ഓസോൺ പാളി സുഖപ്പെടുമ്പോൾ: ഒരു ചരിത്രവിജയത്തിന്റെ പാഠങ്ങൾ
text_fieldsനേപ്പാളിലെ മിന്നൽപ്രളയവും കേരളത്തിൽ അനുദിനം ഉയരുന്ന താപനിലയും യൂറോപ്പിലെ ഉഷ്ണതരംഗങ്ങളും കാലാവസ്ഥാവ്യതിയാനത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ഈ കാലത്ത്, ഓസോൺ സംരക്ഷണ ദിനാചരണത്തിന് വലിയ പ്രസക്തിയുണ്ട്. ചരിത്രത്തിലെ ഏറ്റവും വിജയകരമായ പരിസ്ഥിതി ഉടമ്പടിയായ മോൺട്രിയൽ പ്രോട്ടോക്കോൾ 1987 സെപ്റ്റംബർ 16-ന് ഒപ്പുവെച്ചതിന്റെ സ്മരണാർഥമാണ് 1994-ൽ ഐക്യരാഷ്ട്രസഭ ഈ ദിനം ഓസോൺ സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്.
2026-ലെ ഓസോൺ ദിനസന്ദേശം “ഭൂമിയെ തണുപ്പിക്കാനുള്ള ആഗോള കർമപദ്ധതി - കിഗാലി ഭേദഗതിക്കുകീഴിലുള്ള സുസ്ഥിര ശീതീകരണത്തിന്റെ പത്തുവർഷങ്ങൾ” എന്നതാണ്. 2016 ഒക്ടോബർ 15-ന് അംഗീകരിച്ച കിഗാലി ഭേദഗതിയുടെ പത്താം വാർഷികമാണിത്. ഈ ഭേദഗതി പൂർണമായി നടപ്പിലാക്കുന്നതിലൂടെ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനിലയിലുണ്ടാകുന്ന 0.5 ഡിഗ്രി സെൽഷ്യസ് വർധന തടയാനാകും. ഊർജക്ഷമതയുള്ള ശീതീകരണ ഉപകരണങ്ങൾകൂടി ഉപയോഗിച്ചാൽ ഈ നേട്ടം ഇരട്ടിയാക്കാനും സാധിക്കും.
എന്താണ് ഓസോൺ പാളി?
ഭൂമിയിൽനിന്ന് 15 മുതൽ 50 കിലോമീറ്റർവരെ ഉയരത്തിലുള്ള സ്ട്രാറ്റോസ്ഫിയറിലാണ് അന്തരീക്ഷത്തിലെ 90 ശതമാനം ഓസോണും സ്ഥിതിചെയ്യുന്നത്. സൂര്യനിൽനിന്നുള്ള ഹാനികരമായ അൾട്രാവയലറ്റ്-ബി (UV-B) രശ്മികളെ ആഗിരണംചെയ്ത്, ഒരു സംരക്ഷണകവചംപോലെ ഭൂമിയിലെ ജീവജാലങ്ങളെ കാത്തുസൂക്ഷിക്കുന്നത് ഈ പാളിയാണ്. ഓസോൺ സാന്ദ്രതയിൽ ഒരു ശതമാനത്തിന്റെ കുറവുണ്ടായാൽപ്പോലും അൾട്രാവയലറ്റ് രശ്മികൾ രണ്ടുശതമാനം വർധിക്കും. ഇത് ലക്ഷക്കണക്കിനാളുകളിൽ തിമിരത്തിനും ത്വക്ക് കാൻസറിനും കാരണമാകുന്നതിനൊപ്പം നെല്ല്, ഗോതമ്പ് തുടങ്ങിയ വിളകളുടെ ഉൽപാദനത്തെയും പ്രതികൂലമായി ബാധിക്കും.
