Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right'ജെൻ സി പ്രക്ഷോഭം';...

'ജെൻ സി പ്രക്ഷോഭം'; തെരുവുകൾ ക്ഷോഭിക്കുന്നു

text_fields
bookmark_border
ജെൻ സി പ്രക്ഷോഭം; തെരുവുകൾ ക്ഷോഭിക്കുന്നു
cancel

ഒട്ടും അപകടകരമാവില്ലെന്ന ഉറപ്പിൽ ഭരണകൂടം നടത്തിയ ഒരു പ്രഖ്യാപനത്തിന്റെ പേരിൽ പ്രധാനമന്ത്രി കെ.പി. ശർമ ഓലിയുടെ രാജിയിലും ഇടക്കാല ചുമതലയിൽ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയുടെ അധികാരാരോഹണത്തിലും എത്തിനിൽക്കുകയാണ് അയൽരാജ്യമായ നേപ്പാളിപ്പോൾ. അശാന്തരായ യുവത തെരുവിലിറങ്ങിയാൽ തെറിച്ചുപോകുന്ന ഭരണമേ രാജ്യത്തുണ്ടായിരുന്നുള്ളൂവെന്ന് ലോകം കൗതുക​ത്തോടെ നോക്കിക്കാണുന്നു. സമാനമായൊരു പ്രക്ഷോഭത്തിൽ ബംഗ്ലാദേശിൽ അധികാരമാറ്റം നടന്നിട്ട് ഏറെയായിട്ടില്ല. അന്ന് അവിടംവിട്ട് ഓടിപ്പോന്ന പ്രധാനമന്തി ശൈഖ് ഹസീന ഇപ്പോഴും ഇന്ത്യയിൽ രാഷ്ട്രീയ അഭയജീവിതം നയിക്കുകയാണ്. പാർലമെന്റിലും ഭരണവർഗം ആർമാദിച്ച പഞ്ചനക്ഷത്ര ഹോട്ടലുകളിലും അഗ്നിക്ഷതം തീർത്ത നേപ്പാളിലെ യുവരോഷത്തിന് പിന്നിലെന്താണ്? എന്താണ് ജെൻ സി പ്രക്ഷോഭത്തി​ന്റെ യഥാർഥ കാരണം?

ചട്ടങ്ങൾ പാലിക്കുന്നെന്ന് ഉറപ്പാക്കുന്നതിന് ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാൻ നൽകിയ അന്ത്യശാസനം പാലിച്ചില്ലെന്നുപറഞ്ഞ് 26 സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾക്ക് വിലക്ക് പ്രഖ്യാപിക്കുന്നതോടെയാണ് നേപ്പാൾ കലാപത്തീയിലമരുന്നത്. ഫേസ്ബുക്കും യൂട്യൂബും എക്സും ഇൻസ്റ്റാഗ്രാമും വാട്സ്ആപ്പുമെല്ലാം ഒറ്റനാളിൽ കോടിക്കണക്കിന് മനുഷ്യരുടെ മൊബൈലിലും കമ്പ്യൂട്ടറിലും നിന്ന് അപ്രത്യക്ഷമായി. ലോകം മുഴുക്കെയെന്നപോലെ നേപ്പാളിലും സമൂഹത്തിന്റെ ജീവിതം ചുറ്റിപ്പിണഞ്ഞുകിടന്ന ഈ പ്ലാറ്റ്ഫോമുകൾ തൊട്ടുകളിക്കുന്നത് സഹിക്കാൻ സാധാരണക്കാരൻ ഒരുക്കമായിരുന്നില്ല.

