ഗഗൻയാന് കുതിപ്പേറും
text_fields

1984ലാണ് ആദ്യമായൊരു ഇന്ത്യക്കാരൻ ബഹിരാകാശയാത്ര നടത്തിയത് -രാകേഷ് ശർമ. സോവിയറ്റ് യൂനിയന്റെ സോയൂസ് പേടകത്തിൽ സല്യൂട്ട് സ്റ്റേഷനിലെത്തിയ അദ്ദേഹം ഒരാഴ്ചയോളം അവിടെ ചെലവഴിച്ചു. ഈ സമയം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണരംഗം ശൈശവദശയിലായിരുന്നു. പിൽക്കാലത്ത് ഇന്ത്യയുടെ അഭിമാനമായ, ചന്ദ്രയാൻ ദൗത്യത്തിന്റെ അടക്കം നട്ടെല്ലായി മാറിയ പി.എസ്.എൽ.വി റോക്കറ്റ് പോലും വികസിപ്പിച്ചത് 90കളിലാണ്. നാല് പതിറ്റാണ്ടിനിപ്പുറം ശുഭാൻഷു ഐ.എസ്.എസിലേക്ക് കുതിക്കുമ്പോൾ ചരിത്രം മറ്റൊന്നാണ്. ബഹിരാകാശ പര്യവേക്ഷണ മേഖലയിൽ എണ്ണംപറഞ്ഞ ലോകശക്തികളുടെ കൂട്ടത്തിൽ ഇന്ത്യയുമുണ്ട്. ആ പ്രാതിനിധ്യത്തിന്റെകൂടി ശക്തിയിലാണ് ശുഭാൻഷുവിന്റെ ഈ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
1984ലാണ് ആദ്യമായൊരു ഇന്ത്യക്കാരൻ ബഹിരാകാശയാത്ര നടത്തിയത് -രാകേഷ് ശർമ. സോവിയറ്റ് യൂനിയന്റെ സോയൂസ് പേടകത്തിൽ സല്യൂട്ട് സ്റ്റേഷനിലെത്തിയ അദ്ദേഹം ഒരാഴ്ചയോളം അവിടെ ചെലവഴിച്ചു. ഈ സമയം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണരംഗം ശൈശവദശയിലായിരുന്നു. പിൽക്കാലത്ത് ഇന്ത്യയുടെ അഭിമാനമായ, ചന്ദ്രയാൻ ദൗത്യത്തിന്റെ അടക്കം നട്ടെല്ലായി മാറിയ പി.എസ്.എൽ.വി റോക്കറ്റ് പോലും വികസിപ്പിച്ചത് 90കളിലാണ്. നാല് പതിറ്റാണ്ടിനിപ്പുറം ശുഭാൻഷു ഐ.എസ്.എസിലേക്ക് കുതിക്കുമ്പോൾ ചരിത്രം മറ്റൊന്നാണ്. ബഹിരാകാശ പര്യവേക്ഷണ മേഖലയിൽ എണ്ണംപറഞ്ഞ ലോകശക്തികളുടെ കൂട്ടത്തിൽ ഇന്ത്യയുമുണ്ട്. ആ പ്രാതിനിധ്യത്തിന്റെകൂടി ശക്തിയിലാണ് ശുഭാൻഷുവിന്റെ ഈ ആകാശയാത്ര.
‘സ്പേസ് റേസി’ലെ ഇന്ത്യയും ശുഭാൻഷുവും
അന്താരാഷ്ട്രതലത്തിൽ നടക്കുന്ന ‘ബഹിരാകാശ യുദ്ധ’ത്തിൽ ഒരു കക്ഷിയാണിപ്പോൾ ഇന്ത്യയെന്ന് പറയാം. അമേരിക്ക, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങൾക്കൊപ്പം ശക്തമായ മത്സരം ഇന്ത്യയും കാഴ്ചവെക്കുന്നു. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയതും ആദിത്യ ദൗത്യത്തിലൂടെ സൗരപര്യവേക്ഷണത്തിൽ വൻകുതിപ്പ് നടത്തിയതുമെല്ലാം രണ്ട് വർഷങ്ങൾക്കിടെയാണ്. പത്ത് വർഷം മുന്നേ ഇന്ത്യൻ സാന്നിധ്യം ചൊവ്വയിലുമെത്തി (മംഗൾയാൻ). ഇതിനിടയിൽ സ്പേഡ് എക്സ്, എക്സ്പോ സാറ്റ് തുടങ്ങിയ പരീക്ഷണങ്ങളും. ഇതിന്റെയെല്ലാം തുടർച്ചയിലാണ് ആകാശം കീഴടക്കാനുള്ള ഗഗൻയാൻ ദൗത്യം. ആ ദൗത്യത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട നാല് യാത്രികരിലൊരാളാണ് ശുഭാൻഷു ശുക്ല. യാത്രയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഫ്ലോറിഡയിൽ പരിശീലനത്തിനെത്തിയത്. കൂടെ, ഗഗൻയാനിലെ ഭാവി സഹയാത്രികനും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരും. ഈ ദൗത്യത്തിൽ പ്രശാന്ത് റിസർവ് യാത്രികനാണ്. ദൗത്യത്തിലുള്ള ഒരാൾക്ക് പിന്മാറേണ്ട സാഹചര്യമുണ്ടായാൽ (ആരോഗ്യ പ്രശ്നങ്ങളോ മറ്റോ സംഭവിച്ചാൽ) പ്രശാന്തിന് അവസരമുണ്ടാകും.

