കെ- റെയിൽ : സർക്കാരിന് റിയൽ എസ്റ്റേറ്റ് താല്പര്യങ്ങൾ
text_fieldsകേരളത്തിെൻറ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിക്കാതെയും പരിസ്ഥിതി, സാമൂഹികാഘാത പഠനങ്ങള്‍ നടത്താതെയും സില്‍വര്‍ ലൈന്‍- കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 64941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കേരളത്തെ തെക്കു-വടക്ക് വന്മതിലായി വെട്ടിമുറിക്കുന്നതിനൊപ്പം കിഴക്ക്, പടിഞ്ഞാറ് ദിക്കുകളെ തമ്മില്‍ വേര്‍തിരിക്കുന്ന വന്‍കോട്ടയായി മാറും. നിതി ആയോഗിെൻറ 2018ലെ കണക്കുപ്രകാരം പദ്ധതിക്ക് 1.33 ലക്ഷം കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. 2021ല്‍ ഇത് ഒന്നര ലക്ഷം കോടിക്ക് അടുത്താകും. 1383 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. സെൻറര്‍ ഫോര്‍ എന്‍വയണ്‍മെൻറ് ആന്‍ഡ് ഡെവലപ്മെൻറ് എന്ന അംഗീകാരമില്ലാത്ത സ്ഥാപനം നടത്തിയ പരിസ്ഥിതി ആഘാത പഠനം കാര്യക്ഷമമെല്ലന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതോടെ വീണ്ടും 96 ലക്ഷം രൂപ മുടക്കി പഠനം നടത്താന്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ചുരുങ്ങിയത് 20,000 കുടുംബങ്ങള്‍ കുടിയിറക്കപ്പെടും, 50,000 കച്ചവടസ്ഥാപനങ്ങള്‍ പൊളിക്കേണ്ടിയുംവരും. 145 ഹെക്ടര്‍ നെല്‍വയല്‍ നികത്തണം.
കെട്ടിച്ചമച്ച സാധ്യത പഠന റിപ്പോർട്ട് എന്നാണ് പ്രാഥമിക സാധ്യത പഠനം നടത്തിയ റെയിൽവേ വിദഗ്ധൻ അലോക് കുമാര്‍ വര്‍മ പറയുന്നത്. പ്രളയ, ഭൂകമ്പ സാധ്യത, ഭൂപ്രകൃതി, ഭൂഘടന, നീരൊഴുക്ക് തുടങ്ങിയവയൊന്നും വിലയിരുത്തപ്പെട്ടിട്ടില്ല. സ്റ്റേഷനുകള്‍ തീരുമാനിച്ചത് കൃത്രിമ ഡി.പി.ആര് (ഡീറ്റൈൽഡ് പ്രോജക്ട് റിപ്പോർട്ട്) െവച്ചാണ്. പദ്ധതി രൂപരേഖ പരസ്യപ്പെടുത്താന്‍ കെ-റെയില്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
15 മുതല്‍ 30 അടി ഉയരത്തിലും അതിന് ആനുപാതികമായ വീതിയിലുമാണ് സില്‍വര്‍ ലൈന്‍ 292 കി. മീറ്റര്‍ (മൊത്തം ദൂരത്തിന്റെ 55%) ദൂരം വന്മതില് പോലെയാണ് നിർമിക്കപ്പെടുന്നത്. ബാക്കി സ്ഥലത്ത് റെയിലിന് ഇരുവശത്തും മതിലും കെട്ടണം. പദ്ധതി നിലവില്‍വന്നാല്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും ഭൂചലനത്തിനും സാധ്യതയുണ്ടെന്നും ഇരുവശത്തുമുള്ള ഭൂമിയുടെ വിനിയോഗത്തില്‍ മാറ്റം വരുമെന്നും 164 സ്ഥലങ്ങളിലെ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ തടസ്സപ്പെടുമെന്നും സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. എവിടെയൊക്കെ സ്വാഭാവിക ജലനിര്‍ഗമന മാര്‍ഗങ്ങള്‍ തടസ്സപ്പെട്ടിട്ടുണ്ടോ അത് താഴ്ന്ന പ്രദേശങ്ങളാണെങ്കില്‍ വെള്ളപ്പൊക്കവും മലയോര മേഖലകളാണെങ്കില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാക്കുമെന്നതിന് ഇനിയൊരു പഠനത്തിെൻറയും ആവശ്യമില്ല.