മോൺട്രിയൽ പ്രോട്ടോകോളിന്റെ പിറവി
ശീതീകരണ ഉപകരണങ്ങളിലും എയറോസോൾ സ്പ്രേകളിലും വ്യാപകമായി ഉപയോഗിച്ചിരുന്ന ക്ലോറോഫ്ലൂറോകാർബണുകൾ (CFC), ഹാലോണുകൾ തുടങ്ങിയ മനുഷ്യനിർമിത രാസവസ്തുക്കൾ ഓസോൺ പാളിയെ അതിവേഗം നശിപ്പിക്കുന്നതായി 1970-80കളിലെ പഠനങ്ങൾ മുന്നറിയിപ്പ് നൽകി. ഒരു ക്ലോറിൻ ആറ്റത്തിന് ഒരു ലക്ഷത്തോളം ഓസോൺ തന്മാത്രകളെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. 1985-ൽ ശാസ്ത്രജ്ഞർ അന്റാർട്ടിക്കയ്ക്കുമുകളിൽ വൻതോതിലുള്ള ഓസോൺ വിള്ളൽ കണ്ടെത്തി.
പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് 1985 മാർച്ച് 22-ന് വിയന്ന കൺവെൻഷനും, തുടർന്ന് 1987 സെപ്റ്റംബർ 16-ന് മോൺട്രിയൽ പ്രോട്ടോക്കോളും നിലവിൽവന്നു. ഓസോൺ പാളിയെ നശിപ്പിക്കുന്ന നൂറോളം രാസവസ്തുക്കളുടെ ഉൽപാദനവും ഉപയോഗവും ഘട്ടംഘട്ടമായി നിർത്തലാക്കുകയായിരുന്നു ലക്ഷ്യം. 197 രാജ്യങ്ങൾ അംഗീകരിച്ച ഈ ഉടമ്പടിവഴി ഓസോണിന് ഹാനികരമായ 99 ശതമാനം രാസവസ്തുക്കളും ആഗോളതലത്തിൽ പൂർണമായി ഒഴിവാക്കാൻ സാധിച്ചു.
ക്ലോറോഫ്ലൂറോകാർബണുകൾക്ക് പകരമായി എത്തിയ ഹൈഡ്രോക്ലോറോഫ്ലൂറോകാർബണുകൾ (HCFC) താരതമ്യേന ദോഷം കുറഞ്ഞവയാണെങ്കിലും അവയും ഓസോൺ ശോഷണത്തിന് കാരണമാകുന്നവയാണ്. മാത്രമല്ല, ഇവ അതിതീവ്രമായ ആഗോളതാപനശേഷിയുള്ള ഹരിതഗൃഹവാതകങ്ങളുമാണ്. തുടർന്ന് വ്യവസായമേഖല ഇവയ്ക്ക് പകരമായി ഹൈഡ്രോഫ്ലൂറോകാർബണുകൾ (HFC) ഉപയോഗിക്കാൻ തുടങ്ങി. HFC-കൾ ഓസോൺ പാളിയെ നശിപ്പിക്കുന്നില്ലെങ്കിലും, കാർബൺ ഡൈ ഓക്സൈഡിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് ചൂട് പിടിച്ചുനിർത്താൻ ശേഷിയുള്ളവയാണ്.
ഈ വെല്ലുവിളി മറികടക്കാനാണ് 2016-ൽ റുവാണ്ടയിൽ ചേർന്ന യോഗത്തിൽ കിഗാലി ഭേദഗതി അംഗീകരിച്ചത്. 2040-കളുടെ അവസാനത്തോടെ HFC-കളുടെ ഉപയോഗം 80 മുതൽ 85 ശതമാനംവരെ കുറയ്ക്കാൻ കരാർ വ്യവസ്ഥചെയ്യുന്നു. ഇതോടെ മോൺട്രിയൽ പ്രോട്ടോക്കോൾ കേവലം ഒരു ഓസോൺ സംരക്ഷണക്കരാർ എന്നതിനപ്പുറം കാലാവസ്ഥാവ്യതിയാനത്തിനെതിരെയുള്ള ആഗോള ഉടമ്പടിയായി മാറി.