14 ദിവസം; 60 പരീക്ഷണങ്ങൾ
രണ്ടാഴ്ചയാണ് ശുഭാൻഷുവും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തങ്ങുക. ഇതിനിടയിൽ നിരവധി പരീക്ഷണങ്ങൾ അവർ അവിടെ നടത്തും. ഗഗൻയാൻ ദൗത്യത്തിന്റെ മുന്നോട്ടുപോക്കിൽ ഈ പരീക്ഷണങ്ങളത്രയും നിർണായകമാണ്. ഐ.എസ്.ആർ.ഒയുടെയും ഇന്ത്യയിലെ മറ്റു പല ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് ഈ പരീക്ഷണങ്ങളത്രയും. മൈക്രോ ആൽഗെകൾ ഗുരുത്വരഹിത മേഖലയിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന പരീക്ഷണമാണ് ഇതിലൊന്ന്. അതുപോലെ, കേരള കാർഷിക സർവകലാശാലയുടെകൂടി സഹകരണത്തോടെ നടത്തുന്ന വിത്തുപരീക്ഷണങ്ങളുമുണ്ട്. ബഹിരാകാശനിലയത്തിലെ യാത്രികരുടെ ആഹാരവുമായി ബന്ധപ്പെട്ട അതിനിർണായക പരീക്ഷണങ്ങളാണിവ. മൈക്രോഗ്രാവിറ്റിയിൽ മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം മനുഷ്യശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളും ഈ യാത്രയിൽ പഠനവിധേയമാക്കപ്പെടും. മൊത്തം ഏഴ് മേഖലകളിലായി 60 പരീക്ഷണങ്ങൾ.
പൊതു-സ്വകാര്യ പങ്കാളിത്തം
ഈ ദൗത്യം വിപുലമായൊരു പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭമാണ്. ദൗത്യത്തിന്റെ നടത്തിപ്പുകാരായ ആക്സിയം സ്പേസ് അമേരിക്കയിലെ ഒരു സ്വകാര്യ ഗവേഷണ സ്ഥാപനമാണ്. യാത്രക്കുള്ള റോക്കറ്റും പേടകവും ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെതാണ്. വിക്ഷേപണത്തറ ഒരുക്കിയത് നാസയും. 20ലധികം രാജ്യങ്ങളുടെ കൂട്ടായ്മയായ ഐ.എസ്.എസിലാണ് അടുത്ത രണ്ടാഴ്ച ശുഭാൻഷുവും സംഘവും താമസിച്ച് പരീക്ഷണങ്ങൾ നടത്തുന്നത്. ശുഭാൻഷു അടക്കം നാല് യാത്രികരും അതാതു രാജ്യങ്ങളുടെ ഔദ്യോഗിക ഗവേഷണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമാണ്. ആക്സിയം സ്പേസിനും ഇത് അഭിമാനനിമിഷമാണ്. അഞ്ച് വർഷത്തിനിടെ നടത്തിയ അവരുടെ നാല് ബഹിരാകാശ ദൗത്യങ്ങളും വിജയിച്ചുവെന്നത് ഈ സ്പേസ് റേസ് യുഗത്തിൽ ചെറിയ കാര്യമല്ല. ഇന്ത്യയെ സംബന്ധിച്ച് ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ ദൗത്യത്തെ ഈ യാത്ര വേഗത്തിലാക്കും; അത് ഇന്ത്യൻ ശാസ്ത്രസമൂഹത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും.