നൂറുപൂക്കൾ താലമേന്തും രാഗമേഖലയിൽ
text_fieldsഅനുഭവങ്ങളും അനുഭൂതികളും പുതിയ സങ്കലനങ്ങൾക്ക് വിധേയമാകുമ്പോഴാണ് പാട്ടെന്ന കല ലയബദ്ധമാകുന്നത്. ഇങ്ങനെ പാട്ടിനെ ലയബദ്ധമാക്കുവാൻ രാഗമെന്ന പദത്തെ സാർഥകമാക്കിയ പാട്ടെഴുത്തുകാരനായിരുന്നു പൂവച്ചൽ ഖാദർ
പ്രപഞ്ചത്തിന്റെ രാഗമെന്നത് മനുഷ്യാനുരാഗവുമായിച്ചേരുമ്പോൾ അതിന് അപരിമേയമായ ഗാഢത കൈവരുന്നു. പാട്ടിന് രാഗം എന്ന വാക്ക് നൽകുന്ന വിലോലതകൾ ഒന്നുവേറെയാണ്. അതു പാട്ടുണ്ടാക്കുവാൻ ഉപയോഗിക്കുന്ന ശാസ്ത്രീയരാഗമല്ല, പകരം പ്രണയത്തിന് സഹായിക്കുന്ന ശ്രുതിമാധുരിയാണ്. പ്രണയോന്മുഖമായ മനുഷ്യാവസ്ഥയുടെ സൗന്ദര്യാത്മക സംഗ്രഹമായി പാട്ടിവിടെ അനുഭവവേദ്യമാകുന്നു. രാഗമെന്നത് സ്നേഹമെന്ന ഭാവാന്തരത്തിന് നിമിത്തമാകുന്നു.
പ്രണയത്തിന്റെ സംവേദനതരളമായ ഭാവമാണ് ഈ രാഗം പകർന്നുതരുന്നത്. ഈ രാഗം പകർന്നുതരുന്ന ആർദ്രനിർഭരമായ മുഴക്കം പാട്ടുകളിൽ ശ്രദ്ധേയമാകുന്നു. അനുഭവങ്ങളും അനുഭൂതികളും പുതിയ സങ്കലനങ്ങൾക്ക് വിധേയമാകുമ്പോഴാണ് പാട്ടെന്ന കല ലയബദ്ധമാകുന്നത്. ഇങ്ങനെ പാട്ടിനെ ലയബദ്ധമാക്കുവാൻ രാഗമെന്ന പദത്തെ സാർഥകമാക്കിയ പാട്ടെഴുത്തുകാരനായിരുന്നു പൂവച്ചൽ ഖാദർ. രാഗമെന്ന വാക്കിലൂടെയാണ് നാം പല ഗാനങ്ങളുടെ പൊരുളിലേക്കുണരുന്നത്. അത് സാന്ദ്രമായ ഒരു അഭിജ്ഞാനമായിത്തീരുന്നു ആ പാട്ടുകളിൽ. നമ്മെ നമ്മളിലേക്കുതന്നെ എത്തിക്കുന്ന രാഗാർദ്രമായ ഒരു അനുഭവമാണിത്. മറ്റൊരർഥത്തിൽ പറഞ്ഞാൽ പൂവച്ചൽ ഗാനങ്ങളിലെ ഹൃദയരേഖയായിരുന്നു രാഗം. രാഗവും അനുരാഗവും പരസ്പരം പര്യായങ്ങളായി മാറുകയാണ് ആ ഗാനങ്ങളിൽ. രാഗിണിയും രാഗരൂപിണിയുമൊക്കെ ആ ഗാനങ്ങളിൽ നിരന്തരം കടന്നുവന്നു. പ്രണയത്തിന്റെ ജീവിതാനുഭവങ്ങളെ അനുഗ്രഹിക്കുവാൻ ഇങ്ങനെ ‘രാഗപരമായ’ ക്രമങ്ങൾ ഉണ്ടാക്കുകയായിരുന്നു പൂവച്ചൽ ഖാദർ.
