Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകേരളത്തിൽ...

കേരളത്തിൽ ഇസ്‌ലാമോഫോബിയ ഇല്ലെന്നോ?

text_fields
bookmark_border
കേരളത്തിൽ ഇസ്‌ലാമോഫോബിയ ഇല്ലെന്നോ?
cancel

മതേതരത്വത്തിന്‍റെയും പുരോഗമനത്തിന്റെയും മാതൃകയായി സ്വയം അവതരിപ്പിക്കുന്ന കേരളത്തിന്‍റെ യഥാർഥി ചിത്രം എന്താണ്? എന്നല്ല, കേരളത്തിൽ 'മതേതരത്വ'ത്തിന്‍റെയും 'പുരോഗമന'ത്തിന്റെയും അർഥം തന്നെ എന്താണ്? 'ഇസ്‌ലാമോഫോബിയ' എന്നതാണതിന്‍റെ ഒറ്റവാക്കിലെ ഒരുത്തരമെന്ന് പറയാം. മുസ്‌ലിം ന്യൂനപക്ഷത്തോടുള്ള ഘടനാപരമായ വംശീയ വിദ്വേഷത്തിന്‍റെ പ്രകടനങ്ങളാണ് പലപ്പോഴും ഇവിടെ പുരോഗമനമായും മതേതരമായും വ്യാഖ്യാനിക്കപ്പെടാറുള്ളത് എന്നത് കൊണ്ടാണത്. ആ കേരളത്തിലിരുന്നാണ് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എം. ശിവപ്രസാദ് ഇങ്ങനെക്കുറിച്ചത്; "കേരളത്തിൽ ഇസ്ലാമോഫോബിയ ഉണ്ടോ? തീർച്ചയായും ഇല്ല! പക്ഷെ ജമാഅത്ത് ഇസ്ലാമിയോട് ഫോബിയ തീർച്ചയായും ഉണ്ട്". ഭരണപക്ഷമായ ഇടതുപക്ഷം വലതുപക്ഷമായിത്തീർന്നതിന്‍റെ സ്വാഭാവിക പ്രതിഫലമാണിത്. ഇതുപോലെ ഇടതു പക്ഷത്തിന്‍റെ തന്നെ നിർവാഹകത്വത്തിലാണ് മതേതരത്വത്തിന്‍റെയും പുരോഗമനത്തിന്‍റെയും നിർവചനങ്ങൾ തന്നെ ഇവിടെ നിർണയിക്കപ്പെടുന്നത്.

ഏത് കേരളത്തിലാണ് ഇവർ ഇസ്‌ലാമോഫോബിയ ഇല്ലെന്ന് പ്രസ്താവിച്ച് കളയുന്നത്! ഇസ്‌ലാമോഫോബിയ റിസർച് കലക്ടീവിന്‍റെ പഠനത്തെ ഉപജീവിച്ച് കേരളീയം മാസികയിൽ മൃദുല ഭവാനി എഴുതിയ ലേഖനത്തിലെ ചില കണക്കുകൾ നോക്കാം. "കേരളത്തിലെ 2024 വർഷത്തെ ഇസ്ലാമോഫോബിയയെക്കുറിച്ച് മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രം പ്രത്യേകം പഠിക്കുമ്പോൾ അതിന്റെ തോത് ശരാശരി 36 മണിക്കൂർ കൂടുമ്പോൾ ഒന്ന് എന്ന രീതിയിലാണെന്നാണ് മനസ്സിലാവുന്നത്. ഉത്തരേന്ത്യയിലേതുപോലെ നേരിട്ടുള്ള വിദ്വേഷ ആക്രമണമല്ല കേരളത്തിലുള്ളത്. സാങ്കേതിക സ്വഭാവമുള്ളതും പൊതുബോധത്തിനുള്ളിൽ നിൽക്കുന്നതും അതുകൊണ്ടുതന്നെ പൊതുസ്വീകാര്യതയുള്ളതുമായ രാഷ്ട്രീയ-മാധ്യമ പ്രചാരണമാണ് ഇവിടെ നടക്കുന്നത്. കേരളത്തിൽ കഴിഞ്ഞ വർഷം 260 ഇസ്ലാമോഫോബിക് സംഭവങ്ങൾ നടന്നതായാണ് റിപ്പോർട്ട്. വംശീയ പ്രചരണങ്ങളിലൂടെയും മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തിന്‍റെ നിഷേധത്തിലൂടെയും പൈശാചിക വത്കരണങ്ങളിലൂടെയും ഇത് വികസിച്ച് കൊണ്ടേയിരിക്കുന്നു എന്നതാണ് 2025ലും തുടരുന്ന ഇസ്‌ലാമോഫോബിയ റിസർച് കലക്ടീവിന്‍റെ പഠനങ്ങൾ കാണിക്കുന്നത്.

