വളരുന്ന സാംസ്കാരിക ഫാഷിസം
text_fieldsവർഗീയ-വംശീയ ഫാഷിസം പോലെ രാജ്യത്ത് ശക്തിപ്രാപിക്കുന്ന പ്രതിഭാസമാണ് സാംസ്കാരിക ഫാഷിസം. സാംസ്കാരിക ഫാഷിസത്തിന്റെ ഭീകരാവസ്ഥ പലപ്പോഴും ഒറ്റനോട്ടത്തിൽ വ്യക്തമാകാറില്ല. എന്നാൽ, അന്തിമ വിശകലനത്തിലും അനുഭവത്തിലും വർഗീയ ഫാഷിസം പോലെത്തന്നെ അപകടകരമാണിത്. മാത്രമല്ല, ഈ രണ്ടുതരം ഫാഷിസത്തിന്റെയും ഗുണഭോക്താക്കളും ഉപാസകരും തമ്മിൽ അന്തർധാരയും സജീവമാണ്.
സാധാരണ ഫാഷിസം സ്പഷ്ടമായ മനുഷ്യക്കുരുതിയിലൂടെയും നശീകരണങ്ങളിലൂടെയും പ്രത്യക്ഷപ്പെടുമ്പോൾ, സാംസ്കാരിക ഫാഷിസം ചില ആഖ്യാനങ്ങളുടെയും അതുവഴി രൂപപ്പെടുന്ന പൊതുബോധങ്ങളുടെയും ചുവടുപിടിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഒരു ഉദാഹരണം പറയാം. ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശം നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അത് വെറുമൊരു നിയമപരമായ അവകാശമല്ല, തികച്ചും മൗലികമായ ഒന്നുതന്നെയാണ്. പക്ഷേ, തന്റെ മതമാണ് ഏറ്റവും ശരിയായത് എന്ന് വിശ്വസിക്കുകയും പറയുകയും ചെയ്യുന്നവരെ-അവർ മറ്റാർക്കും ഒരു പ്രയാസവും ദ്രോഹവും സൃഷ്ടിക്കാതെ ജീവിക്കുമ്പോഴും-മോശക്കാരും തീവ്രനിലപാടുകാരുമായി മുദ്രകുത്താൻ സാംസ്കാരിക ഫാഷിസ്റ്റ് ചേരിയിലുള്ളവർക്ക് വലിയ ആവേശമാണ്.
ഒരാൾ ഒരു മതം വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്നത്, അല്ലെങ്കിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ-സാംസ്കാരിക പ്രത്യയശാസ്ത്രത്തെ പിന്തുടരുന്നത്, അതാണ് ഏറ്റവും ശരിയായത് എന്ന വിശ്വാസത്തിലാകാം. അങ്ങനെ വിശ്വസിക്കാനോ ഉറക്കെ പ്രഖ്യാപിക്കാനോ പാടില്ല എന്ന് ശഠിക്കുന്നത് ഒരു സാംസ്കാരിക ഫാഷിസ്റ്റ് നിലപാടാണ്. വിചിത്രമെന്നു പറയട്ടെ, ഈ നിലപാടെടുക്കുന്നവർ ഒരു കമ്യൂണിസ്റ്റുകാരൻ തനിക്ക് ഏറ്റവും സ്വീകാര്യമായ ആദർശം കമ്യൂണിസമാണെന്ന് പറയുന്നതിലോ, ഒരു കോൺഗ്രസുകാരൻ കോൺഗ്രസ് പാർട്ടിയുടെ ആദർശമാണ് ഏറ്റവും ശരിയായതെന്ന് പറയുന്നതിലോ ഒരു തെറ്റും കാണുന്നില്ല. മതശാസനകൾ സംബന്ധിച്ച് മതപണ്ഡിതർ ഗുണകാംക്ഷയോടെയും ഉപദേശരൂപേണയും മതവേദികളിൽ വെച്ച് വല്ല പ്രസ്താവനയും നടത്തിയാൽ പോലും, അത്തരം അഭിപ്രായം പറയാൻ അവകാശമില്ല എന്ന മട്ടിൽ അവരെ താറടിച്ചുകാണിക്കാനുള്ള പ്രവണതയും ഈ ഫാഷിസ്റ്റുകളിൽ കണ്ടുവരുന്നു.
