എത്തുന്നത്.
എക്സ് സർവിസ് ജീവനക്കാർ അടങ്ങുന്ന സെക്യൂരിറ്റി വിഭാഗത്തിന് നാലുമാസത്തെ ശമ്പളമാണ് നിലവിൽ കുടിശ്ശിക. കരാർ ശുചീകരണ തൊഴിലാളികളുടെ ശമ്പള കുടിശ്ശികയും അത്രതന്നെ. ആശുപത്രി ഓഫിസിൽനിന്ന് ശമ്പള ബിൽ എഴുതിപ്പോകുന്നത് പലവട്ടം മടക്കിയും തിരുത്തിയും മുകളിലുള്ളവർ കളിക്കുമ്പോൾ തങ്ങളുടെ കുടുംബങ്ങൾ പട്ടിണിയിലാകുന്നത് അധികൃതർ മറന്നുപോകുന്നു എന്ന പരാതിയാണ് ജീവനക്കാർ ഉയർത്തുന്നത്.