ടാഡാ-പോട്ട നിരസിച്ച കേരളം തന്നെയല്ലേ യു.എ.പി.എ എന്ന കരിനിയമത്തെ ഇടത്-വലത് വ്യത്യാസമില്ലാതെ ഒരുപോലെ സ്വീകരിക്കുകയുണ്ടായത്. ജയിലിലടക്കപ്പെട്ട മലയാളികളിൽ ബഹുഭൂരിപക്ഷവും മുസ്‌ലിംകളാണ്. സാമ്പത്തിക-രാഷ്ട്രീയ ശക്തിയുണ്ടെന്ന് പറയപ്പെടുന്ന മുസ്‌ലിം സമുദായത്തിന് നിയമപരിരക്ഷ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ സംജാതമാവുന്നു. പാനായിക്കുളം കേസ്, സകരിയയുടെ അനുഭവങ്ങൾ, അബ്ദുന്നാസർ മഅ്ദനിയുടെ ജയിൽ ജീവിതം – ഇവയെല്ലാം 'ഭീകരനെപ്പോലെ തോന്നുന്നവരെ' വേട്ടയാടാൻ കേരളീയ പൊതുബോധം നൽകുന്ന അനുവാദത്തിന്റെ ഫലമല്ലെന്ന് എങ്ങനെ കണ്ണടച്ചിരുട്ടാക്കിയാലാണ് പറയാൻ കഴിയുക.

കേരളത്തിലെ മാധ്യമങ്ങളുടെ സ്ഥിതിയെന്താണ്? കാസർകോട് റിയാസ് മൗലവി വധം, കൊടിഞ്ഞിയിലെ ഫൈസൽ വധം തുടങ്ങിയ സംഘപരിവാർ കൊലപാതകങ്ങൾ 'സ്വാഭാവിക പ്രതികരണ'മായി ഇവിടെ ചിത്രീകരിക്കപ്പെട്ടു. ലൗ ജിഹാദ് എന്ന വ്യാജ നിർമിതിയെ മാധ്യമങ്ങൾ ആവർത്തിച്ചാഘോഷിച്ചത് നാം കണ്ടതല്ലേ.

മുസ്‌ലിം സ്ത്രീ ശരീരത്തിന്മേലുള്ള നിയന്ത്രണമാണ് മലയാളി പൊതുമണ്ഡലത്തിന്റെ മറ്റൊരു പ്രിയപ്പെട്ട വിഷയം. ഹിജാബ് വിലക്ക്, പർദ ഭീഷണി അങ്ങനെയങ്ങനെ. ഹാദിയയുടെ സ്വതന്ത്ര കർതൃത്വം നിഷേധിക്കപ്പെട്ടു; ആയിഷ റെന്നയോട് 'വീട്ടിലിരുന്ന് രാഷ്ട്രീയം പറയാൻ' ആവശ്യപ്പെട്ടു. ചുംബന സമരത്തോടുള്ള എതിർപ്പിനെ മുസ്‌ലിം സദാചാരവാദം' ആക്കി മാറ്റി സംഘപരിവാറിനെ തന്നെ ചിത്രത്തിൽ നിന്ന് മായ്ച്ചുകളയുകയുണ്ടായി.

