ചരിത്രം എന്ന മൂന്നക്ഷരം
text_fieldsഎം.ജി.എസ് പത്നി പ്രേമലതക്കൊപ്പം
കവിതയെ പ്രണയിച്ച് ചരിത്രത്തെ വരിച്ചൊരാൾ എന്നു വേണമെങ്കിൽ എം.ജി.എസിന് ആമുഖമെഴുതാം. ഉത്തരേന്ത്യൻ രാജാക്കന്മാരുടെ വീരസാഹസങ്ങൾ മാത്രമായി ചുരുക്കിയെഴുതിയിരുന്ന ഇന്ത്യൻ ചരിത്രത്തിൽ കേരളത്തിനും സ്ഥാനമുണ്ടെന്നു തെളിയിച്ചത് എം.ജി.എസ് എന്ന മുറ്റായിൽ ഗോവിന്ദൻ നാരായണനായിരുന്നു. പരപ്പനങ്ങാടിയിലെയും പൊന്നാനിയിലെയും വരമ്പുകളിലൂടെ സ്വപ്നങ്ങളിൽ കവിത നിറച്ചുനടന്നൊരാൾ, ചെന്നുകയറിയത് ലണ്ടനിലെയും മോസ്കോയിലെയും ടോക്യോയിലെയും മികവുറ്റ സർവകലാശാലകളിലായിരുന്നു. കുറ്റിയടിച്ചുനാട്ടിയ ചരിത്രസിദ്ധാന്തങ്ങളെക്കാൾ താൻ തെളിച്ചെടുത്ത വഴിയേ പോകാനായിരുന്നു എം.ജി.എസിന് എന്നും ഇഷ്ടം. ചരിത്രാന്വേഷണത്തിനപ്പുറം ജീവിതത്തിൽ കനപ്പെട്ട സമ്പാദ്യങ്ങളൊന്നും ആവശ്യമില്ലെന്ന് തീർച്ചപ്പെടുത്തുകയും അതിനൊപ്പം ജീവിക്കുകയും ചെയ്തൊരാളായിരുന്നു എം.ജി.എസ്. മനസ്സിൽ ഗാന്ധിയുണ്ടായിട്ടും താൻ ഗാന്ധിയനായില്ലെന്ന് ആത്മവിമർശനവും നടത്തിയിട്ടുണ്ട് അദ്ദേഹം.
പൊന്നാനിക്കളരിയിലെ തഴക്കം
കവികളും സാഹിത്യകാരന്മാരും നിരൂപകരും നിറഞ്ഞുനിന്ന പൊന്നാനിയിൽനിന്നാണ് എം.ജി.എസ് പുറപ്പെട്ടതെങ്കിലും അമ്മയുടെ നാടായ പരപ്പനങ്ങാടി നെടുവയിലെ വെണ്ണക്കാട്ട് മുറ്റായിൽ തറവാട്ടിലായിരുന്നു ബാല്യകാലം. മുത്തച്ഛൻ നാരായണൻ നായരും അച്ഛൻ കെ.പി. ഗോവിന്ദ മേനോനും ഡോക്ടർമാരായിരുന്നു. വീട്ടിൽ നിന്നുള്ള പഠനത്തിനുശേഷം നെടുവ എലിമെൻററി സ്കൂളിലെ മൂന്നാം ക്ലാസിലാണ് ആദ്യമായി ചേർന്നത്. അച്ഛെൻറ നാടായ പൊന്നാനിയിൽ ഹൈസ്കൂളിൽ പഠിക്കുമ്പോൾ കവിതയിൽ കമ്പമായി. സ്കൂൾ തലത്തിൽ കവിതരചനക്ക് സമ്മാനവും കിട്ടി. ചില കവിതകൾ പ്രസിദ്ധീകരിച്ചും വന്നു.
