ഇസ് ലാമോഫോബിയയെ ഇനി എന്നാണ് തിരിച്ചറിയുക?
text_fieldsമുസ്‌ലിം എന്നു സ്വയം കരുതുന്നവരോ അല്ലെങ്കിൽ മറ്റുള്ളവരാൽ അങ്ങനെ കരുതപ്പെടുന്നവരോ ആയ സാമൂഹിക വിഭാഗത്തിനെതിരെ നടക്കുന്ന വംശീയവത്കരണ പ്രക്രിയയിലൂടെ നിർമിക്കപ്പെടുന്നതാണ് ഇസ്‌ലാമോഫോബിയ. സന്ദർഭവും സാഹചര്യവും അനുസരിച്ച് മുസ്‌ലിംവിരുദ്ധ വംശീയത എന്ന നിലയിൽ ഇസ്‌ലാമോഫോബിയക്ക് അർഥമാറ്റവും സംഭവിക്കാറുണ്ട്. മുസ്‌ലിംകൾ സ്വയം എന്തു ചെയ്യുന്നു / ചെയ്യുന്നില്ല എന്നതല്ല, മറിച്ച്, മുസ്‌ലിംകളുടെ മേലെ നടക്കുന്ന പ്രായോഗിക - ആശയ പദ്ധതിയാണ് ഇസ്‌ലാമോഫോബിയ. അപരർ/ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ മുസ്‌ലിംകളുടെ മേലെ പ്രയോഗിക്കുന്ന അധികാരമാണത്; വംശീയതയിൽ കെട്ടിപ്പടുത്ത മുസ്‌ലിം അപരവത്കരണം.
അപരവത്കരണം എന്ന കാഴ്ചപ്പാടിന്റെ അഭാവത്തിലാണ്, മുസ്‌ലിംകളുടെ പ്രവർത്തന ഫലമായാണ് ഇസ്‌ലാമോഫോബിയ ഉണ്ടാവുന്നതെന്നും മുസ്‌ലിംകൾ പെരുമാറ്റവും ജീവിതവും മാറ്റിയാൽ തീരുന്നതാണിതെന്നുമുള്ള അബദ്ധ വിശകലനത്തിലേക്ക് ചിലരെങ്കിലും എത്തിപ്പെടുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ, ദലിത്- ബഹുജൻ- പിന്നാക്ക വിഭാഗക്കാരെ ആന്തരിക അപരർ ആക്കുന്ന സവർണ / ബ്രാഹ്മണ്യ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ, മുസ്‌ലിംകളെ ബാഹ്യ അപരരാക്കിയാണ് ഇസ്‌ലാമോഫോബിയ ആവിഷ്കരിക്കപ്പെടുന്നത്. മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയതു മുതൽ മുസ്‌ലിംകൾക്കെതിരായ അക്രമങ്ങൾ, സ്റ്റേറ്റ് മെഷിനറീസിെൻറ തന്നെ മൗനാനുവാദത്തോടെ പതിന്മടങ്ങു വർധിച്ചിരിക്കുന്നു.
പൊലീസും മന്ത്രിമാരും തന്നെയാണ് ഹരിയാനയിലും യു.പി യിലും മധ്യപ്രദേശിലുമൊക്കെ അത്തരം അക്രമങ്ങളെ എൻഡോഴ്സ് ചെയ്യുന്നത്. ഇല്ലാത്ത ലവ്ജിഹാദ് കേസിന്റെ പേരിലാണ് ഉത്തരാഖണ്ഡിൽ മാത്രം നാൽപതോളം മുസ് ലിം കുടുംബങ്ങൾക്കു വീടുനഷ്ടപ്പെട്ടത്. പശുക്കൊലകളുടെ വാർത്തകളും അങ്ങനെ തന്നെയാണ്. എന്തെങ്കിലും തൊടുന്യായം പറഞ്ഞ് മുസ് ലിം വീടുകൾ നിരത്തിപ്പിടിച്ചു ബുൾഡോസ് ചെയ്ത് ആയിരങ്ങളെ തെരുവിലാക്കി, അവരുടെ ജീവിത കാലത്തെ മുഴുവൻ സമ്പാദ്യവും തകർത്തുകളയുന്ന എത്ര സംഭവങ്ങൾ കഴിഞ്ഞ ചില വർഷങ്ങൾക്കിടെ ഇന്ത്യയിലുണ്ടായി എന്നു നോക്കുക. ഹിന്ദുത്വ പിന്തുണയോടെ രാജ്യത്തു വികസിച്ച അടിസ്ഥാന ഇസ് ലാമോഫോബിയയുടെ മാതൃകയാണിത്.
