സമാധാനം വരുന്നതിൽ സങ്കടപ്പെടുന്നവർ
text_fieldsമേഖലയിൽ സമാധാനം കാംക്ഷിക്കുന്ന അറബ് രാജ്യങ്ങളും മറ്റു ലോകരാജ്യങ്ങളുംഹമാസിന്റെ പ്രതികരണത്തെ ആശ്വാസത്തോടെ കാണുമ്പോൾ അതൃപ്തിയും അസന്തുഷ്ടിയും പ്രകടിപ്പിക്കുന്ന മറ്റൊരു കൂട്ടർ കേരളത്തിലെ ചില സയണിസ്റ്റ് സംഘടനകളാണ്.
ഇസ്രായേലിന്റെ ഗസ്സ അധിനിവേശം അവസാനിപ്പിക്കുന്നതിന് ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന പരിപാടികൾ ഭാഗികമായി ഹമാസ് അംഗീകരിച്ചതിൽ ട്രംപ് സന്തോഷം പ്രകടിപ്പിച്ചുവെങ്കിലും രണ്ടു കൂട്ടർക്ക് അത്ര സന്തോഷമില്ല എന്നാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
ഇസ്രായേലിനു നിശ്ചയമായും അതൃപ്തിയുണ്ടാകും, അത് സ്വാഭാവികവുമാണ്. ഹമാസ് പൂർണമായും ആയുധം താഴെ വെക്കണമെന്നും അധികാരത്തിൽനിന്ന് പിൻവാങ്ങണമെന്നുമായിരുന്നു ഇരുപതിന പരിപാടിയിലെ ഇസ്രായേൽ അനുകൂലമായ പ്രധാന നിർദേശം. ഹമാസ് അധികാരത്തിൽനിന്ന് പിന്മാറാൻ തയാറാണ്. പക്ഷേ, ആയുധം ഉപേക്ഷിക്കുമെന്ന ഉറപ്പ് നൽകിയിട്ടില്ല. കാരണം ഇസ്രായേൽ നടത്തുന്ന കൊടിയ അനീതിയോട് പ്രതികരിക്കാൻ ആയുധമെടുത്ത്, പിറന്ന നാടിനുവേണ്ടി പോരാടുമെന്ന് പ്രഖ്യാപിച്ച് രൂപം കൊണ്ട സംഘടനയാണ് ഹമാസ്.
ഇസ്രായേൽ സൈന്യം വെടിനിർത്തൽ നടപ്പാക്കി പൂർണമായും പിന്മാറുകയും ഗസ്സയിലെ മനുഷ്യർക്ക് മരുന്നും ആഹാരവും അവശ്യ വസ്തുക്കളും എത്തിക്കുകയും തകർന്ന വീടുകൾ പണിയുകയും പശ്ചാത്തല പുനർനിർമാണവും നടത്തുകയുമൊക്കെയാണ് ഇപ്പോൾ അടിയന്തരമായി വേണ്ടത്. അതിനായി ബന്ദികളെ കൈമാറാൻ ഹമാസ് സമ്മതിച്ചുകഴിഞ്ഞു. പക്ഷേ, അതുകൊണ്ടൊന്നും ഹമാസിന്റെ ഉദയത്തിനും പ്രവർത്തനങ്ങൾക്കും കാരണമായ രാഷ്ട്രീയ സാഹചര്യം മാറുന്നില്ല. ആകയാൽത്തന്നെ ഹമാസിന് ആയുധം താഴെ വെക്കാനുമാവില്ല. അതിനു ഒറ്റ വഴിയേയുള്ളൂ- ഇസ്രായേൽ നടത്തിവരുന്ന അധിനിവേശം അവസാനിപ്പിക്കുക, ഫലസ്തീനികൾക്ക് അന്തസ്സോടെ ജിവിക്കാനും മരിക്കാനുമുള്ള അവകാശം പുനഃസ്ഥാപിക്കുക. അധികാരത്തിലിരിക്കുന്ന ഹമാസിനേക്കാൾ വലിയ പ്രതിരോധമാവും അധികാരം കൈയൊഴിയുന്ന ഹമാസ് ഉയർത്തുകയെന്ന് ഇസ്രായേലിന് നന്നായറിയാം. അതുകൊണ്ടാണ് ഹമാസിന്റെ പ്രതികരണം ഇസ്രായേലിൽ അമ്പരപ്പ് ഉണ്ടാക്കിയിരിക്കുന്നത്.