ഇന്റലക്ച്വൽ ജിഹാദ് എന്ന ഉപജാപം ഉണ്ടാക്കി കോഴിക്കോട്ടെ മുസ്‌ലിം പുസ്തകശാലകളിലും ഹിറാ സെന്ററിലും നടന്ന പുസ്തക വേട്ടകൾ ഓർമയില്ലേ! കത്‌വ പെൺകുട്ടിയുടെ ബലാത്സംഗ-കൊലപാതകത്തിൽ പ്രതിഷേധിച്ച് മുസ്‌ലിം സംഘടനകൾ വിളിച്ച ഹർത്താലിനെ 'ആശയക്കുഴപ്പം' എന്ന് വിളിച്ചത്, ഗെയിൽ പൈപ്പ് ലൈൻ സമരത്തെ 'മുസ്‌ലിം തീവ്രവാദം' എന്ന് മുദ്രകുത്തിയത്, എറണാകുളത്തെ 'ഫാഷിസത്തിനെതിരെ മനുഷ്യസംഗമ' ത്തിൽ മുസ്‌ലിം സംഘടനകൾക്ക് പ്രവേശനം നിഷേധിച്ചത് തുടങ്ങി എത്രയെത്ര ഉദാഹരണങ്ങളെ ചൂണ്ടിക്കാണിക്കാൻ കഴിയും. മുസ്‌ലിം രാഷ്ട്രീയ കർതൃത്വത്തെ തന്നെ അംഗീകരിക്കാൻ കേരളത്തിലെ 'ഫാഷിസ്റ്റ് വിരുദ്ധ' മുന്നണികൾ തയാറല്ല എന്നതല്ലേ യാഥാർഥ്യം. ഫാഷിസ്റ്റ് വിരുദ്ധ വ്യവഹാരത്തിലെ മുസ്‌ലിം എവിടെയാണ് സ്ഥാനപ്പെടുന്നത് എന്ന കെ. അഷ്റഫിന്‍റെ ചോദ്യം ഇവിടെ ഏറെ പ്രസക്തമാവുന്നുണ്ട്.

2024 സെപ്റ്റംബറിൽ സംഭവിച്ച ഇസ്‌ലാമോഫോബിയ അനുഭവങ്ങളെ ക്രോഡീകരിച്ച റിപ്പോർട്ടിനകത്ത് കെ. അഷ്റഫും ബാബുരാജ് ഭഗവതിയും നടത്തുന്ന ഒരു നിരീക്ഷണവും ഇവിടെ ശ്രദ്ധേയമാണെന്ന് തോന്നുന്നു. അവർ എഴുതുന്നു. "ഏതു ജനതക്കും സ്വയം പേരിട്ടു വിളിക്കുന്നതിന് ചില രീതികളുണ്ട്. ദേശീയതക്കുള്ളിൽ ജീവിക്കുന്ന ആളുകൾ വിവിധ രാഷ്ട്രങ്ങളുടെ പേരിൽ അറിയപ്പെടുന്നതുപോലെ, സാമൂഹികമായ പ്രത്യേകതകളുടെ പേരിൽ ഒരു ജനത അറിയപ്പെടുന്നതുപോലെ, മുസ്‌ലിം എന്നു സ്വയം വിളിക്കാൻ താൽപര്യപ്പെടുന്ന ജനത ലോകത്ത് നിലവിലുണ്ട്. അവർ ഇസ്ലാം എന്ന സൂചകത്തിലൂടെ ലോകത്തെയും സാമൂഹികയാഥാർഥ്യത്തെയും കുറിച്ചു സംസാരിക്കുന്നു. സമൂഹം എന്താണ് എന്ന് നിർവചിക്കാനുള്ള പരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റേതൊരു ജനതയെയും പോലെത്തന്നെയാണ് മുസ്ലിംകളും. എന്താണ് സമൂഹം, എന്താണ് ലോകം, എന്താണ് ജനത, എന്താണ് യാഥാർഥ്യം എന്നിവ നിർവചിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണു മുസ്‌ലിമിനെയും ഇസ്ല‌ാമിനെയും നാം ഉൾക്കൊള്ളേണ്ടത്. ഏതൊരു വ്യക്തിക്കും കൂട്ടത്തിനും ഈ സ്വയംനിർണയാവകാശമുണ്ട്. സ്വയം പേരിടാനും നിർവചിക്കാനും നടത്തുന്ന പരിശ്രമങ്ങളിലൂടെയാണ് ജനത എന്ന നിലയിലുള്ള വ്യത്യാസം വികസിച്ചുവരുന്നത്.