ആഹ്വാനം ചെയ്യാൻ നേതാക്കളില്ലാതിരുന്നിട്ടും ഇളമുറക്കാർ മണിക്കൂറുകൾക്കകം കൂട്ടമായി ഇറങ്ങി വിജയിപ്പിച്ചെടുത്ത സമരം തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് നാന്ദി കുറിക്കപ്പെടുന്നത്. ഭരണകൂടവും പട്ടാളവും തീർത്ത നിയന്ത്രണത്തിന്റെ വേലികൾ ​പൊട്ടിച്ചെറിഞ്ഞ് സമരക്കാർ തെരുവുകൾ കീഴടക്കി. പ്രധാനമന്തി ശർമയുടെ ജന്മനാടായ ഡമാകിലെ വീട് ആക്രമിച്ച നാട്ടുകാർ അദ്ദേഹത്തെ കല്ലെറിഞ്ഞു. സമൂഹമാധ്യമ വിലക്ക് നീക്കി അനുനയിപ്പിക്കാനുള്ള ഓലിയുടെ ശ്രമങ്ങളും പരാജയമായി. രണ്ടുനാളിൽ എല്ലാം തീരുമാനമാകുന്നതായിരുന്നു ലോകം കണ്ടത്. ഭരണകേന്ദ്രമായ പാർലമെന്റും നിയമനിർമാണത്തിന്റെ എല്ലാമെല്ലാമായ സുപ്രീംകോടതിയും ചാരമാക്കപ്പെട്ടു. ഭരണകക്ഷിയായ നേപ്പാൾ കോൺഗ്രസ് പാർട്ടി ആസ്ഥാനമടക്കം രാഷ്ട്രീയകക്ഷികളുടെ ഓഫിസുകൾ ജനം തെരഞ്ഞുപിടിച്ച് കത്തിച്ചു. പൊലീസ് നടത്തിയ ഇടപെടലുകൾ നിരവധി സമരക്കാരുടെ ജീവനെടുത്തതല്ലാതെ സമരം ആളിക്കത്തിക്കാനേ സഹായിച്ചുള്ളൂ.

‘നെ​പോ കിഡ്സി’നോടുള്ള അരിശം

സെപ്റ്റംബർ ആരംഭത്തിലേ നേപ്പാൾ അപകടം മണത്തിരുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുമ്പോഴും രാഷ്ട്രീയ തമ്പ്രാക്കന്മാരുടെ മക്കളും ഉറ്റവരും കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളോട് കടുത്ത രോഷം സമൂഹ മാധ്യമങ്ങൾ വഴി ശക്തിയാർജിച്ചുതുടങ്ങിയിരുന്നു. വിദേശ യാത്രകളുടെയും ഡിസൈനർ ഹാൻഡ്ബാഗുകളുടെയും ഫോട്ടോകളും വിഡിയോകളും ഇവർ സമൂഹ മാധ്യമങ്ങളിലിടുന്നത് രോഷത്തിന് വിത്തിട്ടു. മൂന്ന് കോടി വരുന്ന ജനസംഖ്യയിൽ മഹാഭൂരിപക്ഷവും പട്ടിണിപ്പാവങ്ങളാണ് രാജ്യത്ത്. തൊഴിലില്ലായ്മ അതിരൂക്ഷം.

സാമ്പത്തിക അസമത്വം തിടംവെച്ചുവളർത്തി ഭരണകൂടത്തിന്റെ നടപടികൾ എന്നേ കടുത്ത വിമർശനം വരുത്തുന്നതാണ്. സമൂഹ മാധ്യമങ്ങൾക്ക് വിലക്കു വീണതിൽ പിന്നെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ​തേടി ജനം ഇറങ്ങി. അധികാരി വർഗത്തിനെതിരെ ഇതേ സമൂഹമാധ്യമങ്ങളിൽ നാളുകളായി മുഴങ്ങുന്ന കലാപാഹ്വാനങ്ങൾക്കിടെയായിരുന്നു മറ്റൊരു പേരിൽ വിലക്ക് പ്രഖ്യാപിക്കുന്നതെന്നും ഓർക്കണം.

ജെൻ സി വിപ്ലവം

ലോകം സാ​​ങ്കേതികമായി അതിവേഗം ബഹുദൂരം കുതിക്കുമ്പോഴും അത് സൃഷ്ടിച്ച മുഖ്യധാരയിൽ ഏറെയൊന്നും പ്രാതിനിധ്യമില്ലാതെ വിട്ടുനിന്നവരായിരുന്നു നേപ്പാൾ ജനത. അവിടെയാണ് ജെൻ സി പ്രക്ഷോഭം എന്നു പേരു വരിച്ച് നേപ്പാൾ കലാപത്തിലേക്ക് വീഴുന്നത്. 28 വയസ്സു വരെ പ്രായമുള്ളവരാണ് ഉത്തരാധുനിക ഭാഷയിൽ ജെൻ സിക്കാർ. സമൂഹ മാധ്യമങ്ങൾ വിലക്കപ്പെട്ടതോടെ ടിക് ടോക്കും പിന്നെ സ്വകാര്യ ഓൺലൈൻ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയായിരുന്നു അവരുടെ അരങ്ങേറ്റം.