ഭാവനയുടെ രാഗവർണമാണത്. രാഗമെന്ന പദത്തിന്റെ നിലയില്ലാത്ത ഒരു കാൻവാസിനെ സങ്കൽപിക്കുകയായിരുന്നു അദ്ദേഹം തന്റെ ഗാനങ്ങളിൽ. രാഗമെന്ന വാക്കിനെ പലതുമായി കലർത്തി കാത്തുവെക്കുന്ന പാട്ടുകൾ ആയിരുന്നു അവയെല്ലാം. രാഗവും പാട്ടിന്റെ വാങ്മയ ഭാഷയും തമ്മിലുള്ള കൃത്യമായ വിനിമയം നിറവേറുകയാണ് പൂവച്ചൽ ഖാദറിൽ. എത്രയോ ഗാനങ്ങളിൽ രാഗത്തിന്റെ രംഗമായ പ്രകൃതിയെ പാട്ടിലേക്ക് പരിവർത്തിപ്പിക്കുകയായിരുന്നു അദ്ദേഹം. രാഗമെന്ന വാക്കിന്റെ ഇന്ദ്രിയപരമായ ചേർച്ചകൾ കാണാൻ കഴിയും ഇവിടെ. രാഗധ്യാനത്തിന്റെ കലയാവുകയാണ് പൂവച്ചലിന്റെ പാട്ട്. പാട്ടിന് മൂർത്തതയും അമൂർത്തതയും അമേയതയുമെല്ലാം നൽകുവാൻ സഹായിക്കുകയാണ് രാഗമെന്ന പദം. അസാധാരണമായ സങ്കലനത്തിന് സാക്ഷ്യംവഹിക്കുന്ന വാക്കായിത്തീരുന്നു ഇവിടെ രാഗം. രാഗവും പ്രണയവും ഒന്നാകുമെന്ന് നിനക്കുന്ന അപൂർവ പദയോജനകൾ. ‘നൂറു പൂക്കൾ താലമേന്തും രാഗമേഖലകൾ’ ഉണ്ടായിരുന്നു പൂവച്ചലിന്റെ പാട്ടുകളിൽ. ‘നീയെൻ മനസ്സിൻ രാഗമെന്ന്’ തുറന്നുപറയുന്ന ഒരാൾ അദ്ദേഹത്തിന്റെ പാട്ടുകളിലെപ്പോഴും ഉണ്ടായിരുന്നു. ആരാധികേ എന്റെ രാഗാഞ്ജലി എന്ന വരിയിൽ നിറയെ പ്രണയിയുടെ സ്നേഹാഞ്ജലിയായിരുന്നു.
‘പകരൂ നിൻ രാഗം എന്നുള്ളിൽ’ എന്ന വരിയിലെ രാഗം അനുരാഗമല്ലാതെ മറ്റെന്താണ്? പൂവച്ചൽപ്പാട്ടിന്റെ കാലപരമായ ലാവണ്യമാണ് രാഗം. ‘രാഗാഞ്ജലികൾ എനിക്ക് തരൂ’ എന്നർഥിക്കുന്ന രാഗബദ്ധനായ പ്രണയിയുടെ ചിത്രം പൂവച്ചലിന്റെ ഒരു പാട്ടിലുണ്ട്. പ്രണയിയുടെ ആന്തരികമായ ശ്രുതിലാവണ്യമായി രാഗം മാറുന്നു. മൂർത്തമായതും അമൂർത്തമായതും ചേർന്നുവരുന്ന കല, അവയുടെ ലയഭരമായ സമന്വയം, അതിന്റെ ദിവ്യാനുപാതം എന്നിവ പൂവച്ചൽ ഖാദറിന്റെ ഗാനങ്ങളിൽ കാണാം. രാഗമെന്ന പദവുമായി കവി ചേർത്തുവെക്കുന്ന മറ്റു പദങ്ങൾ ശ്രദ്ധിച്ചാലറിയാം ഈ അപൂർവപദയോജനകൾ. ‘പൂമാനമേ ഒരു രാഗമേഘം താ’ എന്ന പാട്ടിൽ രാഗത്തിനോടൊപ്പം ചേരുന്നത് പ്രത്യക്ഷത്തിൽ അതുമായി ബന്ധമില്ലാത്ത ‘മേഘം’ എന്ന പദമാണ്. എന്നാൽ, രാഗമേഘം എന്നു പറയുമ്പോഴും അതിൽ അഭിലാഷത്തിന്റെയും അനുരാഗത്തിന്റെയുമൊക്കെ അനുഭൂതി നിറയുന്നുണ്ട്. മഴയായ് പെയ്യാൻ കൊതിക്കുന്ന ഒരു മേഘം പോലെയാകുന്നു ഇവിടെ അനുരാഗം. ‘രാഗമൂക രാത്രിയിൽ രാഗിണി നീ കേൾക്കുവാൻ മാത്രം’ എന്ന പല്ലവിയിലെ ‘രാഗമൂക രാത്രി’ എന്ന വരിയുണ്ടാക്കുന്ന സാന്നിധ്യം വളരെ വലുതാണ്. ‘മൂകതപോലും രാഗിലമാക്കും ശിശിരരാവുകൾ’ എന്ന് മറ്റൊരു പാട്ടിൽ ഇതേ അന്തരീക്ഷത്തെ അദ്ദേഹം പുനഃസ്ഥാപിക്കുകയുണ്ടായി. പൂവച്ചൽ ഖാദറിന്റെ ഗാനങ്ങളിൽ വന്നു-പോയുമിരുന്നു രാഗിലമാകും നിമിഷങ്ങൾ.
