ജവഹർലാൽ: ജനാധിപത്യത്തിന്റെ രണ്ടാം പേര്
text_fields''ജനലക്ഷങ്ങൾ ഒരേയൊരു മനുഷ്യന് ഏറാൻ മൂളുന്ന രാജ്യമാകണം ഇന്ത്യയെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് കരുത്തുറ്റ ഒരു പ്രതിപക്ഷം വേണം.''
-സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് വേളയിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞതാണ്.
1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ നീണ്ടുനിന്ന ആ തെരഞ്ഞെടുപ്പാണ് ഇന്ത്യൻ ജനാധിപത്യത്തിെൻറ അസ്സൽ അടിത്തറ. രാജഭരണവും വിദേശ ഏകാധിപത്യവും മാത്രം ഭരണക്രമമായി അറിഞ്ഞ ജനത. ബുദ്ധെൻറയും ഗുപ്തരാജാക്കന്മാരുടെയും കാലം മുതൽ ആയിരക്കണക്ക് ആണ്ടുകളായി ഒരു മാറ്റവുമില്ലാതെ നിലനിൽക്കുന്ന ജാതിഗ്രാമങ്ങൾ, അക്ബറുടെ ജമീന്ദാരി സമ്പ്രദായം നടപ്പുരീതിയായ നാടുകൾ. അക്ഷരാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ജനത, അതിൽതന്നെ നൂറുകണക്ക് ജാതികൾ, ഗോത്രങ്ങൾ. തീണ്ടലും തൊടീലും ജാതിപ്പോരുകളും വർഗീയലഹളകളും ആവശ്യത്തിലധികം. ജനസംഖ്യയോ, താങ്ങാവുന്നതിനപ്പുറവും.
അവിടേക്കാണ് പ്രായപൂർത്തി വോട്ടവകാശമുള്ള പൗരന്മാരാണ് നമ്മൾ എന്ന് പ്രഖ്യാപിക്കുന്ന ഭരണഘടന എത്തുന്നത്. നാലുമാസക്കാലം ഇന്ത്യയുടെ നെടുകെയും കുറുകെയും നെഹ്റു പലവട്ടം സഞ്ചരിച്ചു. നൂറുകണക്ക് പൊതുയോഗങ്ങളിലായി കോടിക്കണക്ക് ഇന്ത്യക്കാരോട് നേരിട്ട് സംസാരിച്ചു. കോൺഗ്രസോ മറ്റേതെങ്കിലും സംഘടനയോ മാത്രമാകുന്നത് അപകടമാണ്. ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിന് അത്യാവശ്യമാണെന്ന് അവരോട് പറഞ്ഞു.
സ്വാതന്ത്ര്യത്തിന് മുമ്പ് രൂപവത്കരിച്ച മന്ത്രിസഭയിൽ നിയമമന്ത്രിയായി ചേരാൻ പ്രതിപക്ഷ നിരയിൽ ആയിരുന്ന തന്നെ നെഹ്റു ക്ഷണിച്ചപ്പോൾ അത്ഭുതപ്പെട്ടെന്ന് ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞിട്ടുണ്ട്. അതായിരുന്നു നെഹ്റുവിെൻറ ജനാധിപത്യബോധം. എല്ലാവരും തുല്യരായ, എല്ലാവർക്കും ഏകാവകാശങ്ങളുള്ള, എല്ലാവർക്കും ഒരേ അവസരങ്ങളുള്ള ഇന്ത്യയെന്ന ജനാധിപത്യരാജ്യം. ഭരണഘടന നിർമാണസഭയിൽ പ്രഥമ പ്രധാനമന്ത്രിയുടെ വാദങ്ങളൊക്കെയും അങ്ങനെയൊരു ഭരണഘടനയുടെ സൃഷ്ടിക്കായിരുന്നു.
ഏകാധിപത്യത്തിെൻറയോ മതാധിപത്യത്തിെൻറയോ വഴിക്ക് രാജ്യം നീങ്ങരുതെന്ന് നെഹ്റു ആഗ്രഹിക്കുകയും അതിനായി അധ്വാനിക്കുകയും ചെയ്തു. ആ നിലപാട് പ്രഖ്യാപനത്തിെൻറ ഉരകല്ലാക്കിയത് ആദ്യ പൊതുതെരഞ്ഞെടുപ്പും. സ്വതന്ത്രമായി വിട്ടാൽ വർഗീയത ഇന്ത്യയെ ഛിന്നഭിന്നമാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.''സംശയത്തിെൻറ നിഴൽപോലുമില്ലാതെ പറയാം. മരണംവരെ നമ്മൾ മതനിരപേക്ഷ രാഷ്ട്രത്തിനായി ഉറച്ചുനിൽക്കും'' -നെഹ്റു പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ ജനങ്ങൾ അനുകൂല മറുപടിയാണ് നൽകിയത്. ഹിന്ദുരാഷ്ട്ര വാദികൾക്ക് കേവലം ആറ് ശതമാനം വോട്ടും പത്തു സീറ്റുമാണ് ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയത്.