ഉള്ളവനും ഇല്ലാത്തവനും തമ്മിലെ പോരാട്ടമായി ഇത് പടർന്നതോടെ ഒന്നും നഷ്ടപ്പെടാനില്ലാത്തവർ കൂട്ടമായി കൊടി​ പിടിച്ചു. പല കൊടികളിലും ‘ജെൻ സി പ്രക്ഷോഭം’ എന്ന എഴുത്തും വന്നു. ജനത്തിന്റെ നൈരാശ്യം തന്നെയായിരുന്നു നേപ്പാൾ തെരുവുകളിൽ തീയും പുകയും നിറച്ചത്. വെടിയുണ്ടകൾക്ക് കീഴടക്കാനാകാത്ത മഹാവികാരമായി പടർത്തിയത്.

2024ലെ ലോകബാങ്ക് കണക്കുകൾ പ്രകാരം നേപ്പാളിലെ 15-24 പ്രായക്കാരിൽ അഞ്ചിലൊന്നിലേറെയും തൊഴിലില്ലാത്തവരാണ്. രാജ്യത്തിന്റെ പ്രതിശീർഷ ആളോഹരി വരുമാനത്തിന്റെ 33.1 ശതമാനവും വിദേശത്തുനിന്ന് വ്യക്തികൾ അയക്കുന്ന കുഞ്ഞുകുഞ്ഞു ഫണ്ടിൽനിന്നാണ് വരുന്നത്. രാജ്യത്ത് തൊഴിൽമാർഗങ്ങൾ അടഞ്ഞതിനാൽ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം അനുദിനം കൂടിവരുന്നു. എന്നുവെച്ചാൽ, എന്നേ ആളിക്കത്താൻ കാത്തിരുന്ന കനൽ ഒരു ചെറുകാറ്റിന് കാതോർക്കുകയായിരുന്നു.

കലാപം കൈവിട്ടെന്നായതോടെ ആദ്യം ആഭ്യന്തര മന്ത്രിയാണ് രാജി പ്രഖ്യാപിച്ചത്. അതിൽപിന്നെ അധികാരം വലിച്ചെറിഞ്ഞ് ഒളിവിൽ പോകുന്ന മന്ത്രിമാരുടെ വരിയും നിരയും നീണ്ടു. നേപ്പാളിൽ മന്ത്രാലയങ്ങൾ മൊത്തമായുള്ള സിംഘ ദർബാർ പോലുള്ള സർക്കാർ മന്ദിരങ്ങൾ മാത്രമല്ല, കച്ചവട സ്ഥാപനങ്ങളും ​അഗ്നിക്കിരയാക്കപ്പെട്ടു. സമരമുഖത്ത് യുവാക്കൾ മാത്രമെന്നത് മാറി ​കുട്ടികളും മുതിർന്നവരും വയോജനങ്ങൾ വരെ എത്തി.

28 വയസ്സിൽ താഴെയുള്ളവരെ കുറിക്കാൻ ഉപയോഗിക്കുന്ന ‘ജെൻ സി’ എന്ന പേര് ലോകം ആഘോഷപൂർവം ഏറ്റെടുത്തു. ‘ജെൻ സി ഐക്യം നീണാൾ വാഴട്ടെ’ എന്ന ബാനറുയർത്തിയവർ ​നേപ്പാൾ ദേശീയഗാനം ആലപിച്ചാണ് ഓരോ അധികാര കേന്ദ്രത്തിലും കയറിച്ചെന്നത്. സാമാജികർ ഇരുന്ന കസേരകൾ തകർത്തുകളഞ്ഞത്. എന്നിട്ടവർ കൂട്ടായി കൊളുത്തിയ​ സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ യുവതയുടെ വിപ്ലവമായി. ‘ഇത് വിജയത്തിന്റെ നിമിഷമായിരുന്നു. തെരുവിൽ വീണ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് നീതി വേണം. രാഷ്ട്രീയ കക്ഷികളോരോന്നിനുമുള്ള സന്ദേശമാണിത്. ഇനിയൊരിക്കൽ അഴിമതി നടത്താൻ ആർക്കും എളുപ്പം ധൈര്യം വരില്ല’- ഒരു ​പ്രക്ഷോഭകന്റെ വാക്കുകൾ.

