ജി.എസ്.ടിയുടെ ഒമ്പതാം വർഷം: പ്രതീക്ഷകളും പരാജയങ്ങളും
text_fieldsരാജ്യത്തെ നികുതി വ്യവസ്ഥയെ ലളിതവും സുതാര്യവും ആക്കുക എന്ന ഉദ്ദേശ്യത്തോടെ 2017ൽ നിലവിൽവന്ന ചരക്ക് സേവന നികുതി (ജി.എസ്.ടി) സംവിധാനം എട്ടുവർഷം പിന്നിടുമ്പോൾ, വിജയങ്ങളേക്കാൾ അധികം വിമർശനങ്ങളാണ് മുന്നിൽ നിറയുന്നത്.
നികുതിനിരക്കുകളുടെ സങ്കീർണത, അടിക്കടി വരുന്ന മാറ്റങ്ങൾ, കഠിനവും കർശനവുമായ ജി.എസ്.ടി കോംപ്ലയൻസ്, സപ്ലയറുടെ വീഴ്ചകൾമൂലം ബാധിക്കപ്പെടുന്ന ചെറുകിട കച്ചവടക്കാർ, ടാക്സ് റീഫണ്ടിലെ കാലതാമസം, ജി.എസ്.ടി പോർട്ടലിന്റെ സാങ്കേതിക പ്രശ്നങ്ങൾ, തീർപ്പാകാതെ കിടക്കുന്ന പതിനായിരക്കണക്കിന് അപ്പീലുകൾ, ഹരജികൾ, ഹൈകോടതി ഉത്തരവുണ്ടായിട്ടും പ്രവർത്തനം ആരംഭിക്കാത്ത ജി.എസ്.ടി ട്രൈബ്യൂണൽ, ജി.എസ്.ടി നിയമത്തിൽ ചെറുകിട സംരംഭങ്ങളെ സംരക്ഷിക്കാനുള്ള പ്രത്യേക വകുപ്പുകളുടെ അഭാവം, ഡിപ്പാർട്മെന്റൽ ഓഡിറ്റ് കച്ചവടക്കാർക്ക് ദുരിതപൂർണമാകുന്ന അവസ്ഥ തുടങ്ങി നിരവധി വീഴ്ചകളും കുറവുകളും ഇപ്പോഴും നിലനിൽക്കുന്നു.
ഉദ്യോഗസ്ഥർക്ക് മതിയായ പരിശീലനം നൽകിക്കൊണ്ടും ജാഗ്രത പാലിക്കേണ്ട സന്ദർഭത്തിൽ ജാഗ്രത പാലിച്ചുകൊണ്ടും നിയമത്തിൽ എഴുതിയിട്ടുള്ള അക്ഷരങ്ങളെ പ്രായോഗികതലത്തിൽ വ്യാഖ്യാനിച്ച് തെറ്റ് ചെയ്തവരെ മാത്രം ശിക്ഷിക്കേണ്ട അവസ്ഥ ജി.എസ്.ടിയിൽ ഉണ്ടാകേണ്ടതായിരുന്നു. വൻ തട്ടിപ്പുകാർ മുൻകാലങ്ങളിലെ പോലെ രക്ഷപ്പെടുകയും ചെയ്യുന്നു. ബ്രിട്ടീഷ് ഭരണകാലം മുതൽ നികുതി ചുമത്താനുള്ള അമിത അധികാരം ഭരണകൂടത്തിന്റെ അവകാശമായി തുടരുകയായിരുന്നു. ഭീഷണികളാലോ, മോഹനവാഗ്ദാനങ്ങളാലോ ബിസിനസുകാരെ നിയന്ത്രിക്കാനോ, അല്ലെങ്കിൽ ഭരണകക്ഷിയുടെ സ്വജനപക്ഷപാതത്തിന് പറ്റുന്ന ഒരു നികുതി വ്യവസ്ഥയായിരുന്നു ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളിൽ നിലനിന്നിരുന്നത്. ആഗോള കരാർ വ്യവസ്ഥകളുടെ പേരിൽ സുതാര്യവും ലളിതവുമായ ഒരു പരോക്ഷ നികുതി സംവിധാനം ഇന്ത്യയിൽ വേണമെന്ന അനിവാര്യതയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിൽ ജി.എസ്.ടി പ്രാബല്യത്തിൽ വരുത്തിയത്. എന്നാൽ, ലക്ഷ്യപ്രാപ്തിയുടെ 50 ശതമാനത്തിലേക്ക് പോലും ഈ എട്ടാം വർഷത്തിന്റെ അവസാനത്തിലും എത്തിയിട്ടില്ല.
