ഹൈദരാബാദിലെ ബേക്കറി ലഹളയും ഇന്ത്യയുടെ പ്രതിച്ഛായയും
text_fieldsഒരു പേരിൽ എന്തിരിക്കുന്നു എന്ന് അഞ്ചു നൂറ്റാണ്ട് മുമ്പ് റോമിയോ ആൻഡ് ജൂലിയറ്റിലൂടെ ചോദിച്ചത് വില്യം ഷേക്സ്പിയറാണ്. പേരിൽ പലതുമുണ്ടെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് നമ്മളിപ്പോഴും. അതുകൊണ്ടാണ് പേര് മാറ്റണമെന്നാക്രോശിച്ച് ഹൈദരാബാദിലെ കറാച്ചി ബേക്കറി തീവ്ര വലതുപക്ഷക്കാർ ആക്രമിച്ചത്. ബേക്കറിയുടെ ഉടമ രാജേഷ് റാം നാനി ഹിന്ദുവാണ്. വിഭജന ശേഷം പാകിസ്താനിൽനിന്ന് ഇന്ത്യയിലെത്തിയ കുടുംബം. താൻ വിട്ടുപോന്ന പട്ടണത്തിന്റെ രുചിയോർമകൾ നെഞ്ചിലേറ്റിയിട്ട പേരാണത്.
ലോകത്തെമ്പാടും ഇങ്ങനെയുള്ള പേരുകൾ കാണാം. അതൊന്നും മാറ്റാനായി എവിടെയും ആക്രമണം നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല. അമേരിക്കയിലെ ന്യൂ ഹാംപ്ഷയറിലെ ബെർലിൻ പട്ടണത്തിന്റെ പേര് മാറ്റണം എന്നാരും ഇതുവരെ പറഞ്ഞുകേട്ടിട്ടില്ല. രണ്ട് ലോകയുദ്ധങ്ങളിലും അമേരിക്കയുടെ എതിരാളിയായിരുന്നു ജർമനി. എന്നിട്ടും ആ പേര് അങ്ങനെ തുടരുന്നു.
മഹാരാഷ്ട്രയിലെ പുണെയിലും മുംബൈയിലും അതിപ്രശസ്തമായ ‘ഇറാനി കഫേ’കളുണ്ട്. കോഴിക്കോട് കറാച്ചി ദർബാറുണ്ട്. കൊച്ചിയിലെ സിലോൺ ബേക്ക് ഹൗസ് പ്രസിദ്ധമാണ്. അതുപോലെ കൊളംബോയിൽ കേരള റസ്റ്റാറന്റുമുണ്ട്. കറാച്ചിയിൽ ദില്ലി റസ്റ്റാറന്റും, ദുബൈയിൽ ന്യൂയോർക് പിസ്സയും പാനൂർ റസ്റ്റാറന്റും കറാച്ചി ദർബാറും കോഴിക്കോട് സ്റ്റാറുമുണ്ട്. ടൊറന്റോയിൽ ലാഹോർ കാരാഹിയുണ്ട്. ബോംബെ ചൗപാത്തി റസ്റ്റാറന്റ് മിക്ക ലോക നഗരങ്ങളിലും കാണാം.
ഈ പേരുകളൊന്നും രാഷ്ട്രീയ നിഷ്ഠകളെ സൂചിപ്പിക്കുന്നില്ല; സാംസ്കാരിക ബന്ധങ്ങളും നൊസ്റ്റാൾജിയയും മാർക്കറ്റിങ് തന്ത്രങ്ങളു മൊക്കെയാണ് ഇതിനു പിന്നിൽ.
ചില സ്ഥാപനങ്ങൾ വിദേശ നഗരങ്ങളുടെയും ദേശങ്ങളുടെയും പേരുകൾ ഉപയോഗിക്കുന്നത് വിപണിയിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാനാണ്. ചെന്നൈയിലെ ഇസ്തംബൂൾ ഡൊണർ, ഹൈദരാബാദിലെ അൽ-ബൈക്ക് എന്നിവ ഉദാഹരണങ്ങൾ. ഇവക്ക് തുർക്കിയുമായോ സൗദിയുമായോ ഒരു ബന്ധവുമില്ല; ഉടമകളോ ഇന്ത്യക്കാരും. പേര് കേട്ടാൽ തനി തുർക്കിയെന്ന് തോന്നുന്ന ഗുജറാത്തിലെ ‘ഒട്ടോമൻ ജ്വല്ലേഴ്സി’ൽ ആഭരണങ്ങൾ പക്കാ ഗുജറാത്തി സ്റ്റൈലാണ്.