ഇതിന്റെ നേരേ മറുവശത്താണ് ഇസ്ലാമോഫോബിയയുടെ നിൽപ്. മുസ്‌ലിംകളെയും ഇസ്ലാമിനെയും നിർവചിക്കാനും ആ നിർവചനം മുസ്‌ലിം എന്നു വിളിക്കപ്പെടുന്ന ജനതക്കുമേലും ഇസ്ല‌ാമെന്ന് മുസ്‌ലിംകൾ നിർവചിച്ചിട്ടുള്ള ഒരു സാമൂഹികയാഥാർഥ്യത്തിനു മുകളിലും നിർബന്ധപൂർവം സ്ഥാപിക്കുന്ന വംശീയ പദ്ധതിയാണ് ഇസ്‌ലാമോഫോബിയ. മുസ്‌ലിംകളുടെ സ്വയംനിർണയാവകാശത്തെയും ഇസ്ലാമിനെക്കുറിച്ചുള്ള മുസ്‌ലിംകളുടെ സ്വയംബോധ്യങ്ങളെയും നിർണയിക്കാനും നിർവചിക്കാനുമുള്ള വംശീയപ്രചാരണത്തിന്‍റെ ഭാഗവുമാണിത്".

അത്കൊണ്ട് തന്നെ ഇവിടെ ഇസ്‌ലാമോഫോബിയ എന്നത് കേവലമൊരു ജാർഗണല്ല, മറിച്ച് ഘടനാപരമായ അധികാര വിന്യാസമാണ് എന്നതാണ് മുസ്‌ലിംകളുടെ സ്വയം നിർണയാവകാശങ്ങളുമായി ബന്ധപ്പെട്ട ദൈനംദിന അനുഭവങ്ങൾ നമുക്ക് കാണിച്ച് തരുന്നത്. അത് ഭരണകൂടത്തിലും മാധ്യമങ്ങളിലും അക്കാദമിയിലും ഇടതുപക്ഷ-പുരോഗമന വ്യവഹാരങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും കടന്ന് വരുന്നു.

മതേതരത്വം/വർഗീയത എന്ന വിഭജനങ്ങൾക്കപ്പുറത്ത് മുസ്‌ലിം വിഷയത്തെ പുനർനിർവചിക്കുന്ന, മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തെ സ്വാഭാവികമായി അംഗീകരിക്കുന്ന പുതിയൊരു വിമർശന സംസ്കാരത്തിന്‍റെ സംവാദമണ്ഡലം സാധ്യമാവാതെയുള്ള 'കേരള മാതൃക 'എന്നത് പൊള്ളയായൊരു മുദ്രാവാക്യം മാത്രമാണ് എന്ന വസ്തുതയെയാണത് നൽകുന്നത്.

(എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)

Show Full Article
TAGS:Islamophobia Jamaat e Islami CPM 
News Summary - Is there no Islamophobia in Kerala?
Next Story