മേഖലയിൽ സമാധാനം കാംക്ഷിക്കുന്ന അറബ് രാജ്യങ്ങളും മറ്റു ലോക രാജ്യങ്ങളും ഹമാസിന്റെ പ്രതികരണത്തെ ആശ്വാസത്തോടെ കാണുമ്പോൾ അതൃപ്തിയും അസന്തുഷ്ടിയും പ്രകടിപ്പിക്കുന്ന മറ്റൊരു കൂട്ടർ കേരളത്തിലെ ചില സയണിസ്റ്റ് സംഘടനകളാണ്. ചില നവ നാസ്തിക സംഘടനകൾ ഹമാസ് വംശഹത്യ നടത്തുന്നു എന്ന വാദവുമായാണ് മുന്നോട്ടു വന്നിരിക്കുന്നത്. വംശഹത്യാവാദം മാത്രമല്ല, ഹമാസിന്റെ റിക്രൂട്ട്മെന്റ് പ്രായത്തെക്കുറിച്ചും സയണിസ്റ്റുകൾ ഉന്നയിക്കാത്ത ആരോപണമാണ് ഫലസ്തീനികളുടെമേൽ ചുമത്തുന്നത്. അതത്ര നിഷ്കളങ്കമല്ല. എന്തായിരിക്കാം ഇത്തരം വാദങ്ങൾക്കുള്ള കാരണം?
രണ്ടു കാരണങ്ങളാണ്. ഒന്നാമത്തേത് അന്തർദേശീയ തലത്തിൽ ഇസ്രായേലിനെതിരെ വർധിച്ചുവരുന്ന പ്രതിഷേധം. രണ്ടാമത്തേത് ഫലസ്തീൻ എന്ന സ്വതന്ത്ര രാജ്യത്തെ അംഗീകരിക്കാൻ ലോകത്തിലെ വിരലിൽ എണ്ണാവുന്ന രാജ്യങ്ങളൊഴികെ എല്ലാവരും തയാറായിരിക്കുന്നു എന്നതുമാണ്. അവസാനം ഗസ്സയുടെ കണ്ണുനീർ ലോകം കാണാൻ തുടങ്ങിയിരിക്കുന്നു. ഇസ്രായേലിന്റെ ക്രൂരതകൾ ലോകം അറിഞ്ഞു പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു.
ഇതിൽ നവനാസ്തികർ ഉൾപ്പെടെയുള്ള തീവ്രവലതുപക്ഷം ആശങ്കാകുലരാണ്. ഇസ്രായേലിനു പിഴച്ചത് ഖത്തറിൽ കടന്നുകയറി നടത്തിയ ലക്ഷ്യം തെറ്റിയ ആക്രമണത്തോടെയായിരുന്നു. ഒരു പരമാധികാര രാജ്യത്തിൽ അതിക്രമിച്ചുകയറി സമാധാന ചർച്ചകൾക്കെത്തിയ കക്ഷികളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുക വഴി എല്ലാ സമാധാന സാധ്യതകളെയും അടച്ചുകളയാൻ സയണിസ്റ്റ് ഭരണകൂടം നടത്തിയ ശ്രമം പാളിപ്പോയി.
ലോകത്തിനുമുന്നിൽ ഇനി ഒന്നും ഒളിക്കാൻ അവർക്ക് കഴിയില്ല. അതിലാണ് മലയാളി സയണിസ്റ്റുകൾക്ക് അമർഷം. ചില പ്രതിലോമ ശക്തികൾ എത്ര പിന്നോട്ട് വലിച്ചാലും ലോകം മുന്നോട്ടുപോവുകയാണ്. ഫലസ്തീനികൾ വലിയ വില കൊടുത്തവരാണ്. ഏറെ പ്രതിഫലം അവർ അർഹിക്കുന്നു. സമാധാനം പുലരുക തന്നെ ചെയ്യും. അതിനുവേണ്ടി ജീവൻ നൽകിയവരെ ലോകം ഓർക്കും, ആദരിക്കും. അന്ന് വ്യാജവാർത്തകൾ ചമക്കുന്ന, സമാധാനശ്രമങ്ങളെ തുരങ്കം വെക്കുന്ന വ്യക്തികളും സംഘടനകളും രാജ്യങ്ങളും അവഹേളിതരാകും. ആരാലും ഓർമിക്കപ്പെടാതെ അവർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് നിപതിക്കുകതന്നെ ചെയ്യും.