അധികാരികളേ, ഹൃദയം തുറക്കുമോ?
text_fieldsപാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ പാവങ്ങളുടെ ആശ്രയമായ തൃശൂർ മെഡിക്കൽ കോളജിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നിലച്ചിട്ട് ഒരു മാസത്തിലധികമായി. ഇതിനകം പത്ത് ശസ്ത്രക്രിയകൾ മാറ്റിവെച്ചു. 50 ലധികം പേരാണ് ശസ്ത്രക്രിയക്ക് ദിവസം കാത്തിരിക്കുന്നത്. ഇവിടെ ആഴ്ചയിൽ രണ്ട് വീതമാണ് ഈ അതീവ സങ്കീർണ ശസ്ത്രക്രിയ നടന്നിരുന്നത്. അഞ്ച് മണിക്കൂറോളം നീളുന്ന ശസ്ത്രക്രിയക്ക് സാങ്കേതിക സഹായം നൽകേണ്ട ജീവനക്കാർക്ക് (പെർഫ്യൂഷനിസ്റ്റ്) കാര്യക്ഷമതയില്ലെന്ന് കാർഡിയോ തൊറാസിക് സർജൻ ആയ വകുപ്പ് മേധാവി സൂപ്രണ്ടിനും പ്രിൻസിപ്പലിനും പരാതി നൽകിയതോടെയാണ് ശസ്ത്രക്രിയ നിർത്തിവെച്ചത്. രോഗികളുടെ ജീവൻവെച്ച് റിസ്ക് എടുക്കാൻ കഴിയില്ലെന്നാണ് സർജന്റെ നിലപാട്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്ക് (ഡി.എം.ഇ) നൽകിയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയില്ല. ഡി.എം.ഇയുടെ തീരുമാനം വന്നാൽപോലും ശസ്ത്രക്രിയ പുനരാരംഭിക്കാൻ ഒരാഴ്ചയിലധികം സമയമെടുക്കും. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് രോഗികൾ കാത്തിരിക്കുമ്പോൾതന്നെ മെഡിക്കൽ കോളജിൽ ആറോളം വെന്റിലേറ്ററുകളും മറ്റ് സൗകര്യങ്ങളും വെറുതെ കിടക്കുകയാണ്. ഏഴ് വർഷത്തോളമായി ഇവ ഉപയോഗിക്കുന്നില്ലെന്ന് ആശുപത്രിയിലെ ജീവനക്കാർതന്നെ പറയുന്നു.
മറ്റു ആശുപത്രികളിൽനിന്ന് റഫർ ചെയ്തുവരുന്ന കാർഡിയോളജി രോഗികളെ, നേരിട്ട് അഡ്മിറ്റ് ചെയ്തു ഏറ്റെടുക്കാതെ ജനറൽ മെഡിസിൻ വിഭാഗത്തിലാണ് പ്രവേശിപ്പിക്കുന്നത്. ഇതുമൂലം നിരവധി രോഗികൾ യഥാ സമയം വേണ്ട ചികിത്സ ലഭിക്കാതെ ദുരിതപ്പെടുന്ന സാഹചര്യമുണ്ട്.
സൂപ്പർ സ്പെഷാലിറ്റി പേരിൽ മാത്രം
മെഡിക്കൽ കോളജിന് പ്രായം 44 വയസ്സാണെങ്കിലും സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾ ഇപ്പോഴും ബാലാരിഷ്ടതയിൽതന്നെ. സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളായ കാർഡിയോ തൊറാസിക് സർജറി, യൂറോളജി, ഗ്യാസ്ട്രോ എൻറോളജി, നെഫ്രോളജി വിഭാഗങ്ങളിൽ ഒരു ഡോക്ടർ മാത്രമാണ് ഉള്ളത്. യൂറോളജിയിൽ ബുധനാഴ്ച മാത്രമാണ് ഒ.പി. നെഫ്രോളജി വിഭാഗത്തിൽ വകുപ്പ് മേധാവിയില്ലാത്ത അവസ്ഥയുമുണ്ട്. ഗ്യാസ്ട്രോ എൻറോളജി വിഭാഗത്തിൽ ഒരു ഡോക്ടറുടെ ഒഴിവ് വന്നിട്ട് രണ്ടുവർഷം കഴിഞ്ഞു. വ്യാഴാഴ്ചകളിൽ മാത്രമാണ് പരിശോധന നടക്കുന്നത്. യൂറോളജി വിഭാഗത്തിൽ രോഗികൾ സമയത്ത് ശസ്ത്രക്രിയ നടക്കാത്തതിനാൽ രോഗികൾ യൂറിൻ ക്യാരി ബാഗും തൂക്കിപ്പിടിച്ച് നടക്കുന്ന അവസ്ഥയാണ്. മെഡിക്കൽ കോളജിൽ സൂപ്രണ്ട് ഇല്ലാതായിട്ടും വർഷങ്ങളായി.
നിർധന രോഗികൾക്ക് സമ്പൂർണ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ആർ.എഫ്.ബി.വൈ ഫണ്ട് 40 കോടി രൂപയോളം മെഡിക്കൽ കോളജിന് ലഭിക്കാനുണ്ട്. ഇത് ലഭിക്കാത്തതുമൂലം സൗജന്യ ചികിത്സയിലും നിയന്ത്രണങ്ങളാണ്.