മൂന്ന് കാരണവന്മാരുടെ ‘കസേരകളി’

കഴിഞ്ഞ 10 വർഷമായി ഓലിക്ക് പുറമെ, ഷേർ ബഹാദൂർ ദ്യൂബ, പുഷ്പ കമാൽ ദാഹൽ പ്രചണ്ഡ എന്നീ മൂന്നുപേർ പരസ്പരം പങ്കുവെക്കുന്നതാണ് നേപ്പാളിലെ അധികാരം. ഓലി നയിക്കുന്ന നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി, ദ്യൂബയുടെ നേപ്പാളി കോൺഗ്രസ്, ദാഹൽ നയിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി (മാവോവാദി) എന്നിവയാണ് ഭരണകക്ഷികൾ. 12 തവണയാണ് ഇവർ തമ്മിൽ അധികാരമാറ്റം നടന്നത്, അതും വർഷങ്ങൾക്കിടെ. സമീപകാലത്തൊന്നും സുസ്ഥിരമായ ഒരു ഭരണം രാജ്യം കണ്ടിട്ടില്ല. പ്രായം ചെന്ന് ജനകീയത എന്നേ നഷ്ടമായ മൂവരുമല്ലാതൊരാളും നേപ്പാളിന്റെ അധികാരക്കസേര കൈയേറാൻ വരില്ലെന്ന് ഉറപ്പാക്കുംവിധമാണ് എന്നും എപ്പോഴും കാര്യങ്ങൾ മാറിമറിഞ്ഞത്. അഥവാ, ഒരു തരം കസേരകളി.

അഴിമതി​ക്കെതിരെ പിടിച്ച വാൾ

സാമാന്യം വിദ്യാഭ്യാസം നേടി പരമാവധി വേഗത്തിൽ നാടുവിടണമെന്നാണ് ഓരോ നേപ്പാളിയുടെയും സ്വപ്നം. കടുത്ത അഴിമതി രാജ്യത്ത് എല്ലാ വികസനസാധ്യതകളും വേരോടെ പിഴുതുകളഞ്ഞതാണ് വിഷയം. ഏതു ചെറിയ കാര്യവും നടത്തിക്കിട്ടാൻ ഉദ്യോഗസ്ഥ വൃന്ദം കനിയണം. വലിയ തുക കൈമടക്കണം. ചിലയിടങ്ങളിൽ കൈക്കൂലി നൽകിയാൽ പിന്നെ സർക്കാർ ഓഫിസുകളിൽ പോലും കയറിയിറങ്ങേണ്ടിവരില്ല. അങ്ങനെ എണ്ണമറ്റ ഉദാഹരണങ്ങളാണ് സമരക്കാർക്ക് മാധ്യമപ്രവർത്തകർക്ക് മുന്നിൽ പങ്കുവെക്കാനുണ്ടായിരുന്നത്. ഏറ്റവും ഉയർന്നവർ മുതൽ താഴെത്തട്ടിൽ വരെ അഴിമതിയുടെ കൂത്തരങ്ങായി രാജ്യ​ത്തെ സംവിധാനം മാറിയിരിക്കുന്നു. ഇതിനൊപ്പം രാഷ്ട്രീയ പാർട്ടി നേതാക്കളുടെ മക്കളുടെ ധൂർത്ത് കൂടിയായതോടെ എല്ലാം പൂർത്തിയായി.

ചൈനക്കുമുണ്ട് താൽപര്യങ്ങൾ

1400ലേറെ കിലോമീറ്ററുകൾ അതിർത്തി പങ്കിടുന്നുണ്ട് ചൈനയും നേപ്പാളും തമ്മിൽ. അതിനാൽ തന്നെ, കടൽ അതിർത്തി പങ്കിടാനില്ലാത്ത നേപ്പാളിനെ പിടിക്കാൻ ചൈന എന്നേ മുന്നിലുണ്ട്. അടിസ്ഥാന മേഖലയിലും മറ്റും സഹായമായും വായ്പയായും വൻനിക്ഷേപമാണ് അടുത്തിടെയായി ചൈന ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ചൈനയിലെത്തിയ ഓലി ചൈനയുമായി ഉഭയകക്ഷി സഹകരണ കരാറി​ൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായി രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബെയ്ജിങ് കണ്ണുവെക്കുന്നതായ ആരോപണവും ശക്തം.

