ധീര സുഹൃത്തേ, വിട
text_fieldsഞാൻ ‘Communalism: Illustrated Primer’ എന്ന പുസ്തകമെഴുതുന്ന കാലത്താണ് കെ.പി. ശശി എന്ന പ്രതിഭാശാലിയുമായി ബന്ധം തുടങ്ങുന്നത്. വർഗീയത സംബന്ധിയായ വിഷയങ്ങളിൽ ഞങ്ങൾ ദീർഘ സംഭാഷണങ്ങളിലേർപ്പെട്ടു. വർഗീയ വിരുദ്ധ പോരാട്ടം ജീവിതത്തിെൻറ ദൗത്യമായി കൊണ്ടുനടന്നിരുന്ന ശശി അതിനുവേണ്ടി വരക്കാനും സമ്മതമറിയിച്ചു.
അനിതരസാധാരണമായ വരകളായിരുന്നു അവ. പരസ്പരം സംസാരിക്കുന്ന രണ്ട് അസ്ഥികൂടങ്ങൾ അവരുടെ മതമേതെന്ന് ചോദിക്കുന്ന കാർട്ടൂൺ ഒരിക്കലും മറക്കാനാവില്ല. മനുഷ്യൻ ഭക്ഷണത്തിന് വകയില്ലാതെ വലയുന്ന സമൂഹത്തിലെ സൗന്ദര്യമത്സര കെട്ടുകാഴ്ചകളുടെ പൊള്ളത്തരത്തെ പൊളിച്ചുകാണിച്ച് വരച്ച മിസ് പോവർട്ടി എന്ന കാർട്ടൂൺ അതിശക്തമായിരുന്നു.
അദ്ദേഹത്തിെൻറ പ്രതിഭയെയും സമർപ്പണബുദ്ധിേയയും അടയാളപ്പെടുത്തുന്ന ആ രചനകളെല്ലാം വീണ്ടും ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. ചലച്ചിത്ര മേഖലയിലെ ഇടപെടലുകളാണ് എടുത്തുപറയേണ്ട മറ്റൊരു സംഭാവന. അമേരിക്ക അമേരിക്ക എന്ന ചെറുചിത്രം, സാമ്രാജ്യത്വം ലോകത്തിനേൽപിച്ച പരിക്കുകളെ കൃത്യമായി വരഞ്ഞുവെക്കുന്ന, ഏവരും കണ്ടിരിക്കേണ്ട ഒന്നാണ്.
നാഷനൽ സോളിഡാരിറ്റി ഫോറം സംഘാടനത്തിനായി കഴിഞ്ഞ ഒന്നര പതിറ്റാണ്ട് ഞങ്ങൾ ഒത്തുചേർന്ന് പ്രവർത്തിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി കണ്ഡമാൽ പ്രശ്നത്തെ കൃത്യമായി പിന്തുടർന്ന അദ്ദേഹം ഇരകളുടെ അവകാശങ്ങൾക്കായി പോരാടുന്നതിനായി നമ്മെ ഏവരെയും നിരന്തരം പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
ശശിയുടെ മറ്റു സിനിമകൾ ഞാൻ കണ്ടിട്ടില്ല. പക്ഷേ, കണ്ട സിനിമകളും കാർട്ടൂണുകളും രചനകളും അസാമാന്യ സൃഷ്ടികൾ തന്നെയാണ്. തികഞ്ഞ ധാരണയോടെയും പ്രതിബദ്ധതയോടെയും മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം തുടരാൻ അദ്ദേഹത്തിന്റെ പ്രവർത്തനം നമുക്കെല്ലാവർക്കും പ്രചോദനമാകും.
ജനാധിപത്യ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന, സമൂഹത്തിൽ മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒരോ മനുഷ്യനും ശശിയുടെ വേർപാട് നികത്താനാവാത്ത നഷ്ടമാണ്.