മുസ് ലിം പ്രീണനം എന്ന വ്യാജപ്രചാരണം
ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ ഒരൊറ്റ മുസ് ലിം മന്ത്രി പോലും ഇല്ല. ഗുജറാത്തിലും മറ്റും കാൽ നൂറ്റാണ്ടിൽ കൂടുതലായി ഇതാണു സ്ഥിതി. 11 സംസ്ഥാനങ്ങളിൽ ഒരു മുസ് ലിം മന്ത്രി വീതം ആണുള്ളത്. ബി.ജെ.പി സർക്കാറുകൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും കൂടി എടുത്താൽ 151 മന്ത്രിമാരിൽ ഒരാളാണു മുസ് ലിം. മുസ് ലിം പ്രീണനക്കാർ എന്ന് ആരോപിക്കപ്പെടുന്ന കോൺഗ്രസ്, ഇക്കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലും യു.പിയിലും ഒരൊറ്റ മുസ് ലിം സ്ഥാനാർഥിയെപ്പോലും മത്സരിപ്പിച്ചില്ല. ബംഗാളിൽ മാത്രമാണ് ജനസംഖ്യാനുപാതികമായി മുസ് ലിം മന്ത്രിമാരുള്ളത്; ഏഴുപേർ. ഉദ്ധവ് താക്കറേ, മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിപദത്തിലിരുന്നപ്പോൾ നാല് മുസ് ലിം മന്ത്രിമാരെ നിയമിച്ചിരുന്നു. സ്റ്റാലിന്റെ തമിഴ്നാട്ടിൽ മുസ് ലിം ജന സംഖ്യ ഏഴുശതമാനമാണ്. പക്ഷേ, ആറു മുസ് ലിം എം.എൽ.എമാരേ ഉള്ളൂ. കേരളത്തിൽ സ്പീക്കറും രണ്ട് മന്ത്രിമാരുമാണ് മുസ് ലിം സമുദായത്തിൽനിന്നുള്ളത്. ഇപ്പോഴത്തെ കേന്ദ്ര സർക്കാർ എടുത്താൽ, സിഖ്, ബുദ്ധ വിഭാഗക്കാർക്ക് രണ്ടും ക്രിസ്ത്യൻ ഒന്നും മന്ത്രിമാർ ഉണ്ട്. മുസ് ലിം പൂജ്യം. ഇന്ത്യയിൽ കാര്യമായ അധികാരമോ അധികാര സ്ഥാനങ്ങളോ, ഒരു പാർട്ടി ഭരിച്ചപ്പോഴും മുസ്‌ലിംകൾക്കു കിട്ടിയിട്ടില്ല. കണക്കുകൾ പ്രകാരം മുസ് ലിം പ്രീണനം ഒരു പച്ചക്കള്ളം ആണെന്ന് ആ വാദം ഇറക്കുന്നവർക്കു തന്നെ അറിയാം.
മുസ് ലിംകൾ ചെയ്യേണ്ടത്
ഇത്തരത്തിലെ അപരവത്കരണത്തെക്കുറിച്ച് സോഷ്യൽ മീഡിയയുടെ സാന്നിധ്യംകൊണ്ട് വലിയൊരു വിഭാഗം മുസ് ലിംകളും തിരിച്ചറിവുള്ളവരാണ്. എന്നാൽ, അതിനെ നേരിടാനായി യാതൊന്നും ചെയ്യാത്തതും അവർതന്നെ. ഇതര വിഭാഗക്കാർക്കു കൂടി ഗുണപ്പെടുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കായി കോടികൾ ചെലവഴിക്കാൻ മടിയില്ലാത്ത അവർ, സ്വന്തം സമുദായത്തിനെതിരായ വെറുപ്പ് പ്രചാരണത്തെ നേരിടാനായി നയാപൈസ മുടക്കാൻ തയാറല്ലാത്ത അവസ്ഥയാണ്. അവർ നടത്തിക്കൊണ്ടിരിക്കുന്ന മേൽ സൂചിപ്പിച്ച ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ടൊന്നും കേരളത്തിലെ മുസ് ലിം വെറുപ്പ് തരിമ്പും കുറയില്ല.
ഇപ്പോളവർ ചെലവാക്കിക്കൊണ്ടിരിക്കുന്ന ഫണ്ടിന്റെ ആയിരത്തിലൊരംശം ചെലവാക്കിയിരുന്നെങ്കിൽ മുസ്‍ലിംകൾക്കെതിരെ നടക്കുന്ന നുണപ്രചാരണങ്ങളെ നേരിടാനായി ഒരു ബദൽ സാമൂഹിക- രാഷ്ട്രീയ-വിദ്യാഭ്യാസ പദ്ധതി സ്ഥാപിച്ചു നടത്തിക്കൊണ്ടു പോകാമായിരുന്നു, കുപ്രചാരണങ്ങളിൽനിന്നും വ്യാജങ്ങളിൽനിന്നും നാടിനെയും ജനങ്ങളെയും സുരക്ഷിതരാക്കുക എന്നതും ഒരു സാമൂഹികപ്രവർത്തനമാണെന്ന കാര്യം അവർ ഇനി എപ്പോളാണ് തിരിച്ചറിയുക?. ഇസ് ലാമോഫോബിയയുടെ നടുക്കുന്ന ഒരു ലോകമാണിത്. മുസ് ലിം ഉന്മൂലനം എന്ന ഹിന്ദുത്വയുടെ അടിസ്ഥാന ഇസ് ലാമോഫോബിയയിലേക്കുള്ള ദൂരം രാജ്യമൊട്ടുക്ക് കുറഞ്ഞു വരുകയാണ്. അതിനെതിരെ മുസ് ലിംകളും അവരെ പിന്തുണക്കുന്നവരും കൂടുതൽ ചിട്ടയോടെ പ്രവർത്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
(കേരള നെറ്റ് വർക്ക് എഗെൻസ്റ്റ് ഇസ് ലാമോഫോബിയ കൺവീനറും ഇസ് ലാമോഫോബിയ പഠനങ്ങൾ, സംവാദങ്ങൾ എന്ന പുസ്തകത്തിെൻറ എഡിറ്റർമാരിൽ ഒരാളുമാണ് ലേഖകൻ)