ജി.എസ്.ടി 18 ശതമാനമോ 28 ശതമാനമോ വരും, അതുകൊണ്ട് ഇൻവോയ്സ് വേണ്ട എന്നും ‘ചെല്ലപ്പേരിൽ’ അറിയപ്പെടുന്ന ‘വിതൗട്ട്’ മതി എന്ന മനോഭാവം ഇന്നും നല്ലൊരു ശതമാനം ഉപഭോക്താക്കളിലും റീട്ടെയിൽ കച്ചവടക്കാരിലും നിലനിൽക്കുന്നു എന്നത് നികുതി നടപ്പാക്കലിന്റെ പരാജയമായി കാണേണ്ടിവരും. പരസ്പര മത്സരം ശക്തമായ ഒരു വിപണിയിൽ 18 ശതമാനം, 28 ശതമാനം മറ്റു നിരക്കുകൾ പോലെയുള്ള നികുതിനിരക്കുകൾ ഉള്ളപ്പോൾ നികുതി വെട്ടിച്ച് വില കുറച്ച് സാധനങ്ങൾ വിൽക്കുന്ന കോംപറ്റീറ്റർമാരെ നേരിടാൻ, നല്ല രീതിയിൽ ബിസിനസ് ചെയ്യുന്നവർക്കും പ്രയാസമാണ്. ചിലർ നികുതി വെട്ടിക്കാൻ തയാറാകേണ്ടിവരുന്നു, അല്ലെങ്കിൽ ബിസിനസ് ഉപേക്ഷിച്ച് മറ്റു മേഖലകളിലേക്ക് മാറുന്നു.
ജി.എസ്.ടി കൊടുക്കേണ്ടത് ഒരു സാമൂഹിക ബാധ്യതയാണെന്ന തിരിച്ചറിവ് സമൂഹത്തിൽ ഇനിയും വേരോടിയിട്ടില്ല. ഓരോ മാസത്തെയും അല്ലെങ്കിൽ ഓരോ സാമ്പത്തിക വർഷത്തിന്റെയും നികുതി പിരിവ് കൂടുകയാണ് എന്ന സർക്കാർ പ്രഖ്യാപനം മാത്രം പോരാ. ഓരോ ബിസിനസുകാരനും ഇൻവോയ്സ് നൽകുകയും ഉപഭോക്താവും അത് സ്വീകരിക്കുകയും ചെയ്യുന്ന അവസ്ഥ ആണ് യഥാർഥ വിജയം. അതിലൂടെയാണ് യഥാർഥ വരുമാനവും ചെലവുകളും ബാങ്ക് ഇടപാടുകളും രാജ്യത്ത് പ്രതിഫലിക്കുന്നത്.
ജി.എസ്.ടി ഒരു ഡെസ്റ്റിനേഷൻ ബേസ്ഡ് നികുതി നിയമമാണ്. ബോംബെയിലെ സ്ഥാപനം കേരളത്തിലേക്ക് ചരക്കോ സേവനമോ അയക്കുമ്പോൾ കേരള മേൽവിലാസം ഇല്ലെങ്കിൽ IGST ക്രെഡിറ്റ് മഹാരാഷ്ട്രക്ക് പോകും. ഈ നഷ്ടം കുറക്കാൻ കേരളം അടുത്തകാലത്ത് മാത്രമാണ് പരിശോധന ശക്തമാക്കിയിട്ടുള്ളത്. എന്നാൽ, മുമ്പ് വേണ്ടിയിരുന്നതുപോലെ IGST വിഹിതം കേരളത്തിന് നേടാൻ കഴിഞ്ഞിട്ടില്ല.
ഒമ്പതാം വർഷത്തിലേക്ക് കടക്കുമ്പോഴും ജി.എസ്.ടി പ്രശ്‌നങ്ങളും അപാകതകളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ ചെറുകിട വ്യവസായ രംഗം. ലാളിത്യവും സുതാര്യതയും ലക്ഷ്യമാക്കിയ ഈ നികുതി സംവിധാനം, ചില മേഖലകളിൽ കാര്യമായ പുരോഗതി കൈവരിച്ചെങ്കിലും, ചെറുകിട കച്ചവടക്കാർക്കും സാധാരണ ഉപഭോക്താക്കൾക്കും അനുയോജ്യമായ ഇടപെടലുകൾ ഇനിയും കാത്തിരിക്കുകയാണ്.
ജി.എസ്.ടി ഒരു സാമൂഹിക പ്രതിബദ്ധതയായി കാണുന്ന മനോഭാവം വളർത്തുകയും, നിയമം ശരിയായ രീതിയിൽ നടപ്പാകുകയും ചെയ്യാൻ സർക്കാറുകളും വകുപ്പുതലത്തിലുള്ള ഉദ്യോഗസ്ഥരും ആധികാരികതയോടെയും മാനുഷികതയോടെയും മുന്നോട്ടുവരുമ്പോഴേ യഥാർഥ വിജയമെന്നത് ഉറപ്പാക്കാനാവൂ. ജി.എസ്.ടിയുടെ ഒമ്പതാം വാർഷികത്തിൽ ഇതുവരെ സംഭവിച്ചത് ശിക്ഷയും ഭീഷണിയും മാത്രമായിരുന്നെങ്കിൽ ഇനി മുതൽ സുതാര്യതയും സഹായവും ആവട്ടെ എന്ന് പ്രതീക്ഷിക്കാം.
(ജി.എസ്.ടി ഫാക്കൽറ്റിയും ഹൈകോടതി അഭിഭാഷകനുമാണ് ലേഖകൻ)