ഫലംകാണുന്ന ശ്രമങ്ങൾ
ഉടമ്പടിയുടെ ഫലമായി അന്തരീക്ഷത്തിലെ ഓസോൺ പാളി സുഖപ്പെടാൻ തുടങ്ങിയിട്ടുണ്ട്. 2040-ഓടെ ആഗോളതലത്തിലും 2066-ഓടെ അന്റാർട്ടിക്കയ്ക്കുമുകളിലും ഓസോൺ പാളി 1980-ന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. 1990-നും 2010-നും ഇടയിൽമാത്രം 135 ശതകോടി ടൺ കാർബൺ ഡൈ ഓക്സൈഡിന് തുല്യമായ മലിനീകരണം തടയാൻ ഈ ഉടമ്പടിക്ക് കഴിഞ്ഞു.
ഇന്ത്യയും ഇതിൽ മാതൃകാപരമായ പങ്കുവഹിച്ചിട്ടുണ്ട്. CFC-കൾ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ നേരത്തേതന്നെ നിർത്തലാക്കിയ രാജ്യം, കിഗാലി ഭേദഗതിപ്രകാരം 2028-ഓടെ HFC-കളുടെ ഉപയോഗം നിയന്ത്രിക്കാനും 2047-ഓടെ 85 ശതമാനം കുറയ്ക്കാനുമുള്ള കർമപദ്ധതികൾ നടപ്പാക്കിവരുന്നു.
നമുക്ക് എന്തുചെയ്യാം?
* ശീതീകരണ ഉപകരണങ്ങൾ വാങ്ങുമ്പോൾ പരിസ്ഥിതിസൗഹൃദ വാതകങ്ങൾ അടങ്ങിയവ തിരഞ്ഞെടുക്കുക. റഫ്രിജറേറ്ററുകളിൽ R-600a അടങ്ങിയവക്കും, എയർകണ്ടീഷണറുകളിൽ പ്രകൃതിദത്ത ബദലായ R-290 അല്ലെങ്കിൽ ഇടത്തരം ശേഷിയുള്ള R-32 അടങ്ങിയവക്കും മുൻഗണന നൽകാം.
* എയർകണ്ടീഷണറിന്റെ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ ക്രമീകരിക്കുക.
* ഫൈവ് സ്റ്റാർ റേറ്റിങ്ങുള്ള ഊർജക്ഷമതയേറിയ ഉപകരണങ്ങൾമാത്രം ഉപയോഗിക്കുക.
* എ.സി സർവീസ് ചെയ്യുമ്പോൾ വാതകച്ചോർച്ച ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ വിദഗ്ധരുടെ സേവനം തേടുക; പഴയ ഉപകരണങ്ങൾ സുരക്ഷിതമായി സംസ്കരിക്കുക.
ശാസ്ത്രീയമായ സത്യങ്ങളെ ഉൾക്കൊണ്ട് ലോകം ഒറ്റക്കെട്ടായി നിന്നാൽ ഭൂമിയെ രക്ഷിക്കാൻ സാധിക്കുമെന്ന വലിയ പാഠമാണ് മോൺട്രിയൽ പ്രോട്ടോക്കോൾ നൽകുന്നത്. മഹാത്മാഗാന്ധി ഓർമിപ്പിച്ചതുപോലെ: "മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാനുള്ളതെല്ലാം പ്രകൃതിയിലുണ്ട്, എന്നാൽ അവരുടെ അത്യാഗ്രഹങ്ങൾ നിറവേറ്റാൻ അതിനാവില്ല."
(തിരുവനന്തപുരം കാര്യവട്ടം ഗവ. കോളജ് ബോട്ടണി വകുപ്പ് മേധാവിയാണ് ലേഖകൻ)