ബംഗ്ലാദേശും ശ്രീലങ്കയും നൽകുന്ന പാഠങ്ങൾ

ഇന്ത്യയുടെ അയൽക്കാരിൽ മൂന്നാമത്തെ രാജ്യത്താണ് വലിയ മാറ്റമില്ലാതെ ഒരേ പാറ്റേണിൽ ഭരണകൂടം തൂത്തെറിയപ്പെട്ട് ജനം അധികാരമേറുന്നത്. 2022 ഏപ്രിലിലാണ് ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ടത്. കോവിഡ് കാലത്തെ വൻവീഴ്ചകൾ ഒടുവിൽ തലക്കുമുകളിലെ വാളായി വൈദ്യുതി, ഇന്ധന മുടക്കങ്ങളിലേക്ക് നീങ്ങിയതോടെ വലഞ്ഞ ജനം തെരുവിലിറങ്ങാൻ നിർബന്ധിതരായി.

പാർലമെന്റ് മന്ദിരം കൈയേറിയവർ രാജപക്സ കുടുംബത്തിനു നേരെ തിരിഞ്ഞു. പ്രസിഡന്റ് ഗോടബയ രാജപക്സ നാടുവിട്ടോടി. അയൽരാജ്യങ്ങളായ ചൈനക്കും ഇന്ത്യക്കും മാത്രമല്ല, ലോകബാങ്കിനടക്കം വൻതുക ഇപ്പോഴും കടത്തിലോടുന്ന രാജ്യത്തിന് എളുപ്പമൊന്നും തിരിച്ചുപിടിക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയല്ല ഇപ്പോഴുമുള്ളത്. എന്നാലും ഏതു രാജ്യത്തിനും ഒട്ടും ശുഭകരമല്ലാത്ത അധികാര ശൂന്യതയിൽനിന്ന് പതിയെ പിച്ചവെച്ചുവരികയാണ് ശ്രീലങ്ക.

അതിന്റെ അലയൊലി തീരും മുമ്പ് 2024ലാണ് ശൈഖ് ഹസീന ബംഗ്ലാദേശിൽ ജനരോഷത്തിന്റെ ചൂടറിയുന്നത്. അവിടെ സ്വന്തം പാർട്ടിക്കാരെ പരമാവധി അധികാരത്തിൽ തിരുകിക്കയറ്റാനുള്ള ശ്രമങ്ങളാണ് ​പ്രതിസന്ധി ഗുരുതരമാക്കിയത്. വിദ്യാർഥികളായിരുന്നു ഇവിടെ പ്രക്ഷോഭം നയിച്ചത്. ശൈഖ് ഹസീന നാടുവിട്ട ഒഴിവിൽ മുഹമ്മദ് യൂനുസ് താൽക്കാലിക ഭരണം കൈയാളുകയാണ് രാജ്യത്ത്.

ഈ രണ്ടു രാജ്യങ്ങളെക്കാൾ ഇന്ത്യക്ക് ചരിത്രപരമായ ബന്ധമുള്ളതാണ് നേപ്പാളുമായി. സാമ്പത്തിക, നയപരമായ സൗഹൃദം ഇന്ത്യക്ക് പരമപ്രധാനവുമാണ്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, സിക്കിം, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി 1750 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട് ഇന്ത്യയും നേപ്പാളും. അതിനാൽ തന്നെ, രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് അവിടെ നടക്കുന്നതെന്തെന്ന്. സംഘർഷം മൂർഛിച്ചതിന്റെ പിറ്റേന്നു തന്നെ അടിയന്തര മന്ത്രിസഭ യോഗം ചേർന്ന് കേന്ദ്ര സർക്കാർ കാഠ്മണ്ഡുവിലെ സാഹചര്യങ്ങൾ വിലയിരുത്തിയത് വിഷയത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നു.

