അംബേദ്കറെ മായ്ക്കാൻ അനുവദിക്കില്ല കേരളം
text_fieldsരാജ്യത്തെ എല്ലാ ജനങ്ങൾക്കും സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പാക്കുന്ന ഇന്ത്യൻ ഭരണഘടന വാർത്തെടുത്ത ശിൽപിയാണ് ഡോ. ബി.ആർ. അംബേദ്കർ. ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥിതിയിൽ, മതേതര രാഷ്ട്രമായി, എല്ലാ പൗരര്‍ക്കും മൗലികാവകാശങ്ങളും കടമകളും നിശ്ചയിച്ചിട്ടുള്ളതുമാണ് നമ്മുടെ ഭരണഘടന. പാര്‍ശ്വവത്കൃത ജനതക്ക് പ്രത്യേക സംവരണവും ഭരണഘടന ഉറപ്പാക്കുന്നു.
ന്യൂനപക്ഷങ്ങൾക്കടക്കം രാജ്യത്തെ ഓരോ പൗരജനങ്ങൾക്കും ഭരണഘടനാ സംരക്ഷണം ഉറപ്പാക്കിയ വ്യക്തിയെത്തന്നെ വിസ്മൃതിയിലേക്ക് തള്ളാനാണ് ഇപ്പോൾ ഭരണകൂട ശക്തികൾ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ഓർമകൾ പേറുന്ന ഓരോ അടയാളങ്ങളും തകർക്കപ്പെടുന്നു. ഡോ. അംബേദ്കറുടെ 134ാം ജന്മദിനം അടുത്ത വേളയിലാണ് ഉത്തർപ്രദേശിലെ ലഖ്നോവിനടുത്ത വിഭലാപുർ ഗ്രാമത്തിലെ സർക്കാർ ഭൂമിയിൽ നിന്ന പ്രതിമ ‘അജ്ഞാതർ’ തകർത്തത്. ഇതിനൊപ്പമുണ്ടായിരുന്ന ബുദ്ധ പ്രതിമയും നശിപ്പിച്ചു. തുടർന്നുണ്ടായ സംഘർഷങ്ങളിൽ നിരവധി നാട്ടുകാർക്കും പൊലീസുകാർക്കും പരിക്കേറ്റു.
ഭരണഘടനാ ശിൽപിക്ക് രാജ്യത്ത് ഉണ്ടാകുന്ന അവഹേളനങ്ങളുടെയും അവഗണനയുടെയും ഉദാഹരണമാണിത്. എത്രമാത്രം തിരസ്കരണങ്ങളും അപരവത്കരണവും നടപ്പാക്കിയാലും ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന് ശബ്ദം നൽകിയ ഡോ. അംബേദ്കറുടെ സ്മരണകളെ മായ്ക്കാൻ അവർക്കാവില്ല.
ജനാധിപത്യത്തിന്റെ പേരിൽ ഭൂരിപക്ഷം ന്യൂനപക്ഷത്തെ അടിമയാക്കരുതെന്നും ഭൂരിപക്ഷമാണ് ഭരണം നടത്തുന്നതെങ്കിലും ന്യൂനപക്ഷത്തിന് എപ്പോഴും സുരക്ഷിതത്വം അനുഭവപ്പെടണമെന്നും ന്യൂനപക്ഷങ്ങളോട് മര്യാദകേട് കാണിക്കരുതെന്നും ഡോ. അംബേദ്കർ ഏറെ മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. 1950 ജൂൺ 10 ന് നിയമമന്ത്രിയായ അവസരത്തിൽ തിരുവനന്തപുരത്ത് ലെജിസ്ലേറ്റിവ് ചേംബറിൽ നടത്തിയ പ്രഭാഷണത്തിലാണ് ഡോ. ബി.ആർ. അംബേദ്കർ ഇന്നത്തെ സമകാലിക രാഷ്ട്രീയ പകപോക്കലുകളെ ദീർഘദർശനം ചെയ്ത് പ്രസംഗിച്ചത്.
ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങളും ദലിത് സംരക്ഷണ നിയമങ്ങളുമൊക്കെ ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ കേന്ദ്ര ഭരണകൂടത്തിന്റെ ശ്രമങ്ങൾ. കഴിഞ്ഞയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച് നിയമമാക്കിയ വഖഫ് ഭേദഗതിയും ഓർഗനൈസറിലൂടെ പുറത്തുവിട്ട ക്രൈസ്തവ സഭകൾക്കെതിരായ നീക്കവുമെല്ലാം ന്യൂനപക്ഷങ്ങളെ അപരവത്കരിച്ച് പുറന്തള്ളുന്നതിനുള്ള വഴികളാണ്. ഇങ്ങനെയൊരു സമൂഹത്തിൽ ഭരണഘടനയുടെ അടിസ്ഥാന ശിലകളായ മതേതരത്വവും സാമൂഹിക നീതിയുമൊക്കെ എങ്ങനെ സംരക്ഷിക്കപ്പെടുമെന്നത് ഒരു ചോദ്യചിഹ്നമായി മാറുന്നു.
ഇന്ത്യയില്‍ രൂഢമൂലമായ ജാതിവ്യവസ്ഥയെ ആദര്‍ശവത്കരിക്കാനും നിലനിര്‍ത്താനുമുള്ള മനുവാദികളുടെ എല്ലാ ശ്രമങ്ങളെയും നിഷ്കരുണം തള്ളിയാണ് മാനവികതയിലും മതനിരപേക്ഷതയിലുമൂന്നിയ ഭരണഘടനാ മൂല്യങ്ങള്‍ അംബേദ്കറും സംഘവും ഉയർത്തിപ്പിടിച്ചത്.
എന്നാൽ, ഭരണഘടനയെയാകെ മാറ്റിമറിക്കാനുള്ള പദ്ധതികളാണ് പുറത്തുവരുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യയെ വിഭജിച്ച് ഭരിച്ചതിനേക്കാളുപരി രാജ്യത്തെ ജനങ്ങളെ, മതങ്ങളായും സമുദായങ്ങളായും വേർതിരിച്ച്, പ്രാദേശികമായും, തെക്കും വടക്കുമായി തമ്മിലടിപ്പിക്കുന്നു. ബി.ജെ.പി ഭരണമുള്ളിടത്തെല്ലാം, സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഈ വിഭജന നയങ്ങളാണ് നടപ്പാക്കുന്നത്.
ജാതി-മത വിദ്വേഷരഹിതമായ ഇന്ത്യക്ക് വേണ്ടിയായിരുന്നു അംബേദ്കറുടെ പോരാട്ടം.
സമത്വത്തിലേക്കുള്ള ആദ്യപടിയായി പട്ടികവിഭാഗക്കാരെ രാഷ്ട്രീയ പ്രാതിനിധ്യത്തിലൂടെയും മറ്റും ചേര്‍ത്തുപിടിച്ചത് ജാതി-ജന്മത്വ ചിന്തകള്‍ പേറുന്നവര്‍ക്ക് ഇപ്പോഴും ഉൾക്കൊള്ളാനാവുന്നില്ല. പട്ടികവിഭാഗങ്ങളുടെ ക്ഷേമകാര്യങ്ങൾ നോക്കുന്ന മന്ത്രി ‘ഉന്നതകുല ജാതനാകണമെന്ന്’ കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്ര സഹമന്ത്രി അടുത്തിടെ പരസ്യമായി പറഞ്ഞു.
ജന്മത്തെ അടിസ്ഥാനമാക്കി, മനുഷ്യനെ ചാതുർവർണ്യത്തിലേക്ക് ചവിട്ടിത്താഴ്ത്താനും കുഴിച്ചുമൂടപ്പെട്ട അനാചാരങ്ങളും അന്ധവിശ്വാസങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി വീണ്ടും നട്ടുമുളപ്പിക്കാനുമാണ് അവരുടെ ശ്രമം.