ഭരണഘടനാ നിർമാണ സഭയിൽ പരാജയപ്പെടുകയും അംബേദ്കറുടെ രാജിയിൽ കലാശിക്കുകയും ചെയ്ത ഹിന്ദു കോഡ് ബില്ലും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാൻ നെഹ്റു സന്ദേഹിച്ചില്ല. ഹിന്ദുസ്ത്രീകൾക്ക് പിതൃസ്വത്തിൽ തുല്യാവകാശം നൽകുന്ന, വിവാഹ, പിന്തുടർച്ചാ, ദായക്രമങ്ങൾ നിശ്ചയിക്കുന്ന നിയമം. അവിടെയും അദ്ദേഹം പരാജയപ്പെട്ടില്ല. ഭരണത്തിലേറിക്കഴിഞ്ഞപ്പോൾ അംബേദ്കറുടെ ബില്ലിനെ, പലതായി മുറിച്ചാണെങ്കിലും, വലിയ മാറ്റങ്ങളില്ലാതെ നെഹ്റു നിയമമാക്കുകതന്നെ ചെയ്തു.
ഇന്നും ഹിന്ദുരാഷ്ട്ര വാദികൾക്ക് ഒന്നാമത്തെ ശത്രു ജവഹർലാൽ ആകുന്നതിെൻറ കാരണവും മറ്റൊന്നല്ല. നെഹ്റു എന്ന പേരിനെ അവരെപ്പോലെ വെറുക്കുകയും ഭയക്കുകയും ചെയ്യുന്ന മറ്റാരുമില്ല. ഇല്ലാക്കഥകളും പച്ചനുണകളുമായി സാധ്യമായ എല്ലായിടങ്ങളിലും അവർ രാഷ്ട്രശിൽപിയെ ചളിവാരി എറിഞ്ഞുകൊണ്ടേയിരിക്കുന്നു. ജനാധിപത്യം എന്ന സങ്കൽപം തന്നെ അവർക്ക് മനസ്സിലാകുന്ന ഒന്നല്ല. അപ്പോൾ പിന്നെ അതിെൻറ ഏറ്റവും വലിയ പ്രചാരകനെ വെറുക്കാതെ പിന്നെ എന്തു ചെയ്യാൻ.
ജാതി പ്രശ്നങ്ങളെ നേർക്കുനേർ എതിരിടാൻ നെഹ്റു തയാറായില്ല എന്ന വലിയ വിമർശനമുണ്ട്. അദ്ദേഹത്തിെൻറ ആദർശ ജനാധിപത്യ ലോകത്ത് എല്ലാവരും തുല്യാവകാശമുള്ള പൗരന്മാരായിരുന്നു. എന്നാൽ, നെഹ്റുവിയൻ ലോകത്തെ ആദർശ ജനാധിപത്യം ഇന്നും നിലനിൽക്കുന്ന, അന്ന് പരിഹരിക്കാൻ ആകുമായിരുന്ന, പ്രശ്നങ്ങളുടെ തുടർച്ച അനുവദിച്ചു എന്നത് കാണാതിരിക്കാൻ ആകില്ല. ഇന്ത്യൻ ഗ്രാമങ്ങളിലെ ജാതി, ജന്മിത്വ വ്യവസ്ഥിതികളെ തകർക്കാൻ ഒരു ശ്രമവും നെഹ്റു നടത്തിയതായി കാണുന്നില്ല.
ചേരിചേരാനയം എന്ന മഹത്തായ ജനാധിപത്യ സങ്കൽപം സൃഷ്ടിക്കാൻ നെഹ്റുവിനായി. എന്നാൽ, വിദേശ നയത്തിൽ വൻ ശക്തികളുടെ പിന്തുണ അേതാടെ നഷ്ടമായി. യു.എൻ പ്രമേയങ്ങളിൽ, കശ്മീർ അടക്കം, അക്കാലത്ത് ഇന്ത്യക്ക് കിട്ടിയ പിന്തുണ പരിതാപകരമായിരുന്നു. പക്ഷേ, ആദർശപരമായ ആ നയം തീർച്ചയായും അഭിമാനകരം ആയിരുന്നു. ഇക്കാലത്ത് ബി.ജെ.പി ഭരണകൂടത്തിെൻറ അമേരിക്കൻ വിധേയത്വം എത്രത്തോളം അപമാനകരമായ അവസ്ഥയിലാണ് രാജ്യത്തെ എത്തിച്ചിരിക്കുന്നത് എന്നതുമാത്രം പരിശോധിച്ചാൽ മതിയാകും.