സാംസ്കാരിക ഫാഷിസത്തിന്റെ പ്രയോക്താക്കൾക്ക് പൊതുവിൽ ലഭിച്ചുവരുന്ന സാംസ്കാരിക മേലങ്കികളും ഭരണകൂട-അധികാര വർഗ-മാധ്യമ സ്വാധീനങ്ങളും ചേർന്ന്, ഒഴുക്കിനനുസരിച്ച് നീന്താൻ ഒരുങ്ങിനിൽക്കുന്ന ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുക്കുന്നുണ്ട്.
രാജ്യത്തിന്റെ പൊതുപരിപാടികളിൽ ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസത്തോടോ ആചാരത്തോടോ ബന്ധപ്പെട്ട ചടങ്ങുകൾ ഉൾപ്പെടുത്തുമ്പോൾ, അതിനോട് മറ്റുതരത്തിലുള്ള എതിർപ്പൊന്നും പ്രകടിപ്പിക്കാതെ, സ്വന്തം വിശ്വാസത്തോട് യോജിക്കുന്നില്ല എന്നതുകൊണ്ട് മാത്രം ഒരാൾ ആ ചടങ്ങിൽ നിന്ന് മാന്യമായി വിട്ടുനിന്നാൽപോലും അയാളെ മതേതര വിരോധിയും തീവ്രവാദിയുമായി ചിത്രീകരിക്കുന്ന വിചിത്രമായ പ്രവണതയാണ് ഇന്ന് സാംസ്കാരിക ഫാഷിസ്റ്റുകൾ പൊതുവേ പ്രകടിപ്പിച്ചുവരുന്നത്. വാസ്തവത്തിൽ, ഉപഗ്രഹം വിക്ഷേപിക്കുന്നതും കപ്പൽ നീറ്റിലിറ
ക്കുന്നതും പോലുള്ള രാജ്യത്തിന്റെ പൊതുപരിപാടികളിൽ ഏതെങ്കിലും മതവിശ്വാസവുമായോ ആചാരവുമായോ ബന്ധപ്പെട്ട ചടങ്ങുകൾ നടത്തുന്നതാണ് മതേതരത്വത്തിന് വിരുദ്ധം എന്ന കാര്യം പോലും വിസ്മരിച്ചുകൊണ്ടാണ് ഈ വിമർശനങ്ങൾ. പക്ഷേ, വിമർശനത്തിന്റെ വിരൽ ചൂണ്ടപ്പെടുന്നത് മറുവശത്തേക്കാണ്.
ഈയിടെ ഒരു ചാനൽ പരിപാടിയിൽ ഒരു സിനിമാ നടന്റെ പ്രകടനം കാണാനിടയായി. സദസ്സിലുണ്ടായിരുന്ന ലെസ്ബിയൻ ദമ്പതികളെ പുകഴ്ത്തിക്കൊണ്ട് പലതും പറയുന്നതിനിടയിൽ, നടൻ സദസ്സിലെ മറ്റൊരു സ്ത്രീയോട് അത്തരം ജീവിതത്തെക്കുറിച്ച് അഭിപ്രായം ചോദിക്കുന്നു. ആ സ്ത്രീ തനിക്ക് അതിനോട് യോജിപ്പില്ല എന്ന് മാന്യമായി മറുപടി പറയുന്നു. ഉടനടി നടൻ അവർക്കുനേരെ ആക്രോശിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു; ആ സ്ത്രീക്ക് തന്റെ അഭിപ്രായം പറയാൻ പോലും അവകാശമില്ല എന്ന തരത്തിൽ. പിന്നെ കാണുന്നത് സദസ്സിലെ ഭൂരിഭാഗവും ആ നടനെ അനുകൂലിച്ച് കൈയടിക്കുന്നതാണ്. നിയമത്തെയും നീതിയെയും മറികടന്നുകൊണ്ട് രൂപപ്പെടുത്തുന്ന പൊതുബോധങ്ങളാണ് ഇവിടെയെല്ലാം പ്രവർത്തിക്കുന്നത്.
സാംസ്കാരിക ഫാഷിസ്റ്റുകൾക്ക് മതമോ ജാതിയോ ഇല്ല. എല്ലാ വിഭാഗങ്ങളിലും ഇത്തരക്കാരെ കണ്ടുവരുന്നു. മതേതരത്വവും ജനാധിപത്യവും മനുഷ്യാവകാശങ്ങളും നിലനിൽക്കണമെന്ന് ആഗ്രഹമുള്ളവർ ഇത്തരം പ്രവണതകളെ ശക്തമായി എതിർക്കേണ്ടതുണ്ട്.
(മുൻ ജില്ല ജഡ്ജിയാണ് ലേഖകൻ)