പശ്ചിമഘട്ടത്തിലൂടെയല്ല പദ്ധതി കടന്നുപോകുന്നതെന്ന ന്യായവാദമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ കല്ലും മണ്ണും പശ്ചിമഘട്ടത്തില്‍ നിന്നല്ലാതെ എവിടെനിന്ന് കണ്ടെത്തും? 2021ലെ പ്രളയത്തോടെ കോട്ടയം പോലുള്ള സ്ഥലങ്ങളില്‍ ഹൈഡ്രോളജി പഠനം അനിവാര്യമാവുകയാണ്. ഇത്തരം കാര്യങ്ങളൊക്കെ 200 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന (ഒരു മിനിറ്റില്‍ ഏതാണ്ട് നാല് കിലോമീറ്റര്‍) വണ്ടികളുടെ ശബ്ദം, കമ്പനം, അടുത്ത് താമസിക്കുന്നവര്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ എന്നിവയൊക്കെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെടുത്തി പരിഗണിക്കേണ്ടതുണ്ട്.
കേന്ദ്ര സര്‍ക്കാറിന്റെയോ റെയിൽവേ മന്ത്രാലയത്തിന്റെയോ അന്തിമാനുമതി ലഭിക്കാത്ത ഒരു പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ ഇത്രയും ധിറുതി കാട്ടുന്നതിനു പിന്നില്‍ ദുരൂഹതയുണ്ട്. റിയല്‍ എസ്റ്റേറ്റ് മാഫിയക്കുവേണ്ടിയുള്ള പദ്ധതിയാണോയെന്ന അലോക് കുമാര്‍ വർമയുടെ സംശയം ബലപ്പെടുത്തുന്നതാണ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാറിെൻറ ഓരോ നീക്കവും. ഒരു മണിക്കൂര്‍ നിര്‍ത്താതെ മഴ പെയ്താല്‍ വെള്ളപ്പൊക്കമുണ്ടാകുന്ന ഒരു സംസ്ഥാനത്ത് ഇത്തരം പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ ഗൗരവതരമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. എവിടെയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച റൂം ഫോര്‍ റിവര്‍ പദ്ധതി? കംപ്ട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് വന്നപ്പോള്‍ കേരളത്തിന്റെ പരിതാപകരമായ സമ്പദ്വ്യവസ്ഥയെക്കുറിച്ച് നമുക്ക് ബോധ്യമായി. എന്നിട്ടും ഇത്രയും വലിയ ബാധ്യത ഏറ്റെടുത്ത് കേരളത്തിനെ ഇനിയും കടത്തിന്റെ കാണാക്കയങ്ങളിലേക്ക് തള്ളിയിടാനുള്ള ഈ നീക്കത്തെ എങ്ങനെ ന്യായീകരിക്കും?
ഒട്ടും പ്രായോഗികമല്ലാത്ത ഒരു പദ്ധതിയുടെ ബാധ്യത സംസ്ഥാനത്ത് വരാനിരിക്കുന്ന തലമുറയുടെ തലയിലേക്കുകൂടി കെട്ടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒട്ടും സുതാര്യമല്ലാതെ പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് സര്‍ക്കാര്‍. യു.ഡി.എഫ് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ല. സില്‍വര്‍ ലൈനിനുപകരം ബദല്‍ മാർഗങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണം. നിലവിലുള്ള റെയില്‍വേ ലൈനുകള്‍ക്ക് സമീപം പുതിയ ലൈനുകള്‍ ഉണ്ടാക്കാം.
വളവുകള്‍ ഒഴിവാക്കാന്‍ 100 ഹെക്ടര്‍ സ്ഥലമേ വേണ്ടിവരൂ. ഇതിനാകെ 20000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 160 കി.മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസുകള്‍ കേന്ദ്ര സര്‍ക്കാറിെൻറ പരിഗണനയിലുണ്ട്. കേരളം ഇതിെൻറ സാധ്യതകളും തേടണം.