ഇന്ത്യ എന്ന രാഷ്ട്രത്തെ രൂപപ്പെടുത്തുന്നതിന് മുന്നൊരുക്കങ്ങൾ തുടങ്ങിയപ്പോൾതന്നെ അതിെൻറ സ്വഭാവം എന്തായിരിക്കണം എന്നതിൽ ഇടക്കാല പ്രധാനമന്ത്രി ആയിരുന്ന നെഹ്റുവിന് സന്ദേഹമൊന്നും ഉണ്ടായിരുന്നില്ല. 1946 ഡിസംബർ 16ന് ജവഹർലാൽ നെഹ്റു ഭരണഘടനാ നിർമാണ സഭയിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചു. ഭരണഘടനയുടെ വിഖ്യാതമായ ആമുഖത്തിന് അടിസ്ഥാനമായത് ആ പ്രമേയമാണ്. ''അയ്യായിരം വർഷത്തെ ചരിത്രത്തിെൻറ ഭാരം എന്നെ ഞെരുക്കുന്നുണ്ട്. കരുത്തുറ്റ ഭൂതകാലത്തിെൻറയും അതിലും കരുത്തുറ്റ ഭാവികാലത്തിെൻറയും മധ്യത്തിലെ വാൾമുനയിൽ നിൽക്കുന്ന ഞാൻ അൽപ മാത്രമായെങ്കിലും വിറക്കുന്നു ''- അവതരണ പ്രസംഗത്തിൽ അദ്ദേഹം സഭാംഗങ്ങളോട് പറഞ്ഞു. ഇന്ത്യയെ കണ്ടെത്തൽ എഴുതിയ, ചരിത്രത്തിൽ അഗാധജ്ഞാനമുണ്ടായിരുന്ന അദ്ദേഹത്തിന് ഇന്ത്യാചരിത്രത്തിലെ വിചിത്ര നിമിഷമാണ് അതെന്ന തിരിച്ചറിവുണ്ടായിരുന്നു. അത് അവിടെ തുറന്നു പറയുകയും ചെയ്തു.
പക്ഷേ, നെഹ്റു അവതരിപ്പിച്ച പ്രമേയത്തിൽ പരമാധികാര രാഷ്ട്രം - റിപ്പബ്ലിക് - എന്ന വാക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തുകൊണ്ട് ജനാധിപത്യം എന്ന പ്രയോഗം ഇല്ലെന്ന ചോദ്യം ഉയരുന്നുണ്ടായിരുന്നു. അതിന് മറുപടിയുണ്ടായി. ജനാധിപത്യത്തിൽ കുറഞ്ഞ മറ്റൊന്നും നമ്മൾ ലക്ഷ്യംവെക്കുന്നില്ലെന്ന് നെഹ്റു പ്രസ്താവിച്ചു. പക്ഷേ, യൂറോപ്പിലെയോ മറ്റേതെങ്കിലും രാജ്യത്തെയോ ജനാധിപത്യം അപ്പടി പകർത്താൻ നമ്മൾ ആഗ്രഹിക്കുന്നില്ല. നമ്മൾ അതിനെ മെച്ചപ്പെടുത്താൻ പോകുകയാണ്. അതുതന്നെയായിരുന്നു നെഹ്റുവിെൻറ ലക്ഷ്യം. ലോകത്ത് മറ്റെവിടെ ഉള്ളതിലും മെച്ചപ്പെട്ട ജനാധിപത്യം ആയിരിക്കണം ഇന്ത്യയിലേത്. അത് വിഭാവനം ചെയ്യുക മാത്രമല്ല, അത് പൂർണതയിലെത്തിക്കാൻ കഠിന പ്രയത്നം നടത്തുകയും ചെയ്തു. അതേപോലെ സോഷ്യലിസം എന്ന വാക്കും ലക്ഷ്യപ്രമേയത്തിൽ ഉൾച്ചേർത്തിരുന്നില്ല. ''ഞാൻ സോഷ്യലിസത്തിനുവേണ്ടി നിൽക്കുന്നയാളാണ്. എന്നാൽ, ഏതുതരം സോഷ്യലിസം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്''- ലക്ഷ്യപ്രമേയം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും എതിർപ്പില്ലാതെ അംഗീകരിക്കാനാകുന്ന വാക്കുകൾ മാത്രമാണ് താൻ പ്രമേയത്തിൽ എഴുതിച്ചേർത്തതെന്നും ബാക്കിയൊക്കെ നമുക്ക് ചർച്ചചെയ്ത് ചേർക്കാമെന്നും ഇന്ത്യൻ ജനാധിപത്യത്തിെൻറ പ്രധാന രൂപകർത്താവ് രാജ്യത്തോട് പറഞ്ഞു. വ്യക്തിപരമായ വിശ്വാസങ്ങളൊന്നും നെഹ്റു രാജ്യത്തിനുമേൽ അടിച്ചേൽപിച്ചില്ല. അത്തരം അമിതാധികാര പ്രമത്തതക്കും അപ്പുറമായിരുന്നു ആ വ്യക്തിത്വം.