മൃഗങ്ങൾക്ക് നടക്കാവുന്ന വഴികളിലൂടെ മനുഷ്യന് പ്രവേശനം നിഷേധിച്ച കാലത്തുനിന്ന് നവോത്ഥാന-പുരോഗമന പ്രസ്ഥാനങ്ങളുടെ സഹായത്തോടെ പോരാടി നേടിയ അവകാശങ്ങളാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. അതൊരിക്കലും നവ ഫാഷിസ്റ്റ് നിലപാടുകൾക്കുമുന്നിൽ അടിയറവെക്കാനാവില്ല.
ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിച്ചാണ് നമ്മുടെ രാജ്യം മുന്നോട്ടുപോയിരുന്നത്. എന്നാൽ, രാജ്യത്തിന്റെ കടിഞ്ഞാൺ കൈയിൽ കിട്ടിയതോടെ ഭരണഘടനയെ സംഘ്പരിവാറിന്റെ താൽപര്യങ്ങൾക്കനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ മാറ്റി മറിക്കുകയാണ്.
ഭരണഘടനാ മൂല്യങ്ങള്‍ ഇന്ത്യൻ സംസ്കാരമല്ലെന്നും, ഇറക്കുമതിയാണെന്നും സംഘ്പരിവാര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. മനുസ്മൃതിയാണ് ആര്.എസ്.എസ് നേതൃത്വം കൊടുക്കുന്ന സംഘ്പരിവാറിന്റെ അടിസ്ഥാന പ്രമാണം. ജനാധിപത്യത്തിലും മതേതരത്വത്തിലും സോഷ്യലിസത്തിലും അവര്‍ക്ക് വിശ്വാസമില്ല. മനുസ്മൃതിയുടെ കാലത്തേക്ക് രാജ്യത്തെ പിന്നോട്ടടിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്.
ഡോ. അംബേദ്കർ മുന്നോട്ടുവെച്ച സാമൂഹികനീതി ഇന്ന് രാജ്യത്താകെ ചവിട്ടിയരക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ദാരിദ്ര്യവും ഭരണകൂട അതിക്രമങ്ങളും ഗ്രാമീണ ഇന്ത്യയിലാകെ ദുരിതം പടർത്തുകയാണ്. മണിപ്പൂരിന്റെ ഇപ്പോഴത്തെ സ്ഥിതി ഇതിനുദാഹരണമാണ്. അതിനിടയിലും രാജ്യത്തിന്റെ പൊതുസ്ഥിതിയിൽനിന്ന് വ്യത്യസ്തമായി സാമൂഹിക നീതിയിലും വികസന മാതൃകകളിലും ശ്രദ്ധേയമാവുകയാണ് കേരളം. ഇ.എം.എസിന്റെ നേതൃത്വത്തിൽ വന്ന ആദ്യ സർക്കാറിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങളും തുടർന്നുവന്ന സർക്കാറുകൾ നടപ്പാക്കിയ ഭൂപരിഷ്കരണം, കാർഷിക നിയമങ്ങൾ, സാക്ഷരത പ്രസ്ഥാനം, ജനകീയാസൂത്രണം തുടങ്ങിയവയുമെല്ലാം കേരളത്തിന്റെ സാമൂഹിക വളർച്ചയിൽ വൻ മാറ്റങ്ങളുണ്ടാക്കി. ഭരണഘടനാപരമായി 25 ശതമാനം വരുന്ന പട്ടിക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ബജറ്റില്‍ വകയിരുത്തിയിരുന്ന പ്രത്യേക ഘടകപദ്ധതി തുക 10 ശതമാനമാനത്തില്‍നിന്ന് നാലുശതമാനമായി കേന്ദ്ര സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റിന്റെ 12.5 ശതമാനം തുകയാണ് നീക്കിവെക്കുന്നത്.
കേരളത്തിലെ പട്ടികജന വിഭാഗങ്ങളുടെ ജീവിതത്തിലുണ്ടായ പുരോഗതികൾ തുടരാനും ഈ സൗകര്യങ്ങളും അവസരങ്ങളും നിലനിർത്താനും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാൻ ഡോ. ബി. ആർ. അംബേദ്കറുടെ പോരാട്ടങ്ങളും സ്മരണകളും നമുക്ക് കരുത്തേകട്ടെ.
ം