ചരിത്രത്തിലേക്കു തിരിഞ്ഞ വഴി
അച്ഛനെയും മുത്തച്ഛനെയുംപോലെ ഡോക്ടറാക്കണമെന്ന വീട്ടുകാരുടെ ആഗ്രഹത്തിന് കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ ഇൻറർമീഡിയറ്റിന് സെക്കൻഡ് ഗ്രൂപ്പിൽ ചേർത്തതാണ്. ഒരു സിനിമ കാണാൻപോലും സമയമില്ലാത്തത്ര തിരക്കേറിയ അച്ഛനെ കണ്ടുവളർന്ന ആ കൗമാരക്കാരൻ തേഡ് ഗ്രൂപ്പിലേക്ക് മാറി. ഗുരുവായൂരപ്പൻ കോളജിലെ ചരിത്രാധ്യാപകൻ കെ.വി. കൃഷ്ണയ്യരുടെ ക്ലാസ് മുറികളിൽനിന്നായിരുന്നു ചരിത്രത്തോട് കമ്പംകയറിയത്. വായനയുടെ വിപുലമായ ലോകവും സഹപാഠികൾക്കൊപ്പം ചേർന്ന് ഉണ്ടാക്കിയ ‘പ്രോഗ്രസിവ് ഫൈവ്’ കൂട്ടുകെട്ടും ‘ജയഭാരതം’ വായനശാല പ്രവർത്തനവുമായി ധിഷണയുടെ വാതിലുകൾ തുറന്നു. ബന്ധുവായിരുന്ന കെ. കേളപ്പെൻറ സൗഹൃദവും കോഴിക്കോടുനിന്നു കിട്ടി. ‘കേളപ്പമ്മാമ’ എന്നു വിളിച്ചുപോന്നു. ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്ത് ഗവർണറായിരിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള നെഹ്റുവിെൻറ കത്ത് വന്നതും അത് വായിച്ച് ആ ഓഫർ നിരസിച്ചുകൊണ്ട് കേളപ്പജി മറുപടി എഴുതിയതിനും സാക്ഷിയായിരുന്നു എം.ജി.എസ്. ബി.എ ഇക്കണോമിക്സിന് ഫാറൂഖ് കോളജിൽ ചേർന്നെങ്കിലും അടുത്ത വർഷം തൃശൂർ കേരളവർമയിലേക്ക് മാറി.
മദിരാശിയുടെ മണ്ണിൽ
മദ്രാസ് ക്രിസ്ത്യൻ കോളജിൽ എം.എ ഹിസ്റ്ററിക്കു പഠിക്കുമ്പോൾ പി. ഭാസ്കരൻ പത്രാധിപരായ ജയകേരളം മാസിക വഴി എം. ഗോവിന്ദൻ അടക്കമുള്ളവരുമായി ബന്ധത്തിലൂടെ കാഴ്ചപ്പാടുകളിൽ മാറ്റം. പ്രഫ. ടി.വി. മഹാലിംഗം, പ്രഫ. ചന്ദ്രൻ ദേവനേശൻ തുടങ്ങിയ അധ്യാപകർ ചരിത്രപഠനത്തിൽ ആദ്യകാല വഴികാട്ടികളായി. 1953 മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് എം.എ ഹിസ്റ്ററി ഒന്നാം റാങ്കോടെ പാസായി. താൻ പഠിച്ച കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ ചരിത്ര വിഭാഗത്തിൽ അധ്യാപകനായി തിരിച്ചെത്തി. ഇതിനിടെ കേരള സർവകലാശാലയിൽ ഗവേഷണം.
ഇളംകുളം തെളിച്ച വഴി
മുടന്തിനീങ്ങിയ കേരള ചരിത്രപഠനത്തിന് ആദ്യമായി ലക്ഷ്യബോധമുണ്ടാക്കിയത് ഇളംകുളം കുഞ്ഞൻപിള്ളയെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടായിരുന്നു എം.ജി.എസിെൻറ ചരിത്രാന്വേഷണം. പിൽക്കാലത്ത് തെൻറ ഗുരുവിെൻറ കണ്ടെത്തലുകളിലെ പിഴവുകൾപോലും തിരുത്തുകയുണ്ടായി. എം.ജി.എസ് തെൻറ ഏറ്റവും ശ്രദ്ധേയമായ ‘പെരുമാള്സ് ഓഫ് കേരള’ എന്ന പുസ്തകം സമർപ്പിച്ചത് തനിക്ക് വഴികാട്ടിയ ഇളംകുളത്തിനായിരുന്നു. ആ ഗവേഷണത്തിനായി മുപ്പതോളം പുതിയ ശാസനങ്ങള് കണ്ടെത്തി. 1973ൽ കേരള സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ പിഎച്ച്.ഡി ബിരുദം കരസ്ഥമാക്കി. 1976ൽ കാലിക്കറ്റ് സർവകലാശാലയിൽ പ്രഫസർ പദവി.
