Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭിന്നശേഷിക്കാർക്ക്...

ഭിന്നശേഷിക്കാർക്ക് ഇന്ത്യയിലെ ആദ്യ ‘ഗ്രാമം’; കേരളം വീണ്ടും വഴികാട്ടുന്നു

text_fields
bookmark_border
ഭിന്നശേഷിക്കാർക്ക് ഇന്ത്യയിലെ ആദ്യ ‘ഗ്രാമം’; കേരളം വീണ്ടും വഴികാട്ടുന്നു
cancel

രാജ്യത്തിനു മുന്നിൽ എന്നും മാതൃകയായിട്ടുള്ള കേരളം ഒരിക്കൽകൂടി സമാനതകളില്ലാത്ത ഒരു തുടക്കത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ‘ഭിന്നശേഷി പുനരധിവാസ ഗ്രാമം’ ഇന്ന് മലപ്പുറം ജില്ലയിലെ തിരൂർ, ആതവനാട്ടിൽ പ്രവർത്തനമാരംഭിക്കുന്നു.

സമൂഹത്തിൽ ഏറ്റവും തീവ്രവും സങ്കീർണവുമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന, പ്രത്യേക പരിഗണന അർഹിക്കുന്ന ഈ മനുഷ്യർക്കായി വർഷങ്ങളായി വിവിധ പദ്ധതികൾ നിലവിലുണ്ടെങ്കിലും ‘സംയോജിത പുനരധിവാസ ഗ്രാമം’ എന്ന ബൃഹദ് സംരംഭത്തിലൂടെ സമഗ്രമായ മാറ്റവും സമ്പൂർണ സംരക്ഷണവുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ ആകെ പദ്ധതിവിഹിതത്തിന്റെ 70 ശതമാനത്തോളം തുകയും ഈ മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് വകയിരുത്തിയിട്ടുള്ളത്. ഇത് കേവലമൊരു കരുതൽ മാത്രമല്ല, ഇവരെ ഒരു പരിധിവരെയെങ്കിലും സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനുള്ള ദീർഘകാല ലക്ഷ്യമാണ്.

തങ്ങളുടെ കാലശേഷം ഈ മക്കളുടെ സംരക്ഷണം ആര് ഏറ്റെടുക്കുമെന്ന രക്ഷിതാക്കളുടെ ആശങ്കയ്ക്ക് പരിഹാരം കാണേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. പിന്നാക്കം നിൽക്കുന്ന മേഖലകളിൽ പരിശീലനവും അറിവും തൊഴിൽവൈദഗ്ധ്യവും പകർന്നുനൽകി, സാമൂഹിക-സാമ്പത്തിക സ്വാശ്രയത്വത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് പ്രധാന ലക്ഷ്യം.

പുനരധിവാസ ഗ്രാമത്തിൽ സമഗ്രമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ഒരു കുഞ്ഞിന്റെ ജനനം മുതൽ ജീവിതകാലം മുഴുവൻ ആവശ്യമായി വരുന്ന എല്ലാ പിന്തുണയും ഇവിടെ ലഭ്യമാകും. മാതാപിതാക്കൾക്കുള്ള താമസസൗകര്യവും ഇതിലുൾപ്പെടുന്നു. ബുദ്ധിമുട്ടുകൾ ശൈശവദശയിൽത്തന്നെ കണ്ടെത്താൻ ഡോക്ടർമാർ, തെറാപ്പിസ്റ്റുകൾ, പ്രത്യേക അധ്യാപകർ, രക്ഷിതാക്കൾ എന്നിവരടങ്ങുന്ന വിദഗ്ധസംഘത്തിന്റെ സേവനം ഇവിടെ സജ്ജമാക്കും.

പൂർണസജ്ജമായ തെറാപ്പി യൂണിറ്റുകൾ, കൗൺസിലിങ്, സർജിക്കൽ കറക്ഷൻ സൗകര്യങ്ങൾ എന്നിവയോടൊപ്പം ദൈനംദിന കാര്യങ്ങളിൽ സ്വയംപര്യാപ്തത ഉറപ്പാക്കുന്ന സ്പെഷ്യൽ സ്കൂൾ കം വി.ടി.സി, ഷെൽറ്റേഡ് വർക്ക് ഷോപ്പുകൾ എന്നിവയുമുണ്ടാവും. 18 വയസ്സു കഴിഞ്ഞവർക്ക് പച്ചക്കറികൃഷി, ഡെയറി-പൗൾട്രി ഫാം, കൈത്തറി, ബുക്ക് ബൈൻഡിങ്, മെഴുകുതിരി നിർമാണം തുടങ്ങിയ മേഖലകളിൽ വരുമാനദായകമായ തൊഴിൽപരിശീലനം നൽകും. പകൽപരിപാലന കേന്ദ്രങ്ങളിൽ എത്തുന്ന അമ്മമാർക്കും സ്വയംതൊഴിൽ പരിശീലനം ഏർപ്പെടുത്തും. കളിസ്ഥലങ്ങളും പരിശീലകരുടെ നേതൃത്വത്തിലുള്ള കായികപരിശീലനങ്ങളും ഈ കുട്ടികളുടെ മാനസികോല്ലാസത്തിന് വഴിയൊരുക്കും.

പാലിയേറ്റീവ് കെയർ സംവിധാനത്തിന്റെ മാതൃകയിൽ ഭിന്നശേഷിസൗഹൃദ വയോജനക്ഷേമ കേന്ദ്രങ്ങൾ സ്ഥാപിക്കും. വയോജനപരിപാലനത്തിൽ വൈദഗ്ധ്യം നേടിയ ആളുകളെ ഇവരുടെ പരിചരണത്തിന് വിനിയോഗിക്കും. കൂടാതെ മാതാപിതാക്കൾ, പരിചാരകർ എന്നിവരുടെ ആരോഗ്യപ്രശ്നങ്ങളോ മറ്റ് അത്യാവശ്യങ്ങളോ മൂലം ഹ്രസ്വകാല പുനരധിവാസം ആവശ്യമുള്ളവർക്ക് പരമാവധി മൂന്നു മാസം വരെ സ്ഥാപനസംരക്ഷണം നൽകും.

ലോകജനസംഖ്യയിൽ 16 ശതമാനത്തോളം ആളുകൾ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ലോകത്താകമാനം ഈ മേഖലയിൽ വിപുലമായ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. പല രോഗങ്ങളെയും പൂർണമായി തുടച്ചുനീക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ഇത്തരം വെല്ലുവിളികളെ സമ്പൂർണമായി ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല.

ഈ സാഹചര്യത്തെ മുൻനിർത്തി, വലിയ കരുതലോടെ കേരളം നടത്തുന്ന സുപ്രധാന ചുവടുവെപ്പാണ് ആതവനാട്ടെ സംരംഭം. സമീപഭാവിയിൽത്തന്നെ പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും താലൂക്കുകളിലേക്കും വ്യാപിപ്പിക്കുന്നത് സർക്കാർ പരിശോധിക്കും. ഒപ്പം, സംസ്ഥാനത്തെ മുഴുവൻ സ്പെഷ്യൽ സ്കൂളുകളും ആധുനിക നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികളും സർക്കാർ കൈക്കൊള്ളുന്നുണ്ട്.

(സാമൂഹികനീതി, ഫിഷറീസ് മന്ത്രി)

Show Full Article
TAGS:madhyamam article social justice VE Abdul Gafoor Disability Welfare Corporation 
News Summary - India’s First Integrated Rehabilitation Village Opens in Kerala's Athavanad
Next Story