അതുപോലെ തുർക്കിയുടെ സുൽത്താനഹ്മദ് കെബാബ്സ് ലോക പ്രശസ്തമാണ്. ഇത് തിന്നാനായി സഞ്ചാരികൾ ഇസ്തംബൂളിൽ ക്യൂ നിൽക്കുന്നത് കണ്ടിട്ടുണ്ട്, അങ്ങനെയൊരു സ്ഥാപനം ബാംഗ്ലൂരിലുമുണ്ട്. ഇതും തുർക്കിയും തമ്മിൽ ഒരു ബന്ധവുമില്ല. ഇതൊക്കെ വെറും രുചി കൈമാറ്റം മാത്രം.
ഇത്തരം പേരുകൾ ദേശീയതക്ക് വെല്ലുവിളിയല്ല. എന്നാൽ, പേരിനെച്ചൊല്ലിയുള്ള ആക്രമണങ്ങൾ സുരക്ഷാപ്രശ്നമാണ്. വെറുമൊരു പേരുമൂലം ബേക്കറി ആക്രമിക്കുമ്പോൾ, അത് ദേശഭക്തിയെ പ്രതിഫലിപ്പിക്കുകയല്ല; മറിച്ച്, രാജ്യത്ത് ശക്തിപ്രാപിക്കുന്ന അസഹിഷ്ണുതയാണ് വെളിപ്പെടുത്തുന്നത്. ഇങ്ങനെയുള്ള ഇടങ്ങളിൽ വിദേശ കമ്പനികൾ നിക്ഷേപമിറക്കാൻ മടിക്കും. കഴിഞ്ഞ 10 വർഷമായി വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ വിവിധ രാജ്യങ്ങൾ സന്ദർശിച്ചു ബന്ധങ്ങൾ നന്നാക്കാനുള്ള ഓട്ടത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം, തമിഴ്നാട്, തെലങ്കാന, ഹരിയാന തുടങ്ങിയ സംസ്ഥാന മുഖ്യമന്ത്രിമാരും വിദേശനിക്ഷേപങ്ങൾ ആകർഷിക്കാൻ നിക്ഷേപ സംഗമങ്ങളും സന്ദർശനങ്ങളുമൊക്കെ നടത്തുന്നുണ്ട്. അതിനിടയിൽ ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത് ഇന്ത്യയുടെ ദിശാബോധത്തിന് മാത്രമല്ല, സ്വാതന്ത്ര്യപ്പുലരി മുതൽ രാജ്യം കാത്തുസൂക്ഷിച്ചുപോരുന്ന ബഹുസ്വരതക്കുതന്നെ എതിരാണ്.
ഇപ്പോഴിതാ നമ്മുടെ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കാനായി ഡോ. ശശി തരൂർ അടക്കമുള്ള പ്രതിനിധി സംഘത്തെ അഞ്ചു രാജ്യങ്ങളിലേക്ക് വിടുകയാണ് പ്രധാനമന്ത്രി. ഇപ്പറഞ്ഞ സൗഹൃദ രാജ്യങ്ങളും നമ്മുടെ നാട്ടിൽ തീവ്ര ദേശീയതയുടെ പേരിൽ നടക്കുന്ന പേക്കൂത്തുകൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മതത്തിന്റെയും പാർട്ടിയുടെയും പേരിൽ നടക്കുന്ന ആക്രമണങ്ങളും ആഭാസങ്ങളും ഇടിച്ചുനിരത്തലും, ശേഷം അതിനു നേരെയുള്ള ബന്ധപ്പെട്ടവരുടെ മൗനവുമൊക്കെ. ഇതൊക്കെ കൃത്യമായി നിരീക്ഷിക്കുകയും ഡോക്യുമെന്റ് ചെയ്യുകയും ചെയ്യുന്ന വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളോടും മനുഷ്യാവകാശ സംഘടനകളോടും എന്ത് പറഞ്ഞാണ് ന്യായീകരിക്കുക?
ഇത്തരം അഴിഞ്ഞാട്ടങ്ങളും വംശീയ വിദ്വേഷ പ്രകടനങ്ങളും അവസാനിപ്പിച്ച്, അത്തരം സംഭവങ്ങൾക്ക് എതിരിൽ നിയമപരമായി നടപടിയെടുത്തിട്ട്, ഇങ്ങനെയൊരു പ്രതിനിധിസംഘത്തെ വിടുന്നതായിരിക്കും ഉചിതം.
ഇല്ലെങ്കിൽ, വിദേശ മാധ്യമങ്ങൾക്കും അവരുടെ മൂർച്ചയുള്ള ചോദ്യങ്ങൾക്കും വിശകലനങ്ങൾക്കും മുന്നിൽ രാജ്യവും പ്രതിനിധികളും അവരുടെ ഉത്തരങ്ങളും വിയർക്കും, അത് നമ്മെ കൂടുതൽ മോശം വെളിച്ചത്തിലാവും നിർത്തുക!