സുശീല കർക്കി നൽകുന്ന പ്രതീക്ഷകൾ

താൽക്കാലികമോ ദീർഘനാൾ നീളുന്നതോ എന്ന് വ്യക്തമല്ലെങ്കിലും പ്രതിഷേധക്കാർ ഐകകണ്ഠ്യേന അംഗീകാരം നൽകി ഭരണം ഏറ്റെടുത്ത സുശീല കർക്കിക്കു കീഴിൽ നേപ്പാൾ സമാധാനത്തിലേക്കും സാമ്പത്തിക അഭിവൃദ്ധിയിലേക്കും തിരികെ നടക്കുമെന്ന് പ്രതീക്ഷിക്കാനാണ് ലോകത്തിനിഷ്ടം. ഓൺലൈൻ പ്ലാറ്റ്​ഫോമായ ‘ഡിസ്കോർഡ്’ വഴി നടന്ന വോട്ടിങ്ങിനൊടുവിലായിരുന്നു കർക്കിക്ക് നറുക്കുവീണത്. തിങ്കളാഴ്ച തുടങ്ങി ബുധനാഴ്ചയോടെ സമാധാനത്തിലേക്ക് പിച്ച വെച്ച രാജ്യത്ത് പ്രതീക്ഷയുടെ അവസാന കച്ചിത്തുരുമ്പായാണ് സുശീല കർക്കിയുടെ പേര് ഉയർന്നുവന്നത്. അത് എത്ര കണ്ട് രാജ്യത്തിന് സമാധാനം നൽകുമെന്നും സാമ്പത്തിക പ്രയാസങ്ങളിൽനിന്ന് കരകയറ്റുമെന്നുമാണ് ഇനി കാത്തിരുന്നു കാണാനുള്ളത്.

ഒരാഴ്ചയോളം രാജ്യത്തെ മുൾമുനയിൽ നിർത്തിയ സമരങ്ങൾ പൂർണമായി അവസാനിച്ച രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ സൈന്യം നടപ്പാക്കിയ കർഫ്യൂ അടക്കം നടപടികൾ ഒഴിവാക്കുകയും ചെയ്തത് സാധാരണ നിലയിലേക്ക് അതിവേഗം നടന്നുനീങ്ങുകയാണെന്ന സൂചനകൾ നൽകുന്നു. ഇന്ന് ചുമതലയേൽക്കുന്ന കർക്കി പുതിയ മന്ത്രിസഭയും ഉടൻ പ്രഖ്യാപിക്കും. ആറുമാസം കാലാവധിയുള്ള ഇടക്കാല പ്രധാനമന്ത്രിക്കു കീഴിൽ അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കും.

എല്ലാ പ്രതിസന്ധികളിലും ശുഭകരമായി മുന്നോട്ടുപോകാനായാൽ അവർക്കു തന്നെ തുടർന്നും ഭരണം നടത്താനായേക്കും. ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുകയും അവിടെ വെച്ചുതന്നെ തന്റെ ജീവിത പങ്കാളിയായ ദുർഗ പ്രസാദ് സുബെദിയെ കണ്ടെത്തുകയും ചെയ്ത നിലക്ക് കർക്കിക്ക് ഇന്ത്യയുമായി ഉറ്റ ബന്ധമുണ്ട്. സ്വാഭാവികമായും ഈ ഇഷ്ടം നിലനിർത്തുമെന്നുറപ്പുള്ള പ്രഥമ വനിത പ്രധാനമന്ത്രി നേപ്പാളിനെ കൈപിടിക്കുമെന്ന് കാത്തിരിക്കാം.

ജനം ഇപ്പോഴും പ്രതീക്ഷയോടെ കൺപാർത്തുനിൽക്കുന്ന പട്ടാളവും പരമാവധി സംയമനവും കൂടുതൽ പ്രതീക്ഷയും നൽകി മധ്യ സമീപനം സ്വീകരിച്ചതും ഏറെ സഹായകമാകും. നേപ്പാൾ സൈനിക മേധാവി ജനറൽ അ​ശോക് രാജ് സിഗ്ഡെൽ ഓരോ ഘട്ടത്തിലും ജനത്തിനൊപ്പം നിൽക്കുന്ന, എന്നാൽ, കൈവിട്ടുപോകുമെന്ന് തോന്നിച്ചപ്പോൾ കണിശക്കാരനായാണ് നിലയുറപ്പിച്ചത്. 240 വർഷം രാജഭരണത്തിനു കീഴിൽ കഴിഞ്ഞിട്ടും ഗുണം പിടിക്കാത്ത രാജ്യത്ത് മാറ്റത്തിന് ഇത് സുവർണാവസരമാണെന്ന് കരുതുന്നവരാണധികവും.

Show Full Article
TAGS:Nepal Gen Z Protest Social Media Ban Youth protest nepal government 
News Summary - Gen Z; The streets are angry
Next Story