ചരിത്രവും മാർക്സിസ്റ്റ് പാർട്ടിയും
കമ്യൂണിസ്റ്റ് പാർട്ടിയുടെ കടുത്ത വിമർശകനായിരുന്നു എം.ജി.എസ്. ആദ്യകാലത്ത് പാർട്ടിയോട് ആഭിമുഖ്യമുണ്ടായിരുന്ന എം.ജി.എസ്, ഇ.എം.എസിനെ അതിരൂക്ഷമായി വിമർശിച്ചിട്ടുണ്ട്. എന്നാൽ, ചരിത്രത്തെക്കുറിച്ചുള്ള മാർക്സിെൻറ അടിസ്ഥാനപരമായ സിദ്ധാന്തം തനിക്കും സ്വീകാര്യമായിരുന്നുവെന്ന് എം.ജി.എസ് സമ്മതിച്ചിട്ടുണ്ട്. അതുവരെ ചരിത്രകാരന്മാർ ചിന്തിച്ചപോലെ ചരിത്രം ദൈവത്തിെൻറ ലീലാവിലാസമോ രാജാക്കന്മാരുടെയും മഹദ് വ്യക്തികളുടെ ശക്തിപ്രകടനമോ ആകസ്മികതകളുടെ ആകെത്തുകയോ അല്ലെന്ന മാർക്സിെൻറ വാദം അദ്ദേഹവും അംഗീകരിച്ചിരുന്നു.
മാർക്സും മാർക്സിസ്റ്റ് പാർട്ടിയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന നിലപാടായിരുന്നു എം.ജി.എസിന്. സാഹിത്യവും ചരിത്രവും ആഴത്തിൽ വിലയിരുത്താൻ പോന്ന പാണ്ഡിത്യം ഇ.എം.എസിനുണ്ടായിരുന്നില്ല എന്ന വാദക്കാരനായിരുന്നു എം.ജി.എസ്. അതേസമയം, എ.കെ.ജിയെ അദ്ദേഹത്തിന് ഏറെ ഇഷ്ടവുമായിരുന്നു.
ലണ്ടൻ, മോസ്കോ, ടോക്യോ
കോമൺവെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ ആയി എം.ജി.എസ് 1974ൽ ലണ്ടനിൽ എത്തി. മോസ്കോ സർവകലാശാലയിൽ ഓറിയൻറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിങ് പ്രഫസറായി തെരഞ്ഞെടുത്തു. 1994ൽ ഒരു വർഷം ടോക്യോ യൂനിവേഴ്സിറ്റി ഓഫ് ഫോറിൻ സ്റ്റഡീസിലും വിസിറ്റിങ് റിസർച് പ്രഫസറായി.
ചരിത്ര കൗൺസിലും ബി.ജെ.പിയും
1990-1992ലാണ് ഐ.സി.എച്ച്.ആറിൽ ആദ്യമായി മെംബർ സെക്രട്ടറിയെ തീരുമാനിച്ചത്. എം.ജി.എസിനായിരുന്നു ആ അവസരം കൈവന്നത്. 2000ൽ അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെഐ.സി.എച്ച്.ആറിെൻറ ചെയർമാനായി. കമ്യൂണിസ്റ്റ് വിരുദ്ധനും കോൺഗ്രസ് അനുഭാവിയുമായിരുന്ന എം.ജി.എസിന് സംഘ്പരിവാറുമായുള്ള ബന്ധത്തിനു തെളിവായി ഇത് ഉദ്ധരിക്കപ്പെട്ടു. പക്ഷേ, മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായിരുന്ന മുരളി മനോഹർ ജോഷിയുടെ താൽപര്യങ്ങൾക്കു വഴങ്ങാത്ത നിലപാടുകൾ സ്വീകരിച്ച എം.ജി.എസ് അദ്ദേഹത്തിെൻറ അനിഷ്ടത്തിന് പാത്രമായി. ഒടുവിൽ 2003ൽ ചെയർമാൻ പദവി രാജിവെച്ച് ഒഴിയുകയും ചെയ്തു.
കേരള ചരിത്രത്തിൽ
പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം അദ്ദേഹം ബ്രാഹ്മണർക്ക് ദാനം ചെയ്തുവെന്ന ഐതിഹ്യത്തെ എം.ജി.എസ് വെട്ടിനിരത്തി. ഓണവും മാമാങ്കവും കേരളത്തിെൻറ തനതായ ആഘോഷങ്ങളല്ലെന്നും ചേര-ചോള നൂറ്റാണ്ട് യുദ്ധം നുണയാണെന്നും അദ്ദേഹം തെളിവു നിരത്തി. ഒടുവിലത്തെ പെരുമാൾ മക്കയിലേക്കു പോയി ഇസ്ലാം സ്വീകരിച്ചു എന്നത് ഐതിഹ്യമല്ലെന്ന കണ്ടെത്തൽ അവതരിപ്പിച്ചു. ഏറെനാളത്തെ ഗവേഷണത്തിനു ശേഷം അദ്ദേഹം ചരിത്രാന്വേഷികൾക്കുനൽകിയ നിധിയായിരുന്നു ‘പെരുമാൾസ് ഓഫ് കേരള’ എന്ന ഗ്രന്ഥം.