വിദേശ നയത്തിലും ആ നയതന്ത്രജ്ഞെൻറ നില സമാനമായിരുന്നു: ''നമ്മൾ എല്ലാവരുമായും സൗഹൃദം ആഗ്രഹിക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ നമ്മുടെ പിതൃത്വം ഏറ്റെടുത്ത് ഉപദേശിക്കാൻ ആരും വരേണ്ട. നമ്മളത് എതിർക്കുക തന്നെ ചെയ്യും''- നെഹ്റു പറഞ്ഞു. സമാധാനപൂർണമായ ഒരു ലോകക്രമം അദ്ദേഹം ആഗ്രഹിച്ചു. നിർണായക സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് ഉണ്ടാകേണ്ട ഭാവനാപൂർണത ലോകനേതാക്കൾക്ക് ഇല്ലാത്തതിൽ പരിതപിക്കുകയും ചെയ്തു.
ഒരു പുതിയ രാജ്യത്തിെൻറ നിർമിതിയുടെയും സൃഷ്ടിയുടെയും ഭാരമാണ് തെൻറ ചുമലിലെന്ന് ആ രാഷ്ട്രശിൽപി വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു. ഭൂതകാലം നമ്മൾ ചെയ്യുന്നതിന് സാക്ഷിയാണ്. പിറന്നിട്ടില്ലെങ്കിലും ഭാവിയും നമ്മെ നോക്കുകയാണ്. ഭാരിച്ച ഭൂതകാലം, പ്രക്ഷുബ്ധമായ ഇന്ന്, ജനിച്ചിട്ടില്ലെങ്കിലും ഉടൻ വരുന്ന മഹത്തായ ഭാവികാലം എന്നീ വാക്കുകളിലൂടെ അദ്ദേഹമത് കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്തു.
ഇന്ത്യക്ക് നെഹ്റു നൽകിയ ഏറ്റവും വലിയ സംഭാവന വിശാലമായ ജനാധിപത്യ പരിസരമാണ്. നമ്മുടെ രാഷ്ട്രത്തിെൻറ ജീവശ്വാസം. വിഭാവനം ചെയ്ത പഞ്ചവത്സര പദ്ധതികളും ശാസ്ത്ര- സാങ്കേതിക സ്ഥാപനങ്ങളും ക്ഷേത്രങ്ങളായി പരിഗണിച്ച അണക്കെട്ടുകളുമെല്ലാം ആ മനുഷ്യെൻറ ജനാധിപത്യ ബോധത്തിൽ സ്വാഭാവികമായി ഉൾച്ചേർന്നവ മാത്രമാണ്. നശിപ്പിക്കാൻ മാത്രമറിയുന്ന ഫാഷിസ്റ്റ് ശക്തികൾ അടിത്തറ തോണ്ടിത്തുടങ്ങിയിട്ടും ഈ കെട്ടിടം ഉലയാതെ നിൽക്കുന്നത് ഈ മനുഷ്യൻ ഈ നിർമിതിയിലൂടെ കടത്തിവിട്ട അസാധ്യമായ നിർമാണക്കൂട്ടിെൻറ കരുത്തിലാണ്.
ഒരുപാട് ആശങ്കകളുടെയും പ്രതിസന്ധികളുടെയും നടുവിലേക്ക് പിറന്നുവീഴുന്ന രാജ്യത്തിെൻറ ഭരണഘടനയുടെ ലക്ഷ്യപ്രമേയം അവതരിപ്പിച്ചുകൊണ്ട് ജവഹർലാൽ നെഹ്റു ഇങ്ങനെ പറഞ്ഞു:
''രാത്രി മാറി പകൽ ആകുമ്പോൾ ഇരുൾമേഘങ്ങളാൽ മൂടിയിരുന്നാലും അത് പകൽതന്നെയാണ്. കുറെ കഴിയുമ്പോൾ മേഘങ്ങൾ നീങ്ങി സൂര്യൻ പുറത്തു വരുകതന്നെ ചെയ്യും.'' ഇന്നും അതുതന്നെയാണ് ശരി. ഇപ്പോൾ മൂടിയിരിക്കുന്ന കാർമേഘങ്ങൾ നീങ്ങി ജനാധിപത്യ സൂര്യൻ ഇന്ത്യക്കുമേൽ തെളിയും. നെഹ്റു എന്ന ജനാധിപത്യവാദി ആ വെളിച്ചത്തിൽ വെട്ടിത്തിളങ്ങുകയും ചെയ്യും.