പ്രണയിനി അരികെ വരുമ്പോൾ വിടരുന്ന രാഗജാലത്തെ കുറിച്ച് ഒരു പാട്ടിൽ കവി എഴുതിയിട്ടുണ്ട്. ‘നിന്നെയോർത്തു ഞാൻ രചിക്കും രാഗഗീതം കേൾക്കൂ’ എന്ന് അനുരാഗം പറയുന്നൊരാളുണ്ട് പൂവച്ചൽ ഗാനങ്ങളിൽ. ‘നിൽപൂ രാഗാർദ്രയായ് നീയെന്നുമെൻ ജീവനിൽ’ എന്ന വരിയിലുണ്ട് പൂവച്ചൽപ്പാട്ടിലെ പ്രണയത്തിന്റെ കാതൽ. പൂവച്ചൽ ഖാദർ എഴുതി തരംഗിണി പുറത്തിറക്കിയ പ്രണയഗീതികളുടെ പേര് ‘രാഗവീണ’ എന്നായിരുന്നു. ഒരു സഹിയലിസ്റ്റ് ചിത്രമോ ദൃശ്യമോ എന്നപോലെ ഈ ഗാനങ്ങളിലെല്ലാം രാഗമെന്ന പദത്തിന്റെ സാന്നിധ്യം പ്രകടമാകുന്നു. രാഗവാരിധിയായും രാഗചിന്തയായും രാഗമാല്യമായും രാഗചില്ലയായും രാഗവാനമായും രാഗതീരമായും രാഗവസന്തമായും രാഗജാലമായും രാഗഗീതമായും രാഗചാരുതയായും രാഗതുഷാരമായും രാഗധാരയായും രാഗമഞ്ജരിയായും രാഗമേഘമായുമൊക്കെ അതങ്ങനെ വിസ്തൃതമാകുന്നു. ‘രാഗവും താളവും പോലവേ നാം തമ്മിൽ ഇഴുകുന്നു’ എന്ന വരിയിലുണ്ടൊരു രാഗാർദ്രവേള. ‘എന്നിൽ ഏതോ രാഗം നീ പകരുമ്പോൾ നീയായെൻ ആരോമൽ വസന്ത’മെന്ന വരിയിലുണ്ടല്ലോ ആരും കൊതിക്കുന്ന ഈ രാഗധന്യതകൾ. ‘വിണ്ണിന്റെ രാഗമാല്യം മണ്ണിൽ വീഴുന്നേരം വരിക നീ ആരോമലേ’ എന്ന് അനുരാഗിയായൊരാൾ ആത്മനിർവൃതികൊള്ളുന്നു. പ്രണയിനിയുടെ ചൊടിയിണയിൽ രാഗങ്ങൾ തേടുന്ന നാദത്തെ നിനവിൽ കാണുന്നതായിരുന്നു പൂവച്ചൽ ഗാനങ്ങൾ. പാട്ടിൽ പൂവച്ചൽ ഖാദർ കൊണ്ടുവരുന്ന അപൂർവ രാഗദൃശ്യത്തിനുദാഹരണമായി ഒരു പാട്ടിതാ:
‘രാഗതുഷാരം പൊഴിയും രാവിലെ രാകേന്ദു ബിംബം കണ്ടു നിഴൽ മയ്യെഴുതും താഴ്വരയിൽ നിറമയിൽപ്പീലികൾ കണ്ടു’ അതുപോലെ ‘ഏതോ സഹിയലിസ്റ്റ് ചിത്രം’ വിരിയുന്നതുപോലെ പൂവച്ചൽ ഖാദർ ഇങ്ങനെയും ഒരു പാട്ടിലെഴുതി: ഏതേതോ നിറങ്ങളായി എന്നിൽ നിൻ രാഗം’
ദൃശ്യശ്രാവ്യ ഘടകങ്ങളെ ഒരു പാട്ടിന്റെ ഒരേ വരിയിൽ ഇങ്ങനെ വരച്ചുവെച്ചിരിക്കുന്നു. രാഗമെന്ന പദംകൊണ്ട് പാട്ടിവിടെ ‘പറഞ്ഞതിലധികം പറയുന്ന ഭാഷ’ (കൽപറ്റ നാരായണൻ)യായി മാറുന്നു. രാഗമെന്നത് പൂവച്ചൽ ഗാനങ്ങളിൽ ഒരു സമ്പൂർണ ബിംബമായിത്തീരുന്നു. ‘രാഗങ്ങൾ നവരാഗങ്ങൾ അകതാരിൽ തുളുമ്പും നേരമിതാ’ എന്ന പാട്ടിൽ കവി ഒരനുരാഗ നേരത്തെ അടയാളപ്പെടുത്തുന്നുണ്ട്. പ്രണയത്തെ പ്രകീർത്തിക്കുവാൻ പാട്ടിലിത്രയും രാഗാർദ്ര നിമിഷങ്ങൾ നിറച്ച മറ്റൊരാളില്ല, മലയാളഗാന ശാഖയിൽ.


